20 February 2020
19 Rajab 1437

രാജാക്കന്മാര്‍ക്ക് കത്തയക്കുന്നു

islamonweb‍‍

01 May, 2012

+ -

ഹുദൈബിയ്യ സന്ധി പൂര്‍ണമാവുകയും സ്ഥിതിഗതികള്‍ ശാന്തമാവുകയും ചെയ്തതോടെ അറേബ്യന്‍ ഉപദ്വീപിന്റെ കാര്യത്തില്‍ പ്രവാചകന് ആത്മവിശ്വാസം കൈവന്നു. ഏറ്റവും കൂടുതല്‍ എതിര്‍പ്പ് നേരിട്ടിരുന്ന മക്കയിലും ഇതോടെ ഇസ്‌ലാമിന്റെ അലയൊലികല്‍ ഉയര്‍ന്നുതുടങ്ങി. ഇനി പുറം ലോകങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പ്രവാചകന്‍ തിരിച്ചറിഞ്ഞു. ഇസ്‌ലാമിക സന്ദേശം ലോകരാജ്യങ്ങളിലേക്കും രാജഭരണകൂടപ്രദേശങ്ങളിലേക്കും കടന്നുചെല്ലേണ്ടതുണ്ട്. പ്രവാചകന്‍ ശേഷം അതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചുതുടങ്ങി.ആദ്യമായി വിവിധ രാജ്യങ്ങളെയും രാജാക്കന്മാരെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും അവര്‍ക്കുള്ള കത്തുകള്‍ തയ്യാറാക്കുകയും ചെയ്തു. കത്തുകളില്‍ ഇസ്‌ലാമിനെയും തന്റെ പ്രവാചകത്വത്തെയും പരിചയപ്പെടുത്തി. മുഹമ്മദുര്‍റസൂലുല്ലാഹ് എന്ന് രഖപ്പെടുത്തിയ സീല്‍ തയ്യാറാക്കി ഓരോ കത്തിലും സീല്‍ വെച്ചു. അനുയായികളില്‍ അനുയോജ്യരായ ആളുകളെ വിളിച്ച് വിവിധ രാജാക്കന്മാരിലേക്ക് അതുമായി അവരെ പറഞ്ഞയച്ചു. അബ്‌സീനിയ, റോം, ഈജിപ്ത്, പേര്‍ഷ്യ, ബഹ്‌റൈന്‍, യമാമ, ഡമസ്‌കസ്, ഒമാന്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സത്യസന്ദേശവുമായി അവര്‍ കടന്നുചെന്നു. പലരും അവരെ ഹാര്‍ദ്ദവമായി സ്വീകരിച്ചു. ഇസ്‌ലാമിന്റെ സുഗമമായ പ്രചരണത്തിന് ഇത് വാതില്‍തുറന്നു. പലരും പുച്ഛത്തോടെ പരിഹസിച്ചുതള്ളുകയും ചെയ്തു. വധിക്കപ്പെട്ടുകൊണ്ടോ രാജഭരണം തകിടംമറിഞ്ഞുകൊണ്ടോ അതിന്റെ തിക്തഫലം അവര്‍ അനുഭവിക്കുകയും ചെയ്തു.ഹിറഖലിന്റെ സമീപനംറോമാ ചക്രവര്‍ത്തി ഹിറഖല്‍ രാജാവ് വളരെ ആദരവോടെയാണ് പ്രവാചകരുടെ ദൂതനെ വരവേറ്റത്. അദ്ദേഹം കത്ത് കൈപറ്റുകയും പ്രവാചക സന്ദേശത്തിന്റെ ഗൗരവം ഉള്‍കൊള്ളുകയും ചെയ്തു. ശേഷം, പ്രവാചകനെക്കുറിച്ച് അന്വേഷിച്ചു. അബൂസുഫ്‌യാന്‍ കച്ചവടാവശ്യാര്‍ത്ഥം അവിടെയുണ്ടായിരുന്ന സമയമായിരുന്നു അത്. അറേബ്യയില്‍നിന്നുള്ള വ്യക്തിയെന്ന നിലക്ക് അദ്ദേഹത്തെ ഹാജറാക്കുകയും പ്രവാചകനെക്കുറിച്ച് അഭിപ്രായമാരായുകയും ചെയ്തു. താന്‍ കളവുകാരനായി മുദ്രകുത്തപ്പെടുമോ എന്നു ഭയന്ന അബൂ സുഫ്‌യാന്‍ കളവ് പറയാന്‍ മുതിര്‍ന്നില്ല. ഹിറഖലിന്റെ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി മറുപടി കൊടുത്തു. ഇതു കേട്ട ഹിറഖലിന് ഇത് ഈ കാലഘട്ടത്തിന്റെ പ്രവാചകന്‍ തന്നെയാണെന്ന് ബോധ്യമായി. കാര്യം താങ്കള്‍ പറഞ്ഞപോലെയാണെങ്കില്‍ അദ്ദേഹം ഈ സ്ഥലം വരെ കീഴടക്കുമെന്നും ഒരു പ്രവാചകന്റെ വരവ് ഞാന്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അത് നിങ്ങളില്‍നിന്നായിരിക്കുമെന്ന് അറിഞ്ഞിരുന്നില്ലെന്നും എനിക്ക് അദ്ദേഹത്തിലേക്കെത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തിന്റെ പാദങ്ങള്‍ കഴുകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശേഷം, പരിവാരങ്ങളെ ഒരുമിച്ചുകൂട്ടി. അദ്ദേഹം വാതിലടച്ച് അകത്തുനിന്നും അവരെ അഭിസംബോധന ചെയ്തു: റോമിലെ ജനങ്ങളെ, നിങ്ങള്‍ക്ക് നല്ലനിലയില്‍ നിങ്ങളുടെ ഭരണം നിലനില്‍ക്കണമെങ്കില്‍ അറേബ്യയില്‍ ഒരു പ്രവാചകന്‍ വന്നിട്ടുണ്ട്. അദ്ദേഹത്തെ നിങ്ങള്‍ അംഗീകരിക്കുക. ശേഷം, പ്രവാചകന്‍ അയച്ച കത്ത് അവിടെ വായിക്കപ്പെടുകയും ചെയ്തു. ഇതുകേട്ട ജനങ്ങള്‍ ക്ഷുഭിതരായി. ഇളകിമറിഞ്ഞ അവര്‍ രാജാവിനു നേരെ ഓടിയടുത്തു. വാതിലുകള്‍ അടക്കപ്പെട്ടിരുന്നതിനാല്‍ അവര്‍ക്ക് അകത്തു കയറാന്‍ കഴിഞ്ഞില്ല. ജനങ്ങളുടെ എതിര്‍സമീപനംകണ്ട് ഹിറഖലിന് പേടിയായി. ഇങ്ങനെപോയാല്‍ തന്റെ അധികാരം നഷ്ടപ്പെടുമെന്നും താന്‍ ഒറ്റപ്പെടുമെന്നും ചിന്തിച്ച അദ്ദേഹം ഇസ്‌ലാമിനെ സ്വീകരിക്കുന്നതില്‍നിന്നും പിന്‍വാങ്ങി. ഞാനൊരു തമാശക്കുവേണ്ടി പറഞ്ഞതായിരുന്നുവെന്നും ഇതിനോട് നിങ്ങളുടെ സമീപനം എന്തായിരുന്നുവെന്ന് നിരീക്ഷിക്കലായിരുന്നു ലക്ഷ്യമെന്നും പറഞ്ഞ് രാജാവ് ജനങ്ങളെ സമാധാനിപ്പിച്ചു. ജനങ്ങള്‍ ശാന്തരായി. അവര്‍ അദ്ദേഹത്തിനു മുമ്പില്‍ സാഷ്ഠാംഗം നമിച്ചു.

ഇസ്‌ലാമാശ്ലേഷത്തിനു പകരം ഹിറഖല്‍ അധികാരത്തെ തെരഞ്ഞെടുക്കുകയായിരുന്നു. ജനങ്ങളെ ഭയന്ന അദ്ദേഹം പ്രവാചക സന്ദേശത്തിന്റെ ഗൗരവം മറന്നുകളയുകയും ആദ്യകാല വിശ്വാസംതന്നെ വെച്ചുപുലര്‍ത്തുകയും ചെയ്തു. സിദ്ദീഖ് (റ) വിന്റെ കാലത്ത് മുസ്‌ലിംകള്‍ അദ്ദേഹകത്തിന്റെ സൈന്യവുമായി ഏറ്റുമുട്ടി. അതില്‍ അദ്ദേഹത്തിന്റെ അധികാരം തെറിക്കുകയാണുണ്ടായത്.നജാശിയുടെയും മുഖൗഖിസിന്റെയും നിലപാട്അബ്‌സീനിയ രാജാവ് നജാശിയും ഈജിപ്ഷ്യന്‍ ചക്രവര്‍ത്തി മുഖൗഖിസും വളരെ ആദരവോടെത്തന്നെ ദൂതന്മാരെ സ്വീകരിച്ചു. അവരുടെ കത്ത് വാങ്ങുകയും സന്ദേശങ്ങള്‍ വായിക്കുകയും ചെയ്തു. യഥാക്രമം അംറ് ബിന്‍ ഉമയ്യ അള്ളംരി, ഹാഥിബ് ബിന്‍ ബല്‍തഅ എന്നിവരാണ് കത്തുമായി ഇവരെ സമീപിച്ചിരുന്നത്. സന്തോഷവാനായ മുഖൗഖിസ് പ്രവാചകന് അനവധി സമ്മാനങ്ങള്‍ കൊടുത്തയച്ചു. കൂട്ടത്തില്‍ രണ്ട് അടിമസ്ത്രീകളുമുണ്ടായിരുന്നു. ഇതില്‍ മാരിയയെ പ്രവാചകന്‍ സ്വീകരിച്ചു. ഇതിലാണ് ഇബ്‌റാഹീം ഉണ്ടായത്. മറ്റൊരാളെ ഹസ്സാന്‍ ബിന്‍ സാബിത് (റ) വിന് നല്‍കുകയും ചെയ്തു.കിസ്‌റയുടെ പ്രതികരണംഎന്നാല്‍, വളരെ പുച്ഛത്തോടെയാണ് പേര്‍ഷ്യന്‍ ചക്രവര്‍ത്തി കിസ്‌റ പ്രവാചക ദൂതന്മാരെ വരവേറ്റത്. അവരില്‍നിന്നും കത്തു വാങ്ങി അദ്ദേഹം പുച്ഛഭാവത്തില്‍ പിച്ചിച്ചീന്തി. വിവരമറിഞ്ഞ പ്രവാചകന്‍ ‘അല്ലാഹു അവന്റെ അധികാരം പിച്ചിച്ചീന്തട്ടെ’ എന്നു പ്രാര്‍ത്ഥിച്ചു. താമസിയാതെ ധിക്കാരിയായ കിസ്‌റ തന്റെ യമന്‍ ഗവര്‍ണറെ വിളിച്ച് മുഹമ്മദിനെ തനിക്കുമുമ്പില്‍ ഹാജറാക്കാന്‍ ഉത്തരവിട്ടു. പ്രവാചകരെ കൂടെകൂട്ടാനായി രാജദൂതന്‍ പ്രവാചക സവിധത്തിലെത്തി. താങ്കളെ പേര്‍ഷ്യന്‍ ചക്രവര്‍ത്തി വിളിക്കുന്നുവെന്ന വാര്‍ത്ത നല്‍കി. ഇതുകേട്ട പ്രവാചകന്‍ പറഞ്ഞു: നിങ്ങളുടെ രാജാവ് അധികാര ഭ്രഷ്ടനായിരിക്കന്നു. അദ്ദേഹത്തിന്റെ മകന്‍ ശീറവൈഹി അദ്ദേഹത്തെ വധിക്കുകയും അധികാരം പിടിച്ചടക്കുകയും ചെയ്തിട്ടുണ്ട്. ഇതു കേട്ട  ദൂതന്‍ അമ്പരന്നു. തിരിച്ചുചെന്നപ്പോഴാണ് രാഷ്ട്രീയാന്തരീക്ഷമാകെ മാറിമറിഞ്ഞതും രാജാവ് വധിക്കപ്പെട്ടതും മകന്‍ ഭരണത്തിലേറിയതുമെല്ലാം അദ്ദേഹം അറിയുന്നത്. പ്രവാചക ദൂതന്മാരെ പുച്ഛിച്ചതിന് അല്ലാഹു നല്‍കിയ ഉത്തരമായിരുന്നു ഇത്.കത്തുകളുടെ അനന്തരഫലംകത്തുകള്‍ വഴി ലോകത്തിന്റെ നാനാ ഭാഗത്തും വിശുദ്ധ ഇസ്‌ലാമിന്റെ സന്ദേശമെത്തി. പലരും അതിനെ ഉള്‍കൊള്ളുകയും അനന്തര പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയും ചെയ്തു. ഇതോടെ, ഇസ്‌ലാം അറേബ്യന്‍ ഉപദ്വീപില്‍നിന്നും പുറംലോകങ്ങളിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി. നാനാഭാഗത്തും അനുയായികള്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്നു. പലരും സത്യം തേടി മദീനയിലെത്തി. പ്രവാചകരെ കണ്ട് ഇസ്‌ലാം സ്വീകരിച്ചു. ശേഷം, സ്വന്തം നാടുകളിലേക്ക് തിരിച്ചുപോയി അവിടങ്ങളിലെല്ലാം ഇസ്‌ലാംമത പ്രചരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിക്കൊണ്ടിരുന്നു.


RELATED ARTICLES