പ്രവാചകരുടെ വ്യക്തി വിശേഷണങ്ങള്‍

മുഖം

ഇമാം ബുഖാരി, മുസ്‌ലിം ബറാഉബ്‌നു ആസിബ്(റ)ല്‍ നിന്ന് നിവേദനം: നബി(സ) മനുഷ്യകുലത്തില്‍ ഏറ്റവും സുമുഖനും സല്‍സ്വഭാവിയുമായിരുന്നു.
അബൂഹുറൈറ (റ) യില്‍ നിന്ന് നിവേദനം: ”നബിയെക്കാള്‍ ഭംഗിയുള്ള ഒരു വസ്തുവും ഞാന്‍ കണ്ടിട്ടില്ല.”
ശൈഖ് അബ്ദുല്‍ ഹഖ് ദഹ്‌ലവി(റ) പറയുന്നു: ഈ ഹദീസില്‍ ‘ഒരു മനുഷ്യനെയും ഞാന്‍ കണ്ടിട്ടില്ല’ എന്നു പറയുന്നതിനു പകരം ‘ഒരു വസ്തുവും’ എന്നു പറഞ്ഞത് ചിന്തനീയമാണ്. മനുഷ്യനെക്കാള്‍ മാത്രമല്ല ലോകത്തുള്ള എല്ലാ വസ്തുക്കളെക്കാളും ഭംഗി അങ്ങേയ്ക്കുണ്ടായിരുന്നുവെന്നര്‍ത്ഥം.
ഇമാം ബുഖാരി(റ) ബറാഉബ്‌നു ആസിബ്(റ)യില്‍ നിവേദനം: നബി(സ)യുടെ മുഖം വാള് പോലെ പ്രകാശിക്കുന്നതായിരുന്നോ എന്നു ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം (ബറാഅ് (റ)) പറഞ്ഞു: ചന്ദ്രനെപ്പോലെ പ്രകാശിക്കുന്നതായിരുന്നു.
ഇമാം ബൈഹഖി(റ) അബൂഇസ്ഹാഖ് (റ)ല്‍നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഹമദാനില്‍ നിന്നുള്ള ഒരു സ്ത്രീ എന്നോടു പറഞ്ഞു: ”ഞാന്‍ നബി(സ)യോടു കൂടെ ഹജ്ജ് ചെയ്തിട്ടുണ്ട്.” ഞാന്‍ പറഞ്ഞു: ”അവിടത്തെ വര്‍ണിച്ചുതരുമോ?” ആ സ്ത്രീ പറഞ്ഞു. ‘അവിടുന്ന് പൂര്‍ണചന്ദ്രനെപ്പോലെയായിരുന്നു. അവടുത്തേപ്പോലുള്ള ഒരാളെ അങ്ങേയ്ക്കു മുമ്പോ ശേഷമോ ഞാന്‍ കണ്ടിട്ടില്ല.’
ശൈഖ് അബ്ദുല്‍ഹഖ് ദഹ്‌ലവി പറയുന്നു: ”പ്രവാചക പ്രേമത്തില്‍ മുങ്ങിക്കുളിക്കുന്നവര്‍ പൂര്‍ണ ചന്ദ്രനുദിക്കുന്ന സമയത്ത് അവിടത്തെ തിരുവദനം ഓര്‍ക്കാന്‍ മറന്നുപോകരുത്.” അദ്ദേഹം തുടര്‍ന്നു പറയുന്നു: പ്രവാചകരെ (സ) പല വസ്തുക്കളോടും ഉപമിക്കുന്നത് ആലങ്കാരികമായി മാത്രമാണ്. യഥാര്‍ത്ഥത്തില്‍ സ്വഭാവ വൈശിഷ്ട്യത്തിലും വ്യക്തി വിശേഷണങ്ങളിലും അവിടത്തെപ്പോലെ മറ്റൊന്നില്ല.

കണ്ണ്
നബി(സ)യുടെ ശരീര ഭാഗങ്ങള്‍ മുഴുവനും അമിത വലിപ്പമുള്ളതോ പറ്റെ വലിപ്പം കുറഞ്ഞതോ ആയിരുന്നില്ല. കണ്ണിനെക്കുറിച്ച് രണ്ടു രൂപത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. (1) കണ്ണിന്റെ ആകൃതിയും രൂപവും (2) കാഴ്ച. അവിടത്തെ തിരുനേത്രങ്ങളെക്കുറിച്ച് (അശ്കലുല്‍ ഐനൈന്‍) എന്നും (അസ്ഹലുല്‍ ഐനൈന്‍) എന്നും റിപ്പോര്‍ട്ടുണ്ട്. ‘അസ്‌കലുല്‍ ഐനൈന്‍’ എന്നാല്‍ വെളുപ്പില്‍ ചുവപ്പ് കലര്‍ന്നത് എന്നര്‍ത്ഥം. അശ്ഹലുല്‍ ഐനൈന്‍ എന്നാല്‍ കറുപ്പില്‍ ചുവപ്പ് കലര്‍ന്നത് എന്നര്‍ത്ഥം. ആദ്യത്തേതാണ് പ്രസിദ്ധമായ റിപ്പോര്‍ട്ട്.
കാഴ്ച സംബന്ധിച്ച് നിരവധി ഹദീസുകള്‍ വന്നിട്ടുണ്ട്. ഇബ്‌നു അബ്ബാസ് (റ)ല്‍ നിന്ന് നിവേദനം: നബി(സ) പകല്‍ എപ്രകാരം കാണുമായിരുന്നോ അതേ പ്രകാരം രാത്രിയുടെ കൂരിരുട്ടിലും കാണുമായിരുന്നു. ഇതേ ഹദീസ് ഇമാം ബുഖാരി (റ)യും ബൈഹഖി(റ) യും ആയിശ (റ)യില്‍ നിന്ന് ഉദ്ധരിക്കുന്നുണ്ട്.
നബി(സ) ഒരാളെ തിരിഞ്ഞു നോക്കുകയാണെങ്കില്‍ ശരീരം മുഴുവനും തിരിക്കാറുണ്ടായിരുന്നു. അഹങ്കാരികളെ പ്പോലെ കേവലം കഴുത്തോ, അല്ലെങ്കില്‍ വല ഭാഗവും ഇടഭാഗവും മാത്രമോ തിരിക്കുന്ന പതിവുണ്ടായിരുന്നില്ല.
സ്വഹീഹായ ഒരു ഹദീസില്‍ ഇപ്രകാരമുണ്ട്. നബി(സ) മഅ്മൂനീങ്ങളോട് പറയാറുണ്ടായിരുന്നു: ‘നിങ്ങള്‍ റുകൂഇലും സജൂദിലും എന്നെ മുന്‍കടക്കരുത്. എന്റെ മുന്നിലൂടെയും പിന്നിലൂടെയും ഞാന്‍ നിങ്ങളെ ഒരു പോലെ ദര്‍ശിക്കുന്നുണ്ട്. നിങ്ങളുടെ റുകൂഉം സുജ്ജുദൂം എനിക്ക് കാണാന്‍ കഴിയുന്നുണ്ട്. ഈ ഹദീസ് ഉദ്ധരിച്ചതിനു ശേഷം ഇന്ത്യയില്‍ നബി(സ) യുടെ അധ്യാപനങ്ങള്‍ പ്രചരിപ്പിച്ച സുസമ്മതനായ പണ്ഡിതന്‍ ശൈഖ് അബ്ദുല്‍ഹഖ് ദഹ്‌ലവി(റ) പറയുന്നു: ”മുന്നിലൂടെയും പിന്നിലൂടെയും നബി(സ) കാണാറുണ്ടായിരുന്നു. പക്ഷേ, അതിന്റെ രൂപം അല്ലാഹുവിനു മാത്രമേ അറിയൂ. അവിടത്തെ എല്ലാ അവയവങ്ങളുടെയും സ്ഥിതി ഇതു തന്നെയാണ്. അവയുടെ അസ്തിത്വം അറിയാന്‍ ആര്‍ക്കും സാധ്യമല്ല. ഖുര്‍ആനിലെ അവ്യക്തമായ ആയത്തു (മുതശാബിഹാത്ത്) കളുടെ അര്‍ത്ഥം ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്തതു പോലെ നബി(സ)യുടെ അസ്തിത്വവും ആര്‍ക്കും പിടികിട്ടുകയില്ല. എല്ലാ ഭാഗത്തുകൂടെയും തങ്ങള്‍ കാണുമെന്ന് പറഞ്ഞത് മുഖത്തു കണ്ണു കൊണ്ടോ, അതോ അകക്കണ്ണു കൊണ്ടോ? ഈ കാഴ്ച നിസ്‌കാരത്തില്‍ മാത്രമാണോ അതോ എല്ലായ്‌പ്പോഴും അങ്ങനെ തന്നെയോ? മുഖത്തുള്ള കണ്ണു കൊണ്ട് മാത്രമാണോ അവിടുന്നു കാണുന്നത്, അതോ ശരീരത്തിലെ ഓരോ ഭാഗങ്ങള്‍ക്കും അല്ലാഹു കാഴ്ച ശക്തി നല്‍കിയിട്ടുണ്ടോ? (ഇത്യാദികാര്യങ്ങള്‍ ആലോചിക്കേണ്ടതുണ്ട്).

ചെവി
ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: നിങ്ങള്‍ കാണുന്ന വസ്തുക്കള്‍ ഞാന്‍ കാണുകയും നിങ്ങള്‍ കേള്‍ക്കാത്തത് ഞാന്‍ കേള്‍ക്കുകയും ചെയ്യുന്നു. ചെവിയുടെ സമ്പൂര്‍ണ്ണ ആകൃതിയെക്കുറിച്ച് ചരിത്ര ഗ്രന്ഥങ്ങളില്‍ കൂടുതല്‍ വിവരണങ്ങളില്ല. ജാമിഉസ്സ്വഹീറില്‍ ഒരു ഹദീസ് ഇപ്രകാരം വന്നിരിക്കന്നു: നബി(സ)യുടെ ചെവി പൂര്‍ണതയുള്ളതായിരുന്നു.

നെറ്റിത്തടം
അലി(റ) പറയുന്നു: നബി(സ) നെറ്റിത്തടം വിശാലമായ ആളായിരുന്നു. പുരികങ്ങള്‍ രണ്ടും പരസ്പരം കൂടിച്ചേര്‍ന്നിരുന്നില്ല. അവയ്ക്കിടയില്‍ നേരിയ രോമങ്ങളുണ്ടായിരുന്നു. അതോടൊപ്പം ദേഷ്യത്തിന്റെ സമയത്ത് കൂടുതല്‍ പ്രകടമാകുന്ന ഒരു ഞരമ്പും ഉണ്ടായിരുന്നു.

ഉമിനീര്
നബി(സ)യുടെ പരിശുദ്ധമായ ഉമിനീര് പല രോഗങ്ങള്‍ക്കും ശമനം നല്‍കുന്നതായിരുന്നു. ഹ. അലി (റ)ക്ക് ഖൈബര്‍ ദിനത്തില്‍ കണ്ണിനു രോഗം ബാധിച്ചപ്പോള്‍ അവിടത്തെ ഉമിനീര് പുരട്ടിയപ്പോഴാണ് മാറിയത്. അനസ്(റ)ന്റെ വീട്ടിലെ കിണറ്റില്‍ അവിടുന്ന് തുപ്പിയപ്പോള്‍ അതിലെ വെള്ളം മദീനയിലെ മുഴുവന്‍ കിണറിലെ വെള്ളത്തേക്കാളും മധുരമുള്ളതായി മാറുകയുണ്ടായി. ഒരു ദിവസം മുലകുടി പ്രായമുള്ള ഒരു കുട്ടിയെ നബി(സ) യുടെ സന്നിധിയില്‍ കൊണ്ടു വരപ്പെട്ടു. അവിടുന്ന് അല്‍പം ഉമിനീര് കുട്ടിയുടെ വായില്‍ ഒഴിച്ചു. അതുകാരണം കുട്ടിക്കു നല്ല വണ്ണം വയര്‍ നിറഞ്ഞു, അന്നത്തെ ദിവസം പാലു കൊടുക്കേണ്ടി വന്നിട്ടില്ല. ഹസന്‍(റ)ന് ശക്തമായി ദാഹമനുഭവപ്പെട്ടു. അപ്പോള്‍ നബി(സ) അവിടത്തെ നാവ് അദ്ദേഹത്തിന്റെ വായിലിട്ടു. അദ്ദേഹം അവിടുത്തെ തിരുനാക്ക് നക്കികൊണ്ടേയിരുന്നു. അന്ന് പിന്നീട് ദാഹമുണ്ടായിട്ടില്ല. (മദാരിജുന്നുബുവ്വ-അബ്ദുല്‍ഹഖ് ദഹ്‌ലവി).

പുഞ്ചിരി
ഇമാം ബൈഹഖി(റ) അബൂഹൂറൈറ(റ)യില്‍ നിന്ന് നിവേദനം ചെയ്യുന്നു: നബി(സ) പുഞ്ചിരിച്ചാല്‍ ചുമരുകള്‍ പ്രകാശപൂരിതമാകുമായിരുന്നു. അവിടത്തെ പല്ലുകളുടെ പ്രകാശം സൂര്യകിരണങ്ങള്‍ പോലെ ചുമരുകളില്‍ പതിയാറുണ്ടായിരുന്നു.
ഇമാം ബുഖാരി(റ) ആഇശ ബീവി(റ)യില്‍നിന്ന് റിപ്പോര്‍ട്ട്. മഹതി പറയുന്നു: നബി(സ) ഊനുകള്‍ പ്രകടമാകുംവിധം പൊട്ടിച്ചിരിക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല. അധികസമയവും പുഞ്ചിരി മാത്രമാണ് തങ്ങളില്‍ നിന്നുണ്ടായത്. ചിലപ്പോള്‍ പുഞ്ചിരിയേക്കാള്‍ അല്‍പം മുകളിലേക്ക് കയറും. പക്ഷേ, ഒരിക്കലും പൊട്ടിച്ചിരിച്ചിരുന്നില്ല.

കരച്ചില്‍
ചിരി പോലെ തന്നെ കരച്ചിലും ഒച്ച വര്‍ധിപ്പിക്കുന്ന പതിവുണ്ടായിരുന്നില്ല. കണ്ണില്‍ നിന്ന് കണ്ണുനീര് ഒഴുകുമായിരുന്നു. ചിലപ്പോള്‍ നെഞ്ചകത്തുനിന്ന് ഒരു പ്രത്യേക ശബ്ദം കേള്‍ക്കാനും സാധിക്കുമായിരുന്നു. ഈ സമൂഹത്തിനു വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുമ്പോഴും രാത്രി നിസ്‌കാരങ്ങള്‍ക്കിടയിലുമൊക്കെയാണ് ഈ ശബ്ദം കേള്‍ക്കാറ്. അവിടന്ന് തീരെ കോട്ടുവായിട്ടിരുന്നില്ല. കാരണം അത് അലസതയുടെ ലക്ഷണമാണ്.

മുടി
അബ്ദു ഹാല(റ)യില്‍ നിന്നു നിവേദനം: നബി (സ) തല വലിപ്പമുള്ളവരായിരുന്നു. അഥവാ പറ്റെ ചെറിയതായിരുന്നില്ലെന്നു സാരം. ഖതാദ(റ) പറയുന്നു: ഞാന്‍ അനസ്(റ) നോട് നബി (സ) യുടെ മുടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: അവിടത്തെ രോമം നല്ല മിനുസമുള്ളതായിരുന്നു. തലമുടിയുടെ നീളം ചിലപ്പോള്‍ ചെവിയുടെ മധ്യഭാഗം വരെയായിരുന്നു. ചുമലു വരെ എത്തിയിരുന്നുവെന്ന് മറ്റൊരു റിപ്പോര്‍ട്ടുണ്ട്. മുടി ചീകലും എണ്ണയിട്ടു സംരക്ഷിക്കലും അവിടത്തെ ചര്യയാണ്.

താടി
ഇബ്‌നു അബീഹാല (റ) യില്‍ നിന്നു നിവേദനം: നബി (സ)യുടെ താടി തിങ്ങിയതായിരുന്നു. ഖാളി ഇയാള് ‘അല്‍ശിഫാ’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു. തങ്ങളുടെ താടി രോമങ്ങള്‍ നെഞ്ച് നിറയാന്‍ മാത്രമുണ്ടായിരുന്നു.

കക്ഷം
നബി(സ)യുടെ കക്ഷം വെള്ള നിറമുള്ളതായിരുന്നു. ഒരു സ്വഹാബിയില്‍ നിന്നു നിവേദനം: നബി(സ) യുടെ കക്ഷത്തിലും വിയര്‍പ്പിന് കസ്തൂരി ഗന്ധമുള്ളതായി എനിക്ക് അനുഭവപ്പെട്ടു.

കൈ
ഇമാം ഥബ്‌റാനി(റ) മുസ്തൗരി ദുബ്‌നു ശദ്ദാദ്(റ)ല്‍ നിന്ന് നിവേദനം: അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞു: ”ഞാന്‍ നബി(സ)യുടെ തൃക്കരങ്ങള്‍ തൊട്ടു. അവ പട്ടിനേക്കാള്‍ ലോലവും മഞ്ഞിനേക്കാള്‍ തണുപ്പുള്ളതുമായിരുന്നു.”
ഇമാം ബുഖാരി അനസ്(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ നബി (സ) യുടെ ഉള്ളന്‍കയ്യിനേക്കാള്‍ ലോലമായ പട്ട് കണ്ടിട്ടില്ല.”
ഉള്ളന്‍കൈ കട്ടിയുള്ളതായിരുന്നുവെന്ന് ഒരു റിപ്പോര്‍ട്ടില്‍ വന്നിട്ടുണ്ട്. ഉലമാക്കളിലര്‍ ചിലര്‍ അതിന് ഇപ്രകാരം വ്യാഖ്യാനം നല്‍കിയിരിക്കുന്നു. അവിടന്നു വല്ല പണിയുമെടുക്കുകയോ യുദ്ധങ്ങളില്‍ ആയുധമെടുക്കുകയോ പോലുള്ള സന്ദര്‍ഭങ്ങളില്‍ ഉള്ളന്‍കൈക്ക് കട്ടി സ്വഭാവമുണ്ടാകും. അതു കഴിഞ്ഞാല്‍ ലോലമാവുകയും ചെയ്യും.
ജാബിര്‍ (റ) പറയുന്നു: നബി(സ) യുടെ തൃക്കരങ്ങള്‍ തണുപ്പുള്ളതും സുഗന്ധമുള്ളതുമായിരുന്നു. സുഗന്ധക്കച്ചവടക്കാരന്റെ കുപ്പിയില്‍ കൈ മുക്കിയെടുത്താലുള്ള അതേ അനുഭവമാണ് അവിടത്തെ കരങ്ങളില്‍നിന്ന് എനിക്ക് ഉണ്ടായത്.

നടത്തം
അലി(റ) പറയുന്നു: നബി(സ) നടക്കുമ്പോള്‍ മുന്‍ഭാഗത്തേക്ക് ചാഞ്ഞായിരുന്നു നടക്കാറ്. മുകളില്‍ നിന്ന് താഴ്ഭാഗത്തേക്ക് ഇറങ്ങുന്നതു പോലെ. കൃത്രിമത്വം തീരെയില്ലായിരുന്നു. അബൂഹുറൈറ(റ) പറയുന്നു. നബി(സ)യേക്കാള്‍ വേഗതയുള്ള ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. ഭൂമി അവിടത്തേക്കു വേണ്ടി ചുരുക്കപ്പെട്ടതുപോലെ ഞങ്ങള്‍ക്കു തോന്നുമായിരുന്നു. ചിലപ്പോള്‍ അവിടത്തോടൊപ്പമെത്താന്‍ ഞങ്ങള്‍ ഓടാറുണ്ടായിരുന്നു.
വിയര്‍പ്പും സുഗന്ധവും
നബി(സ)യുടെ ശാരീരിക പ്രത്യേകതകളില്‍ പ്രധാനപ്പെട്ടത് അവിടത്തേക്കു മാത്രം പ്രത്യേകമായിരുന്ന സുഗന്ധം. മറ്റു വസ്തുക്കളൊന്നും ഉപയോഗിക്കാതെ തന്നെ സ്വന്തം ശരീരത്തിന് അല്ലാഹു നല്‍കിയ ഒരു പ്രത്യേകതയായിരുന്നു അത്.
ഇമാം ത്വബ്‌റാനി(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്ബത്തുബ്‌നു ഫര്‍ഖദ് അസ്സുലമി(റ)യുടെ ഭാര്യ പറഞ്ഞു: ഉത്ബയുടെ ഭാര്യമാരായി ഞങ്ങള്‍ നാലു പേരുണ്ടായിരുന്നു. ഞങ്ങളോരോരുത്തരും കൂടുതല്‍ സുഗന്ധം പൂശി അദ്ദേഹത്തെ സമീപിക്കാന്‍ ശ്രമിക്കാറുണ്ടയിരുന്നു. പക്ഷേ, ഞങ്ങളുടെ സുഗന്ധ ദ്രവ്യങ്ങള്‍ക്ക് ഉത്ബയുടെ പരിമളത്തെ കവച്ചുവെക്കാന്‍ സാധിക്കാറില്ലായിരുന്നു. അദ്ദേഹമാണെങ്കില്‍ അല്‍പം എണ്ണ കയ്യിലെടുത്ത് താടിയില്‍ പുരട്ടുന്നതൊഴിച്ചാല്‍ വേറെ സുഗന്ധങ്ങളൊന്നും ഉപയോഗിക്കാറുമില്ലായിരുന്നു. എന്നാലും അദ്ദേഹത്തിനു ഭയങ്കര സുഗന്ധമായിരുന്നു. ഒരു ദിവസം ഞാന്‍ ചോദിച്ചു: ”എന്തുകൊണ്ടാണ് നിങ്ങളുടെ സുഗന്ധത്തെ മറികടക്കാന്‍ ഞങ്ങള്‍ക്കു സാധിക്കാത്തത്?” അദ്ദേഹം പറഞ്ഞു: ”നബി(സ)യുടെ കാലത്ത് എന്റെ ശരീരത്തില്‍ ചില വൃണങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. ചികിത്സ തേടി ഞാന്‍ അവിടത്തെ തിരുസന്നിധിയില്‍ ചെന്നു. അവിടന്ന് എന്നോട് വസ്ത്രം അഴിക്കാന്‍ പറഞ്ഞു. ഞാന്‍ അവിടത്തെ അഭിമുഖമായി ഇരുന്നു. അവിടത്തെ തൃക്കരങ്ങള്‍ എന്റെ ശരീരത്തിലൂടെ ഉരസി. അന്നു മുതല്‍ എന്റെ പുറത്തും വയറിന്റെ ഭാഗത്തും പരിമളം പരന്നു.” (ത്വബ്‌റാനി- മുഅ്ജമുസ്സ്വഗീര്‍).
മുസ്‌ലിം(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: അനസ്(റ) പറഞ്ഞു: ഒരു ദിവസം നബി(സ) ഉച്ച സമയത്ത് എന്റെ വീട്ടില്‍ വന്ന് വിശ്രമിച്ചു. ശരീരത്തില്‍ നിന്ന് നല്ലവണ്ണം വിയര്‍പ്പ് ഒഴുകുന്നുണ്ടായിരുന്നു. എന്റെ മാതാവ് ഉമ്മുസുലൈം(റ) ആ വിയര്‍പ്പ് ഒരു കുപ്പിയില്‍ ശേഖരിച്ചു തുടങ്ങി. ഉണര്‍ന്നപ്പോള്‍ നബി (സ) ചോദിച്ചു: ”ഉമ്മുസുലൈം, നിങ്ങള്‍ എന്താണ് ചെയ്യുന്നത്?” മഹതി പറഞ്ഞു: ”ഞാന്‍ അങ്ങയുടെ വിയര്‍പ്പ് സുഗന്ധദ്രവ്യമായി ഉപയോഗിക്കാന്‍ വേണ്ടി ഒരുമിച്ചുകൂട്ടുകയാണ്. കാരണം അത് എല്ലാ സുഗന്ധങ്ങളെയും കവച്ചുവെക്കുന്നതാണ്.”

വസ്ത്രം
ഉമ്മുസലമ(റ)യില്‍നിന്നു നിവേദനം: നബി (സ)ക്കു ഏറ്റവും ഇഷ്ടമുള്ള വസ്ത്രം ഖമീസായിരുന്നു.
അസ്മാഅ് ബിന്‍ത് യസീദ്(റ)യില്‍ നിന്ന്: നബി (സ)യുടെ ഖമീസിന്റെ കൈ മണിബന്ധം വരെയുണ്ടായിരുന്നു.
മുആവിയതുബ്‌നു ഖുര്‍റ(റ) തന്റെ പിതാവില്‍ നിന്ന് നിവേദനം: മുസൈന ഗോത്രത്തില്‍ പെട്ട ചിലരുമൊത്ത് ഞാന്‍ നബി(സ)യുടെ അടുത്തേക്കു പോയി. അവിടത്തെ ബൈഅത്ത് ചെയ്യലായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അപ്പോള്‍ അവിടന്ന് ഖമീസിന്റെ കുടുക്ക് അഴിച്ചിട്ടിരിക്കുന്നു. ഞാന്‍ അവിടത്തെ ഖമീസിന്റെ ഉള്ളിലൂടെ എന്റെ കൈ ഉള്ളിലേക്ക് ഇടുകയും ഖാതമുന്നുബുവ്വ (നുബുവ്വത്തിന്റെ അടയാളമായി നബി(സ)യുടെ തിരുശരീരത്തിലുണ്ടായിരുന്ന ഒരു പാട്. അതിന്റെ ആകൃതിയില്‍ പല അഭിപ്രായങ്ങളും വന്നിട്ടുണ്ട്) തൊടുകയും ചെയ്തു.
ഇബ്‌നു അബ്ബാസ്(റ)ല്‍ നിന്നു നിവേദനം. നബി(സ) അരുള്‍ ചെയ്തു: നിങ്ങള്‍ വെള്ള വസ്ത്രം ധരിക്കുക. ജീവിച്ചിരിക്കുന്നവര്‍ അതു ധരിക്കുകയും മരിച്ചവരെ അതില്‍ കഫന്‍ ചെയ്യുകയും ചെയ്യുക. കാരണം അതാണ് നിങ്ങളുടെ വസ്ത്രത്തില്‍ ഏറ്റം ഉത്തമം.

ഭക്ഷണം
കഅ്ബ്‌നു മാലിക് (റ) യില്‍ നിന്നു നിവേദനം: നബി(സ) വിരലുകള്‍ മൂന്നു പ്രാവശ്യം ഈമ്പാറുണ്ടായിരുന്നു.
എന്തെങ്കിലും ഭക്ഷണം പാരിതോഷികമായി കിട്ടിയാല്‍ നല്‍കിയ ആളോട് അതില്‍ നിന്നല്‍പം ആദ്യം ഭക്ഷിക്കുവാന്‍ നബി(സ) കല്‍പിക്കുമായിരുന്നു. (ഥബ്‌റാനി, സുബുലുല്‍ ഹുദാ 7:259).
ഭക്ഷണം കഴിക്കുന്ന സമയത്ത് ചാരിയിരിക്കുന്നത് അവിടന്ന് വെറുത്തിരുന്നു. രണ്ടു മടമ്പു കാലിലിരുന്ന് രണ്ട് കാല്‍മുട്ടും നിലത്തു വെച്ച് വലതുപാദത്തിന്റെ പുറം ഇടത്തെ കാലിന്റെ പള്ളയില്‍ ചേര്‍ത്തിരുന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത് (ഇബ്‌നു മാജ).
ചിലപ്പോള്‍ ഇടതുകാലിന്റെ പള്ളയിലിരുന്ന വലതുകാല്‍ നാട്ടി വെച്ചും ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. (ഈ രണ്ടു രൂപത്തിലും ഇരുത്തമാണ് ഭക്ഷണ നേരത്ത് സുന്നത്തെന്ന് ഫത്ഹുല്‍ മുഈനിലുണ്ട്).
അബൂ ജുഹൈഫ(റ)യില്‍ നിന്നു നിവേദനം. റസൂല്‍(സ) പറഞ്ഞു: ഞാന്‍ ചാരിയിരുന്ന് ഭക്ഷിക്കുകയില്ല. (ബുഖാരി, അബൂദാവൂദ്, ഇബ്‌നുമാജ).
ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ഭക്ഷിക്കാന്‍ ഒരു വസ്തുവും ലഭിക്കാത്തതിന്റെ പേരില്‍ വിശപ്പകറ്റാതെ പല രാവുകളും നബി (സ)യും കുടുംബവും അന്തിയുറങ്ങാറുണ്ടായിരുന്നു. പലപ്പോഴും ബാര്‍ലി പത്തിരിയായിരുന്നു ഉണ്ടായിരുന്നത്. (തുര്‍മുദി, ഇബ്‌നുമാജ).
നബി(സ)യും അനുയായികളും സുപ്രയിലിരുന്നായിരുന്നു ഭക്ഷിക്കാറെന്ന് ഖതാദ(റ) പറയുന്നു. (ശമാഇലുത്തുര്‍മുദി).
മാംസത്തില്‍ നബി(സ)ക്കു ഏറ്റം ഇഷ്ടം കൊറുകിന്റെ ഭാഗമായിരുന്നു.
അബൂമൂസല്‍ അശ്അരി (റ)യുടെ അടുക്കല്‍ കുറച്ചാളുകള്‍ ഒരുമിച്ചുകൂടി നില്‍ക്കുമ്പോള്‍ കോഴിയിറച്ചി കൊണ്ടുവരപ്പെട്ടു. അപ്പോള്‍ കൂട്ടത്തിലൊരാള്‍ അതു ഭക്ഷിക്കാതെ മാറിനിന്നു. അതു കണ്ട അബൂമൂസ(റ) പറഞ്ഞു: ”വരൂ, നബി(സ) കോഴിയിറച്ചി തിന്നുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.” (ബുഖാരി, മുസ്‌ലിം, അഹ്മദ്).
അനസുബ്‌നു മാലിക്(റ) പറയുന്നു: നബി(സ)ക്ക് ചുരങ്ങ (ചെരങ്ങ, ചിരങ്ങ തുടങ്ങി പല ഭാഷാ ഭേദങ്ങളും ഉണ്ട്) വളരെ പ്രിയപ്പെട്ട ഭക്ഷണമായിരുന്നു. ഒരു ദിവസം കുറച്ചു ഭക്ഷണം കൊണ്ടുവരപ്പെട്ടപ്പോള്‍ അതില്‍നിന്നു ചുരങ്ങ തെരഞ്ഞെടുത്ത് ഞാന്‍ നബി(സ)തങ്ങളുടെ മുന്നില്‍ വെച്ചുകൊടുത്തു. (ഇബ്‌നു സഅ്ദ്, ദാരിമി, ബഗ്‌വി).
ആഇശ (റ)യില്‍ നിന്നു നിവേദനം: നബി (സ)ക്ക് ഹല്‍വയും (മധുരപലഹാരം) തേനും ഇഷ്ടമായിരുന്നു.
അബൂ അയ്യൂബല്‍ അന്‍സ്വാരി (റ) പറയുന്നു. ഞങ്ങള്‍ നബി(സ) തങ്ങളുടെ അടുക്കല്‍ ഇരിക്കുമ്പോള്‍ കുറച്ചു ഭക്ഷണം കൊണ്ടുവരപ്പെട്ടു. ഭക്ഷിക്കാന്‍ തുടങ്ങിയപ്പോള്‍ അതു വളരെ ബറകത്തുള്ളതായിട്ടാണ് ഞാന്‍ കണ്ടത്. പക്ഷേ, അവസാനമായപ്പോള്‍ ബറകത്ത് വളരെ കുറഞ്ഞതായും ഞാന്‍ കണ്ടു. ഇതേപ്പറ്റി നബി(സ)യോടു ചോദിക്കപ്പെട്ടപ്പോള്‍ അവിടുന്ന് പറഞ്ഞു: നാം ആദ്യം ബിസ്മി ചൊല്ലിയിരുന്നു. പക്ഷേ, പിന്നീട് ബിസ്മി ചൊല്ലാത്ത ഒരാള്‍ നമ്മോടൊപ്പം ഇരുന്നു. അപ്പോള്‍ പിശാച് അവന്റെ കൂടെ ഭക്ഷിക്കാന്‍ തുടങ്ങി. (തുര്‍മുദി, അഹ്മദ്, ബഗ്‌വി).
ആയിശ(റ) പറയുന്നു: നബി(സ)ക്ക് ഏറ്റം ഇഷ്ടമുള്ള പാനീയം തണുത്തതും മധുരമുള്ളതുമായിരുന്നു (തുര്‍മുദി).

ഉറക്കം
ഉറങ്ങാനുദ്ദേശിച്ചാല്‍ വുളു ചെയ്യല്‍ അവിടത്തെ പതിവായിരുന്നു (ഇബ്‌നു മാജ).
വലതു ഭാഗത്തേക്ക് ചെരിഞ്ഞു കിടക്കുകയായിരുന്നു പതിവ് (അഹ്മദ്, അബൂദാവൂദ്).
സൂറത്ത് സജ്ദയും തബാറകയും ഓതിയേ ഉറങ്ങാറുണ്ടായിരുന്നുള്ളൂ (തിര്‍മുദി).
ഉറങ്ങാന്‍ കിടന്നാല്‍ ഫലഖ്, നാസ്, ഇഖ്‌ലാസ് എന്നീ സൂറത്തുകള്‍ ഓരോ പ്രാവശ്യം ഓതി രണ്ട് കയ്യിലും ഊതി തല മുതല്‍ ശരീരത്തിലെ മുന്‍ഭാഗം തടവാറുണ്ടായിരുന്നു (ബുഖാരി, മുസ്‌ലിം).
ഉറങ്ങുമ്പോള്‍ വലതു കൈ വലത്തെ കവിളിന്റെ താഴെ വെക്കാറുണ്ടായിരുന്നു (ബുഖാരി, അബൂദാവൂദ്, തുര്‍മുദി).
സുമര്‍, ഇസ്‌റാഅ് തുടങ്ങിയ സൂറകളും ഉറങ്ങാന്‍ നേരത്ത് ഓതാറുണ്ടായിരുന്നു (തുര്‍മുദി).

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter