അനുയായികളിലൊരാളായി..

ചില്ലുകൊട്ടാരത്തിലിരുന്ന് അനുയായികളോട് ആജ്ഞകള്‍ പുറപ്പെടുവിക്കുന്ന നേതാവായിരുന്നില്ല പ്രവാചകര്‍. മറിച്ച്, ഏതു കാര്യത്തിലും അനുയായികളോടൊപ്പം നിലകൊള്ളാനും അവരുടെ സുഖങ്ങളിലേറെ ദുഖങ്ങളില്‍ പങ്കുകൊള്ളാനും സദാപ്രവാചകര്‍ കൂടെയുണ്ടായിരുന്നു. പ്രവാചകനിയോഗത്തെകുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു, നിങ്ങളില്‍നിന്ന് തന്നെയുള്ള ഒരു റസൂല്‍ നിങ്ങളുടെ അടുത്തേക്ക് ഇതാ വന്നിരിക്കുന്നു. നിങ്ങള്‍ ക്ളേശിക്കുന്നത് അദ്ദേഹത്തിന് അസഹ്യമാണ്. നിങ്ങള്‍ സന്മാര്‍ഗികളാകുന്നതില്‍ അത്യാഗ്രഹിയുമാണദ്ദേഹംസത്യവിശ്വാസികളോട് വളരെ അലിവും കനിവുമുള്ള ആളും. (സൂറതുത്തൌബ-128). തന്റെ അനുയായികളോടുള്ള പ്രവാചകരുടെ അലിവാര്‍ന്ന മനസ്ഥിതിയാണ് ഇവിടെ ചിത്രീകരിക്കുന്നത്. അത് തന്നെയാണ് അവിടത്തെ പ്രവര്‍ത്തനങ്ങളിലും പ്രകടമാവുന്നത്.

മക്കയില്‍നിന്ന് പലായനം ചെയ്ത് മദീനയിലെത്തിയ സന്ദര്‍ഭം. മദീനക്കാരുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. പ്രവാചകരുടെ ഏതാവശ്യവും നിര്‍വ്വഹിക്കാന്‍ അവര്‍ സദാ മുന്‍പന്തിയിലുണ്ടായിരുന്നു.

മദീനയിലെത്തിയ പ്രവാചകരുടെ ആദ്യശ്രമം അവിടെ ഒരു പള്ളി പണിയുന്നതിനായിരുന്നു. പള്ളിക്കുള്ള സ്ഥലം തീരുമാനമായി. എല്ലാവരും പള്ളി നിര്‍മ്മാണത്തിലേര്‍പ്പെട്ടു. അന്‍സാരികള്‍ ഒന്നടങ്കം പള്ളിക്കായി ശ്രമദാനം നടത്തി. ഓരോരുത്തരും അവരെക്കൊണ്ടാവും വിധം സാമ്പത്തികവും ശാരീരികവും മാനസികവുമായ എല്ലാ സേവനങ്ങളും കാഴ്ച വെച്ചു. അവരുടെ മുന്‍പന്തിയില്‍ പ്രവാചകരുമുണ്ടായിരുന്നു. കല്ല് ചുമന്ന് കൊണ്ടും മണ്ണ് നീക്കം ചെയ്തുമെല്ലാം പ്രവാചകര്‍ അവരോടൊപ്പം പണിയെടുത്തു. അത് കണ്ട് അന്‍സാരികളുടെ ആവേശം പതിന്മടങ്ങായി. അവര്‍ ഇതുവരെ കണ്ടുപരിചയിച്ച നേതാക്കളില്‍നിന്ന് തികച്ചും വ്യത്യസ്തനായ ഒരു നേതാവിനെയാണ് ആ പ്രവാചകരിലൂടെ അവിടെ ദര്‍ശിച്ചത്. അവരില്‍ പലര്‍ക്കും അറിയാതെ കവിതയൊഴുകി:

      വന്‍പാപമല്ലോ വെറുതെ ഇരുന്നാല്‍

     യത്നിക്കവേ ഈ പുണ്യപൂമാന്‍

     പരലോകമല്ലോ സത്യലോകം

      നാഥാ നീയേകണേ കരുണാകടാക്ഷം

പ്രവാചകരുടെയും അനുയായികളുടെയും കഥകഴിക്കാനായി ഗോത്രങ്ങള്‍ ഒന്നടങ്കം മദീനക്ക് നേരെ വന്ന സന്ദര്‍ഭത്തിലായിരുന്നു ഖന്ദഖ് യുദ്ധം അരങ്ങേറിയത്. പ്രതിരോധം തീര്‍ക്കാനായി, പേര്‍ഷ്യക്കാരനായ സല്‍മാന്‍ (റ)വിന്റെ നിര്‍ദ്ദേശപ്രകാരം മദീനക്ക് ചുറ്റും കിടങ്ങ് കുഴിക്കാനാണ് പ്രവാചകര്‍ തീരുമാനിച്ചത്. എല്ലാവരും ജോലിയിലേര്‍പ്പെട്ടു. നേരാനേരം കൃത്യമായ ഭക്ഷണം പോലും കഴിക്കാനില്ല. പലരും വിശപ്പ് സഹിക്കാനാവാതെ വയറ്റില്‍ കല്ല് വെച്ച് കെട്ടിയാണ് പണി എടുക്കുന്നത്. പ്രവാചകരും അവരോടൊപ്പമുണ്ട്. എത്ര കൊത്തിയിട്ടും ഏശാത്ത പാറ ഭാഗങ്ങളെത്തുമ്പോള്‍ അവര്‍ അത് ഏല്‍പിച്ചിരുന്നത് പ്രവാചകരെയായിരുന്നു. സന്തോഷത്തോടെ അത് ഏറ്റെടുത്ത് അവിടുന്ന് ചെയ്യുകയും ചെയ്തു.

ഒരു ദിവസം ഒരു പാറഭാഗം പ്രത്യക്ഷപ്പെട്ടപ്പോള്‍ അവര്‍ പ്രവാചകരെ വിളിച്ചു. അവിടുന്ന് ആയുധവുമായി എത്തി, പാറയില്‍ ആഞ്ഞുകൊത്തി. കൊത്തിന്റെ ശക്തിയില്‍ പ്രവാചകരുടെ വസ്ത്രത്തിനുള്ളില്‍നിന്ന് എന്തോ പുറത്തുചാടി. നോക്കുമ്പോള്‍ വിശപ്പ് കാരണം വയറിന്മേല്‍ കെട്ടിവെച്ച രണ്ട് കല്ലുകളായിരുന്നു അത്.

അനുയായികള്‍ ഓരോ കല്ല് വീതമാണ് വിശപ്പനുഭവപ്പെടാതിരിക്കാനായി വയറിന്മേല്‍ കെട്ടിവെച്ചതെങ്കില്‍, നേതാവായ പ്രവാചകര്‍‍ അതിനായി കെട്ടിവെച്ചത് രണ്ട് കല്ലുകളായിരുന്നു.

നോക്കൂ, ഇത്തരം ഒരു നേതാവിനെ ലോകചരിത്രത്തിന്റെ ഏതെങ്കിലും ഇടവഴികളിലെങ്കിലും നമുക്ക് കാണാനാവുമോ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter