28 March 2020
19 Rajab 1437

പ്രവാചകന്‍, തൊഴിലാളികളുടെ വിമോചകന്‍

അബ്ദുല്‍ മജീദ് ഹുദവി പുതുപ്പറമ്പ്-‍‍

18 January, 2014

+ -

ഒരിക്കല്‍ മറുനാട്ടില്‍നിന്നൊരാള്‍ തന്റെ ഒട്ടകത്തെ വില്‍ക്കാനായി മക്കയിലെത്തി. ഖുറൈശി പ്രമുഖനായ അബൂജഹല്‍ അയാളില്‍നിന്ന് അതിനെ വാങ്ങിയെങ്കിലും കാശ് കൊടുക്കാതെ ബുദ്ധിമുട്ടിച്ചു. ഗതികെട്ട അദ്ദേഹം കഅ്ബക്ക് സമീപം ഖുറൈശിപ്രമുഖരെല്ലാം കൂടിയിരിക്കുന്ന സദസ്സില് വന്ന് ഇങ്ങനെ ചോദിച്ചു, ഞാന്‍ പാവപ്പെട്ട ഒരു വിദേശിയാണ്. നിങ്ങളുടെ നേതാവായ അബുല്‍ഹകം (അബൂജഹലിന്റെ പേര്) എന്റെ അവകാശം പിടിച്ചുവെച്ചിരിക്കുന്നു. ആരാണ് അത് എനിക്ക് വാങ്ങിത്തരിക? പള്ളിയുടെ ഒരു ഭാഗത്തിരിക്കുകയായിരുന്ന പ്രവാചകരെ ചൂണ്ടി സദസ്യര്‍ പറഞ്ഞു, അയാളോട് പോയിപറയൂ, അയാള്‍ അത് വാങ്ങിത്തരും.പ്രവാചകരെ പരിഹസിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. പക്ഷേ, അത് മനസ്സിലാകാത്ത ആ വിദേശി, പ്രവാചകരുടെ അടുത്ത്ചെന്ന് കാര്യം പറഞ്ഞു. പരാതി കേട്ട ശേഷം പ്രവാചകര്‍ അയാളെയും കൂട്ടി അബൂജഹലിന്റെ വീട് ലക്ഷ്യമാക്കി നടന്നു. ഇത് കണ്ട്, അവിടെ എന്ത് സംഭവിക്കുമെന്നറിയാന്‍ സദസ്യര്‍ കൂട്ടത്തിലൊരാളെ പിന്നാലെ പറഞ്ഞയച്ചു. പ്രവാചകര്‍ നേരെ ചെന്ന് അബൂജഹലിന്റെ വാതിലില്‍ മുട്ടി. ആരാണത്, അകത്ത്നിന്ന് ചോദ്യം വന്നു. ഞാന്‍ മുഹമ്മദാണ്, പുറത്തേക്ക് വരൂ. അബൂജഹല്‍ പുറത്തേക്ക് വന്നു. പ്രവാചകര്‍ ശക്തമായ ഭാഷയില്‍ കല്‍പിച്ചു, ഇയാളുടെ അവകാശം നല്‍കൂ. ശരി എന്ന് പറഞ്ഞ് അകത്ത് പോയ അബൂജഹല്‍ തുകയുമായി വന്ന് അയാളെ ഏല്‍പിച്ചു. അദ്ദേഹം സന്തോഷത്തോടെ സ്വദേശത്തേക്ക് മടങ്ങി.അതെ, പ്രവാചകര്‍ തൊഴിലാളികളോടൊപ്പമായിരുന്നു, അവരുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കാനും ചെയ്യുന്ന ജോലിക്ക് അര്‍ഹമായ കൂലി നല്‍കാനും സദാ ഉപദേശിച്ചിരുന്നു. വിയര്‍പ്പ് വറ്റുന്നതിന് മുമ്പ് തൊഴിലാളിക്ക് കൂലി നല്‍കണമെന്ന് കല്‍പിച്ച മറ്റൊരു നേതാവിനെ ലോകചരിത്രത്തില്‍ കാണുക സാധ്യമല്ല. ഇമാം ബുഖാരി നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ പ്രവാചകര്‍ ഇങ്ങനെ പറയുന്നതായി കാണാം, പരലോകദിനത്തില്‍, മൂന്ന് പേര്‍ക്കെതിരെ വാദിക്കാന്‍ ഞാനുണ്ടായിരിക്കും, എന്റെ പേര് പറഞ്ഞ് വല്ലതും കൊടുക്കുകയും അതില്‍ വഞ്ചന നടത്തുകയും ചെയ്തവന്‍, അടിമയല്ലാത്ത ഒരുത്തനെ അടിമയാക്കി വിറ്റ് ആ തുക ഭക്ഷിക്കുന്നവന്‍, ഒരാളെ ജോലിക്ക് വിളിച്ച് ആവശ്യമായ ജോലി ചെയ്യിപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവന്‍ എന്നിവരാണ് അവര്‍.തൊഴിലാളികളോടുള്ള പെരുമാറ്റം എങ്ങനെയാവണമെന്ന് പോലും പ്രവാചകര്‍ പറഞ്ഞുവെച്ചതായി കാണാം.  അവിടുന്ന് പറയുന്നു, നിങ്ങളുടെ എന്തെങ്കിലും ജോലി ചെയ്യാനായി ആരെയെങ്കിലും കൂലിക്ക് നിശ്ചയിച്ചാല്‍, അവര്‍ക്ക് പ്രയാസകരമാവുന്നവയില്‍ നിങ്ങള്‍ അവരെ സഹായിക്കണം.അബൂദറില്‍ഗിഫാരി (റ) പ്രമുഖനായ സ്വഹാബിവര്യനാണ്. ഒരിക്കല്‍ അദ്ദേഹത്തിന് വിലപിടിപ്പുള്ളതും സുന്ദരവുമായ രണ്ട് വസ്ത്രങ്ങള്‍ ലഭിച്ചു. അദ്ദേഹം അവയിലൊന്ന് തുണിയാക്കി ഉപയോഗിച്ച് തന്റെ സാധാരണവസ്ത്രം കൊണ്ട് ശരീരം പുതച്ചു. രണ്ടാമത്തെ വസ്ത്രം തന്റെ പരിചാരകന് നല്‍കി. ശേഷം രണ്ട് പേരും ജനങ്ങള്‍ക്കിടയിലേക്ക് ചെന്നപ്പോള്‍ പലരും അദ്ദേഹത്തോട് പറഞ്ഞു, അബൂദര്‍, താങ്കളുടുത്ത തുണിയോട് ഏറ്റവും അനുയോജ്യമായ മേല്‍വസ്ത്രം താങ്കളുടെ പരിചാരകന്‍ ഉടുത്ത ആ വസ്ത്രമാണ്. അത് രണ്ടും ഒരുമിച്ച് താങ്കള്‍ തന്നെ ഉപയോഗിച്ചിരുന്നെങ്കില്‍ കാണാന്‍ ഏറെ ചന്തമുണ്ടാകുമായിരുന്നു. ഇത് കേട്ട അബൂദര്‍ (റ) അവരോട് ഇങ്ങനെ പറഞ്ഞു, അതെ, ശരിയാണ്, എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്, പക്ഷേ, നിങ്ങളുടെ പരിചാരകരോ ജോലിക്കാരോ ആയവര്‍ക്ക് നിങ്ങള്‍ക്ക് കഴിക്കുന്ന അതേ ഭക്ഷണവും നിങ്ങള്‍ ധരിക്കുന്ന അതേ വസ്ത്രവും നല്‍കണമെന്ന് പ്രവാചകര്‍(സ്വ) പറയുന്നത് ഞാന്‍കേട്ടിട്ടുണ്ട്, അത് കൊണ്ടാണ് ഞാന്‍ ഇങ്ങനെ ചെയ്തത്.സമാനമായ സംഭവം നാലാം ഖലീഫയായിരുന്ന അലി(റ)വിന്റെ ചരിത്രത്തിലും കാണാവുന്നതാണ്. അദ്ദേഹം ഒരിക്കല്‍ കറാബീസ് മാര്‍കറ്റിലൂടെ നടക്കുകയായിരുന്നു. കൂടെ പരിചാരകനായ ഖന്‍ബറുമുണ്ടായിരുന്നു. മാര്‍കറ്റില്നിന്ന് ഖലീഫ രണ്ട് വസ്ത്രങ്ങള്‍ വാങ്ങി, ഒന്നിന് മൂന്ന് ദിര്‍ഹമും രണ്ടാമത്തേതിന് രണ്ട് ദിര്‍ഹമും. ശേഷം മൂന്ന് ദിര്‍ഹം വിലയുള്ള വസ്ത്രം പരിചാരകന് നല്‍കി. ഉടനെ പരിചാരകന്‍ പറഞ്ഞൂ, അമീറേ, ഇത് അങ്ങ് ധരിക്കണം, അങ്ങ് ജനങ്ങളെ അഭിസംബോധന ചെയ്യുന്നവനും ഖുതുബ നടത്തുന്നവനുമൊക്കെയാണല്ലേ. താങ്കളുടെ പരിചാരകന്‍ മാത്രമായ എനിക്ക് വില കുറഞ്ഞത് മതി. ഖലീഫയുടെ മറുപടി ഇതായിരുന്നു, ഖന്‍ബര്‍, നീ ചെറുപ്പക്കാരനല്ലേ, നിനക്കല്ലേ നല്ല വസ്ത്രങ്ങളോടൊക്കെ എന്നേക്കാള്‍ താല്‍പര്യം ഉണ്ടാവുക. മാത്രവുമല്ല, നിങ്ങള്‍ ധരിക്കുന്നത് തന്നെ പരിചാരകര്‍ക്കും ധരിപ്പിക്കണമെന്ന് നബി തങ്ങള്‍ പറഞ്ഞിട്ടുണ്ട്, ആയതിനാല്‍ നീ ധരിക്കുന്നതിനേക്കാള്‍ നല്ലത് ധരിക്കാന്‍ ഞാന്‍ ധൈര്യപ്പെടുന്നില്ല.നോക്കൂ, പ്രവാചകര്‍ വാര്‍ത്തെടുത്ത ഉന്നത സമൂഹത്തിലെ ജോലിക്കാരുടെയും തൊഴിലാളികളുടെയും സ്വസ്ഥമായ ജീവിതസാഹചര്യങ്ങളാണ് നാം ഇവയിലൂടെ കാണുന്നത്. എല്ലാവരുടെയും വിമോചകനായി അവതരിച്ച പ്രവാചകര്‍‍, തൊഴിലാളി സമൂഹത്തിനും ആവശ്യമായതൊക്കെ ചെയ്തു വെച്ചിട്ടാണ് വിടപറഞ്ഞതെന്ന് സാരം, അഥവാ, ലോകം കണ്ട തൊഴിലാളി വിമോചകരില്‍ പ്രഥമസ്ഥാനവും പ്രവാചകര്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നര്‍ത്ഥം.


RELATED ARTICLES