ദു:ഖവര്‍ഷവും ഥാഇഫ് യാത്രയും

<img class="alignleft size-medium wp-image-7151" data-cke-saved-src="http://www.islamonweb.net/wp-content/uploads/2012/04/mapmadinah-300x254.jpg" src="http://www.islamonweb.net/wp-content/uploads/2012/04/mapmadinah-300x254.jpg" alt=" width=" 300"="" style="float: left; height: 254px;">മൂന്നുവര്‍ഷത്തോളം നീണ്ടുനിന്ന ഉപരോധം പ്രവാചകരെയും അനുയായികളെയും വല്ലാതെ തളര്‍ത്തിയിരുന്നു. ശാരീരിക പീഢനത്തോടൊപ്പം മാനസിക സമ്മര്‍ദ്ധം കൂടി വന്നപ്പോള് അവര്‍ ശരിക്കും വെഷമിച്ചു. സ്ത്രീകളും കുട്ടികളും വൃദ്ധന്മാരും ഏറെ പ്രയാസപ്പെട്ടു. ഇതുകഴിഞ്ഞ് ഏറെ കാലം വേണ്ടിവന്നില്ല; പ്രവാചക ജീവിതത്തിലെ ഏറെ ദു:ഖകരമായ ചില സംഭവങ്ങള്‍കൂടിയുണ്ടായി. തന്റെ എല്ലാമെല്ലാമായിരുന്ന അബൂ ഥാലിബും ഭാര്യ ഖദീജയും ഈ ലോകത്തോട് വിടപറഞ്ഞു.


നുബുവ്വത്തിന്റെ പത്താം വര്‍ഷമായിരുന്നു സംഭവം. പ്രവാചകരുടെ പ്രബോധന ജീവിതത്തിലെ ഏറ്റവും ക്ലേശകരമായ ഒരു കാലമായിരുന്നു ഇത്. പ്രബോധന വീഥിയില്‍ തനിക്ക് താങ്ങും തണലുമായിരുന്ന രണ്ടു വ്യക്തികളുടെ വിയോഗം പ്രവാചകരെ സംബന്ധിച്ചിടത്തോളം സഹിക്കുന്നതിലുമപ്പുറത്തായിരുന്നു. ഖുറൈശികളുടെ മര്‍ദ്ധനങ്ങള്‍ക്കുമുമ്പിലെ പ്രതിരോധ ഭിത്തികള്‍ തകര്‍ന്ന പ്രതീതിയായിരുന്നു ഇതിലൂടെ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ, പ്രവാചകന്‍ ഈ വര്‍ഷത്തെ ആമുല്‍ ഹുസ്‌ന് അഥവാ ദു:ഖവര്‍ഷം എന്നു വിളിച്ചിരുന്നു.


ശത്രുക്കളെ സംബന്ധിച്ചിടത്തോളം ഒരു സുവര്‍ണാവസരമായിരുന്നു ഇത്. അബൂ ഥാലിബിന്റെ വിയോഗത്തോടെ അവര്‍ പ്രവാചകനെതിരെ ശക്തമായി രംഗത്തുവന്നു. കണ്ണില്‍ചോരയില്ലാത്ത വിധം അവരെ മര്‍ദ്ധിക്കുകയും വേദനിപ്പിക്കുകയും ചെയ്തു. ആരാധനാവേളയില്‍വരെ അവര്‍ മുസ്‌ലിംകളെ ആക്രമിക്കാനെത്തി. ശത്രുക്കളുടെ മര്‍ദ്ധനങ്ങള്‍ അതിന്റെ ഏറ്റവും മൂര്‍ദ്ധന്യത പ്രാപിച്ച സമയമായിരുന്നു ഇത്. തന്റെ പ്രബോധന പ്രവര്‍ത്തനങ്ങളുമായി ജനങ്ങള്‍ ഒരിക്കലും സഹകരിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ഇവിടം വിട്ട് തന്നെ സഹായിക്കുന്ന മറ്റൊരു നാട്ടിലേക്ക് പോയാലോ എന്നുവരെ പ്രവാചകന്‍ ചിന്തിച്ചു. അങ്ങനെയാണ് തന്റെ അമ്മാവന്മാരുടെ നാടായ ഥാഇഫിലേക്ക് പോവാന്‍ തീരുമാനിക്കുന്നത്. തന്റെ സത്യസന്ദേശം ഉള്‍കൊള്ളാന്‍ അവിടെനിന്നും ആളുകളെ കിട്ടുമെന്നായിരുന്നു പ്രവാചകരുടെ പ്രതീക്ഷ. എന്നാല്‍ ഥാഇഫിലെ അവസ്ഥ ഇതിലും ഖേദകരമായിരുന്നു.


മക്കയില്‍നിന്നും 120 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് ഥാഇഫ്. ബനൂ സഖീഫ് ഗോത്രമാണ് അവിടെ താമസിച്ചിരുന്നത്. മക്കക്കാരെപ്പോലെത്തന്നെ ബിംബാരാധനയില്‍ മുഴുകി ജീവിച്ചിരുന്നവരായിരുന്നു അവരും. പ്രവാചകന്‍ ഥാഇഫിലെത്തി പത്തു ദിവസത്തോളം അവിടെ താമസിച്ചു; ജനങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. വളരെ ദയനീയമായിരുന്നു അവരുടെ പ്രതികരണം. ഒരാളും പ്രവാചകന് ചെവികൊടുത്തില്ല. പ്രവാചകന്‍ ഥാഇഫിലെ പ്രഗല്‍ഭ കുടുംബമായ അംറ് ബിന്‍ ഔഫിന്റെ മൂന്നു പുത്രന്മാരെ കണ്ടു കാര്യം പറഞ്ഞു. അവരും വളരെ പുച്ഛത്തോടെയാണ് പ്രവാചകരെ എതിരേറ്റത്. അതേസമയം, നാട്ടിലെ തെണ്ടികളെയും കുട്ടികളെയും പ്രവാചകനെതിരെ ഇളക്കിവിട്ടു. അവര്‍ പ്രവാചകനെ കല്ലെറിയുകയും കൂക്കുവിളിക്കുകയും ചെയ്തു. പ്രവാചകരുടെ കാലില്‍നിന്നും രക്തം പൊട്ടി ഒഴുകാന്‍ തുടങ്ങി. ഒരാളും സഹായ ഹസ്തവുമായി മുന്നോട്ടുവന്നില്ല. നിസ്സഹായനായ പ്രവാചകന്‍ ഒരു തോട്ടത്തില്‍ കയറി വിശ്രമിച്ചു. ഒരാളും തന്റെ സത്യസന്ദേശം ശ്രവിക്കാന്‍ തയാറാവാത്തതില്‍ ആ മനസ്സ് വേദനിക്കുകയായിരുന്നു. ഈ സമുദായത്തെ സത്യത്തിന്റെ വക്താക്കളാക്കി മാറ്റാന്‍ തനിക്ക് സാധിച്ചില്ലല്ലോ എന്ന കാര്യം പ്രവാചകനെ വല്ലാതെ ദു:ഖിപ്പിച്ചു. തന്റെ ബലഹീനതയില്‍ ആ ഹൃദയം തപിക്കാന്‍ തുടങ്ങി.
അതിനിടെ ജിബ്‌രീല്‍ എന്ന മാലാഖ പ്രവാചക സവിധം പ്രത്യക്ഷപ്പെട്ടു. അങ്ങയെ പരിഗണിക്കാത്തെ ഈ നാട്ടുകാരെ അശേഷം നശിപ്പിച്ചുകളായന്‍ ദൈവകല്‍പനയുണ്ടെന്നും അങ്ങയുടെ തീരുമാനംകൂടി അറിയണമെന്നും ആവശ്യപ്പെട്ടു. പ്രവാചകന്‍ ജിബ്‌രീലിനെ വിലക്കി. ഇവരില്‍നിന്നും ഒരാളെങ്കിലും  പില്‍ക്കാലത്ത് ഇസ്‌ലാമിലേക്ക് കടന്നുവരുന്നതാണ് ഇവരെ നശിപ്പിക്കുന്നതിനെക്കാള്‍ നല്ലതെന്ന് പ്രവാചകന്‍ അറിയിച്ചു. ജിബ്‌രീല്‍ മടങ്ങിപ്പോയി.


ഇതിനിടെ മറ്റൊരു സംഭവംകൂടിയുണ്ടായി. പ്രവാചകന്‍ വെഷമത്തോടെ ഇരിക്കുന്നതുകണ്ട് തോട്ടത്തിന്റെ ഉടമകളായ ഉത്ബയുടെയും ശൈബയുടെയും ഉള്ളില്‍ മനുഷ്യത്വമുണര്‍ന്നു. അവര്‍ തങ്ങളുടെ അടിമയുടെ അടുത്ത് അല്‍പം വെള്ളം പ്രവാചകന് കൊടുത്തയച്ചു. വെള്ളവുമായി വന്ന മനുഷ്യനുമായി പ്രവാചകന്‍ സംസാരിച്ചു. നീനവക്കാരനാണെന്നറിഞ്ഞപ്പോള്‍ നീനവക്കാരനായ പ്രവാചകന്‍ യൂനുസിന്റെ സഹോദരനാണ് താനെന്നും പ്രവാചകന്‍ പറഞ്ഞു. പ്രവാചകരുടെ വശ്യമായ പെരുമാറ്റത്തിലും സ്വഭാവത്തിലും ആകൃഷ്ടനായി ഒടുവില്‍ അദ്ദേഹം ഇസ്‌ലാമാശ്ലേഷിച്ചു.


ശേഷം, പ്രവാചകന്‍ മക്കയിലേക്കുതന്നെ തിരിച്ചു യാത്രയായി. പക്ഷെ, മക്കയുടെ വാതിലുകള്‍ പ്രവാചകനുമുമ്പില്‍ അടക്കപ്പെട്ടു. ശത്രുക്കള്‍ പ്രവാചകനെ അങ്ങോട്ടു കടക്കാന്‍ അനുവദിച്ചില്ല. ഒടുവില്‍, അറബികളുടെ ആചാരപ്രകാരം പ്രവാചകന്‍ മുഥ്ഇം ബിന്‍ അദ്യ്യ് എന്ന വ്യക്തിയില്‍നിന്നും അഭയം വാങ്ങുകയും മക്കയില്‍ പ്രവേശിക്കുകയും ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter