26 February 2020
19 Rajab 1437

പ്രവാചകപ്പിറവി നല്‍കുന്ന പാഠം

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി‍‍

12 October, 2011

+ -

ഒരു ജന്മത്തിന്റെ ഓര്‍മയിലാണല്ലോ റബീഉല്‍ അവ്വലിലൂടെ നാം അയവിറക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലൊരു മാസത്തിലെ പന്ത്രണ്ടിനായിരുന്നു പരിശുദ്ധ പ്രവാചകന്‍ ഭൂജാതനായത്. ഇത്തരം അവസരങ്ങളെ ക്രിയാത്മകമായി എങ്ങനെ കൊണ്ടാടാം എന്നതിലേക്കായിരിക്കണം ഇത്തരുണത്തില്‍ നമ്മുടെ ശ്രദ്ധ പ്രഥമവും പ്രധാനവുമായി പതിയേണ്ടത്. മൗലിദ് പാരായണമാണ് റബീഉല്‍ അവ്വലില്‍ നാം അനുഷ്ഠിച്ചുവരുന്ന ഒരു സവിശേഷ കര്‍മം. ഒരു കാലത്ത് പ്രവാചക പ്രകീര്‍ത്തനത്തെ പറ്റേ തള്ളിക്കളഞ്ഞിരുന്നവര്‍ പോലും ഇന്ന് വ്യത്യസ്തവും ആകര്‍ഷകവുമായ രൂപത്തിലും ഭാവത്തിലും അവിടത്തെ സ്തുതിക്കാനും പുകഴ്ത്താനും മുന്നോട്ടുവരുന്നുണ്ട്. അതോടൊപ്പം നമ്മുടെ മഹിതമായ പാരമ്പര്യത്തിന്റെ കൂടി അംശമായ മൗലിദുകള്‍ ഒരിക്കലും വിസ്മരിക്കപ്പെടരുത്. നാട്ടിലെ കാരണവര്‍ക്ക് മാത്രമല്ല, പെണ്ണുങ്ങള്‍ക്കും കുട്ടികള്‍ക്കുമടക്കം മൗലിദിന്റെ ഈരടികള്‍ മനസ്സില്‍ നിന്ന് ചൊല്ലാന്‍ കഴിഞ്ഞിരുന്നു ഇത്രയും കാലം. ഇതെല്ലാം ഓര്‍മകളായി മാത്രം അവശേഷിക്കുമോ എന്നതായിരിക്കും വരും കാലങ്ങളില്‍ നമ്മെ അലട്ടിക്കൊണ്ടിരിക്കുക.പ്രവാചകരെ കുറിച്ചുള്ള യഥാര്‍ത്ഥവും ആധികാരികവുമായ അവബോധം സൃഷ്ടിക്കാനും റബീഅ് നമുക്ക് വേദിയാക്കാം. എഴുത്ത്, പ്രസംഗം, പ്രകീര്‍ത്തനം തുടങ്ങി നിരവധി ജ്ഞാന പ്രസരണ പ്രക്രിയകളിലൂടെ ഇത് നടപ്പാക്കാവുന്നതാണ്. അന്യൂനത, സമഗ്രത എന്നിവയാണ് പ്രവാചക ജീവിതത്തിന് ഏറ്റവും കൂടുതല്‍ യശസ്സ് പകര്‍ന്ന രണ്ടു ഘടകങ്ങള്‍. പേരിനൊരു കളങ്കം പോലും അവിടത്തെ വ്യക്തി- സാമൂഹിക ജീവിതങ്ങളെ ബാധിക്കുകയുണ്ടായില്ല. റോമിലെ കൊട്ടാരത്തില്‍ ചെന്ന് അബൂ സുഫ്‌യാന്‍ നടത്തിയ പ്രസ്താവന ഇവിടെ സ്മര്യമാണ്. അധാര്‍മിക പ്രവണതകളുടെ അരങ്ങുവേദിയായിരുന്ന മക്കാനിവാസികള്‍ക്കിടയില്‍ വളരേണ്ടി വന്നിട്ടുപോലും മുഹമ്മദ് നബിയില്‍ യാതൊരു ന്യൂനത പോലും തങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല എന്നാണ് ഹിര്‍ഖല്‍ ചക്രവര്‍ത്തിയോട് അബൂസുഫ്‌യാന്‍ പറഞ്ഞത്.കണക്കറ്റ പണ്ഡിതന്മാരും നിരൂപകന്മാരും പ്രവാചക ജീവിതത്തെ പഠനവിധേയമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഭൂരിഭാഗവും അവിടത്തെ നന്മകള്‍ ഉള്‍ക്കൊള്ളാനാണ് ശ്രമിച്ചതെങ്കിലും ഓറിയന്റലിസ്റ്റുകള്‍ എന്നും ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും അവരതില്‍ വിജയിച്ചിട്ടില്ല. ചിലര്‍ അവിടത്തോടുള്ള ശത്രുതാമനോഭാവം ഇസ്‌ലാമിലേക്ക് കടന്നുവരാനും ധൃഷ്ടരായി. പ്രവാചക ജീവിതത്തെ ആമൂലാഗ്രം ചൂഴന്നുനില്‍ക്കുന്ന രണ്ടാം പ്രത്യേകതയാണ് സമഗ്രത. അഥവാ, മാനുഷിക ഗുണങ്ങളെന്നു വിശേഷിപ്പിക്കാവുന്ന ഒന്നുപോലും അവിടത്തെ സ്പര്‍ശിക്കാതെ പോയില്ല. ഒരാളുടെ ജീവിതം ഏതെല്ലാം മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും പരന്നൊഴുകുകയും ചെയ്യുമോ അവയിലെല്ലാം അനുപമമായ മാതൃക പ്രവാചകന്‍ വരച്ചുകാണിച്ചു. നേതാവ്, യോദ്ധാവ്, അധ്യാപകന്‍, വിദ്യാര്‍ത്ഥി, ചക്രവര്‍ത്തി, കുടുംബനാഥന്‍, പണ്ഡിതന്‍ തുടങ്ങിയ നാനാമണ്ഡലങ്ങളിലെല്ലാം അനുവാചകരെ സ്തബ്ധരാക്കുംവിധം ആ ജീവിതം മികച്ചുനിന്നു.പ്രവാചകരെ ഇതര മതാനുയായികള്‍ക്ക് പരിചയപ്പെടുത്താനും കൂടിയുള്ളതാവണം ഇത്തവണത്തെ റബീഅ്. മുഹമ്മദ് നബി ഒരിക്കലും മുസ്‌ലിംകളുടെ മാത്രം പ്രവാചകല്ല. ഒരു വിഭാഗത്തിന്റെ മാത്രം നേതാവും ആലംബവുമല്ല. മാലോകര്‍ക്കു തന്നെ അനുഗ്രഹമാണ് അവിടന്ന്. അങ്ങനെയാണല്ലോ ഖുര്‍ആന്‍ നബിയെ വിശേഷിപ്പിച്ചത്. 'സര്‍വലോകങ്ങള്‍ക്കും അനുഗ്രഹമായിട്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല.' (വിശുദ്ധ ഖുര്‍ആന്‍) മാനവികതയുടെ ഏറ്റവും വലിയ വക്താവും പ്രയോക്താവും പ്രോക്താവുമായിരുന്നു തിരുമേനി. ഇസ്‌ലാം തെറ്റുധാരണകള്‍ക്കു വിധേയമാവുന്ന സമകാലിക സാഹചര്യത്തില്‍ പ്രവാചകരുടെ സ്‌നേഹോഷ്മള സന്ദേശം പ്രചരിപ്പിക്കുന്നതു തന്നെയല്ലേ നമ്മുടെ ഏറ്റവും വലിയ നബിദിനാഘോഷം?ഉപര്യുക്ത കര്‍മപരിപാടികളില്‍ ഒന്നുപോലും വിട്ടുപോവാതിരിക്കാന്‍ നാം പ്രത്യേകം ശ്രദ്ധിക്കണം. പലപ്പോഴും ചില വിഷയങ്ങളിലുള്ള അമിത ശ്രദ്ധ മറ്റു ചിലതിനെ കുറിച്ച് നമ്മെ അശ്രദ്ധരാക്കാറുള്ളതാണല്ലോ. ഇതിലൂടെ എത്രയോ കാലമായി ആരുടെ ജന്മദിനമാണോ നാം കൊണ്ടാടുന്നത്; അവരെ കുറിച്ചുള്ള വ്യക്തമായ ചിത്രം നമ്മുടെ മനസ്സില്‍ തന്നെ കൊത്തിവെക്കാനും മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാനും നമുക്ക് സുസാധിതമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത്രയും കാലം പാടിപ്പുകഴ്ത്തുകയും അപദാനവൃഷ്ടി നടത്തുകയും ചെയ്തിട്ടും ആരാണ് പ്രവാചകന്‍ എന്ന ചോദ്യത്തിന് കൃത്യവും സമഗ്രവുമായ മറുപടി പറയാന്‍ കഴിയാത്തവരായി നാം മാറരുതല്ലോ./ തെളിച്ചം മാസിക


RELATED ARTICLES