പ്രവാചക പൈതൃകം രജതരേഖകള്‍

ജ്ഞാനങ്ങള്‍ രണ്ട് തരമുണ്ട്. ഒന്ന് ദിവ്യബോധനം വഴി ലഭ്യമായ ഖുര്‍ആനും ഹദീസും. രണ്ട് മനുഷ്യന്റെ ചിന്താശക്തിയാല്‍ കരഗതമാവുന്ന ഭൗതിക ജ്ഞാനങ്ങള്‍.

വഹ്‌യ് മുഖേന വരുന്ന ജ്ഞാനം സമഗ്രവും സമ്പൂര്‍ണ്ണവും, അന്യൂനവും ഖണ്ഡിതവുമായിരിക്കും. അതില്‍ ബുദ്ധിക്ക് സ്വതന്ത്രാധികാരമില്ല. ബൗദ്ധീകജ്ഞാനങ്ങള്‍ക്ക് പരിധിയും പരിമിതിയുമുണ്ട്. ശാസ്ത്രങ്ങള്‍ ഭൗതിക പരീക്ഷണനിരീക്ഷണങ്ങളുടെ ഫലങ്ങളാണെങ്കില്‍ തത്വശാസ്ത്രം അഭൗതിക മേഖലകളെ സംബന്ധിച്ച നിഗമനങ്ങളെത്ര. 

ദീന്‍ അദൃശ്യയാഥാര്‍ത്ഥ്യങ്ങളുടെ വിശ്വാസത്തില്‍ അധിഷ്ടിതമാണ്. സൃഷ്ടാവ്, മലക്കുകള്‍, ആത്മാവ്, പരലോകം തുടങ്ങിയവയില്‍ വിശ്വസിക്കുന്നത് വഹ്‌യ് ജ്ഞാനത്തിന്റെ ആധാരത്തിലാണ്. അഥവാ ശാസ്ത്രം അവസാനിക്കുന്ന രേഖയില്‍ നിന്നാണ് വഹ്‌യിന്റെ അല്ലെങ്കില്‍ ദീനീജ്ഞാനത്തിന്റെ പ്രയാണമാരംഭിക്കുന്നത്.

ഉത്തരവാദപ്പെട്ട ഒരാള്‍ തന്റെയും സഹജീവികളുടെയും മേല്‍ സൃഷ്ടാവ് ചുമത്തിയ മതപരമായ കടമകളെയും ബാദ്ധ്യതകളെയും അറിഞ്ഞിരിക്കേണ്ടതുണ്ട്. ആ നിയമങ്ങള്‍ ഖുര്‍ആനിലും സുന്നയിലും വന്നിട്ടുള്ളതാണ്. 

ഒരു മുസ്ലിം ആദ്യമായി ഖുര്‍ആനെപ്പറ്റി വ്യക്തമായ പാഠം ഗ്രഹിക്കണം. പിന്നീട് പ്രവാചകചര്യകളെ സംബന്ധിച്ച റിപ്പോര്‍ട്ട് ഉള്‍ക്കൊള്ളുന്ന സുന്ന പ്രവാചകനോട് എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് പഠിക്കണം. ആ ചര്യകള്‍ കൈമാറിത്തന്ന നിവേദകന്മാരെകുറിച്ച് അയാള്‍ അറിഞ്ഞിരിക്കണം. അങ്ങനെ അവരില്‍ നിന്നും ലഭിക്കുന്ന വൃത്താന്തങ്ങള്‍ വിശ്വാസയോഗ്യമായെടുക്കാന്‍ കഴിയുന്നു. അതില്‍പെട്ടതും തന്റെ പ്രവൃത്തികള്‍ക്കാധാരമാക്കപ്പെടേണ്ടതുമായ വസ്തുതകള്‍ അയാള്‍ അറിഞ്ഞിരിക്കണം ഇവയാണ് സുന്നയുടെ ശാസ്ത്രങ്ങള്‍.

പ്രവാചക നിയോഗം സര്‍വ്വ സൗഭാഗ്യങ്ങളുടെയും സ്രോതസ്സായി നിസ്തുലമായ മാതൃക ഇസ്ലാമിക സമൂഹം അതുവഴി നിലവില്‍ വന്നു. എന്നാല്‍ ഈ മഹാധാര്‍മ്മിക വിപ്ലവത്തിന്റെ അടിസ്ഥാനഘടകങ്ങള്‍ എന്തൊക്കെയാണ്.

ഒന്ന് വിശുദ്ധഖുര്‍ആന്‍, രണ്ട് പ്രവാചകരുടെ ചൈതന്യദായക വ്യക്തിപ്രഭാവവും മഹിതരുണങ്ങളും മൂന്ന് നബിതിരുമേനിയുടെ അമൂല്യമായ അദ്ധ്യാപനങ്ങള്‍.

പ്രവാചകരുടെ കാലം മുതല്‍ ഹദീസ് രേഖപ്പെടുത്തുവാന്‍ തുടങ്ങിയിരുന്നു. അസ്സ്വാദിഖ: എന്ന പേരില്‍ അബ്ദുല്ലഹിബ്‌നു അംറിബിനില്‍ ആസ്വി(റ)ന് ഒരു ഹദീസ് സമാഹാര ഗ്രന്ഥം തന്നെയുണ്ടായിരുന്നു.

സയ്യിദുനാ അലി(റ), അനസ്(റ), അബ്ദുല്ലാഹിബിനു അബ്ബാസ്(റ), അബ്ദുല്ലാഹിബിനു മസ്ഊദ്(റ), ജാബിറിബ്‌നു അബ്ദില്ലാ (റ) തുടങ്ങിയ പ്രമുഖസ്വഹാബികള്‍ക്കും മറ്റും ഹദീസുകള്‍ രേഖപ്പെടുത്തിയ ഏടുകള്‍ ഉണ്ടായിരുന്നു.

സ്വഹാബികളുടെ ശിഷ്യരായ താബിഉകളുടെ കാലത്ത് മാതൃകാഭരണാധിപരമായ ഉമറുബ്‌നു അബ്ദില്‍ അസീസ്(റ) ഹദീസ് ശേഖരണത്തിനായി പൊതുവിളംബരം നടത്തുകയും പ്രമുഖപണ്ഡിതന്മാരെ അതിന് നേതൃത്വം വഹിക്കാന്‍ നിയോഗിക്കുകയും ചെയ്തു. ഇമാം സുഹ്‌രി (റ)വിന്റെ ഭഗീരതപ്രയത്‌നത്താല്‍ നിരവധി ഒട്ടകങ്ങള്‍ക്ക് വഹിക്കാവുന്നത്ര ഹദീസുകള്‍ ശേഖരിക്കപ്പെട്ടു.

ഹിജ്‌റമുന്നാം നൂറ്റാണ്ട് ഹദീസ് വിജ്ഞാനത്തിന്റെയും രചനയുടെയും സുവര്‍ണ്ണയുഗമായി. ഹിജ്‌റ ഒന്നും രണ്ടും നൂറ്റാണ്ടുകളിലെ ഹദീസ് ലിഖിതങ്ങള്‍ ഉള്‍പ്പെടുത്തി ശാസ്ത്രീയമായി കര്‍മ്മശാസ്ത്ര വിഷയങ്ങള്‍ക്കനുസൃതം നൂതനരചനകള്‍ ഉണ്ടായി. അവയില്‍ നിന്നും മൗലികവും ആധികാരികവുമായി പണ്ഡിതന്മാര്‍ പഞ്ചകൃതികളെ അംഗീകരിച്ചു. ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, തിര്‍മുദി, നസാഇ എന്നിവ. എന്നാല്‍ അനന്തരഗാമികളായ പണ്ഡിതരില്‍ ചിലര്‍ ഇബ്‌നുമാജയെ അവയോട് ചേര്‍ത്തു. കര്‍മ്മശാസ്ത്രത്തില്‍ ഈ കൃതിയുടെ മൂല്യമാണ് കാരണം. ഹാഫിദ് (507 ഹിജ്‌റ:) യാണ് പ്രഥമമായി ഇത് അംഗീകരിച്ചത്. എന്നാല്‍ ചില പണ്ഡിതന്മാര്‍ സുനനുദ്ദാരിമിയാണ് ആറാമത്തെ പ്രാമാണിക ഗ്രന്ഥമായി സ്വീകരിച്ചത്. ഇനിയും പണ്ഡിതരില്‍ ചിലര്‍ മാലിക്(റ)ന്റെ മുവത്വ:യാണ് ആറാം പ്രാമാണിക ഗ്രന്ഥമാകേണ്ടതെന്ന് പ്രസ്താവിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ ഇവയാണ് സ്വിഹാഹുസ്സിത്ത: അഥവാ ആറ് പ്രാമാണിക ഹദീസ് സമാഹാരങ്ങള്‍ എന്ന പേരില്‍ വിശ്രുതമായ ഗ്രന്ഥങ്ങള്‍. ഇതില്‍ മൂന്ന് ഗ്രന്ഥങ്ങള്‍ ജാമിഉകളും, മറ്റ് മൂന്ന് ഗ്രന്ഥങ്ങള്‍ സുനനുകളുമാണ്. വിശ്വാസം, വിധിവിലക്കുകള്‍, ഖുര്‍ആന്‍ വ്യാഖ്യാനം, മര്യാദകള്‍, ചരിത്രം, അപദാനങ്ങള്‍, കുഴപ്പങ്ങല്‍, അന്ത്യനാളിന്റെ അടയാളങ്ങള്‍ എന്നീ എട്ട് മൗലികഹദീസ് വിഷയങ്ങള്‍ ഉള്‍പ്പെടുത്തി രചിക്കപ്പെട്ട ഗ്രന്ഥങ്ങളാണ് ജാമിഉകള്‍. ജാമിഉല്‍ബുക്കാരി, ജാമിഉമുസ്‌ലിം, ജാമിഉത്തുര്‍മുദി എന്നിവ ഉദാഹരണം. കര്‍മ്മശാസ്ത്ര വിഷയങ്ങളുടെ അടിസ്ഥാനത്തിലുള്ള ഹദീസ് സമാഹാരങ്ങളാണ് സുനനുകള്‍ സുനനു അബീദാവൂദ്, സുനനുന്നസാഇ, സുനനുനുബിനിമാജ എന്നിവ ഉദാഹരണം.

ഇമാം ബുഖാരി(റ) ‘ജാമിഅ്’ എന്ന ഗ്ന്ഥരചനയിലൂടെ പ്രവാചകരിലേക്ക് കണ്ണിചേര്‍ന്ന് വന്ന സ്വീകാര്യമായ ഹദീസുകള്‍ മാത്രം സമാഹരിക്കുകയാണ് ചെയ്തത്. ഖുര്‍ആന്‍ വ്യാഖ്യാനം, കര്‍മ്മശാസ്ത്രം, ചരിത്രം എന്നിവയുടെ അപഗ്രഥനമാണ് പ്രധാനലക്ഷ്യം.

ഇമാംമുസ്‌ലിം (റ): ‘ജാമിഅ്’ രചനയിലൂടെ ഹദീസ് പണ്ഡിതര്‍ക്ക് സ്വീകാര്യവും പ്രവാചകരിലേക്ക് ശൃംഖല ചേര്‍ന്ന് വന്നതുമായ ഹദീസുകള്‍ സമാഹരിച്ചു. ഓരോ ഹദീസിന്റെയും വ്യത്യസ്ത വഴികള്‍ ഒരിടത്ത് മനോഹരമായി ക്രമീകരിച്ചു ചേര്‍ത്തു. അതുവഴി ഹദീസ് വചനവൈവിധ്യവും ഭിന്നശൃംഖലകളും സുതരാം തെളിഞ്ഞു വരുന്നു. പഠിതാവിന് സുഗമമായി ഹദീസ് പഠനം തരപ്പെടുന്നു.

ഇമാം തുര്‍മുദീ (റ) രണ്ട് വഴികളും അവരുടെ ജാമിഇല്‍ സംയോജിപ്പിച്ചു. കൂടാതെ സ്വഹാബത്ത് താബിഉകള്‍, കര്‍മ്മശാസ്ത്ര പണ്ഡിതര്‍ തുടങ്ങിയവരുടെ അഭിപ്രായങ്ങളും ഉള്‍പ്പെടുത്തി.

ഇമാം അബൂദാവൂദ്(റ): കര്‍മ്മശാ സ്ത്ര പണ്ഡിതന്മാര്‍ പ്രമാണമായി സ്വീകരിച്ച ഹദീസുകളാണ് സുനനില്‍ ക്രോഡീകരിച്ചത്.

ഇമാംനസാഇ(റ) ‘സുനനി’ലൂടെ ഹദീസിന്റെ വ്യത്യസ്ത വഴികള്‍ സംയോജിപ്പിച്ച് അവയുടെ ഉറവിടം വെളിപ്പെടുത്തുന്നു.

ഇമാം ഇബ്‌നുമാജ(റ) പറയുന്നു. ഈ ‘സുനന്‍’ അബീസുര്‍അ(റ)ന് കാണിച്ചു. അവര്‍ അത് പരിശോധിച്ചശേഷം പറഞ്ഞു. ‘ഇത് ജനങ്ങളുടെ കൈയ്യിലെത്തിയാല്‍ മിക്ക ഹദീസ് സമാഹാരങ്ങളും നിഷ്പ്രഭമായേനേ!’

 സ്വിഹാസുസ്സിത്തയും രചയിതാക്കളും

ഇമാം അബുഅബ്ദില്ലാഹി മുഹമ്മദുബ്‌നുഇസ്മാഈലില്‍ ബുഖാരി ഹിജ്‌റ 194 ശവ്വാല്‍ 13 വെള്ളിയാഴ്ച ബുഖാറയില്‍ ജനിച്ചു. ഹദീസ് പണ്ഡിതനും ഭക്തനുമായ പിതാവ് ഇസ്മാഈല്‍, ബുഖാരിയുടെ ചെറുപ്പത്തിലെ ദിവംഗതരായി. മാതാവിന്റെ സംരക്ഷണയിലാണ് ആ മഹാത്മാവ് വളര്‍ന്നത്. ഹദീസ് പഠനത്തിനായി നിരവധി നാടുകളിലൂടെ യാത്ര ചെയ്തു. പതിനായിരത്തിലധികം ഹദീസ് പണ്ഡിതരുമായി സന്ധിച്ചു. പത്തുലക്ഷം ഹദീസുകള്‍ ഹൃദിസ്ഥമാക്കി!. ‘ജാമിസ്വഹീഹ്’ ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. ഹിജ്‌റ 265 ഈദുല്‍ഫിത്വര്‍ രാവില്‍ സമര്‍ബന്ദിലെ ഖര്‍തങ്ക് ഗ്രാമത്തില്‍ വെച്ച് ആ പുണ്യപ്പൂമാന്‍ അല്ലാഹുവിലേക്ക് യാത്രയായി.

സ്വഹീഹുല്‍ ബുഖാരി

അല്‍ജാമിഉ അസ്-സ്വഹീഹു അല്‍മുസ്‌നദു മിന്‍ ഹദീസി റസൂലില്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം വസുനനഹി വഅയ്യാമിഹി (പ്രവാചകരുടെ ഹദീസു് ചര്യകള്‍, ദിനങ്ങള്‍ എന്നിവയില്‍ നിന്നും സ്വീകാര്യവും പരമ്പരകണ്ണിചേര്‍ന്നതുമായ പ്രവാചകപൈതൃക സമ്പൂര്‍ണ്ണസമാഹാരം) എന്നാണ് സ്വഹീഹുല്‍ ബുഖാരിയുടെ ശരിയായ നാമം. ആറു ലക്ഷം ഹദീസുകളില്‍നിന്നും പതിനാറ് വര്‍ഷം കൊണ്ടാണ് ഈ മഹനീയ ഗ്രന്ഥരചന പൂര്‍ത്തിയാക്കിയത്!. വിശുദ്ധഹറമില്‍ വെച്ച് ശുദ്ധിവരുത്തി രണ്ട് റക്അത്ത് നിസ്‌കരിച്ച് ഹദീസ് സ്വീകാര്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമാണ് ഓരോ ഹദീസും ഈ ഗ്രന്ഥത്തില്‍ ചേര്‍ത്തിരിക്കുന്നത്. 7397 ഹദീസുകളാണിതില്‍ ഉള്ളത്. ആവര്‍ത്തനം ഒഴിവാക്കിയാല്‍ 2602 ഹദീസുകള്‍ വരും. സ്വഹീഹുല്‍ബുഖാരിക്ക് അറബിയില്‍ തന്നെ നൂറിലേറെ വ്യാഖ്യാനങ്ങള്‍ ഉണ്ട്.

സ്വഹീഹു മുസ്‌ലിം

ഹുജ്ജുതുല്‍ ഇസ്‌ലാം മുസ്‌ലിമുബ്‌നുല്‍ ഹജ്ജാജില്‍ ഖുശൈരി ന്നയ്‌സാബൂരി(റ) ഹിജ്‌റ: 206 ല്‍ നയ്‌സാബൂരില്‍ ഭൂജാതരായി. ഹദീസ് പഠനത്തിനായി ഹിജാസ്, ഈജിപ്ത്, സിറിയ, ഇറാഖ് തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തി ലക്ഷക്കണക്കിന് ഹദീസുകള്‍ മന:പാഠമാക്കി. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. ഹിജ്‌റ 261 റജബ് 24 ഞായറാഴ്ച വൈകുന്നേരം ദിവംഗതരാവുകയും നയ്‌സാബൂറിന്റെ പ്രാന്തപ്രദേശമായ നസ്വ്‌റാബാദില്‍ തിങ്കളാഴ്ച മഹാത്മാവിനെ മറവുചെയ്യുകയും ചെയ്തു. 

‘അല്‍മുസ്‌നനദുസ്വഹീഹ്’ എന്ന പേരില്‍ ഇമാം മുസ്‌ലിം (റ) രചിച്ച ഗ്രന്ഥഗ്രന്ഥ വിശ്വവിശ്രുതമാവുകയും സ്വഹീഹുല്‍ ബുഖാരിയുടെ തൊട്ടടുത്ത സ്ഥനമലങ്കരിക്കുകയും ചെയ്യുന്നു. മൂന്ന് ലക്ഷം ഹദീസുകളില്‍ നിന്ന് തെരഞ്ഞെടുത്ത നാലായിരം ഹദീസുകള്‍ ചേര്‍ത്ത് പതിനഞ്ചു വര്‍ഷം കൊണ്ട് വിരചിതമായ മഹനീയ സമാഹാരമാണിത്. രചനാശില്‍പത്തില്‍ ഈ ഗ്രന്ഥം ബുക്കാരിയെക്കാള്‍ മുന്നിട്ട് നില്‍ക്കുന്നതായി പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പതിനഞ്ച് സുപ്രധാന വ്യാഖ്യാനങ്ങള്‍ ഈ ഗ്രന്ഥത്തിനുണ്ട്. സംഗ്രഹഗ്രന്ഥങ്ങള്‍ വേറെയും.

ഇമാം അബൂദാവൂദും  സുനനും

അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിസ്സിജിസ് താനി(റ) ഹിജ്‌റ 202ല്‍ അഫ്ഗാനിസ്ഥാന്റെ ദക്ഷിണമേഖലയിലെ സിജിസ്ഥാനില്‍ ജനിച്ചു. സിറിയ, ഈജിപ്ത്, ഹിജാസ്, ജസീറ, നൈസാബൂര്‍ എന്നിവിടങ്ങളില്‍ നിന്നും വിജ്ഞാനം നേടി. മുന്നൂറോളം ഗിരുനാഥന്മാരില്‍ നിന്നും വിദ്യ നുകര്‍ന്നു. ഇമാംഅഹ്മദുബ്‌നുഹംബലാണ് പ്രധാന ഗുരു. ഹിജ്‌റ 275 ശവ്വാല്‍ 15 വെള്ളിയാഴ്ച ബസ്‌റയില്‍ ഇമാം നിര്യാതരായി.

നിരവധി കൃതികള്‍ രചിച്ച ഇമാം അബൂദാവൂദ് (റ)ന്റെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥമാണ് ‘കിതാബുസ്സൂനന്‍’. കര്‍മ്മശാസ്ത്ര വിധികള്‍ക്കനുസൃതം ഹദീസ് സമാഹരിച്ച പ്രഥമ ഗ്രന്ഥമാണിത്. അഞ്ചുലക്ഷം ഹദീസുകളില്‍ നിന്നും തെരഞ്ഞെടുത്ത 4800 ഹദീസുകളാണ് ഈ സമാഹാരത്തിലുള്ളത്. ഇമാം നവവി(റ) പറയുന്നു. കര്‍മ്മശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ വ്യാപൃതരായവര്‍ക്ക് അബൂദാവൂദ് (റ) സുനനിനെ സംബന്ധിച്ച സമ്പൂര്‍ണ്ണജ്ഞാനം ആവശ്യമാണ്. അതിലെ ഭൂരിഭാഗം ഹദീസുകളും അവലംബനീയവും സുഗമമായി ഗ്രഹിക്കാവുന്നതും സംക്ഷിപ്തവുമാണ്. പ്രതിഭാധനരാണ് ഇതിന്റെ രചയിതാവ്. ഈ കൃതിയെ കുറ്റമറ്റതാക്കാന്‍ മഹാത്മാവ് ശ്രദ്ധചെലുത്തിയിട്ടുണ്ട്.

ഇമാം തുര്‍മുദിയും ജാമിഉം

അബൂഈസമുഹമ്മദുബ്‌നുഈസബ്‌നുസൗറത്തിര്‍മുദി(റ) ഹിജ്‌റ 209ല്‍ തിര്‍മുദില്‍ ഭൂജാതരയി, ഖുറാസാനികള്‍, ഇറാഖികള്‍, ഹിജാസികള്‍ എന്നിവരില്‍ നിന്നെല്ലാം ഹദീസ് വിജ്ഞാനം നേടി. അനിതരസാധാരണ ഓര്‍മ്മശക്തി ഉണ്ടായിരുന്നു. ഇമാം തിര്‍മുദിക്ക്. ഗുരുനാഥനായിരുന്ന ഇമാം ബുഖാരി(റ) പോലും തുര്‍മുദി (റ) ന്റെ ഹദീസുകള്‍ സ്വീകരിച്ചു! ബുഖാരി (റ) ഒരിക്കല്‍ തൗര്‍മുദി (റ)നോട് പറഞ്ഞു:- താങ്കള്‍ എന്നില്‍ നിന്നും പഠിച്ചതിലേറെ ഞാന്‍ താങ്കള്‍ മുഖേന ഫലം നേടി.

ഹിജ്‌റ 279 റജബ് 13 തിങ്കളാഴ്ച രാവ് തിര്‍മുദിലെ ബൂഗ് ഗ്രാമത്തില്‍ ആ മഹാപ്രതിഭ അന്തരിച്ചു.

ജാമിഉത്തിര്‍മുദിയാണ് മഹാത്മാവിന്റെ പ്രധാന ഗ്രന്ഥം. ധാരാളം സവിശേഷതകള്‍ കാരണം സര്‍വ്വരുടെയും ശ്രദ്ധപിടിച്ചു പറ്റിയ കൃതിയാണിത്. മനോഹരമായ ക്രോഡീകരണം, ആവര്‍ത്തനവിരസതയില്‍ നിന്ന് മുക്തം, കര്‍മ്മശാസ്ത്രജ്ഞരുടെ അഭിപ്രായവിവരണം, ഹദീസ് നിരൂപണം, തെറ്റിദ്ധാരണകളുടെ തിരുത്തുകള്‍ എല്ലാം സുന്ദരമായി ഇതില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.

ഇമാം നസാഇ

അബൂഅബ്ദിറഹ്മാന്‍ അഹ്മദുബ്‌നിശുഐബിബ്‌നിഅലി നസാഈ ഹിജ്‌റ 215ല്‍ തുറുക്കിസ്താനിലെ നസാ എന്ന സ്ഥലത്ത് ജനിച്ചു. വിജ്ഞാനം തേടി ഇറാഖ്, ഈജിപ്ത്, സിറിയ, ജസീറ തുടങ്ങിയ നിരവധി നാടുകളില്‍ സഞ്ചരിച്ചു. ഇമാം അഹ്മദുബ്‌നുഹംബല്‍(റ), ഇമാം ബുഖാരി (റ) തുടങ്ങിയ മഹാഗുരുനാഥന്മാരുടെ പ്രതിഭാധനരായ ശിഷ്യനാണ് നസാഈ. ഇമാം ത്വബറാനി, ഇമാത്വഹാവി, ഇബ്‌നുസ്സുന്നീ തുടങ്ങി മഹാരഥന്മാരായ അനവധി ശിഷ്യന്മാര്‍ ഇമാംനസാഇക്കുണ്ട്. മഹാഭക്തരും ശാഫിപണ്ഡിതരുമായ അമാംനസാഈ ഹിജ്‌റ 303 സ്വഫര്‍ 13 തിങ്കളാഴ്ച ഫലസ്തീനിലെ റംലയില്‍ ദിവംഗതരായി.

ഇമാംനസാഈ രചിച്ച അസ്സുനനുസ്വുഗ്‌റാ അഥവാ ‘അല്‍മുജ്തബാ’ എന്ന ഗ്രന്ഥമാണ് ആറ് പ്രാമാണിക ഗ്രന്ഥങ്ങളിലൊന്നായി ഗണിക്കപ്പെടുന്നത്. ഇമാം മുസ്‌ലിം (റ)വിനേക്കാള്‍ കണിശമായ നിബന്ധനകളാണ് ഹദീസ് സ്വീകരിക്കുന്നതില്‍ നസാഇക്കുള്ളതെന്ന് പലപണ്ഡിതരും രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം സുയൂഫി(റ)വും ഇമാം സിന്തിയും ഇതിന് വ്യാഖ്യാനങ്ങള്‍ എഴുതിയിട്ടുണ്ട്.

ഇബ്‌നുമാജ

അബൂഅബ്ദില്ല മുഹമ്മദുബ്‌നു യസീദിബ്‌നിമാജതല്‍ഖസ്വീനി (റ) ഹിജ്‌റ 209ല്‍ ഖസ് വീനില്‍ ജനിച്ചു. ഹദീസ് സമാഹരണാര്‍ത്ഥം പലരാജ്യങ്ങളിലും പര്യടനം നടത്തി. ഹിജ്‌റ 273 റമളാന്‍ 21ന് തിങ്കളാഴ്ച മഹാനവര്‍കള്‍ അന്തരിച്ചു.

ഇബ്‌നുമാജ(റ)വിന്റെ ‘സുനന്‍’ ഒരു അമൂല്യ ഗ്രന്ഥമത്രെ. പഞ്ചകൃതികളിലില്ലാത്ത 1339 ഹദീസുകള്‍ ഇതില്‍ സമാഹരിക്കപ്പെട്ടു. 1500 അദ്ധ്യായങ്ങളില്‍ 4341 ഹദീസുകള്‍ ഇതിലുണ്ട്.

പ്രവാചകരുടെ തീവ്രവാദനിലപാട്

തീവ്രവാദം, ഭീകരവാദം, മതമൗലികവാദം തുടങ്ങിയ പദാവലികളാണ് വാര്‍ത്താമാധ്യമങ്ങളുടെ ഇഷ്ടവിഭവങ്ങള്‍! ഇതുവരെ കൃത്യമായി നിര്‍വ്വചിക്കപ്പെടാത്ത സാങ്കേതിക ശബ്ദങ്ങള്‍! ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെട്ട വാക്കുകള്‍!

‘ഞാന്‍ കാരുണ്യഉപഹാരമാണെന്ന്’ പ്രഖ്യാപിച്ച  നബി(സ) സര്‍വ്വ അനീതിക്കും അക്രമത്തിനും അരുതി വരുത്തിയ സര്‍വ്വലോക അനുഗ്രഹം തന്നെയാണ്. “ഭൂമിയിലുള്ളവരോട് കരുണ കാണിക്കൂ ആകാശത്തിലുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും”. “അല്ലാഹു കനിവുള്ളവനാകുന്നു. എല്ലാ കാര്യത്തിലും അവന്‍ കനിവിനെ ഇഷ്ടപ്പെടുന്നു”. ഇവയാണ് തിരുമേനി(സ)യുടെ മുദ്രാവാക്യങ്ങള്‍. 

മിതത്വമാണ് സന്തുലിതസമുദായത്തിന്റെ നായകരായ പ്രവാചക(സ) മുഖമുദ്ര. അറബിഭാഷയില്‍ ‘മധ്യത്തില്‍ നിന്നകന്ന് അറ്റത്ത് നില്‍ക്കുക’യെന്നാണ് തീവ്രതയെന്ന് മൊഴിമാറ്റം നടത്തുന്ന ‘തത്വര്‍റുഫി’ന്റെ അര്‍ത്ഥം. ഏറ്റവും അപകടമേറിയതും നാശസാധ്യതയുള്ളതുമാണ് തീവ്രവാദമെന്ന് അതിന്റെ ഭാഷാര്‍ത്ഥത്തില്‍ നിന്നു തന്നെ വ്യക്തമാവും.

നബി (സ) പറഞ്ഞു “നിങ്ങള്‍ മതത്തില്‍ അതിരു കവിയുന്നതു കരുതിയിരിക്കുക. അതാണ് പൂര്‍വ്വികരെ നശിപ്പിച്ചത് ”. (അഹ്മദ്, നസാഈ) കാര്‍ക്കശ്യം പുലര്‍ത്തുന്നവന്‍ നശിക്കട്ടെ! അവിടന്ന് മൂന്ന് തവണ അതാവര്‍ത്തിച്ചു. (മുസ്‌ലിം)

‘ദീന്‍ ലളിതമാണ്’ അതിനാല്‍ മിത ത്വം പാലിക്കുക. കഴിയും പ്രകാരം അനുഷ്ടിക്കുക. സംതൃപ്തരാവുക (ബുഖാരി).

“രാഷ്ട്രീയ ലക്ഷ്യം നേടിയെടുക്കുന്നതിനുവേണ്ടി ഭരണകൂടത്തിനോ, പൊതുജനത്തിനോ, വ്യക്തികള്‍ക്കോ എതിരില്‍ ഭീഷണിയുടെയോ അപ്രതീക്ഷിത ഹിംസയുടെയോ ആസൂത്രിതമായ ഉപയോഗപ്പെടുത്തല്‍”എന്നാണ് എന്‍സൈക്ലോപീഡിയാ ഓഫ് വേള്‍ഡ് ടററിസത്തില്‍ ഭീകരവാദത്തെ നിര്‍വ്വചിച്ചിരിക്കുന്നത്. ബന്ദിയാക്കല്‍, ബോംബ് സ്‌ഫോടനം, വിമാനറാഞ്ചല്‍, അട്ടിമറി, കൊലപാതകം, ഗറില്ലാആക്രമണം, പീഡിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പൊതുവേ ഭീകരപ്രവര്‍ത്തനങ്ങളായി ഗണിക്കപ്പെടുന്നതെന്ന് ഉദ്യത ഗ്രന്ഥത്തില്‍ പ്രസ്താവിക്കുന്നു. എന്നാല്‍ ഇത് കൃത്യവും സര്‍വ്വാംഗീകൃതവുമായ ഒരു നിര്‍വ്വചനവോ വിവരണമോ ഭീകരവാദത്തിന് നല്‍കുന്നില്ലെന്ന് വ്യക്തം.

പ്രവാചകന്‍ (സ) വിളംബരം ചെയ്തു. ‘സൃഷ്ടികളെല്ലാം സൃഷ്ടാവിന്റെ കുടുംബമാണ്. അതിനാല്‍ അവന് ഏറെ പ്രിയങ്കരന്‍ തന്റെ കുടുംബത്തിന് ഏറ്റവും പ്രയോജനപ്പെടുന്നവരത്രെ’ (ബസ്സാര്‍)  

നന്മചെയ്യുന്നവരോട് പകരം നന്മചെയ്യാനും തിന്മ ചെയ്യുന്നവരോട് അക്രമം കാട്ടാതിരിക്കാനും മനസ്സിനെ ശീലിപ്പിക്കുക. (തുര്‍മുദി)

ഒരാള്‍ തന്റെ സഹോദരന് നേരെ ആയുധം ചൂണ്ടിയാല്‍ രണ്ട് പേരും നരകത്തിന്റെ വിളുമ്പിലായിരിക്കും. അയാളെ കൊന്നാല്‍ രണ്ട്‌പേരും അതിലേക്ക് വീഴുന്നു.

“ശത്രുവുമായുള്ള സംഘട്ടനത്തില്‍ നിന്ന് രക്ഷ നേടുക” (ബുഖാരി). എനിക്ക് ശേഷം നിങ്ങള്‍ അന്യോന്യം കഴുത്തറത്ത് അവിശ്വാസികളായി മാറരുത് (ബുഖാരി)

‘ഏതൊരാള്‍ അമുസ്‌ലിം പൗരനെ അപായപ്പെടുത്തുന്നുവോ അവന്‍ സ്വര്‍ഗത്തിന്റെ ഗന്ധം പോലും അനുവദിക്കുകയില്ല’.

സനദും പ്രസക്തിയും

വാര്‍ത്തകള്‍ നിരൂപണം ചെയ്യുന്നതിനുള്ള അമൂല്യമായ നിയമങ്ങള്‍ ആഗോളചരിത്രത്തില്‍ തന്നെ പ്രഥമമായി ആവിഷ്‌കരിച്ചതും നടപ്പിലാക്കിയതും മുസ്‌ലിം പണ്ഡിത പ്രതിഭാശാലികളാണ്.

പ്രവാചകജീവിതം പൂര്‍ണ്ണസത്യസന്ധതയോടെ തലമുറകള്‍ക്ക് പകരുന്നതിനായിരുന്നു ഇത്. വ്യാജന്മാര്‍ ഇസ്‌ലാമിക സംസ്‌കൃതിയില്‍ കളങ്കം ചേര്‍ക്കാന്‍ തുനിഞ്ഞ പശ്ചാത്തലത്തിലാണ് ശക്തമായ ഹദീസ് നിരൂപണ സരണി രൂപം കൊണ്ടത്.

ഇബ്‌നുസീരീന്‍ (റ) പ്രസ്താവിച്ചു. പൂര്‍വ്വസൂരികള്‍ നിവേദകരെ സംബന്ധിച്ച് ആരാഞ്ഞിരുന്നില്ല. ഫിത്വന തുടങ്ങിയപ്പോള്‍ അവര്‍ പറഞ്ഞു തുടങ്ങി. നിങ്ങളുടെ നിവേദകരുടെ പേരെടുത്ത് പറയൂ. അവര്‍ സുന്നത്തിന്റെ വക്താക്കളാണെങ്കില്‍ അവരുടെ ഹദീസ് സ്വീകരിക്കപ്പെടും, ബിദ്അത്തിന്റെ വാഹകരാണെങ്കില്‍ ഹദീസ് നിരാകരിക്കപ്പെടുകയും ചെയ്യും.

ഇബ്‌നുല്‍ മുബാറക് (റ) പറയുന്നു. “നിവേദകരെ പ്രസ്താവിക്കല്‍ ദീനിന്റെ ഭാഗമത്രെ. നിവേദകശൃഖലയില്ലെങ്കില്‍ ആര്‍ക്കും എന്തും പറയാമായിരുന്നേനെ നമുക്കും ജനങ്ങള്‍ക്കും മദ്ധ്യേ ഉയര്‍ന്ന തൂണുകളത്രെ നിവേദക പരമ്പര’.

നിവേദകരുടെ ചരിത്രം, നിവേദകനിരൂപണം തുടങ്ങിയ വിജ്ഞാനശാഖകള്‍ തന്നെയുണ്ടായി. പ്രശസ്ത ജര്‍മ്മന്‍ പണ്ഡിതനായ ഡോ. സ്പ്രിംജര്‍ എഴുതി. ‘വ്യക്തികളുടെ ജീവചരിത്രം ഇങ്ങനെ നിര്‍മ്മിച്ച മറ്റൊരു ജനതയും മുസ്‌ലിങ്ങളെപോലെ കഴിഞ്ഞുപോയിട്ടില്ല. പ്രസ്തുത വിജ്ഞാനശാഖ മുഖേന ചുരുങ്ങിയത് അഞ്ചുലക്ഷം പേരുടെ സ്ഥതിഗതികള്‍ നമുക്കിന്ന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്         (ഉദാഹരണം :- മൗലാനശിബ്ലിസീറത്തുന്നബിവാ! പേജ് 39)

ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിന്റെ ഒുെക്കം വരെ, സ്വതന്ത്രമായ നേരിട്ടുള്ള നിവേദകശൃഖല ഓരോ പണ്ഡിതനുമുണ്ടായിരുന്നു. ഹിജ്‌റ ആറാം നൂറ്റാണ്ടു മുതല്‍ നിവേദകപരമ്പരയുള്ള ഗ്രന്ഥങ്ങളെ ആശ്രയിക്കാന്‍ തുടങ്ങി. ഇബ്‌നുകസീര്‍: ഇമാം അഹ്മദ്(റ)ന്റെ മുസ്‌നദില്‍ നിന്നും ഉദ്ധരിക്കുന്നത് ഇതിനൊരുദാഹരണമാണ്.

ഒരു ഹദീസ് നിരൂപകന്, നിവേദകന് തെറ്റിദ്ധാരണ പിശക്, അസംബന്ധം തുടങ്ങിയവ സംഭവിച്ചില്ലെന്ന് ബോധ്യമാകുന്നതിന് മൂന്ന് നിരീക്ഷണങ്ങളുണ്ട്. 

1.ഹദീസ് നിവേദകന്റെ ജീവിതശുദ്ധിയും സത്യസന്ധതയും

2.ഓരോ നിവേദകനും തൊട്ട് മുകളിലുള്ള നിവേദകന്റെ നാമം കൃത്യമായും വ്യക്തമായും പ്രസ്താവിക്കല്‍

3.ഹദീസ് നിവേദകരില്‍ നിശ്ചിത ഹദീസ് റിപ്പോര്‍ട്ടിന്റെ വസ്തുതയ്‌ക്കോ അതിന്റെ പ്രായോഗിക രൂപത്തിനോ വിരുദ്ധമാവാതിരിക്കണം.

പൂര്‍വ്വസൂരികളായ ഹദീസ് പണ്ഡിതന്മാര്‍ ഓരോ ഹദീസിനും പ്രത്യേകവും സൂക്ഷ്മവുമായ നിരൂപണമാണ് നടത്തിയത്. ഗണിതശാസ്ത്രീയ റിപോലെ ഹദീസ് നിരൂപണത്തിന് നിശ്ചിതഫോര്‍മുലകളില്ല. എന്നാല്‍ ആധുനികരായ പണ്ഡിതര്‍ക്ക് ഭീമാബന്ധങ്ങള്‍ സംഭവിച്ചു. നിവേദകരുടെ വിശുദ്ധിയെ ആധാരമാക്കി മാത്രം പല ഹദീസുകളും സ്വീകാര്യമായി പ്രഖ്യാപിച്ചതാണ് കാരണം. എന്നാല്‍ ഇമാംബുഖാരിയെ (റ)പോലുള്ള പ്രതിഭാശാലികള്‍ വിശ്വസ്തരായ നിവേദകരുടെ പല ഹദീസുകളും തള്ളിക്കളഞ്ഞു.! ദുര്‍ബലരായ റിപ്പോര്‍ട്ടര്‍മാരുടെ പലഹദീസുകളും സ്വീകരിച്ചു. ഹദീസ് നിരൂപണശാസ്ത്രത്തിന്റെ ആഴവും പരപ്പുമാണ് ഇത് സൂചിപ്പിക്കുന്നത്. 

വാര്‍ത്താമാധ്യമങ്ങളിലൂടെ ലഭ്യമാവുന്ന റിപ്പോര്‍ട്ടുകളെ നിരൂപണം ചെയ്യുന്ന പ്രബുദ്ധനായ ഒരു നിരീക്ഷകന്റെ കാര്യമെടുക്കാം. അയാള്‍ ചില വാര്‍ത്തകള്‍ ശരിയാണെന്നും അംഗീകരിക്കുന്നു. മറ്റു പലതും തെറ്റാണെന്ന് വെളിപ്പെടുത്തുന്നു. ഇനിയും ചില വാര്‍ത്തകളുടെ നിജസ്ഥിതി വ്യക്തമല്ലെന്നും വിലയിരുത്തുന്നു.

എന്തായിരിക്കും ഈ നിരൂപണത്തിന്റെ മാനദണ്ഡം? നിരീക്ഷകന് നേരിട്ടോ, മറ്റുസാഹചര്യങ്ങളിലൂടെയോ ബോധ്യപ്പെട്ട യാഥാര്‍ത്ഥ്യവുമായി വാര്‍ത്താനേര്‍രേഖയില്‍ വരുമ്പോള്‍ ആ റിപ്പോര്‍ട്ട് ശരിയാണെന്നയാള്‍ക്ക് തീര്‍പ്പായി. വാര്‍ത്ത തനിക്കറിയാവുന്ന വസ്തുതക്ക് വിരുദ്ധമായി വരുമ്പോള്‍ അത് തെറ്റാണെന്ന് നിരീക്ഷകന് തിരിച്ചറിയുന്നു. ഇനി സാഹചര്യമോ വസ്തുതയോ അറിയാത്ത ഒരു വാര്‍ത്ത ഒറ്റപ്പെട്ടു വന്നാല്‍ സത്യാസത്യങ്ങള്‍ തിരിച്ചറിയാതെ വരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ വാര്‍ത്താലേഖകന്റെ സ്ഥിതിഗതി പരിഗണിച്ച് വാര്‍ത്തയുടെ യാഥാര്‍ത്ഥ്യം വിലയിരുത്തുന്നു.

പ്രഥമമായി ഒരു പഠിതാവ് വ്യത്യസ്ത ഗുരുനാഥന്മാരില്‍ നിന്നും ഹദീസുകള്‍ സമാഹരിക്കുന്നു. തുടര്‍ന്ന് ശേഖരിച്ച ഹദീസുകള്‍ താരതമ്യപഠനത്തിന് വിധേയമാകുന്നു. അതിനിടയില്‍ എവിടെയെല്ലാം തെറ്റുകള്‍ വന്നിട്ടുണ്ടെന്ന് കണ്ടെത്തുന്നു. നിരവധി അനുഭവങ്ങളിലൂടെ ഹദീസ് നിവേദകരുടെ ബലാബലവും കൃത്യതയും എല്ലാം അടങ്ങുന്ന വ്യക്തിചിത്രം തെളിയുന്നു. അന്തിമമായി കതിരും പതിരും വേര്‍തിരിച്ച് ഹദീസ് പാഠങ്ങള്‍ തെറ്റില്ലാതെ നിരത്തുന്നു. ഇതാണ് ഹദീസ് ശാസ്ത്രങ്ങളുടെ സംക്ഷിപ്ത ചിത്രം.

നിവേദക ശൃഖലയാണല്ലോ സനദ്. ഇമാംബുഖാരി(റ) നിരവധി റിപ്പോര്‍ട്ടര്‍ന്മാരില്‍ നിന്നും ദൃക്‌സാക്ഷി നിവേദകനെ തെരഞ്ഞെടുത്ത് പ്രാമുഖ്യം നല്‍കി റിപ്പോര്‍ട്ട് ചെയ്യും. സൂറത്തുല്‍ ജുമുഅ അവതരണ പശ്ചാത്തല വിവരണത്തിന് ജംബിറുബ്‌നുഅബ്ദില്ല (റ), സൂറത്തുത്തഹ്‌രീം അവതരണം പശ്ചാത്തലത്തിന് ആഇശ(റ) എന്നിവ ഉദാഹരണം. ദൃശ്യാ, ശ്രാവ്യ, സ്പര്‍ശനേന്ദ്രിയങ്ങള്‍ സാക്ഷിയാവുന്ന ദൃക്‌സാക്ഷിയുടെ റിപ്പോര്‍ട്ട് കൂടുതല്‍ വിശ്വാസ്യയോഗ്യവും പ്രബലവുമാകുമല്ലോ. ആധുനിക ചരിത്രരചനയിലും മറ്റും വന്‍ പ്രാധാന്യമുള്ളത് ദൃക്‌സാക്ഷിവിവരണത്തിനാണെന്നത് പ്രസ്താവ്യമത്രെ.

ഇമാം മുസ്‌ലിം(റ) സ്വഹീഹില്‍ ഓരോ അദ്ധ്യായത്തിലും ഹദീസുകളുടെ ഗ്രേഡുനോക്കിയാണ് ക്രമീകരിക്കുന്നത്. ഏറ്റവും വിശ്വാസയോഗ്യരും കൃത്യതയുമുള്ള നിവേദകരുടെ ഹദീസുകള്‍ക്ക് മുന്‍ഗണന നല്‍കും. ചിലപ്പോള്‍ വിശ്രുതമായ ഹദീസുകള്‍ക്ക് പ്രാമുഖ്യം കല്‍പിക്കും. ഉയര്‍ന്ന ശ്രേണിയിലുള്ള ഹദീസുകള്‍ക്ക് പ്രഥമസ്ഥാനം നല്‍കും. ചില സന്ദര്‍ഭങ്ങളില്‍ ഒരു നാട്ടുകാര്‍ മാത്രം, അല്ലെങ്കില്‍ ഒരു ഗോത്രക്കാര്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത ശൃഖലയായി വന്ന ഹദീസുകള്‍ക്ക് ഒന്നാം സ്ഥാനം നല്‍കും. ഇതെല്ലാം സനദ്കളെ സംബന്ധിച്ച അഗാധമായ പരിജ്ഞാനത്തിലേക്കും അതിന്റെ പ്രസക്തിയിലേക്കും പഠിതാവിന്റെ ശ്രദ്ധ തിരിച്ചു വിടുന്നു.

ഖുര്‍ ആന്‍ വ്യാഖ്യാനവും ഹദീസും

ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ സുപ്രധാന സ്രോതസ്സാണ് ഹദീസ്. അല്ലാഹുതആല മുത്ത്‌നബി(സ) തങ്ങളെ അഭിസംബോധന ചെയ്ത് പറയുന്നു. : ഈ ഉദ്‌ബോധന ഗ്രന്ഥം താങ്കള്‍ക്ക് നാം നല്‍കി ജനങ്ങള്‍ക്കവതരിച്ചത് താങ്കള്‍ അവര്‍ക്ക് വിവരിച്ച് കൊടുക്കുവാനും അവര്‍ ചിന്തിക്കുവാനും വേണ്ടി(16:44) പ്രവാചകരുടെ ദൗത്യങ്ങള്‍ ഖുര്‍ ആന്‍ വിവരിക്കുന്നു. തങ്ങളില്‍ നിന്ന് തന്നെ അവര്‍ക്ക് ഒരു പ്രവാചകനെ നിയോഗിച്ചയക്കുക വഴി അല്ലാഹു വിശ്വാസികള്‍ക്ക് മഹത്തായ ഔദാര്യം ചെയ്തിരിക്കുന്നു. പ്രവാചകന്‍ അവര്‍ക്ക് അല്ലാഹുവിന്റെ സൂക്തങ്ങള്‍ ഓതികൊടുക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് ഖുര്‍ആന്‍ വിവരിച്ച് പഠപ്പിക്കുകയും തത്വജ്ഞാനം നല്‍കുകയും ചെയ്യുന്നു. അതിന് മുമ്പാകട്ടെ ഈ ജനം സ്പഷ്ടമായ ദുര്‍മാര്‍ഗത്തിലായിരുന്നു (3:164)

വിശുദ്ധ ഖുര്‍ആന്റെ പ്രായോഗിക രൂപമായിരുന്നു പ്രവാചകരുടെ ജീവിതം. സ്വഹാബികള്‍ ഖുര്‍ആന്‍ ശ്രവിച്ചു. നിസ്‌ക്കരിക്കണമെന്ന ഖുര്‍ആന്‍ സന്ദേശം അവര്‍ കേട്ടു. റുകൂഉംസു ജൂദും ചെയ്ത് പ്രവാചകരുടെ കൂടെ നിസ്‌കരിച്ചപ്പോഴാണ് സ്വഹാബികള്‍ക്ക് നിസ്‌കാരമെന്തെന്ന് തിരിച്ചറിഞ്ഞത്. അവര്‍ പറഞ്ഞു. ‘നിസ്‌കരിക്കുമ്പോള്‍ പ്രവാചകരുടെ അന്തരാളത്തില്‍ നെരിപ്പോട് പുകയും പോലൊരു തേങ്ങലുണ്ടായിരുന്നു’.

നിസ്‌ക്കാരം വിശ്വാസിയുടെ പ്രിയങ്കരമായ കൃത്യമാണെന്ന് ഖുര്‍ആനിലൂടെ സ്വഹാബികള്‍ കേട്ടിരുന്നു. നിസ്‌ക്കാരത്തില്‍ എനിക്ക് കണ്‍കുളിര്‍മ്മ നല്‍കപ്പെട്ടിരിക്കുന്നു. ‘ബിലാലേ .. നിസ്‌ക്കാരത്തിനാഹ്വാനം ചെയ്യൂ. ഞങ്ങള്‍ക്ക് അത് വഴി ആശ്വാസം പകരൂ’ എന്നീ തിരുമൊഴിയനുഭവങ്ങളിലൂടെയാണ് സ്വഹാബികള്‍ നിസ്‌കാരത്തിന്റെ മാധുര്യം അനുഭവിച്ചത്. 

എല്ലാ ആരാധനാകര്‍മ്മങ്ങളുടെയും സമ്പൂര്‍ണ്ണപ്രായോഗികരൂപം സ്വഹാബികള്‍ നബിതിരുമേനി (സ)യുടെ ജീവിത ചലനങ്ങളിലൂടെയാണ് അനുഭവിച്ചറിഞ്ഞത്. അറബിസാഹിത്യകാരന്മാരായ പ്രവാചശിഷ്യര്‍ പോലും വിശുദ്ധ ഖുര്‍ആന്റെ ശരിയായ അര്‍ത്ഥതലം ഗ്രഹിക്കാന്‍ പ്രവാചകരെയാണ് ആശ്രയിച്ചിരിക്കുന്നത്. അറബിശബ്ദങ്ങള്‍ക്ക് നിരവധി അര്‍ത്ഥങ്ങളുണ്ടെന്നാണ് കാരണം. ഖുര്‍ആന്റെ ഒരു പ്രത്യേക വാക്കിന് പലരും പല അര്‍ത്ഥമാണ് കല്‍പിക്കുക. അപ്പോള്‍ ഖുര്‍ആന്‍ വ്യാഖ്യാനം പലരൂപത്തിലാകും. ഇത് സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണ് നബി(സ) സ്വഹാബത്തിനെ ഖുര്‍ആന്‍ വ്യാഖ്യാനം അദ്ധ്യയങ്ങള്‍ ഇതിന്റെ നേര്‍സാക്ഷ്യങ്ങളത്രെ.

ഇമാം ശാഫിഇ (റ) പ്രസ്താവിക്കുന്നു. “അല്ലാഹു ഖുര്‍ആനില്‍ സൃഷ്ടികള്‍ക്കുള്ള നിയമങ്ങള്‍ നിയമങ്ങള്‍ വിവരിക്കുന്നത് പല രീതികളിലാണ്. ഖുര്‍ ആന്റെ സ്പഷ്ടമായ വിവരണമാണ് ഒന്ന്. നിസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവ മനുഷ്യബാധ്യതയാണെന്ന വിധി ഉദാഹരണം. ചിലത്, ബാധ്യതയാണെന്ന് ഖുര്‍ ആന്‍ തീര്‍പ്പ് നല്‍കുകയും അവയുടെ നിര്‍വ്വഹണ രീതിയും സമയവും ക്രമവുമെല്ലാം നബി(സ)യുടെ ഹദീസിലൂടെ വിവരിച്ചു നല്‍കുന്നു. നിസ്‌കാര റക്അത്തുകളുടെ എണ്ണം, സകാത്തിന്റെ തുക, സമയങ്ങള്‍ നിര്‍വ്വാഹണ രീതികള്‍ ഉദാഹരണം. മറ്റുചില കര്‍മ്മങ്ങള്‍ ഖുര്‍ആനില്‍ വ്യക്തമായി വിധിപറയാത്തവയാണ് നബി (സ)യെ സമ്പൂര്‍ണ്ണമായി അനുസരിക്കാനും നബിയുടെ വിധിതീര്‍പ്പുകള്‍ സര്‍വ്വാത്മനാ അംഗീകരിക്കാനും അല്ലാഹു ഖുര്‍ആനില്‍ നിര്‍ബന്ധമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടല്ലോ. ഈ വകകാര്യങ്ങള്‍ നബി(സ)യില്‍ നിന്നും സ്വീകരിക്കുന്നത് മുഖേന അല്ലാഹുവിന്റെ നിര്‍ബന്ധ വിധി തന്നെയാണ് ഒരാള്‍ സ്വീകരിക്കുന്നത് ”. 

റഫറന്‍സ്

1.അസ്സുന്നത്തുവകാനതുഹാഫിത്തശ്രി ഇല്‍ഇസ്‌ലാമി    :      ഡോ. മുസ്തഫസ്സബാഈ

2.ഉലൂമുല്‍ഹദീസ്, നഇറാത്തുന്‍ജദീദ:    :      ഡോ. ഹംസ അബ്ദുല്ല അല്‍ മലയ്ബാരി

3.മജല്ലത്തുറാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമി

4.മുഖദ്ദിമ:    ഇബ്‌നുഖല്‍ദൂല്‍

5.അദ്ദീന്‍ വല്‍ഉലുമുല്‍അഖ്‌ലിയ്യ: :അബ്ദുല്‍ബാരിനദ്‌വി

6.ഭീകരവാദവും ഇസ്‌ലാമും    :      മുഫ്തിമുഹമ്മദ് മുശ്താഖ്

7.മതതീവ്രവാദം     :      ഡോ. ഖര്‍ദാവി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter