പ്രബോധനവഴിയിലെ പ്രാരാബ്ധങ്ങള്‍

ഖുറൈശികളുടെ പ്രതികരണം

തങ്ങളുടെ പരമ്പരാഗത ദൈവങ്ങള്‍ക്കും ആരാധനാമുറകള്‍ക്കുമെതിരെ തിരിഞ്ഞ പ്രവാചകരുടെ  നിലപാട് മക്കയിലെ പ്രധാനികള്‍ക്ക് ഒരിക്കലും സഹിക്കുന്നതായിരുന്നില്ല. എന്തുവിലകൊടുത്തും പ്രവാചകരെയും അനുയായികളെയും അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ അവര്‍ ശ്രമങ്ങളാരംഭിച്ചു. അല്ലാത്തപക്ഷം, അവരെ ഭീഷണിപ്പെടുത്തുകയും പരമാവധി പീഢനമുറകള്‍ അവര്‍ക്കെതിരെ സ്വീകരിക്കുകയും ചെയ്തു. എണ്ണത്തില്‍ തുലോം തുച്ഛമായിരുന്ന വിശ്വാസികളുടെ ജീവന്‍പോലും അപകടപ്പെടുത്തുന്ന നിലക്കാണ് മക്കക്കാര്‍ പീഢിപ്പിച്ചത്. ജനങ്ങളെ ഇസ്‌ലാമെന്ന പുതിയ വഴിയില്‍നിന്നും പിന്തിരിപ്പിക്കലും തങ്ങളുടെ പരമ്പരാഗത വഴിയായ ബഹുദൈവാരാധനയിലേക്കു തിരികെ കൊണ്ടുവരലുമായിരുന്നു അവരുടെ പ്രഖ്യാപിത ലക്ഷ്യം. പ്രഹരിക്കുക, തുറുങ്കിലടക്കുക, ഭക്ഷണവും വെള്ളവും തടഞ്ഞുവെക്കുക, തീകൊണ്ട് ചൂടേല്‍പിക്കുക തുടങ്ങി പീഢനത്തിന്റെ വിവിധ മുറകള്‍ ദുര്‍ബലരായ മുസ്‌ലിംകള്‍ക്കെതിരെ സ്വീകരിക്കപ്പെട്ടു. പ്രവാചകരെത്തന്നെ ആഹുതിവരുത്താനും പലവുരു ശ്രമങ്ങളുണ്ടായി.

അബൂഥാലിബിന്റെ നിലപാട്

ഇസ്‌ലാമിക പ്രബോധനവുമായി പ്രവാചകന്‍ മുന്നോട്ടുപോകുമ്പോഴും മക്കയിലെ പ്രമാണിമാര്‍ ഒറ്റക്കെട്ടായി പ്രവാചകര്‍ക്കെതിരെ തിരിയുമ്പോഴും ഇതൊന്നും അബൂഥാലിബില്‍ വലിയ മാറ്റങ്ങള്‍  ഉണ്ടാക്കിയില്ല. താനും അവരുടെ വിശ്വാസം വെച്ചുപുലര്‍ത്തുന്ന ഒരാളായിരുന്നിട്ടുപോലും പ്രവാചകര്‍ക്ക് പൂര്‍ണ സംരംക്ഷണം നല്‍കാനും അവര്‍ക്കെതിരെ രംഗത്തെത്തുന്നവരെ പിന്തിരിപ്പിക്കാനും അദ്ദേഹം ശക്തമായി നലകൊണ്ടു. മുഹമ്മദിനോടുള്ള അബൂഥാലിബിന്റെ ഈ നിലപാട് മക്കയിലെ പ്രമാണിമാരെ സംബന്ധിച്ചിടത്തോളം സഹിക്കുന്നതിലുമപ്പുറത്തായിരുന്നു. ഒടുവില്‍ അവര്‍ അബൂഥാലിബിനു മുമ്പിലെത്തി. താങ്കളുടെ സഹോദരപുത്രന്‍ ഞങ്ങളുടെ ദൈവങ്ങളെ ചീത്തവിളിക്കുകയും മതത്തെ അധിക്ഷേപിക്കുകയും പ്രപിതാക്കളെ പിഴച്ചവരായി മുദ്രകുത്തുകയും ചെയ്യുന്നുണ്ടെന്നും അതിനാല്‍, അവനെ ഇതില്‍നിന്നും പിന്തിരിപ്പിക്കുകയോ അല്ലെങ്കില്‍ ഞങ്ങള്‍ക്കു വിട്ടുതരികയോ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. അബൂഥാലിബ് കുപിതനായില്ല. നിര്‍വികാരനായ അദ്ദേഹം നല്ല വാക്കുകള്‍ പറഞ്ഞ് അവരെ തിരിച്ചയക്കുകയാണ് ചെയ്തത്. പ്രവാചകരും മുസ്‌ലിംകളും വിജയകരമായി മുന്നോട്ടുപോകുന്നത് മുശ്‌രിക്കുകള്‍ക്ക് വലിയ തലവേദനയായി. അവര്‍ വീണ്ടും അബൂഥാലിബിനു മുമ്പിലെത്തി. അല്‍പം ഗൗരവത്തില്‍ കാര്യം ബോധിപ്പിച്ചു. ഇനിയും ഇതിലൊരു തീരുമാനമെടുക്കാത്തപക്ഷം തങ്ങള്‍ താങ്കളെ കൈവെടിയുമെന്നായിരുന്നു ഭീഷണി. ഇതോടെ അബൂഥാലിബ് പ്രവാചകരെ അടുത്തുവിളിക്കുകയും അവര്‍ പറഞ്ഞ കാര്യം അറിയിക്കുകയും ചെയ്തു. എന്റെ ഇടതു കയ്യില്‍ ചന്ദ്രനും വലതു കയ്യില്‍ സൂര്യനും വെച്ചുതന്നാല്‍പോലും ഞാന്‍ എന്റെ ഉത്തരവാദിത്തത്തില്‍നിന്നും പിന്‍മാറുന്ന പ്രശ്‌നമില്ലായെന്നായിരുന്നു പ്രവാചകരുടെ പ്രതികരണം. ഇതുകേട്ട അബൂഥാലിബ് പ്രവാചകരെ തന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ അനുവദിക്കുകയായിരുന്നു.

മര്‍ദ്ധനത്തിന്റെ വിവിധ മുഖങ്ങള്‍

പ്രവാചകനെതിരെ അബൂഥാലിബിന്റെ സഹായം ലഭ്യമാക്കുക സാധ്യമല്ലെന്നു കണ്ടപ്പോള്‍ മുസ്‌ലിംകള്‍ക്കെതിരെ അക്രമത്തിന്റെ വഴി സ്വീകരിക്കാന്‍തന്നെ ഖുറൈശികള്‍ തീരുമാനിച്ചു. തങ്ങളുടെ ഓരോരുത്തരുടെയും ഗോത്രങ്ങളില്‍നിന്നും ഇസ്‌ലാമാശ്ലേഷിച്ചവരെ പിന്തിരിയുംവരെ പീഢിപ്പിക്കാനും  അവര്‍ക്കെതിരെ മര്‍ദ്ധന പരമ്പരകള്‍ അഴിച്ചുവിടാനും അവര്‍ പ്രതിജ്ഞയെടുത്തു. പിന്നീടങ്ങോട്ട് വിശ്വാസികളെ സംബന്ധിച്ചിടത്തോളം നരകസമാനമായ കാലമായിരുന്നു. അല്ലാഹു ഏകനാണെന്നു പറഞ്ഞതിന്റെ പേരില്‍ ഊരും പേരും നോക്കാതെ അവര്‍ പീഢനങ്ങള്‍ക്കിരയായി. അടിമയായിരുന്ന ബിലാലിനെ യജമാനനായ ഉമയ്യത്ത് ചുട്ടുപഴുത്ത മണലാരണ്യത്തില്‍ കിടത്തുകയും വലിച്ചിഴക്കുകയും ചെയ്തു.  ശേഷം അബൂബക്ര്‍ (റ) ഇടപെട്ടുകൊണ്ടാണ് അദ്ദേഹത്തെ അതില്‍നിന്നും മോചിപ്പിച്ചത്. മഖ്‌സൂം ഗോത്രം യാസിര്‍ കുടുംബത്തെ വേതനയുടെ മുള്‍മുനയില്‍ നിര്‍ത്തി. മിസ്അബ് ബിന്‍ ഉമൈറും പല വിധേന മര്‍ദ്ധിക്കപ്പെട്ടു. എതിര്‍പ്പുകള്‍ സഹിക്കവയ്യാതായപ്പോള്‍ പല മുസ്‌ലിംകളും മുശ്‌രിക്കുകളുടെ സംരംക്ഷണം തേടി. വിശ്വാസത്തിന് പോറലേല്‍ക്കാതെ അവര്‍ക്കിടയില്‍ രഹസ്യമായി ജീവിച്ചുപോന്നു.

മര്‍ദ്ധനങ്ങള്‍ പ്രവാചകനു നേരെ

എത്രതന്നെ പ്രാരാബ്ധങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടും അണുഅളവ് വിശ്വാസത്തില്‍നിന്നും പിന്‍മാറുന്നതിനു പകരം അനുയായികള്‍ക്ക് മതത്തോടും പ്രവാചകനോടുമുള്ള സ്‌നേഹം ശക്തമാവുകയാണെന്നു മനസ്സിലാക്കിയ ഖുറൈശികള്‍ അടുത്ത ഉന്നം പ്രവാചകര്‍ക്കു നേരെ പിടിച്ചു. കണ്ടുമുട്ടുന്നിടത്തുവെച്ചെല്ലാം അവരെ ബുദ്ധിമുട്ടാക്കാന്‍ തുടങ്ങി. വിഡ്ഢികളെയും തെരുവുമക്കളെയും ഉപയോഗിച്ച് വേതനിപ്പിച്ചു. പരിഹസിക്കുകയും തെറിവിളിപ്പിക്കുകയും ചെയ്തു. കഅബാലയത്തിനടുത്തുവെച്ച് പ്രധാനികള്‍പോലും നിരന്തരം ഇത് ചെയ്യാന്‍ തുടങ്ങി. ഒരിക്കല്‍ പ്രവാചകന്‍ സുജൂദിലായിരിക്കുമ്പോള്‍  ഉഖ്ബതുബ്‌നു അബീ മുഐഥ് എന്ന ശത്രു വന്ന് ആ വിശുദ്ധ ചുമലുകളില്‍ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍മാല വാരിവലിച്ചിട്ടു. സുജൂദില്‍നിന്നും തലയുയര്‍ത്താന്‍ കഴിയാതെ പ്രവാചകന്‍ വെഷമിച്ചു. പ്രിയപുത്രി ഫാഥിമ ബീവി വന്ന് അത് കഴുകി വൃത്തിയാക്കിക്കൊടുത്തു. മറ്റൊരിക്കല്‍ അദ്ദേഹം പ്രവാചകരുടെ കഴുത്തിലുണ്ടായിരുന്ന ശാള്‍ പിടിച്ചുവലിക്കുകയും മുറിവേല്‍പിക്കുകയുമുണ്ടായി. ഇങ്ങനെ അനവധി സംഭവങ്ങള്‍ നിരന്തരമായി നടന്നുകൊണ്ടിരുന്നു. സഹികെട്ടപ്പോള്‍ പ്രവാചകരെതന്നെ ഇല്ലായ്മ ചെയ്യാനും ഖുറൈശികള്‍ ശ്രമിക്കാതിരുന്നില്ല.

ഉത്ബയുടെ അനുരജ്ഞന ശ്രമം

ദൈനംദിനം മുസ്‌ലിംകളുടെ എണ്ണം വര്‍ദ്ധിക്കുകയും ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുകയും ചെയ്തു. ഇത് ഖുറൈശികളില്‍ വലിയ ഭീതിയുണ്ടാക്കി. എങ്ങനെയെങ്കിലും മുഹമ്മദിനെ തന്റെ പ്രവര്‍ത്തനങ്ങളില്‍നിന്നും പിന്തിരിപ്പിക്കാന്‍ അവര്‍ വഴികള്‍ മെനഞ്ഞു. ഒടുവില്‍ ഉത്ബയുടെ നേതൃത്വത്തില്‍ ഒരു സംഘം പ്രവാചകരുടെ മുമ്പിലെത്തി. ഭൗതികമായ വല്ല താല്‍പര്യങ്ങളുമാണ് പ്രവാചകരെ ഇതിനു പ്രേരിപ്പിക്കുന്നതെങ്കില്‍ അതവര്‍ നല്‍കാമെന്നും പ്രവാചകന്‍ ഇതില്‍നിന്നും പിന്തിരിയണമെന്നുമായിരുന്നു അവരുടെ ആവശ്യം. പണമാണ് ആവശ്യമെങ്കില്‍ താങ്കളെ മക്കയിലെ ഏറ്റവും വലിയ പണക്കാരനാക്കാമെന്നും പ്രതാപമാണ് ആവശ്യമെങ്കില്‍ ഏറ്റവും വലിയ പ്രതാപശാലിയാക്കാമെന്നും അധികാരമാണ് ആവശ്യമെങ്കില്‍ ഞങ്ങളുടെ അധികാരം മുഴുവനായും താങ്കളെ ഏല്‍പിക്കാമെന്നും അവര്‍ വാഗ്ദാനം ചെയ്തു. ഭൗതികമായ യാതൊരു താല്‍പര്യവുമല്ല ഇതിനു പിന്നിലെന്നും ഇത് അല്ലാഹുവിന്റെ സത്യസന്ദേശമാണെന്നും പറഞ്ഞ പ്രവാചകന്‍ വിശുദ്ധ ഖുര്‍ആനിലെ ഫുസ്സ്വിലത്ത് അധ്യായത്തില്‍നിന്നും ചില സൂക്തങ്ങളോതി അവര്‍ക്ക് തന്റെ ഉദ്ദേശ്യശുദ്ധി വിവരിച്ചുകൊടുക്കുകയായിരുന്നു. പ്രവാചകരുടെ ഖുര്‍ആന്‍ പാരായണം കേട്ട് അതില്‍ അല്‍ഭുതം കൂറിയ അവര്‍ ഒന്നും ചെയ്യാനാവാതെ തിരിച്ചുപോവുകയാണ് ചെയ്തത്.

ആദ്യത്തെ ഹിജ്‌റ

ശത്രുക്കളുടെ മര്‍ദ്ധനങ്ങള്‍ സഹിക്കവയ്യാതെയായപ്പോള്‍ അബ്‌സീനിയയിലേക്ക് ഹിജ്‌റ പോകാന്‍ പ്രവാചകന്‍ അനുയായികള്‍ക്ക് അനുമതി നല്‍കി. അബ്‌സീനിയയിലെ രാജാവ് മാന്യനും ആതിഥ്യ മര്യാദ നിലനിര്‍ത്തുന്നവനുമാകയാല്‍ അവിടെ അഭയം ലഭിച്ചേക്കുമെന്ന് പ്രവാചകന്‍ പറഞ്ഞു. അതോടെ പത്തു പുരുഷന്മാരും നാലു സ്ത്രീകളുമടങ്ങുന്ന ഒരു സംഘം അബ്‌സീനിയയിലേക്കു യാത്ര തിരിച്ചു. നുബുവ്വത്തിന്റെ അഞ്ചാം വര്‍ഷം ഒരു റജബ് മാസത്തിലായിരുന്നു ഇത്. ഉസ്മാന്‍ ബിന്‍ മള്ഊന്‍ ആയിരുന്നു സംഘമേധാവി. ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍, അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ്, സുബൈര്‍ ബ്‌നുല്‍ അവ്വാം, അബൂ ഹുദൈഫ ബിന്‍ ഉത്ബ, മുസ്അബ് ബിന്‍ ഉമൈര്‍, അബൂ സലമ, ആമിര്‍ ബിന്‍ റബീഅ, സുഹൈല്‍ ബിന്‍ ബൈളാഅ്, അബൂ സബ്‌റ, പ്രവാചക പുത്രി റുഖിയ്യ (ഉസ്മാന്‍ (റ) വിന്റെ ഭാര്യ), സഹ്‌ല ബിന്‍തു സഹല്‍ (അബൂ ഹുദൈഫയുടെ ഭാര്യ), ഉമ്മു സലമ, ലൈല ബിന്‍തു അബീ ഹസ്മ (ആമിറിന്റെ ഭാര്യ) തുടങ്ങിയവരായിരുന്നു മറ്റുള്ളവര്‍. പ്രതീക്ഷിച്ചപോലെ അബ്‌സീനിയ ജീവിക്കാന്‍ പറ്റിയ ഇടമായിരുന്നു. ആരുടെയും അല്ലലോ അലട്ടലോ ഇല്ലാതെ മുസ്‌ലിംകള്‍ അവിടെ സന്തോഷത്തോടെ ജീവിച്ചു.

വീണ്ടും അബ്‌സീനിയയിലേക്ക്

ആദ്യ ഹിജ്‌റ കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞപ്പോള്‍ മക്കക്കാരെല്ലാം മുസ്‌ലിമായിരിക്കുന്നുവെന്ന ഒരു കിംവതന്തി അബ്‌സീനിയയില്‍ പ്രചരിച്ചു. ഇതു കേട്ട മുസ്‌ലിംകള്‍ തെറ്റിദ്ധരിച്ച് സന്തുഷ്ടരായി ജന്മനാട്ടിലേക്ക് തിരിച്ചു. അപ്പോഴാണ് ഇതൊരു വ്യാജവാര്‍ത്തയായിരുന്നുവെന്ന് അവര്‍ തരിച്ചറിഞ്ഞത്.  അതേസമയം മക്കയില്‍ മുസ്‌ലിം പീഢനം അതിന്റെ മൂര്‍ദ്ധന്യത പ്രാപിച്ച സമയമായിരുന്നു അത്. ഒളിഞ്ഞും പതുങ്ങിയുമല്ലാതെ വിശ്വാസികള്‍ക്ക് അവിടെ കടക്കാന്‍പോലും സാധിച്ചിരുന്നില്ല. മുസ്‌ലിംകള്‍ ഇതോടെ വിശ്വാസികള്‍ പ്രവാചകാനുമതി പ്രകാരം രണ്ടാം അബ്‌സീനിയാ പലായനത്തിന് തയ്യാറായി. 83 പുരുഷന്മാരും 18 സ്ത്രീകളുമടങ്ങുന്ന ഒരു വന്‍ സംഘമാണ് ഇത്തവണ പുറപ്പെട്ടത്. ജഅ്ഫര്‍ ബിന്‍ അബീ ഥാലിബായിരുന്നു സംഘത്തിന്റെ നേതാവ്. അബ്‌സീനിയയില്‍ മുസ്‌ലിംകള്‍ക്ക് ലഭിച്ച സ്വീകരണം ഖുറൈശികള്‍ക്ക് സഹിച്ചില്ല. അവരെ എത്രയും വേഗം അവിടെനിന്നും പുറംതള്ളിയാലേ തങ്ങള്‍ ഇതുവരെ ചെയ്തത് ഫലം കാണുകയുള്ളൂവെന്ന് അവര്‍ മനസ്സിലാക്കി. താമസിയാതെ ഖുറൈശികളുടെ പ്രതിനിധികളായി അബ്ദുല്ലാഹ് ബിന്‍ അബീ റബീഅയും അംറു ബ്‌നുല്‍ ആസ്വും അബ്‌സീനിയയില്‍ രാജാവിനു മുമ്പില്‍ ചെന്നു. പാരിതോഷികങ്ങള്‍ നല്‍കി അദ്ദേഹത്തെ വശീകരിക്കാന്‍ ശ്രമിച്ചു. ശേഷം തങ്ങളുടെ അഗമനോദ്ദേശ്യം അറിയിച്ചുകൊണ്ട് പറഞ്ഞു: മതവിരോധികളും ധിക്കാരികളുമായ ഒരു വര്‍ഗമാണ് ഞങ്ങളുടെ നാട്ടില്‍നിന്നും ഇവിടെക്ക് അഭയം ചോദിച്ചുവന്നിരിക്കുന്നത്. ഞങ്ങള്‍ക്കോ പ്രപിതാക്കള്‍ക്കോ കേട്ടുപരിചയം പോലുമില്ലാത്ത ഒരു പുത്തന്‍ മതത്തിന്റെ പ്രചാരകരാണവര്‍. അവരെ ഇവിടെനിന്നും ഇറക്കിവിടാന്‍ അങ്ങയോട് അപേക്ഷിക്കാനായി നാട്ടിലെ കാരണവന്മാര്‍ അയച്ചതാണ് ഞങ്ങളെ. അതിനാല്‍, അങ്ങ് അവരുടെ അഭയം പിന്‍വലിക്കുന്നതായിരിക്കും ഉചിതം. ഇതുകേട്ട രാജാവ് നജാശി കുപിതനായി. ഒറ്റയടിക്ക് അവരുടെ വാദം വിശ്വസിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പകരം, ആളെവിട്ടുകൊണ്ട് മുസ്‌ലിം സംഘമേധാവിയെ അടുത്തുവിളിച്ചു. കാര്യങ്ങള്‍ അന്വേഷിച്ചു. നിങ്ങളുടെ പുതിയ മതമേതാണെന്നും അതിന്റെ സന്ദേശമെന്താണെന്നും അദ്ദേഹം തിരക്കി.

ജഅഫര്‍ ബിന്‍ അബീ ഥാലിബ് (റ) മുന്നോട്ടുവന്ന് കാര്യങ്ങള്‍ വിശദീകരിച്ചു: ഞങ്ങള്‍ ബിംബാരാധകരും യുദ്ധക്കൊതിയന്മാരും അധര്‍മകാരികളും സര്‍വ്വ തിന്മകളുടെയും സഹചാരികളുമായിരുന്നു.  അങ്ങനെയിരിക്കെ ഒരു ദൈവദൂതന്‍ ഞങ്ങളിലേക്ക് നിയുക്തനായി. അദ്ദേഹം ഞങ്ങളെ സത്യത്തിലേക്ക് ക്ഷണിക്കുകയും അധര്‍മങ്ങളില്‍നിന്ന് മോചിപ്പിക്കുകയും ചെയ്തു. ബന്ധങ്ങളുടെ പ്രാധാന്യവും സ്‌നേഹത്തിന്റെ ആവശ്യകതയും ഞങ്ങളെ പഠിപ്പിച്ചു. ജീവിതത്തിന് അച്ചടക്കവും ചിട്ടയും നല്‍കി. എന്നാല്‍, എതിര്‍ബുദ്ധിയോടെ മാത്രം ഇവയെല്ലാം നോക്കിക്കാണുന്ന ഇതിന്റെ ശത്രുക്കളില്‍നിന്നും മര്‍ദ്ധനങ്ങള്‍ ശക്തമായപ്പോള്‍ ഞങ്ങള്‍ അങ്ങയുടെ അഭയംതേടി വന്നതാണ്. അതാണ് ഇനി ഞങ്ങളുടെ പ്രതീക്ഷ. നജാശി ജഅഫറിന്റെ സുദീര്‍ഘമായ അവതരണം സാകൂതം ശ്രവിച്ചിരുന്നു. ശേഷം പറഞ്ഞു: അദ്ദേഹം കൊണ്ടുവന്ന വല്ല സന്ദേശവും നിങ്ങളുടെ കൂടെയുണ്ടോ? ജഅഫര്‍ (റ) സൂറത്തു മര്‍യമിലെ ചില ഭാഗങ്ങള്‍ ഓതിക്കേള്‍പിച്ചു. ഇതുകേട്ട നജാശിയുടെ കണ്ണുകള്‍ നിറഞ്ഞുപോയി. ഈസാ നബി കൊണ്ടുവന്ന സന്ദേശവും ഇതുതന്നെയായിരുന്നുവെന്ന് നജാശി ഓര്‍മിപ്പിച്ചു. ശേഷം ഖുറൈശി പ്രതിനിധികളോട് സ്ഥലംവിടാന്‍ ആവശ്യപ്പെടുകയും ഇവര്‍ക്കൊരിക്കലും താന്‍ അഭയം നിഷേധിക്കില്ലെന്ന് അവരെ അറിയിക്കുകയും ചെയ്തു. അവര്‍ പലവിധ കാരണങ്ങള്‍ മെനഞ്ഞ് വീണ്ടും രാജാവിനെ സമീപിച്ചുനോക്കി. പക്ഷെ, അദ്ദേഹം അവരുടെ വാക്കുകളെ മുഖവിലക്കെടുത്തതുതന്നെയില്ല. അതേസമയം മുസ്‌ലിംകള്‍ക്ക് അവിടെ താമസിക്കാനുള്ള എല്ലാവിധ സൗകര്യങ്ങളും ചെയ്തുകൊടുത്തു. അവരിരുവരും തങ്ങളുടെ കുതന്ത്രം സഫലമാകാതെ ഇളിഭ്യരായി മടങ്ങിപ്പോയി. വിശ്വാസികള്‍ കാലങ്ങളോളം അവിടെ സസന്തോഷം കഴിഞ്ഞുപോരുകയും ചെയ്തു. മുസ്‌ലിംകള്‍ മദീനയിലേക്ക് ഹിജ്‌റ പോകുന്നതുവരെ അവിടെ താമസിച്ചിരുന്നു.

പ്രധാനികളുടെ ഇസ്‌ലാമാശ്ലേഷണം

നുബുവ്വത്തിന്റെ ആറാം വര്‍ഷം. മക്കയിലെ പല പൗരപ്രധാനികളും ഇസ്‌ലാമിലേക്ക് കടന്നുവന്നു. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വലിയൊരു അനുഗ്രഹവും സമാധാനവുമായിരുന്നു ഇത്. തങ്ങളുടെ ശക്തി വര്‍ദ്ധിക്കാനും ആരുടെ മുമ്പിലും സധൈര്യം ഇറങ്ങിച്ചെല്ലാനും ഇത് അവര്‍ക്ക് ഊര്‍ജം നല്‍കി. ഹംസ (റ) വിന്റെയും ഉമര്‍ (റ) വിന്റെയും ഇസ്‌ലാമാശ്ലേഷണം ഇതില്‍ വളരെ പ്രധാനമായിരുന്നു. അവരുടെ കടന്നുവരവോടുകൂടി മുസ്‌ലിംകള്‍ക്ക് എല്ലാ വിധേനയും ശക്തി വര്‍ദ്ധിച്ചു. വളരെ പരസ്യമായിത്തന്നെ ഇസ്‌ലാമിക പ്രഖ്യാപനങ്ങള്‍ നടത്താന്‍ അവര്‍ക്ക് ധൈര്യം കൈവന്നു.

ഉപരോധം

പ്രവാചകര്‍ക്കെതിരെ യാതൊന്നും ചെയ്യാന്‍ സാധിക്കാത്തത് ഇസ്‌ലാമിന്റെ ശത്രുക്കളെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയായിരുന്നു. എത്രതന്നെ അവസരങ്ങള്‍ കൈവന്നിട്ടും അവര്‍ക്കതിന് സാധിച്ചില്ല. അതേസമയം, അബൂ ഥാലിബിനെ പോലുള്ളവര്‍ പ്രവാചകരെ സംരക്ഷിക്കുകയാണ് ചെയ്തിരുന്നത്. ഒടുവില്‍, പ്രവാചകരെ വധിക്കാന്‍ വിട്ടുകൊടുക്കുന്നതുവരെ ഹാശിം, മുത്ത്വലിബ് ഗോത്രങ്ങള്‍ക്കെതിരെ ഉപരോധം നടത്താന്‍ അവര്‍ തീരുമാനിച്ചു. അവരുമായി വിവാഹബന്ധം സ്ഥാപിക്കുന്നതും കച്ചവടം നടത്തുന്നതും സഹായ സഹകരണങ്ങള്‍ ചെയ്യുന്നതും വിലക്കപ്പെട്ടു. ഉപരോധം ഈ ഗോത്രങ്ങളെ സംബന്ധിച്ചിടത്തോളം വളരെ വേദന നിറഞ്ഞ അനുഭവമായിരുന്നു. ബന്ധം സ്ഥാപിക്കുക മാത്രമല്ല, പശിയടക്കാനുള്ള ഭക്ഷണം പോലും ആവശ്യത്തിന് അവര്‍ക്ക് ലഭിച്ചില്ല. മക്കയിലെത്തുന്ന ഭക്ഷണ സാധനങ്ങളെല്ലാം മുശ്‌രിക്കുകള്‍ തട്ടിയെടുത്ത് സ്വന്തം ആവശ്യങ്ങള്‍ക്കായി കൊണ്ടുപോയി. മൂന്നു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്നതായിരുന്നു ഈ ഉപരോധം. പ്രവാചകരും അനുയായികളും എല്ലാനിലക്കും പീഢിപ്പിക്കപ്പെട്ടു. ഭക്ഷണവും ജീവിത സൗകര്യങ്ങളും ലഭിക്കാതെ മരത്തിന്റെ ഇലകള്‍പോലും അവര്‍ക്ക് ആഹരിക്കേണ്ടി വന്നു. അവസാനം ഖുറൈശികളില്‍നിന്നു തന്നെ ചിലര്‍ മുന്‍കൈയെടുത്ത് ഇതിലെ നിബന്ധനകള്‍ ദുര്‍ബലപ്പെടുത്തുകയും ഉപരോധം പിന്‍വലിക്കുകയുമായിരുന്നു. നുബുവ്വത്തിന്റെ  പത്താം വര്‍ഷമായിരുന്നു ഇത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter