അപൂർവ്വ സ്നേഹം.

17 November, 2019

}
+ -
image

 മദീന പട്ടണത്തിൽ ധാരാളം കച്ചവടക്കാർ വരാറുണ്ടായിരുന്നു. ഏത് കച്ചവടക്കാർ വന്നാലും അവരുടെ അടുക്കൽ പുതുമയുള്ള വല്ലതുമുണ്ടോ എന്നന്വേഷിക്കുന്ന ഒരാളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേരാണ് 'നുഐമാൻ '. ഓരോ കച്ചവടക്കാരെയും കണ്ട് അവരിൽ നിന്ന് നല്ലതെന്തെങ്കിലും ഒന്ന് വാങ്ങി അദ്ദേഹം നബി (സ)ക്ക് ഹദ്‌യ നൽകുക പതിവായിരുന്നു. 

        പക്ഷെ.... അതെല്ലാം വാങ്ങിക്കാൻ മാത്രം പണം അദ്ദേഹത്തിനില്ലായിരുന്നു. എങ്കിലും നുഐമാൻക്ക് പ്രവാചകൻക് ഹദ്‌യ നൽകാൻ അതിയായ ആഗ്രഹവുമായിരുന്നു. 
    അങ്ങനെ കച്ചവടക്കാരൻ  നുഐമാനോട് വാങ്ങിയ സാധനത്തിന്റെ വില ആവശ്യപ്പെടുമ്പോൾ അദ്ദേഹം ഉടമസ്ഥനെയും കൂട്ടി പ്രവാചകന്റെ അടുക്കൽ പോകും. എന്നിട്ട് പറയും :"ഞാൻ ഹദ്‌യ തന്ന വസ്തു ഇദ്ദേഹത്തിന്റേതാണ്. അതിന്റെ വില കൊടുക്കണം ". നീ എനിക്ക് ഹദ്‌യ തന്നതായിരുന്നില്ലേ എന്ന് നബി (സ) സംശയം തീർക്കും. 
       അദ്ദേഹം ഹദ്‌യ നൽകിയത് തന്നെ ആയിരിക്കുമത്. പക്ഷെ... അതിന് വില കൊടുക്കാനുള്ള പണം അദ്ദേഹത്തിന്റെ കയ്യിലില്ല താനും. എങ്കിലും നബി (സ)ക്ക് എന്തെങ്കിലും പുതുമയുള്ളത്  കൊടുക്കുകയും വേണം... 
      അദ്ദേഹത്തിന്റെ ഉദ്ദേശം മനസ്സിലാക്കിയ പ്രവാചകൻ പുഞ്ചിരിച്ചുകൊണ്ട് ആ വസ്തുവിന്റെ വില ആരോടെങ്കിലും കൊടുക്കാൻ പറയും. 
     പലപ്പോഴും ഇതിനു സമാനമായതും അല്ലാത്തതുമായ പല അച്ചടക്ക ലംഘന സംഭവങ്ങളും അദ്ദേഹത്തിൽ നിന്ന് ഉണ്ടാവാറുണ്ടായിരുന്നു. അതിനുള്ള ശിക്ഷയും കിട്ടാറുണ്ടായിരുന്നു. 
      ഒരിക്കൽ ഇതുപോലെ നുഐമാനെ സ്വഹാബികൾ പിടികൂടി പ്രവാചകന്റെ അടുക്കൽ കൊണ്ടുവന്നു. അപ്പോൾ സ്വഹാബികളിലാരോ അദ്ദേഹത്തിന് നേരെ ശാപവാക്കുകൾ ഉപയോഗിച്ചു. തൽക്ഷണം നബി (സ )ഇടപെട്ട് ആ സ്വഹാബിയെ ശാസിച്ചു. എന്നിട്ട് പറഞ്ഞു :"ഇനി ഇങ്ങനെ ശപിക്കരുത്. കാരണം അദ്ദേഹം അല്ലാഹുവിനെയും പ്രവാചകനെയും സ്നേഹിക്കുന്നുണ്ട്". 
      പ്രവാചകനെ പ്രിയം വെക്കുന്നതിലൂടെ നമുക്ക് ഒരുപാട് തെറ്റുകളിൽ നിന്ന് മോചനം കിട്ടും. സർവശക്തൻ നമ്മെ പ്രവാചക പ്രേമികളിൽ ഉൾപെടുത്തട്ടെ.

സ്വാലിഹത്ത്, പെരിങ്ങാടന്‍