2 July 2020
19 Rajab 1437

പുതുലോക പ്രതിസന്ധിയും പ്രവാചക പരിഹാരങ്ങളും

പിണങ്ങോട് അബൂബക്ര്‍‍‍

24 February, 2012

+ -

ലോകത്തിന്റെ പൊതു പ്രതലം ഭംഗിയായി പ്രതിഫലിപ്പിക്കാന്‍ സൂത്രശാലിയായ മനുഷ്യന്‍ മിടുക്ക് കാണിച്ചിരിക്കുന്നു. പട്ടിണിയും, സംഘര്‍ഷവും നിലനില്‍ക്കുന്ന ഒരു ഗൃഹം. അതിന്റെ പുറംഭാഗം മനോഹരമായി ചായമടിച്ച് ആകര്‍ഷണീയമാക്കിയത് കൊണ്ടെന്തു പ്രയോജനം?

എന്തൊക്കെയാണ് ലോകത്തിന്റെ പ്രത്യേകിച്ച് പുതുലോകത്തിന്റെ പ്രതിസന്ധികള്‍? 1960 കള്‍ക്ക് ശേഷം പാശ്ചാത്യ നാടുകളില്‍ വിവാഹമോചന നിരക്ക് ഇരട്ടിയായി. കുറ്റകൃത്യങ്ങള്‍ നാലിരട്ടി. മാനസിക അസ്വാസ്ഥ്യങ്ങളുടെ വര്‍ദ്ധനവ് പത്തിരട്ടി. വികസ്വര അവികസിത രാഷ്ട്രങ്ങളിലും ഈ പ്രവണത വളര്‍ന്നു. കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പഠിക്കാന്‍ അധിക പേര്‍ക്കും സമയമില്ല. ക്ഷമ, സഹനം, സദാചാര ബോധം, ഉത്തരവാദിത്വബോധം, പാരസ്പര്യം, പരസ്പര ബഹുമാനം തുടങ്ങി മനസ്സിന്റെ നല്ല ഭാവങ്ങള്‍ ഇല്ലാതാവുന്നു. പകരം പല ഭാഷകളും തിയറികളും അറിയുന്ന എന്നാല്‍ ഒന്നുമറിഞ്ഞുകൂടാത്ത മനുഷ്യരെ മനുഷ്യര്‍ വളര്‍ത്തിക്കൊണ്ടുവരുന്നു.

ധാരാളം അറിവുകള്‍ ശേഖരിച്ചുവെച്ച ഒരു കമ്പ്യൂട്ടര്‍ എന്ന നിരുപദ്രവകാരിയായ ഉപകരണവും ധാരാളം അറിവുകള്‍ ശേഖരിച്ചുവെച്ച ഉപദ്രവകാരിയായ മനുഷ്യന്‍ എന്ന മറ്റൊരു ഉപകരണവും പുതുലോകത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയാണ്. ഇവ രണ്ടും ആത്യന്തികമായി ലാഭക്കൊതിയന്മാരായ മുതലാളിമാരുടെ വരുതിയിലാണെന്നുകൂടി നാം അറിയണം. ലോകത്തിലെ ഏതാണ്ട് പത്ത് ശതമാനമാണ് മുഴുവന്‍ സമ്പത്തിന്റെയും അവകാശികള്‍. അവരുടെ കൈകളിലാണ് കൃഷിയും കൃഷിഭൂമിയും വാണിജ്യ വ്യവസായ സാമ്രാജ്യങ്ങളും. അവരാണ് വില നിശ്ചയിക്കുന്നതും വിപണി തീരുമാനിക്കുന്നതും. അവര്‍ക്കു വേണ്ടിയാണ് 90 ശതമാനത്തിന്റെയും കായികവും ബൗദ്ധികവുമായ ശക്തികള്‍ ഉപയോഗപ്പെടുന്നത്. ഇതാണ് പുതുലോകത്തിന്റെ യഥാര്‍ത്ഥ ചിത്രം.

ഇപ്പോഴത്തെ കാലത്ത് ആളുകള്‍ക്ക് എല്ലാത്തിന്റെയും വില അറിയാം. ഒന്നിന്റെയും മൂല്യമറിയില്ല (ഓസ്‌കര്‍ വൈല്‍ഡ്). ആഗോളീകരണത്തിന്റെ സഹജഫലമായി സാമ്പത്തിക അധിനിവേശവും അതിന് കളമൊരുക്കാന്‍ സാംസ്‌കാരിക അധിനിവേശങ്ങളും സംഭവിച്ചുകഴിഞ്ഞു. നാനാവിധ ജനപഥങ്ങളുടെ നിലനില്‍പ്പും വ്യക്തിത്വവും നിര്‍ണ്ണയിച്ചുകൊടുത്ത അവരുടെ സംസ്‌കാരികാടയാളങ്ങള്‍ മുതലാളിത്തം ആദ്യമേ തന്നെ അപായപ്പെടുത്തുന്നു. സാംസ്‌കാരിക മാറ്റം, സാമൂഹിക മാറ്റം, നാഗരിക മാറ്റം എന്നിങ്ങനെ മൂന്ന് വ്യതിയാനങ്ങളും പ്രകൃതിയുടെ ഹിതമനുസരിച്ചല്ല സമ്പന്നന്റെ താല്‍പര്യമനുസരിച്ചാവുന്നതാണ് ഇന്ന് സംഭവിക്കുന്നത്. ഇതാണ് പുതുലോക ക്രമത്തിന്റെ പ്രതിന്ധികള്‍.

ഇപ്പോള്‍ മാധ്യമങ്ങള്‍ ഏറ്റെടുത്ത ഒരു ആഗോള വിഷയമാണ് സാമ്പത്തിക മാന്ദ്യം. എന്താണത്? സമ്പത്തിന്റെ വരവ് മന്ദീഭവിച്ചതോ? അതോ, ആവശ്യങ്ങള്‍ക്ക് മതിയായത്ര സമ്പത്ത് ലഭ്യമല്ലാത്തതോ? അതോ ആവശ്യത്തിലധികം ഉപയോഗിച്ചതിനാല്‍ കുറവ് വന്നതോ? എന്താണിതിന്റെ അടിസ്ഥാനകാരണങ്ങള്‍? ലോകത്ത് പരക്കെ രണ്ടുതരം സാമ്പത്തിക ക്രമങ്ങള്‍ നിലനില്‍ക്കുന്നു. ഒന്ന് മുതലാളിത്തം, രണ്ട് സോഷ്യലിസം. മുതലാളിത്തം തികച്ചും അനിയന്ത്രിതവും ചൂഷണപരവുമായ അധിനിവേശങ്ങളാണ്. ധനം ഉണ്ടാക്കാന്‍ ധനം തന്നെ ചൂഷണോപാധിയാക്കുക. പലിശയും പിഴപ്പലിശയും വിലയുടെ കുതിച്ചുകയറലും പൂഴ്ത്തിവെപ്പും പിടിച്ചുവെക്കലും കൃത്രിമ ക്ഷാമവും. ഇതെല്ലാം ഈ സാമ്പത്തിക സമീപനത്തിന്റെ സഹജ സ്വഭാവങ്ങളില്‍ പെടുന്നു. മനുഷ്യരാശിയെ ഹൈക്ലാസ് എന്ന ഒരു വര്‍ഗീകരണത്തിലൂടെ മിഡില്‍ ക്ലാസ് വിഭാഗത്തെ കാലക്രമേണ ഇല്ലാതാക്കും. പകരം ലോക്ലാസ് എന്ന വിഭാഗത്തെ മാത്രം നിലനിര്‍ത്തും. യഥാര്‍ത്ഥത്തില്‍ ലോകം പരിചയിച്ചറിഞ്ഞ അടിമ – ഉടമ എന്ന കാടന്‍ അവസ്ഥയുടെ മറ്റൊരു രൂപം. ഒരു കൂട്ടര്‍ അവരുടെ കായികവും ബൗദ്ധികവുമായ അദ്ധ്വാനം മറ്റൊരു കൂട്ടരുടെ ധനലാഭങ്ങള്‍ക്കു വേണ്ടി മാത്രം ഉപയോഗപ്പെടുത്തുന്നു. ഇത് ഏറെക്കുറെ ഇപ്പോള്‍ പാതി ഘട്ടത്തിലാണെന്ന് വേണമെങ്കില്‍ പറയാം.

അന്താരാഷ്ട്ര നാണയ പ്രതിസന്ധി എന്ന പ്രതിഭാസം തന്നെ ഇവരുടെ സൃഷ്ടിയാണ്. ഊഹക്കച്ചവടം, ആയുധവ്യാപാരം, ലഹരി വ്യാപാരം, ടൂറിസം തുടങ്ങിയവയാണ് ഇവരുടെ പ്രധാന താവളങ്ങള്‍. അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്.) ഈ രംഗത്തുള്ള വ്യവസ്ഥാപിത ചൂതാട്ടക്കാരാണ്. അമേരിക്ക, ബ്രിട്ടണ്‍, ജര്‍മനി, ഫ്രാന്‍സ്, ജപ്പാന്‍, കാനഡ, ഇറ്റലി എന്നീ രാഷ്ട്രങ്ങള്‍ ചേര്‍ന്നതാണ് ജി-സെവന്‍. ഈ രാഷ്ട്രങ്ങളുടെ താല്‍പ്പര്യങ്ങള്‍ ലോകം സംരക്ഷിച്ചുപോരുന്ന വിധമാണ് നാണയനിധിയുടെ ഉപയോഗം. വായ്പ ആവശ്യമുള്ള രാഷ്ട്രങ്ങള്‍ക്ക് പണം കടം കൊടുത്ത് പലിശ വാങ്ങുക മാത്രമല്ല ഈ സംവിധാനം. വായ്പാ പദ്ധതികള്‍, വിതരണ രീതികള്‍ തുടങ്ങി ധന വിനിയോഗങ്ങളും ജി-സെവന്‍ നിശ്ചയിക്കുന്നു. അതിലൂടെ വികസ്വര, അവികസിത രാഷ്ട്രങ്ങള്‍ ധനാഢ്യരുടെ ഇംഗിതങ്ങള്‍ക്ക് അവസരമൊരുക്കുന്ന രാജ്യങ്ങളായി നിന്നുകൊടുക്കേണ്ടിവരുന്നു. പൊതുനിരത്തിന്റെ വികസനങ്ങള്‍ക്ക് ധനം കൊടുക്കുമ്പോള്‍ അതിന്റെ ഗുണനിലവാരം മാത്രമല്ല, ടോള്‍ സംവിധാനം പോലും അവര്‍ നിശ്ചയിക്കും. ഏതുതരം നെല്‍വിത്തുകള്‍, പശുക്കള്‍ എന്നു വേണ്ട ഔഷധങ്ങള്‍ പോലും നിശ്ചയിക്കുന്നത്. ധനം നല്‍കുന്നവര്‍ ഒരേ അവസരം നിര്‍മ്മാതാക്കളും വിതരണക്കാരും ഒരു കേന്ദ്രമാവുന്നു. ബാക്കിവരുന്നവരെല്ലാം ഉപഭോക്താക്കള്‍ മാത്രം. ഇങ്ങനെ മാനവരാശിയെ സമ്പൂര്‍ണ്ണ സാമ്പത്തിക അടിമത്വത്തില്‍ തളച്ചിടുന്നതാണ് ലോക മുതലാളിത്ത സാമ്പത്തിക ശാസ്ത്രം. ഇപ്പോള്‍ തന്നെ ലോകത്ത് നൂറു കോടി ജനം പട്ടിണിയിലാണ് എന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു. പട്ടിണി മരണം ഇപ്പോഴും തുടരുന്നു. വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. പാര്‍പ്പിടം നിഷേധിക്കപ്പെടുന്നു. യാചന നിര്‍ബാധം നിലനില്‍ക്കുന്നു. എന്നാല്‍, ഒരാള്‍ പട്ടിണി കാരണം മരണമടയുമ്പോള്‍ അമിതാഹാരം കാരണം 3 പേര്‍ മരണം പുല്‍കുന്നു. ഈ ആഭാസകരവും ദുഃഖകരവുമായ ലോകക്രമം ആരുടെ സൃഷ്ടിയാണ്?

ലോകത്ത് റോഡിന്, കുടിവെള്ളത്തിന്, വിദ്യാഭ്യാസത്തിന് ആഹാരത്തിന്, പാര്‍പ്പിടങ്ങള്‍ക്കു വേണ്ടി നീക്കിവെക്കുന്നതിന്റെ മൂന്നും നാലും ഇരട്ടി പ്രതിരോധാവശ്യങ്ങള്‍ക്കു നീക്കുവെക്കുന്നു. ആയുധ വ്യാപാരത്തെക്കാള്‍ മികച്ച മറ്റൊന്നു ഇപ്പോള്‍ ലോകത്തില്ല. 2009-ലെ ഭാരതത്തിന്റെ ഇടക്കാല ബജറ്റ് പരിശോധിക്കുക. നമ്മുടെ പ്രതിരോധ വിഹിതം 1.05 ലക്ഷം കോടിയില്‍ നിന്ന് 1.45 ലക്ഷം കോടിയിലേക്ക് കുത്തനെ ഉയര്‍ത്തി. കഴിഞ്ഞ ഒരു വര്‍ഷം ലോകത്ത് വിപണനം ചെയ്യപ്പെട്ട ആയുധങ്ങളുടെ കണക്കെടുത്താല്‍ ഈ മേഖലകളില്‍ സ്വകാര്യ സ്ഥാപനങ്ങളും സര്‍ക്കാരുകളും കാണിക്കുന്ന അമിത താല്‍പര്യവും അതിന്റെ പിന്നിലെ നിക്ഷിപ്ത താല്‍പ്പര്യങ്ങളും ഗ്രാഹ്യമാവും. മനുഷ്യരില്‍ നിന്ന് മനുഷ്യരെ രക്ഷിക്കാനാണ് മനുഷ്യരെ പട്ടിണിക്കിട്ടും ആയുധപ്പുരകള്‍ നിറക്കുന്നത് എന്നു വന്നാല്‍ നാം നമ്മുടെ വ്യവസ്ഥകളുടെ പരാജയമുഖം തിരിച്ചറിയുക തന്നെ വേണം.

രണ്ടാമത്തെ സാമ്പത്തിക സമീപനം സോഷ്യലിസമാണ്. പദം ഏറെ ആകര്‍ഷണീയമാണ്. എന്നാല്‍ ഒരര്‍ത്ഥവും ഉള്‍ക്കൊള്ളാത്ത, യാതൊരുവിധ ദാര്‍ശനിക മാനവുമില്ലാത്ത നിരര്‍ത്ഥകമായ  ഭാവനയുടെ സമാഹാരമാണിത്. സമ്പത്തിന്റെ പൊതു ഉടമാവകാശം സ്റ്റേറ്റില്‍ വന്നുചേരുന്നു. അവര്‍ നിയന്ത്രിക്കുന്ന സാമ്പത്തിക ക്രമം. അധ്വാനവും ബുദ്ധിയും സ്റ്റേറ്റിന് വേണ്ടി നീക്കിവെക്കുന്നു. അധ്വാനത്തിന് ലഭിക്കുന്ന കൂലികൊണ്ട് അവര്‍ ജീവിക്കുന്നു. അധ്വാന മിച്ചം സ്റ്റേറ്റില്‍ വന്നുചേരുന്നു. ഇത് പല മുതലാളിമാരില്‍നിന്ന് ഒരു മുതലാളിയെ സൃഷ്ടിക്കുന്ന മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയെക്കാള്‍ അപകടകാരിയാണ്. ഇവിടെ തൊഴിലാളി എന്നും പീഡനങ്ങള്‍ അനുഭവിക്കുന്ന അടിമ തന്നെ. എന്നാല്‍ സ്റ്റേറ്റ് എന്നത് ഭരണകൂടമോ, പാര്‍ട്ടിയോ കൈകാര്യം ചെയ്യുന്ന ഒരു സംവിധാനമാണ്. അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണത് പ്രതിഫലിക്കുക. സൈബീരിയന്‍ കുന്നുകളിലെ റിസോര്‍ട്ടുകളില്‍ കമ്യൂണിസ്റ്റ് മുതലാളിമാര്‍ (പാര്‍ട്ടി നേതാക്കള്‍) രാവ് പകലും പകല് രാവുമാക്കി മദനോല്‍സവങ്ങളാടിയപ്പോള്‍ സോവിയറ്റ് പൗരന്മാര്‍ പാടങ്ങൡ മൃഗതുല്യരായി അടിമവേല ചെയ്ത് നരകയാതനകള്‍ അനുഭവിക്കേണ്ടി വന്നു. തികച്ചും അപരിഷ്‌കൃതവും ഒരു നന്മയും മേന്മയും അവകാശപ്പെടാനില്ലാത്ത ഈ അവസ്ഥ ലോകം മുക്കാല്‍ നൂറ്റാണ്ട് കൊണ്ടു നിരാകരിച്ചു. റുമേനിയ, ഹങ്കറി, ചെക്ക് റിപ്പബ്ലിക്, സോവിയറ്റ് യൂണിയന്‍ അങ്ങനെ നീളുന്നു ഈ വ്യവസ്ഥ വലിച്ചെറിഞ്ഞ രാഷ്ട്രങ്ങള്‍.അപ്പോള്‍ സാമ്പത്തിക മാന്ദ്യം എന്നാല്‍ മതിയായ ധനം അല്ലെങ്കില്‍ അധികം ചെലവിട്ടതിനാല്‍ വന്നുപെട്ട പോരായ്മ; അതുമല്ലെങ്കില്‍ ഉല്‍പ്പാദനക്കുറവ് കാരണം സംഭവിച്ച പിഴവ്, വിതരണ രംഗത്തു ള്ള നീതി നിഷേധം -ഇങ്ങനെയെല്ലാം പറയാമെങ്കിലും യഥാര്‍ത്ഥത്തില്‍ ഊഹക്കച്ചവടത്തിന്റെ അനിവാര്യ ഫലമാണിത്. സമ്പത്തിന്റെ വരവും പോക്കും ഏതാനും ചില നികുതികള്‍ കേന്ദ്രീകരിച്ചാണ് ആധുനിക സര്‍ക്കാര്‍ രൂപപ്പെടുത്തുന്നത്. പൗരന്മാരുടെ തലയില്‍ കെട്ടിയേല്‍പ്പിക്കുന്ന നികുതിഭാരങ്ങളാണ് വരുമാന മാര്‍ഗം. അതില്‍ മുഖ്യപങ്ക് ജീവനക്കാരുടെ ശമ്പളവും, ഭരണ നിര്‍വ്വഹണവും. ഉദാഹരണം നമ്മുടെ വരുമാനം റവന്യു അതായത് നികുതി 100 രൂപ. വില്‍പ്പന നികുതി, വാണിജ്യ-വ്യവസായ നികുതികള്‍, വീട്ടുകരം, തൊഴില്‍കരം തുടങ്ങിയ നാനാവിധ നികുതികള്‍ ചുമത്തി സര്‍ക്കാര്‍ 100 രൂപ പിരിച്ചുണ്ടാക്കി ട്രഷറിയില്‍ എത്തിക്കുന്നു. അതില്‍ 60 രൂപ ശമ്പളവും 25 രൂപ ഭരണ നിര്‍വ്വഹണവും. അതായത് ഭരണാധികാരികളുടെ ശമ്പളം, അലവന്‍സ് ചികിത്സ, ടൂര്‍ ആതിയായവ. മിച്ചം വരുന്ന 15 രൂപയാണ് പൗരന്മാരുടെ ക്ഷേമത്തിന് നീക്കിവെക്കേണ്ടത്. അതില്‍ 80 ശതമാനം അഴിമതിയാണത്രെ. അതായത് 12 രൂപ. ബാക്കിവരുന്ന 3 രൂപ മാത്രമാണ് നമ്മുടെ രാഷ്ട്രത്തിന്റെ വികസനത്തിന് ഉപയോഗിക്കുന്നത്. അതില്‍ ഏറെ പ്രധാനം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും കാര്‍ഷിക വികസനവുമാവേണ്ടിയിരുന്നു. പക്ഷേ, സംഭവിക്കുന്നതോ, പൊള്ളയായ വികസന കാഴ്ചപ്പാടും. ഇതിനെല്ലാം പുറമെ വിവിധ അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് കടമെടുത്തതിനാല്‍ മുതലിലേക്കും പലിശയിലേക്കും നീക്കിവെക്കേണ്ടുന്ന തുകയും കണ്ടെത്തണം. അപ്പോള്‍ ധനകാര്യ മന്ത്രിമാര്‍ ചില അഭ്യാസങ്ങള്‍ കാണിച്ച് ഒരിക്കലും നടക്കാത്ത, അല്ലെങ്കില്‍ അസാധ്യമായ ബഡ്ജറ്റ് മനോഹരമായി കാലാകാലങ്ങൡ അവതരിപ്പിക്കുന്നു. അറുപത് വര്‍ഷമായിട്ടും നമുക്ക് പട്ടിണി പോലും മാറ്റാനാവാത്തത് മറ്റൊന്നുംകൊണ്ടുമല്ല. ട്രൈബല്‍ വര്‍ഗ്ഗങ്ങള്‍ 60 വര്‍ഷം കൊണ്ട് ഒരിഞ്ചു പോലും വളര്‍ച്ച പ്രാപിച്ചോ? ജസ്റ്റിസ് സജീന്ദ്ര സിംഗ് സച്ചാര്‍ കമ്മീഷന്‍ കണ്ടെത്തിയ സ്ഥിതിവിവരങ്ങള്‍ സാക്ഷി.

വിദ്യാലയം ഇല്ല, റോഡില്ല, ആശുപത്രിയില്ല, വിസര്‍ജ്ജനത്തിന് സൗകര്യമില്ല, പാര്‍പ്പിടമില്ല. അങ്ങനെ നീളുന്ന ഇല്ലായ്മകളുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍. വിശുദ്ധ ഇസ്‌ലാമിന്റെ ഈ രംഗത്തുള്ള കാഴ്ചപ്പാട് പരിശോധിച്ചുനോക്കുക.

ഇസ്‌ലാം നിയന്ത്രിത വിപണിയും സാമ്പത്തിക സ്വാതന്ത്ര്യവും അനുവദിക്കുന്നു. വരുമാന മിച്ചത്തിന് സ്‌റ്റേറ്റിലെ നിശ്ചിത വിഭാഗത്തില്‍ പെട്ട ദരിദ്രരാണ് അവകാശികളെന്ന് സിദ്ധാന്തിക്കുന്നു. കൃഷി, കച്ചവടം തുടങ്ങി ധനപരയമായ ലാഭമുണ്ടാക്കുന്ന എല്ലാ മേഖലകളെയും സദാചാരബോധത്തോടെയും ധര്‍മ്മ നിഷ്ഠയോടെയും സമീപിക്കാനും ഏര്‍പ്പെടാനും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍, യാതൊരുവിധ അധര്‍മ്മങ്ങളും അനുവദിക്കുന്നില്ല. പൂഴ്ത്തിവെപ്പും അളവ്-തൂക്കത്തിലുള്ള വഞ്ചന, അമിത വില തുടങ്ങിയ ഒന്നും അംഗീകരിക്കാതെ മനുഷ്യരുടെ സഹജമായ എല്ലാ ഭാവങ്ങളും നന്മയിലേക്ക് തിരിച്ചുവിടാനും സ്വാതന്ത്ര്യം അനുവദിക്കാനും വഴികാട്ടുന്നു.

മുതലാളിത്തം അനിയന്ത്രിത വിപണി തുറക്കുന്നു; കമ്യൂണിസം നിയന്ത്രിത വിപണിയും. ഇസ്‌ലാം നിയന്ത്രിത സ്വതന്ത്ര വിപണി തുറക്കുന്നു. ഏതൊരു സൃഷ്ടിയും ചില ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ ബാധ്യസ്ഥനാണ്. ഇവിടെ മനുഷ്യരെ ഉപകരണമാക്കി ഉപയോഗിക്കാനല്ല മതം പറയുന്നത്. സ്വാതന്ത്ര്യം സ്വയം ഉപയോഗപ്പെടുത്തി വകസിക്കാനാണ്. എന്നാല്‍, മതം അതിരിട്ടു നല്‍കിയ വ്യവസ്ഥകള്‍ മാനിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്താനും.

മുഹമ്മദ് നബി(സ) ലോകത്തിന് മുമ്പില്‍ സമര്‍പ്പിച്ച വിശുദ്ധ ഇസ്‌ലാം ചുരുങ്ങിയ കാലം കൊണ്ട് പടര്‍ന്നു വളര്‍ന്നു വികസിച്ച് ഒരു ലോക വിസ്മയമായിത്തീര്‍ന്നു. ഈ മഹാ പ്രപഞ്ചങ്ങളുടെ സ്രഷ്ടാവായ അല്ലാഹു മാനവരാശിക്ക് വേണ്ടി സമര്‍പ്പിച്ചതാണ് ഇസ്‌ലാം. അതിന്റെ ആത്മീയ കാഴ്ചപ്പാട് പോലെ ഭൗതിക കാഴ്ചപ്പാടും പ്രകൃതിപരമാണ്. അതുകൊണ്ടുതന്നെ അതൊരു മഹാ വിജയവുമാണ്.

ഇഹലോകവും പരലോകവും ഇസ്‌ലാം ഉയര്‍ത്തിക്കാണിക്കുന്നു. രണ്ട് ലോകത്തിനുമാവശ്യമായ നിയമനിര്‍മ്മാണങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ആത്മശുദ്ധി, അതുവഴി പരലോക ഗുണം, സാമ്പത്തിക പുരോഗതി, സാമൂഹിക ക്ഷേമം, സാമുദായിക ഭദ്രത, സാഹോദര്യബോധം തുടങ്ങി നിരവധി ബൃഹത്തായ ഫലങ്ങള്‍ മനുഷ്യനു കൈവരിക്കാനായി അല്ലാഹു നിയമമാക്കിയ ഒരു നിര്‍ബന്ധ ദാനമാണ് സകാത്ത്. പരിശുദ്ധ ഇസ്‌ലാമിലെ പഞ്ചമഹാസ്തംഭങ്ങളില്‍ മൂന്നാമത്തേതുമാകുന്നു.

”നിങ്ങള്‍ നിസ്‌കാരം കൃത്യമായി അനുഷ്ടിക്കുകയും സകാത്ത് കൊടുക്കുകയും ചെയ്യുക.” (വി.ഖു.) സകാത്ത് നിര്‍വ്വഹിക്കുന്ന ധര്‍മ്മം. ”അവരുടെ സ്വത്തുക്കളില്‍ നിന്ന് താങ്കള്‍ സകാത്ത് വാങ്ങുക. അതുമൂലം താങ്കളവരെ ശുദ്ധീകരിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യും.” (വി.ഖു. 9:103)

സകാത്ത് കൊടുക്കുന്നവന് സംശുദ്ധിയും അഭിവൃദ്ധിയും പുരോഗതിയുമുണ്ടാകുമെന്ന് അല്ലാഹു പറയുന്നു.

”അല്ലാഹുവിന്റെ തൃപ്തി ഉദ്ദേശിച്ചു കൊണ്ട് നിങ്ങള്‍ സകാത്ത് കൊടുത്താല്‍ ആ കൂട്ടര്‍ തന്നെയാണ് (പ്രതിഫലം) ഇരട്ടിയാക്കുന്നവര്‍” (വി.ഖു. 30:39)

സകാത്ത് കാരണം കൈവരുന്ന നേട്ടങ്ങള്‍ നിരവധി. ധനമുണ്ടായിട്ടും ക്രമപ്രകാരം സകാത്ത് കൊടുക്കാത്തവര്‍ നേരിടേണ്ടിവരുന്ന കഠിന ശിക്ഷയെക്കുറിച്ചു താക്കീത് നല്‍കുന്ന ആയത്തുകളും ഹദീസുകളും ധാരാളമുണ്ട്. അല്ലാഹു അവര്‍ക്കു കൊടുത്ത അവന്റെ അനുഗ്രഹത്തില്‍ അവര്‍ ലുബ്ധ് കാണിക്കുന്നത് അവര്‍ക്ക് നല്ലതാണ് എന്ന് അവര്‍ വിചാരിക്കേണ്ട. പക്ഷേ, അതവര്‍ക്ക് നാശമാണ്. ഏതൊന്നില്‍ അവര്‍ ലുബ്ധ് കാണിച്ചുവോ അതിനെ അവര്‍ക്ക് അന്ത്യനാളില്‍ കണ്ഠാഭരണമാക്കപ്പെടുന്നതാണ്. (വി.ഖു. 3:180)

മുഹമ്മദ് നബി(സ) പറഞ്ഞു: ”അല്ലാഹു ഒരാള്‍ക്ക് ധനം നല്‍കുകയും എന്നിട്ടതിന്റെ സകാത്ത് കൊടുക്കാതിരിക്കുകയും ചെയ്താല്‍ പ്രസ്തുത സ്വത്തിനെ അന്ത്യനാളില്‍ ഒരു ഭീകര സര്‍പ്പമായി രൂപാന്തരപ്പെടുത്തും. അതിന്റെ രണ്ടു കണ്ണുകളുടെ മേല്‍ കറുത്ത ഓരോ പുള്ളിയുണ്ടാകും. എന്നിട്ട് ആ സര്‍പ്പത്തെ അവന്റെ കണ്ഠത്തില്‍ ഒരു ആഭരണമെന്നപോലെ അല്ലാഹു ചാര്‍ത്തും. ആ സര്‍പ്പം അവന്റെ ദേഹമാകെ കടിക്കുകയും ഞാന്‍ നിന്റെ ധനമാണ്, ഞാന്‍ നിന്റെ നിധിയാണെന്നു പറയുകയും ചെയ്യും. ഇത്രയും പറഞ്ഞശേഷം നബി(സ) മേല്‍ പറഞ്ഞ ഖുര്‍ആന്‍ വാക്യം ഓതി.” (ബൂഖാരി മുസ്‌ലിം)

ഒരാളുടെ മേല്‍ സകാത്ത് നിര്‍ബന്ധമാവുകയും അതു കൊടുക്കാന്‍ സൗകര്യപ്പെടുകയും ചെയ്താല്‍ ഉടനെ കൊടുക്കേണ്ടതാണ്. താമസിപ്പിക്കാന്‍ പാടുള്ളതല്ല. പക്ഷേ, സകാത്ത് വാങ്ങാന്‍ നിലവവിലുള്ളവരെക്കാള്‍ കൂടുതല്‍ അര്‍ഹതയുള്ളവരെ (ബന്ധുക്കള്‍, അയല്‍വാസികള്‍, കൂടുതല്‍ നല്ലയാളുകള്‍ എന്നിവരെപ്പോലെ) അവന്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അവര്‍ വരുന്നതുവരെ താമസിപ്പിക്കാന്‍ അനുവാദമുണ്ട്. സകാത്ത് നിര്‍ബന്ധമുള്ളവന്‍ നിര്‍ബന്ധമാണെന്ന വസ്തുത നിഷേധിച്ചു കൊടുക്കാതിരുന്നാല്‍ അവന്‍ ഇസ്‌ലാമില്‍ നിന്നു പുറത്തുപോകുന്നതാണ്.

സകാത്ത് രണ്ടു വിധമുണ്ട്. 1) ധനത്തിന്റെ സകാത്ത് 2) ദേഹത്തിന്റെ സകാത്ത്. സ്വര്‍ണ്ണം വെള്ളി എന്നീ ലോഹങ്ങള്‍, അവകൊണ്ടുള്ള നാണയങ്ങള്‍, അതിനു പകരമായ മറ്റു നാണയങ്ങള്‍, കച്ചവടം, കൃഷി, മൃഗങ്ങള്‍ എന്നിവകളിലാണ് ധനത്തിന്റെ സകാത്ത്. ഫിത്വര്‍ സകാത്താണ് ദേഹത്തിന്റെ സകാത്ത്. 

സ്വര്‍ണം വെള്ളി

ചുരുങ്ങിയത് ഇരുപത് മിസ്‌കാല്‍ 85 ഗ്രാം സ്വര്‍ണമോ 200 ദിര്‍ഹം 595 ഗ്രാം വെള്ളിയോ ആരെങ്കിലും ഒരു വര്‍ഷം (അറബിക് വര്‍ഷം) കൈവശം വെച്ചാല്‍ വര്‍ഷം തികയുമ്പോള്‍ അവയുടെ രണ്ടര ശതമാനം സകാത്ത് നല്‍കണം. ഇരുപത് മിസ്‌കാലിന് താഴെയുള്ള സ്വര്‍ണ്ണത്തിനും ഇരുനൂറ് ദിര്‍ഹമിനു താഴെയുള്ള വെള്ളിക്കും സകാത്തില്ല. അനുവദനീയമായ ആഭരണങ്ങള്‍ക്കും സകാത്തില്ല. 595 ഗ്രാം വെള്ളിയുടെ ഇപ്പോഴത്തെ മാര്‍ക്കറ്റ് വില കണക്കാക്കിയാണ് സകാത്ത് നല്‍കേണ്ടത്.

കൃഷി

മുഖ്യാഹാരമായ നെല്ല്, ഗോതമ്പ്, ചോളം, കടല, അവരക്ക, മുത്താറി മുതലായ ധാന്യങ്ങളിലും കാരക്ക, മുന്തിരി എന്നീ പഴങ്ങളിലുമാണ് കൃഷി ഇനത്തില്‍ സകാത്ത് നിര്‍ബന്ധമുള്ളത്. ഇവയിലേതിനവും ഒരു വര്‍ഷത്തില്‍ ആകെ വിളവെടുപ്പില്‍ 300 സ്വാഅ് 960 കിലോ ഉണ്ടായാല്‍ അതിന്റെ പത്തുശതമാനം സകാത്ത് കൊടുക്കണം. എന്നാല്‍ തൊലിയോടു കൂടി സൂക്ഷിക്കപ്പെടുന്ന നെല്ലുപോലുള്ള സാധനങ്ങള്‍ 600 സ്വാഅ് 1920 ലിറ്റര്‍ തികഞ്ഞാലേ സകാത്ത് നല്‍കേണ്ടതുള്ളൂ. കൃഷി നനക്കാന്‍ ചെലവു വന്നിട്ടുണ്ടെങ്കില്‍ അഞ്ചു ശതമാനം സകാത്ത് നല്‍കിയാല്‍ മതി.

കന്നുകാലികള്‍ആട്, മാട്, ഒട്ടകം എന്നീ മൃഗങ്ങളിലാണ് സകാത്ത് നിര്‍ബന്ധമാകുന്നത്. അഞ്ച് ഒട്ടകം ഒരു വര്‍ഷം കൈവശത്തിലിരുന്നാല്‍ ഒരു ആട് (ഒരു വയസ്സായ നെയ്യാട്, അല്ലെങ്കില്‍ രണ്ടു വയസ്സായ കോലാട്) പശു വര്‍ഗ്ഗത്തില്‍ പെട്ട മുപ്പതെണ്ണത്തിന് ഒരു വയസ്സുള്ള ഒരു പശുക്കുട്ടി, നാല്‍പത് ആടുകള്‍ക്ക് ഒരു ആട് എന്നീ തോതിലാണ് സകാത്ത് കൊടുക്കേണ്ടത്. മൃഗങ്ങളുടെ എണ്ണം നിശ്ചിത തോതില്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ചു സകാത്തിലും വര്‍ദ്ധനയുണ്ടാകുന്നതാണ്.

കച്ചവടം

വ്യാപാരം ആരംഭിച്ചതു മുതല്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസം ആകെ കൈവശമുള്ള ചരക്കും കിട്ടാനുള്ള കടങ്ങളും കൂടി 200 ദിര്‍ഹം (595 ഗ്രാം) വെള്ളിക്ക് തുല്യമായ സംഖ്യയുണ്ടെങ്കില്‍ അതിന് രണ്ടര ശതമാനം സകാത്ത് നല്‍കണം. അതു പണമായി കൊടുക്കുകയും വേണം സാധനങ്ങള്‍ കൊടുത്താന്‍ മതിയാകുന്നതല്ല. ഇവിടെയും വെള്ളി വിലയാണ് പരിഗണിക്കേണ്ടത്.

ദേഹത്തിന്റെ സകാത്ത്

സകാത്തിന്റെ രണ്ടാമത്തെ ഇനമാണ് ദേഹത്തിന്റെ സകാത്ത് അഥവാ ഫിതര്‍ സകാത്ത്. ചെറിയപെരുന്നാള്‍ രാവിന്റെ ആരംഭത്തോടുകൂടിയാണ് അത് നിര്‍ബന്ധമാകുന്നത്. തനിക്കും താന്‍ ചെലവുകൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കും പെരുന്നാള്‍ ദിവസത്തിനും തുടര്‍ന്നുള്ള രാത്രിക്കും ആവശ്യമായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ കഴിച്ചു ബാക്കിയുണ്ടെങ്കില്‍ ഫിത്വര്‍ സകാത്ത് നല്‍കല്‍ നിര്‍ബന്ധമാകുന്നതാണ്. ഒരാളെ സംബന്ധിച്ച് ഒരു സ്വാഅ് (3.200) ലിറ്റര്‍ എന്ന കണക്കില്‍ നാട്ടിലെ മുഖ്യാഹാരമായ ധാന്യമാണ് കൊടുക്കേണ്ടത്. കൊടുക്കല്‍ നിര്‍ബന്ധമായ ആള്‍ തന്നെ നേരിട്ടു വിതരണം ചെയ്യുകയാണ് ഏറ്റവും പുണ്യമുള്ളത്. ഇക്കാലത്ത് ചില സ്ഥലങ്ങളില്‍ ചിലര്‍ നടത്തി വരുന്നതുപോലെ കമ്മിറ്റി മുഖേന വിതരണം ചെയ്താല്‍ സാധുവാകയില്ല.

സകാത്തിന്റെ അവകാശികള്‍

ഖുര്‍ആനില്‍ പറഞ്ഞ എട്ടു വിഭാഗക്കാര്‍ക്കാണ് എല്ലാതരം സകാത്തും നല്‍കേണ്ടത്.

1) ഫഖീര്‍:- ജീവിതാവശ്യത്തിന് മതിയായ സംഖ്യയുടെ പകുതി പോലും ലഭിക്കാത്തവര്‍.

2) മിസ്‌കീന്‍:- മതിയായ സംഖ്യയുടെ പകുതിയോ അതില്‍ കൂടുതലോ ലഭിക്കുമെങ്കിലും മതിയായ സംഖ്യലഭിക്കാത്തവര്‍

3) ആമില്‍:- ഇസ്‌ലാമിക ഭരണകൂടം നിയോഗിക്കുന്ന സകാത്ത് ഉദ്യോഗസ്ഥന്‍.

4) പുതുവിശ്വാസികള്‍

5) മോചനപത്രം എഴുതപ്പെട്ട അടിമ

6) കടത്തില്‍പ്പെട്ടവന്‍

7) അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്നവര്‍

8) അനുവദനീയമായ യാത്രക്കാരന്‍

സകാത്ത് കൊടുക്കുമ്പോഴോ സകാത്ത് വിഹിതം നീക്കിവെക്കുമ്പോഴോ നിയ്യത്ത് ചെയ്യല്‍ നിര്‍ബന്ധമാണ്. ധനത്തിന്റെ സകാത്താണെങ്കില്‍ എന്റെ ധനത്തിന്റെ സകാത്ത് ഞാന്‍ കൊടുത്തുവീട്ടുന്നു എന്നും ഫിത്വര്‍ സകാത്ത് തന്റേതാണെങ്കില്‍ എന്റെ തടിയുടെ സകാത്ത് ഞാന്‍ കൊടുത്തു വീട്ടുന്നു എന്നും എന്റെ ആശ്രിതരുടേതാണെങ്കില്‍ ഇന്നവന്റെ തടിയുടെ സകാത്ത് ഞാന്‍ കൊടുത്തുവീട്ടുന്നു എന്നുമാണ് നിയ്യത്ത് ചെയ്യേണ്ടത്.

ധനത്തോട് ബന്ധപ്പെട്ട് സുപ്രധാനമായതും വന്‍ പ്രതിഫലം ലഭിക്കുന്നതും സുന്നത്തുമായ ഒരു സല്‍കര്‍മ്മമാണ് സ്വദഖ. ഹൃദയസംശുദ്ധിയും സാമ്പത്തികാഭിവൃദ്ധളയും സാഹോദര്യ ഭദ്രതയും മറ്റു പല മഹത്ഗുണങ്ങളും പരലോക സൗഭാഗ്യവും നേടിയെടുക്കാന്‍ സ്വദഖയിലൂടെ സാധിക്കുന്നതാണ്. അല്ലാഹു പറയുന്നു: ”നല്ല കാര്യത്തിനായി നിങ്ങള്‍ വല്ലതും ചെലവുചെയ്താല്‍ അതിന് അല്ലാഹു പകരം നല്‍കുന്നതാണ്.” (വി.ഖു. 34:39)

ചെലവു ചെയ്യുന്നതിന്റെ ഏറ്റക്കുറവിനെ പറ്റിയോ അല്ലാഹു പകരം കൊടുക്കുന്നതിന്റെ തോതിനെക്കുറിച്ചോ ഒന്നും പ്രസ്താവിച്ചില്ല. ചെലവു ചെയ്ത സാധനം എത്ര ചെറുതാണെങ്കിലും അവന്റെ നിലപാടനുസരിച്ചു പകരം കൊടുക്കുന്ന സാധനത്തിലും അതിന്റെ അളവിലും അല്ലാഹു വ്യത്യാസപ്പെടുത്തുമെന്ന് നമുക്ക് ഗ്രഹിക്കാം. ”എന്തെങ്കിലും ധനം നിങ്ങള്‍ ചെലവു ചെയ്താല്‍ അത് നിങ്ങള്‍ക്കു വേണ്ടിയാണ്. അല്ലാഹുവിന്റെ തൃപ്തിയായിട്ടല്ലാതെ നിങ്ങള്‍ ഒന്നും ചെലവു ചെയ്യരുത്. ഏതെങ്കിലും ധനം നിങ്ങള്‍ ചെലവു ചെയ്താല്‍ അതിന്റെ പ്രതിഫലം നിങ്ങള്‍ക്ക് പൂര്‍ണമായി നല്‍കപ്പെടും. നിങ്ങള്‍ക്കതിലൊട്ടും കുറവു വരുത്തുകയില്ല.” (വി.ഖു. 2: 272)

ദാനധര്‍മ്മങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചു നബി(സ)യില്‍ നിന്ന് നിരവധി ഹദീസുകള്‍ വന്നിട്ടുണ്ട്. ”മനുഷ്യന്‍ അവന്റെ സ്വര്‍ണ്ണത്തില്‍ നിന്നും അവന്റെ വെള്ളിയില്‍ നിന്നും അവന്റെ ഗോതമ്പില്‍ നിന്നും കാരക്കയില്‍ നിന്നും ധര്‍മ്മം ചെയ്തുകൊള്ളട്ടെ.”(മുസ്‌ലിം) മനുഷ്യന് പ്രയോജനകരമായ ഏതു സാധനവും -അതെത്ര വലുതാവട്ടെ, ചെറുതാവട്ടെ – ഗുണകരമായ മാര്‍ഗ്ഗത്തില്‍ ചെലവു ചെയ്താല്‍ അതിനു മതിയായ പ്രതിഫലം ലഭിക്കുമെന്നാണ് ഈ ഹദീസിന്റെ പൊരുള്‍.

നിര്‍ബന്ധ സക്കാത്തും സുന്നത്തായ ധര്‍മ്മങ്ങളും അതോടൊപ്പം ധനവിശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ടുള്ള ധനാഗമന മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചും സാമ്പത്തിക വികാസവും മുഴുവന്‍ ജനങ്ങള്‍ക്കും അതിന്റെ ലഭ്യതയും ഉറപ്പുവരുത്തുകയാണ് ഇസ്‌ലാം.

സാമ്പത്തിക മാന്ദ്യം എന്നത് മനുഷ്യര്‍ സ്വയം സൃഷ്ടിച്ചുണ്ടാക്കിയ സാഹചര്യങ്ങളാണ്. താല്‍ക്കാലികവും ചൂഷണപരവുമായ സമീപനങ്ങള്‍ കാരണം സംഭവിക്കുന്ന സാഹചര്യം. ഇതുകാരണം പ്രയാസങ്ങള്‍ക്ക് ഇരയായിത്തീരുന്നത് തൊഴിലാളികളും ദരിദ്രരുമാണ്. ഇസ്‌ലാമിന്റെ നിയന്ത്രിത സാമ്പത്തിക സ്വാതന്ത്ര്യം, അതോടൊപ്പം വിതരണ രംഗത്തുള്ള നീതിബോധം, സമ്പത്തിലെ ദരിദ്രര്‍ക്കുള്ള അവകാശം -ഈ കാഴ്ചപ്പാടാണ് പരിഹാരമാര്‍ഗ്ഗം.


RELATED ARTICLES