സ്വല്ലല്‍ ഇലാഹു: പ്രവാചകാനുരാഗത്തിന്റെ ഭാവപ്രകടനങ്ങള്‍

പ്രമുഖ പണ്ഡിതനായിരുന്ന വെളിയങ്കോട് ഉമര്‍ ഖാദി(റ)യുടെ സ്വല്ലല്‍ ഇലാഹു ബൈത്ത് പ്രചുരപ്രചാരം നേടിയ പ്രവാചക പ്രകീര്‍ത്തന കാവ്യമാണ്. പൊന്നാനിയിലെ പ്രശസ്തരായ പണ്ഡിതന്മാരില്‍ നിന്ന് വിജ്ഞാനം കരസ്ഥമാക്കിയ ഉമര്‍ ഖാദി(റ) വെളിയങ്കോട് പ്രദേശത്തെ ഖാദിയും മമ്പുറം സയ്യിദ് അലവി തങ്ങള്‍(റ) അവര്‍കളുടെ ആത്മീയ നേതൃത്വം സ്വീകരിച്ച മഹാനുമായിരുന്നു. പണ്ഡിത ശ്രേഷ്ഠനായിരുന്ന അവുക്കോയ മുസ്‌ലിയാര്‍(റ) അദ്ദേഹത്തിന്റെ സതീര്‍ഥ്യനായിരുന്നു. വൈദേശികാധിപത്യത്തിനെതിരെ ചെറുത്തുനില്‍ക്കാന്‍ പ്രചോദനം നല്‍കിയ മഹാനുഭാവന്‍ ത്യാഗോജ്ജ്വലമായ ജീവിതമാണ് കാഴ്ചവെച്ചത്. നിരവധി കാവ്യങ്ങളും നിമിഷ കവിതകളും അദ്ദേഹത്തിന്റേതായി പ്രചാരം നേടിയിട്ടുണ്ട്. അതിലേറ്റവും ശ്രദ്ധേയമായത് സ്വല്ലല്‍ ഇലാഹു എന്ന് തുടങ്ങുന്ന കാവ്യം തന്നെയാണ്.ഹജ്ജ് യാത്രയില്‍ മദീനയിലെത്തിയ കവി നബി(സ്വ)യുടെ ഖബ്‌റിനരികെ വിനയാന്വിതനായി നിന്ന് അവിടത്തെ ഗുണഗണങ്ങള്‍ വാഴ്ത്തിയും നബി(സ്വ)യെ അഭിസംബോധന ചെയ്തും തന്റെ മനസ്സില്‍ അലയടിച്ചു വരുന്ന പ്രവാചകാനുരാഗത്തിന്റെ സ്പന്ദനങ്ങള്‍ പ്രകടിപ്പിക്കുകയാണ്. പ്രവാചക സ്‌നേഹത്തിന്റെ അവാച്യമായ അനുഭൂതിയാണ് ഇവിടെ പ്രകടമാവുന്നത്.
ആദ്യാവസാനം ഈ കവിത സ്വലാത്ത് കാവ്യമാണ്. ‘മുഖമ്മസ്’ ആയിട്ടാണിത് രചിക്കപ്പെട്ടിരിക്കുന്നത്. നാല് മിസ്വ്‌റാഅ് (കവിതാഭാഗം) ഉള്‍ക്കൊള്ളുന്ന ഈരണ്ടു വരികള്‍ക്ക് ശേഷം ഒരു അഞ്ചാം ഭാഗം കൂടി ഉള്‍പ്പെടുത്തിയിട്ടുള്ള കവിതാവിഭാഗമാണ് മുഖമ്മസ്. ഇവിടെ അഞ്ചാം ഭാഗം എല്ലായിടത്തും ‘സ്വല്ലൂ അലൈഹി വ സല്ലിമൂ തസ്‌ലീമാ’ എന്ന് സ്വലാത്തും സലാമും ചൊല്ലാനുള്ള ശക്തമായ ഉല്‍ബോധനവുമാണ്.
ഇസ്‌ലാമിക പ്രബോധനത്തിന്റെ സ്വീകാര്യതയില്‍ പ്രധാന പങ്ക് വഹിച്ച, നബി(സ്വ)യുടെ സ്വഭാവ വിശേഷങ്ങള്‍ പരാമര്‍ശിക്കുകയാണ് ആദ്യമായി കവി ചെയ്യുന്നത്. നിര്‍മല സ്വഭാവത്തിന്റെ ഉടമയും ദയാലുവുമായിരുന്നു പ്രവാചകന്‍ എന്ന് വിശുദ്ധ ഖുര്‍ആനെ സാക്ഷ്യപ്പെടുത്തി അദ്ദേഹം വിവരിക്കുന്നു. നിരക്ഷരനാണ് പ്രവാചകന്‍ എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെത്തന്നെ അവിടത്തെ ദൈവിക ജ്ഞാനം അത്യുന്നതമാണെന്നും വായിച്ചറിഞ്ഞവരുടെ അറിവ് ഈ ദിവ്യജ്ഞാനത്തിന്റെ മുന്നില്‍ ഒന്നുമല്ലെന്നും കവി സമര്‍ത്ഥിക്കുകയും പ്രവാചകനെ ഞാന്‍ സ്‌നേഹിക്കുന്നുവെന്ന് ഊന്നിപ്പറയുകയും ചെയ്യുന്നു.
പിന്നീട് ജിബ്‌രീല്‍(അ) മുഖേന നബി(സ്വ)ക്ക് വഹ്‌യ് ലഭിച്ചതും സന്മാര്‍ഗദര്‍ശന പാതയിലെ പ്രവൃത്തികളും വൈജ്ഞാനിക, സാംസ്‌കാരിക രംഗത്തെ ഔന്നത്യവും അസാന്മാര്‍ഗിക ശക്തികളെ തകര്‍ത്തെറിഞ്ഞ സംഭവങ്ങളും കവി അനുസ്മരിക്കുന്നു. നബി(സ്വ)യുടെ ദയാദാക്ഷിണ്യവും കൃപാകടാക്ഷവും മനസ്സിന്റെ ആര്‍ദ്രതയും ഇടക്കിടെ കവി ഓര്‍മിപ്പിച്ച് കൊണ്ടിരിക്കുന്നു.
ഒരു അവിശ്വാസി വേട്ടയാടിപ്പിടിച്ച മാന്‍ തന്റെ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നതിനായി രക്ഷപ്പെട്ട് നബി(സ്വ)യെ അഭയം തേടി, നബി(സ്വ)യുടെ സമ്മതത്തോടെ മുലയൂട്ടി തിരിച്ചുവന്ന് വേട്ടക്കാരന് കീഴ്‌പ്പെട്ടതും ഈ അസാധാരണ രംഗത്തിന് ദൃക്‌സാക്ഷിയായ വേട്ടക്കാരന്‍ അവിടത്തെ മഹത്വം മനസ്സിലാക്കി സത്യവിശ്വാസം ഉള്‍ക്കൊണ്ടതും കവി ഹൃദയസ്പൃക്കായി അവതരിപ്പിക്കുന്നുണ്ട്.
പ്രവാചക സ്‌നേഹത്തിലൂന്നിയ കവിതയില്‍ മാലോകരെ അതിന് പ്രേരിപ്പിക്കാനും അതിലൂടെ മാത്രമാണ് വിജയം നേടാനാവുക എന്ന് ഊന്നിപ്പറയുകയും ചെയ്യുന്നുണ്ട്. ‘ഹുബ്ബുന്നബിയ്യി വ മദ്ഹുഹു ഖൈറുല്‍ അമല്‍’ (നബിയെ സ്‌നേഹിക്കലും അവിടത്തെ ഗുണഗണങ്ങള്‍ വാഴ്ത്തിപ്പറയലും ഉത്തമ കര്‍മമാണ്) എന്നദ്ദേഹം വിളംബരം ചെയ്യുന്നു.
നബിയുടെ ഇസ്‌റാഅ്, മിഅ് റാജിലെ ഓരോ ഘട്ടങ്ങളെയും കവി എണ്ണിപ്പറയുന്നുണ്ട്. ജിബ്‌രീലി(അ)ന്റെ അകമ്പടിയോടെ ജീനിയും കടിഞ്ഞാണുമുള്ള ബുറാഖിനു പുറത്ത് യാത്ര ചെയ്തതും മുന്‍കാല പ്രവാചകന്മാരും മലക്കുകളും അഭിവാദ്യമര്‍പ്പിച്ചതും നബി(സ്വ) അവര്‍ക്ക് ഇമാം ആയി നിസ്‌കരിച്ചതും ഓരോരുത്തരുടെയും ഭാവഭേദങ്ങളും ഹൃദയം തൊട്ടുണര്‍ത്തുന്ന ഭാഷയില്‍ വര്‍ണിക്കുന്നു. മനുഷ്യപിതാവായ ആദം നബി(അ) വലതുഭാഗത്തേക്ക് നോക്കി ചിരിക്കുന്നതും ഇടതുഭാഗത്തേക്ക് നോക്കി കരയുന്നതും വിസ്മയത്തോടെ നബി(സ്വ) ദര്‍ശിക്കുകയുണ്ടായി; തന്റെ സന്തതികളിലെ സന്മാര്‍ഗികളെയും ദുര്‍മാര്‍ഗികളെയും ഓര്‍ത്തുകൊണ്ടാണ് ഈ ഭാവവ്യത്യാസങ്ങള്‍ എന്ന് കവി തുറന്നുപറയുന്നില്ലെങ്കിലും ഊഹിച്ചെടുക്കാവുന്നതാണ്. യഹ്‌യാ (അ), ഈസാ (അ), ഇബ്‌റാഹീം (അ), യൂസുഫ് (അ), മൂസാ (അ) എന്നിവരെ കണ്ടെന്ന് പ്രത്യേകം എടുത്തു പറയുന്നതിലൂടെ ഐതിഹാസികമായ അവരുടെ ചരിത്രങ്ങളിലേക്ക് വെളിച്ചം വീശുകയാണ് കവി ചെയ്യുന്നത്.
സ്രഷ്ടാവായ അല്ലാഹുവിന്റെ ദര്‍ശനത്തിന് നിമിത്തമായ പ്രകാശ സാഗരത്തിലേക്ക് ജിബ്‌രീല്‍ നബി(സ്വ)യെ യാത്രയാക്കുന്നത് തന്മയത്വത്തോടെ അവതരിപ്പിക്കുന്നു:
‘ദഅ്‌നീ തഖദ്ദം യാ ഹബീബീ ലാ തഖഫ്; അബ്ശിര്‍ തുനാജീ റബ്ബകല്‍ ഖയ്യൂമാ..’
‘പ്രിയരേ, താങ്കള്‍ എന്നെ വിട്ടേച്ച് മുന്നോട്ട് പോവുക; ഒന്നും ഭയപ്പെടേണ്ടതില്ല, സുവാര്‍ത്ത കേള്‍ക്കുക: ശാശ്വതനായി നിലനില്‍ക്കുന്ന താങ്കളുടെ നാഥനെ താങ്കള്‍ അഭിമുഖീകരിക്കാനിരിക്കുകയാണ്.’
റബ്ബില്‍ നിന്ന് തനിക്കും സമുദായത്തിനും അനുഷ്ഠാനമായി ലഭിച്ച അമ്പത് നിസ്‌കാരങ്ങളും മൂസാ(അ)യുടെ നിര്‍ദേശ പ്രകാരം റബ്ബിനെ വീണ്ടും അഭിമുഖീകരിച്ച് അഞ്ചാക്കി ചുരുക്കിയതും ഓര്‍മിക്കുന്നതോടൊപ്പം നബി(സ്വ)യുടെ ഖത്മുന്നുബുവ്വത്ത് (പ്രവാചകത്വ പരിസമാപ്തി) യാഥാര്‍ത്ഥ്യമായതും അതിന്റെ പ്രകടമായ ചിഹ്നമായി മുന്‍വേദങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട നബി(സ്വ)യുടെ കൈപ്പലകകള്‍ക്കിടയിലുള്ള അടയാളവുമെല്ലാം കവി അനുസ്മരിക്കുന്നു. പ്രവാചക ശൃംഖലയുമായി നബി(സ്വ)യെ താരതമ്യം ചെയ്തുകൊണ്ട് ശ്രേഷ്ഠതയില്‍ ഒന്നാമനും നിയോഗത്താല്‍ അന്തിമനുമാണ് അവിടന്ന് (ഫില്‍ ഫള്‌ലി സാബിഖുഹും വ ബഅ് സന്‍ ആഖിറു) എന്ന് കവി ഉണര്‍ത്തുന്നുണ്ട്.
നബി(സ്വ)യെ പ്രേമ പരവശനായി അഭിസംബോധന ചെയ്യുകയാണ് പിന്നീട് കവി. നിഷ്‌കളങ്കമായ സ്‌നേഹ ഭാവങ്ങളും അനിര്‍വചനീയമായ അഭിലാഷങ്ങളെ സാക്ഷാത്കരിക്കാനുള്ള ഉല്‍ക്കടമായ ആഗ്രഹങ്ങളും ഹൃദയാന്തരാളത്തില്‍ തെളിഞ്ഞുവരുന്ന വിനയത്തിന്റെ മൂര്‍ത്തിമദ് ഭാവവും ഇവിടെ ദര്‍ശിക്കാനാവും. സ്‌നേഹത്തിന്റെ പാരമ്യതയില്‍ ഉണ്ടാവുന്ന ചേഷ്ട ഭാവങ്ങളെ കവി തന്നെ തുറന്നുപറയുന്നത് ഒന്നും ഒളിച്ചുവെക്കാനില്ലാത്ത നിഷ്‌കളങ്കതയാണ് വെളിപ്പെടുത്തുന്നത്. ‘ഇരു നേത്രങ്ങളില്‍ നിന്നും ധാരധാരയായി വരുന്ന കണ്ണുനീര്‍ വറ്റിയിട്ടില്ല; ഇരു ലോകത്തിന്റെയും നേതാവായ നബി(സ്വ)യെ എന്റെ ഹൃദയം സ്‌നേഹിച്ചതിന്റെ പ്രതിഫലനമായി അത് രണ്ട് കവിളിലൂടെയും ഒഴുകിക്കൊണ്ടിരിക്കുകയാണ്’ എന്ന് കവി പറയുമ്പോള്‍ സഹൃദയനെയും അതേ ഭാവത്തിലേക്ക് നയിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.
മദീനയില്‍ വന്നതും നബി(സ്വ)യുടെ ഖബ്‌റിന്റരികെ നില്‍ക്കുന്നതും അവിടെയുള്ള സൗഗന്ധികമായ അനുഭവത്തിലൂടെ പ്രവാചകപ്രേമം മനസ്സിന്റെ ഭിത്തികള്‍ക്കുള്ളിലൊതുങ്ങാതെ കവിഞ്ഞൊഴുകിയതിനാല്‍ ബോധം നഷ്ടപ്പെടുന്നതും കവി തുറന്ന് പറയുന്നുണ്ട്. ‘താങ്കളെ എപ്പോഴും സ്‌നേഹിക്കുന്നവരില്‍ പാപിയായ ഉമറും ഉള്‍പ്പെടുന്നു’ എന്ന് നിഷ്‌കളങ്കനായ ഒരു കുഞ്ഞിന്റെ ഭാവത്തോടെയാണ് അദ്ദേഹം നബി(സ്വ)യോട് പറയുന്നത്. നബി(സ്വ)യുടെ ശഫാഅത്ത്, അവിടത്തെ പ്രകീര്‍ത്തിക്കുന്നവരോടൊപ്പമുള്ള സ്വര്‍ഗപ്രവേശം എന്നിവ അദ്ദേഹം അഭിലഷിക്കുന്നു.
പ്രവാചക സ്‌നേഹത്തിന്റെ ധ്വനികളാല്‍ ധന്യമായ കവിത സ്വലാത്ത് കാവ്യമായിരിക്കുന്നതോടൊപ്പം തന്നെ കവിത അവസാനിപ്പിക്കുന്നത് ‘വ അലൈക ഹുബ്ബന്‍ യാ റസൂലല്ലാഹ്’ എന്ന് തുടങ്ങുന്ന വിനയത്തിന്റെ മേമ്പൊടി ചേര്‍ത്ത, സ്‌നേഹത്തില്‍ ചാലിച്ച വരികളിലൂടെയാണെന്നത് ശ്രദ്ധേയമാണ്.
നബി(സ്വ)യുടെ ഖബ്‌റിനരികില്‍ നിന്ന് ഈ കാവ്യം ചൊല്ലിയ മാത്രയില്‍ അവിടത്തെ പരിശുദ്ധ കരം പുറത്തേക്ക് നീണ്ടുവെന്നും അത് ഉമര്‍ ഖാദി(റ) ചുംബിച്ചുവെന്നും പൂര്‍വികരിലൂടെ കേട്ടുവരുന്നതാണ്. അസാമാന്യമായ പ്രവാചക സ്‌നേഹത്തിന്റെ ശക്തമായ പ്രേരണയുടെ പ്രതിഫലനമാണ് ഈ അസാധാരണ സംഭവം എന്ന് തീര്‍ച്ചയായും വിലയിരുത്തണം.
അനുഭവ ജ്ഞാനത്തിലൂടെ സമൂഹത്തിന് പ്രവാചക സ്‌നേഹത്തിന്റെ പാഠങ്ങള്‍ നല്‍കിയ ഉമര്‍ ഖാദി(റ)യുടെ ഈ കവിത ഉത്തമസമൂഹ സംസ്ഥാപനത്തില്‍ നിസ്സീമമായ പങ്ക് വഹിക്കുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter