2 July 2020
19 Rajab 1437

ഥാഇഫ് യുദ്ധം

Islamonweb‍‍

04 May, 2012

+ -ഹുനൈന്‍ യുദ്ധത്തില്‍ പരാജയപ്പെട്ട സഖീഫ്-ഹവാസിന്‍ ഗോത്രങ്ങള്‍ മൂന്നു വിഭാഗങ്ങളായി പിരിഞ്ഞ് വിവിധ ഭാഗങ്ങളിലേക്ക് പിന്‍വാങ്ങുകയായിരുന്നു. ഒരു വിഭാഗം ദുറൈദ് ബിന്‍ സ്വിമ്മയുടെ നേതൃത്വത്തില്‍ ഔഥാസിലേക്കും ഒരു വിഭാഗം നഖ്‌ലയിലേക്കും മറ്റൊരു വിഭാഗം ഥാഇഫിലേക്കും രക്ഷപ്പെട്ടു. ഔഥാസിലേക്കും നഖ്‌ലയിലേക്കും പിന്‍വാങ്ങിയവരെ മുസ്‌ലിംകള്‍ പിന്തുടരുകയും പരാജയപ്പെടുത്തുകയും ചെയ്തു. ഥാഇഫിലേക്ക് രക്ഷപ്പെട്ടവര്‍ അവിടെ കോട്ടകളില്‍ സംരക്ഷണം നേടി മാലിക് ബിന്‍ ഔഫിന്റെയും അനുയായികളുടെയും നേതൃത്വത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ പോരാട്ടത്തിനൊരുങ്ങുകയായിരുന്നു.

ഇസ്‌ലാമിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഇവര്‍ക്കെതിരെ സമരം നയിക്കാന്‍ പ്രവാചകന്‍ സൈനിക സമേതം ഥാഇഫിലേക്കു പുറപ്പെട്ടു. പതിനെട്ടു ദിവസത്തോളം അവരുടെ കോട്ട ഉപരോധിച്ചു. (നാല്‍പത് എന്നും അഭിപ്രായമുണ്ട്.) ശക്തമായ അമ്പെയ്ത്തു യുദ്ധം തുടര്‍ന്നു. മുസ്‌ലിംകളില്‍നിന്നും ധാരാളം പേര്‍ക്ക് മുറിവ് പറ്റി. പന്ത്രണ്ടോളം സ്വഹാബികള്‍ ശഹീദായി. ഇതോടെ മുസ്‌ലിംകള്‍ സൈന്യത്തെ അടുത്തുള്ള ഒരു ഉയര്‍ന്ന പ്രദേശത്തേക്കു മാറ്റി. അവിടെനിന്നും അമ്പും കവണ പ്രയോഗവും തുടര്‍ന്നു.  ചൂടുള്ള ഇരുമ്പു ദണ്ഡുകളാണ് അവര്‍ മുസ്‌ലിംകള്‍ക്കെതിരെ എയ്തിരുന്നത്. പക്ഷെ, വലിയ പ്രയോജനമുണ്ടായില്ല. അവര്‍ കോട്ടക്കുള്ളില്‍ ഉറച്ചുനിന്നു. ഇതോടെ പ്രവാചകന്‍ അവരുടെ ഈത്തപ്പനകളും മുന്തിരിയും നശിപ്പിക്കാന്‍ ഉത്തരവിട്ടു. ഇത് അവര്‍ക്ക് തീരെ സഹിക്കുന്നതായിരുന്നില്ല. അവര്‍ പ്രവാചകനു മുമ്പില്‍വന്ന് കാരുണ്യത്തിനായി യാജിച്ചു. അതോടെ പ്രവാചകന്‍ അത് നിര്‍ത്തിവെച്ചു. കോട്ടക്കുള്ളില്‍ നിന്നും പുറത്തുവരുന്നവര്‍ സ്വതന്ത്രരാണ് എന്നു പ്രഖ്യാപിച്ചു. ഇതു കേട്ട പത്തോളം ആളുകള്‍ പുറത്തിറങ്ങി. പ്രവാചക സവിധം വന്ന് മുസ്‌ലിമായി. പ്രവാചകന്‍ അവരെ വെറുതെ വിട്ടു. ശേഷം, ശത്രുക്കളുടെ കാര്യത്തില്‍ പ്രവാചകന്‍ സ്വഹാബികളുമായി ചര്‍ച്ച നടത്തി. ‘വേണമെങ്കില്‍ ഉപരോധം ദീര്‍ഘിപ്പിച്ച് അവരെ പിടികൂടാം. ഇനി ഉപരോധം അവസാനിപ്പിച്ചാലും കുഴപ്പില്ല.’ അതായിരുന്നു അവരുടെ അഭിപ്രായം. അതനുസരിച്ച് ഉപരോധം പിന്‍വലിക്കാനും അടുത്ത ദിവസം മടങ്ങിപ്പോവാനും പ്രവാചകന്‍ തീരുമാനിച്ചു. ഇക്കാര്യം ജനങ്ങള്‍ക്കിടയില്‍ പ്രഖ്യാപിക്കാന്‍ ഉമര്‍ (റ) വിനെ ചുമതലപ്പെടുത്തി. ഉപരോധം പിന്‍വലിച്ച് യുദ്ധമവസാനിപ്പിച്ചു പോകുന്നത് പലര്‍ക്കും സഹിച്ചില്ല. യുദ്ധം അവസാനിപ്പിക്കുകയല്ല; തുടങ്ങാനാണ് പോകുന്നതെന്ന് അറിയിച്ചപ്പോള്‍ എല്ലാവര്‍ക്കും സമാധാനമായി. ഥാഇഫ്കാര്‍ കീഴടങ്ങി മുസ്‌ലിംകളായി വരുമെന്ന പ്രതീക്ഷയായിരുന്നു പ്രവാചകര്‍ക്ക്. അതാണ് ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചിരുന്നത്.

അടുത്ത ദിവസം പ്രവാചകന്‍ സ്വഹാബികളോടൊപ്പം ജിഇര്‍റാനയിലേക്കു തിരിച്ചു. യുദ്ധമുതലുകള്‍ വിഹിതിക്കാതെ കുറച്ചു ദിവസങ്ങള്‍ അവിടെ കഴിച്ചുകൂട്ടി. അവര്‍ മുസ്‌ലിമായി വരുമെന്ന പ്രതീക്ഷയിലായിരുന്നു. പക്ഷെ, അവര്‍ വന്നില്ല. അതോടെ പ്രവാചകന്‍ യുദ്ധ മുതല്‍ വിഹിതിച്ചു. എല്ലാവര്‍ക്കും അവരുടെ അവകാശങ്ങള്‍ നല്‍കി. അപ്പോഴാണ് ഹവാസിന്‍ ഗോത്രത്തെ പ്രതിനിധീകരിച്ചുകൊണ്ട് പതിനാലു പേരടങ്ങുന്ന ഒരു സംഘം കീഴടങ്ങി മുസ്‌ലിംകളായി പ്രവാചക സവിധം കടന്നുവരുന്നത്. പ്രവാചകന്‍ അവരെ സ്വീകരിച്ചു. ബന്ധികളില്‍നിന്നും ഞങ്ങളുടെ കുടുംബങ്ങളെ ഞങ്ങള്‍ക്കു വേണമെന്നും അത് തങ്ങള്‍ക്ക് നാണക്കേടാണെന്നും അവര്‍ പറഞ്ഞു. അതനുസരിച്ച് പ്രവാചകന്‍ സ്വഹാബികളോട് അവര്‍ക്ക് ലഭിച്ച യുദ്ധമുതലുകള്‍ ഇഷ്ടാനുസരണം തിരിച്ചു നല്‍കാന്‍ പറഞ്ഞു. അവരത് സമ്മതിച്ചു. പ്രവാചകന്‍ അത് ഹവാസിന്‍ ഗോത്രത്തിനു നല്‍കി. അവര്‍ സന്തുഷ്ടരായി. മാലികിനെ പ്രവാചകന്‍ ഹവാസിനിലെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളുടെ ചുമതലയേല്‍പിച്ചു. ഇസ്‌ലാമിക സന്ദേശം മനസ്സിലേറ്റി അവര്‍ ഹവാസിനിലേക്ക് തിരിച്ചുപോയി.ജിഇര്‍റാനയില്‍ നിന്നും ഉംറക്ക്

യുദ്ധങ്ങളില്‍നിന്നും വിരമിച്ച് ജിഇര്‍റാനയില്‍ കഴിയുന്ന പ്രവാചകന്‍ അവിടെനിന്നും മക്കയില്‍ പോയി ഒരു ഉംറകൂടി നിര്‍വഹിക്കാന്‍ ഉദ്ദേശിച്ചു. അതനുസരിച്ച് ജിഇര്‍റാനയില്‍വെച്ച് ഇഹ്‌റാം കെട്ടി.  ശേഷം, രാത്രിയില്‍ മക്കയിലേക്ക് പുറപ്പെട്ടു. ഥവാഫും സഅ്‌യും കഴിഞ്ഞ് തഹല്ലുലായി. പതിമൂന്നു ദിവസമായി ജിഇര്‍റാനയിലാണ് പ്രവാചകന്‍ താമസിച്ചിരുന്നത്. മക്കം ഫതഹിനു വേണ്ടി വന്നതാണ്. ശേഷം, അനവധി ദിവസങ്ങള്‍ കടന്നുപോയി. ഉംറ കഴിഞ്ഞതോടെ മദീനയിലേക്കു പുറപ്പെടാന്‍ പ്രവാചകന്‍ തീരുമാനിച്ചു. അങ്ങനെ അനുചരന്മാരോടൊപ്പം യാത്രതിരിച്ചു. ദുല്‍ഖഅദ മാസം അവസാനത്തില്‍ പ്രവാചകന്‍ അവിടെയെത്തി. അപ്പോഴേക്കും പ്രവാചകന്‍ മദീനയില്‍നിന്നും വിട്ടുനിന്നിട്ട് രണ്ടു മാസവും പതിനാറു ദിവസവുമായിരുന്നു.


RELATED ARTICLES