8 December 2019
19 Rajab 1437

വിനയാന്വിതനായ പ്രവാചകന്‍

അബ്ദുല്‍ മജീദ് ഹുദവി പുതുപ്പറമ്പ്‍‍

07 January, 2014

+ -

അതിദരിദ്രനായ പ്രവാചകാനുയായിയാണ് സാഹിര്‍ബിന്‍ഹിസാം(റ). മദീനക്ക് പുറത്തുള്ള ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ താമസം. ഇടക്കിടെ ഗ്രാമത്തില്‍നിന്ന് എന്തെങ്കിലുമൊക്കെയായി മദീനയിലെ ചന്തയിലെത്തി അത് വിറ്റാണ് അദ്ദേഹം ഉപജീവനം കണ്ടെത്തിയിരുന്നത്. അദ്ദേഹത്തിന്‍റെ മുഖത്തും വസ്ത്രത്തിലും എല്ലായിപ്പോഴും ദാരിദ്ര്യത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടമായിരുന്നു.ഒരിക്കല്‍ അദ്ദേഹം മദീനയിലേക്ക് വന്നപ്പോള്‍, സാധാരണപോലെ ആദ്യം നബിതങ്ങളെ കാണാന്‍ പള്ളിയില്‍ ചെന്നു. പുറത്തെവിടെയോ പോയതാണെന്നറിഞ്ഞ അദ്ദേഹം തന്റെ കൈവശമുള്ള ചരക്കുകള്‍ വില്‍ക്കാനായി നേരെ ചന്തയിലേക്ക് പോയി. സാധനങ്ങളുടെ ഗുണഗണങ്ങളും വിലയും ഉറക്കെ വിളിച്ച്പറഞ്ഞ് അദ്ദേഹം കച്ചവടം തുടങ്ങി. അല്‍പം കഴിഞ്ഞപ്പോള്‍ ആരോ പിന്നില്‍നിന്ന് അദ്ദേഹത്തെ അണഞ്ഞ്പിടിച്ചു. ആരാണെന്നറിയാതെ സാഹിര്‍ പിടിവിടാന്‍ പറയുകയും കുതറി നോക്കുകയും ചെയ്തു. അത് കേള്‍ക്കാതെ വീണ്ടും ചേര്‍ത്ത് പിടിച്ചുകൊണ്ട് അയാള്‍ ഇങ്ങനെ പറഞ്ഞു, ഈ അടിമയെ ആരാണ് വാങ്ങുക, ഈ അടിമയെ ആരാണ് വാങ്ങുക. ശബ്ദം കേട്ട് സാഹിറിന് അത് പ്രവാചകരാണെന്ന് മനസ്സിലായി. തന്റെ മുഷിഞ്ഞ വസ്ത്രമോ ആകര്‍ഷകമല്ലാത്ത ശരീരപ്രകൃതമോ ഒന്നും നോക്കാതെ, എല്ലാവരും കാണെ, നബിതങ്ങള്‍ തന്നെ അണച്ച് പിടിച്ചതോര്‍ത്ത് അദ്ദേഹത്തിന്റെ മനസ്സില്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. തന്റെ പ്രയാസങ്ങളും പ്രാരാബ്ധങ്ങളും പോലും ഒരു വേള അദ്ദേഹം മറന്നുപോയി. നബി തങ്ങള്‍ ആ പിടി വിടരുതേ എന്ന് അദ്ദേഹത്തിന്‍റെ മനസ്സ് വീണ്ടും വീണ്ടും കൊതിക്കുന്നുണ്ടായിരുന്നു. അദ്ദേഹം നബിയോട് പറഞ്ഞു, എന്നെയാണ് നിങ്ങള്‍ വില്‍ക്കുന്നതെങ്കില്‍ തീര്‍ച്ചയായും അതൊരു നഷ്ടക്കച്ചവടമായിരിക്കും നബിയേ. എന്നെ ആരും വാങ്ങുമെന്ന് തോന്നുന്നില്ല. ഇത് കേട്ട പ്രവാചകര്‍ ഇങ്ങനെ പ്രതിവചിച്ചു,  ഇല്ലാ സാഹിര്‍, താങ്കള്‍ ഒരിക്കലും നഷ്ടച്ചരക്കല്ല, താങ്കള്‍ക്ക് അല്ലാഹുവിന്റെയടുത്ത് ഏറെ മൂല്യമുണ്ട്.പ്രവാചകജീവിതത്തിലെ മറ്റൊരു സന്ദര്‍ഭം നമുക്ക് നോക്കാം. മദീനയിലെ പള്ളി അടിച്ചുവാരിയിരുന്ന ഒരു കറുത്ത സ്ത്രീയുണ്ടായിരുന്നു. ഒരു ദിവസം സാധാരണ വരാറുള്ള സമയമായിട്ടും അവരെ കാണാതായപ്പോള്‍ പ്രവാചകര്‍ അനുയായികളോട് ആ സ്ത്രീയെ കുറിച്ച് അന്വേഷിച്ചു. അവര്‍ പറഞ്ഞു, ആ സ്ത്രീ ഇന്നലെ മരണപ്പെട്ടു പോയി. ഉടനെ പ്രവാചകര്‍ ചോദിച്ചു, എന്നിട്ടെന്തേ നിങ്ങളെന്നെ അക്കാര്യം അറിയിക്കാതിരുന്നത്? അവര്‍ പറഞ്ഞു, രാത്രിയാണ് മരണപ്പെട്ടത്, താങ്കളെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി ഞങ്ങള്‍ അനന്തരകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ച് അവരെ ഖബ്റടക്കിയതാണ്. ഇത് കേട്ട് പ്രവാചകര്‍ പറഞ്ഞു, അവരുടെ ഖബ്ര്‍ എനിക്ക് കാണിച്ചുതരൂ. അവര്‍ പ്രവാചകരെയും കൊണ്ട് ആ സ്ത്രീയുടെ ഖബ്റിന് സമീപത്തേക്ക് പോയി. നബിതങ്ങള്‍ അവിടെയെത്തി ആ സ്ത്രീയുടെ പേരില്‍ നിസ്കരിച്ചു. ഒരിക്കല്‍ നബി തിരുമേനിയെ കാണാന്‍ വേണ്ടി ഒരു അഅ്റാബി വന്നു. തിരു സന്നിധിയില്‍ വന്നു നിന്ന അയാള്‍ക്ക് സംസാര മദ്ധ്യേ ഇടക്കിടെ കണ്ഠമിടറുന്നുണ്ടായിരുന്നു. രാജാക്കന്മാരുടെയും മറ്റും സദസ്സില്‍നില്‍ക്കുമ്പോഴെന്ന പോലെ അദ്ദേഹം പേടിക്കുന്നുണ്ടെന്ന് പ്രവാചകര്‍ക്ക് മനസ്സിലായി. ഉടനെ പ്രവാചകര്‍ (സ്വ) പുഞ്ചിരിച്ചുകൊണ്ട് സ്നേഹപൂര്‍വ്വം അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: സഹോദരാ.. നിങ്ങള്‍ എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്. ധൈര്യപൂര്‍വ്വം സമാധാനത്തോടെ കാര്യം പറഞ്ഞോളൂ. ഞാന്‍ ഒരു രാജാവൊന്നും അല്ല കേട്ടോ. തിന്നാന്‍ ഉണക്ക മാംസമല്ലാതെ യാതൊന്നും കൈ വശം ഉണ്ടായിരുന്നില്ലാത്ത ഒരു പാവം പെണ്ണിന്റെ മകന്‍ ആയി ഈ മരുഭൂമിയില്‍ വളര്‍ന്നു വന്ന ഒരു പാവം മനുഷ്യന്‍ മാത്രമാണ് ഞാന്‍. വിനയം എന്നത് ജീവിതത്തിന്‍റെ മുഖമുദ്രയാവണമെന്നും അതിലൂടെ മാത്രമേ ഉയര്‍ച്ച നേടാനാവൂ എന്നും അനുയായികളെ ഇടക്കിടെ ഉപദേശിക്കുമായിരുന്ന പ്രവാചകര്‍, സ്വജീവിതം അതിന്റെ ഏറ്റവും നല്ല പ്രായോഗികവേദിയാക്കി സ്വയം അവതരിപ്പിക്കുകയായിരുന്നു ഇവിടെയെല്ലാം. സമൂഹത്തിന്റെ കണ്ണില്‍ നിസ്സാരരെന്ന് തോന്നിയവരെപോലും പ്രവാചകര്‍(സ്വ) എത്രമാത്രം ഗൌനിക്കുകയും പരിഗണിക്കുകയും ചെയ്തുവെന്നത് കൂടിയാണ് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. അധികാരത്തിന്റെ നാലയലത്ത് കൂടി സഞ്ചരിക്കുമ്പോഴേക്കും പ്രമത്തരാവുകയും അഹന്തയും ഔദ്ധത്യവും പ്രകടിപ്പിക്കാനും ഇതരരോട് പ്രതികാരം തീര്‍ക്കാനും അതൊരു അവസരമായി മുതലെടുക്കുകയും ചെയ്യുന്നവര്‍, അറേബ്യന്‍ഉപദ്വീപിന്റെ മുഴുവന്‍ ആധിപത്യവും അധികാരവും തന്റെ കാല്‍ക്കീഴിലാകുമ്പോഴും പ്രവാചകര്‍ പറഞ്ഞ ആ വാക്കുകള്‍ക്ക് കാതോര്‍ത്തിരുന്നെങ്കിലെന്ന് അറിയാതെ കൊതിച്ചുപോവുന്നു. -


RELATED ARTICLES