റമദാന്‍: സ്‌കൂള്‍ ഓഫ് തേര്‍ട്ടി ഡെയ്‌സ്

നോമ്പിന്റെ ഫിലോസഫി സമഗ്രമായി പ്രതിപാദിക്കുന്ന വായന ഇതുവരെ എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ശാരീരികേച്ഛകള്‍ നിയന്ത്രിക്കുന്നതിലെ നോമ്പിന്റെ രാഷ്ട്രീയവും ആരോഗ്യവശങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. രക്തശുദ്ധീകരണത്തിനും ആമാശയപോഷണത്തിനും സഹായിക്കുന്ന, വര്‍ഷത്തിലൊരിക്കല്‍ മാത്രം വിളവെടുക്കുന്ന സിദ്ധൗഷധമായ മുപ്പത് ധാന്യങ്ങളാണ് മുപ്പത് നോമ്പുകള്‍.   നിസ്‌കാരം മനുഷ്യന്റെ അഹന്തയെ പൊളിച്ചെറിയുമ്പോഴും ഹജ്ജിലൂടെ സാമൂഹിക ഉച്ചനീചത്വങ്ങള്‍ അലിഞ്ഞില്ലാതാവുമ്പോഴും സാധ്യമാകുന്നത് ഈയൊരു മാനുഷിക സമത്വമാണ്. 

മാനവകുലത്തിന്റെ അനുഭവങ്ങള്‍ ഏകമാനമായിത്തീര്‍ന്ന്, വിഭിന്നങ്ങളായ ദേഹേച്ഛകള്‍ സംബന്ധിച്ച തര്‍ക്കം മുറുകുന്നതിനു പകരം വേദനകള്‍ പരസ്പരം പങ്കുവെക്കപ്പെടുമ്പോള്‍ മാത്രമേ യഥാര്‍ഥ ജീവിതം സാക്ഷാത്കരിക്കപ്പെടൂ എന്ന് സ്പഷ്ടമായ പ്രായോഗിക രീതിയിലൂടെ മനുഷ്യനെ ഓര്‍മപ്പെടുത്തലാണ് ഈ നിര്‍ബന്ധിത പട്ടിണിയുടെ ഉദ്ദേശ്യലക്ഷ്യം.  

റമളാനിലെ വ്രതാനുഷ്ഠാനം യഥാര്‍ഥത്തിലൊരു ആത്മനിയന്ത്രണമാണ്. ആത്മീയവും മാനസികവുമായ വളര്‍ച്ചയില്‍ കവിഞ്ഞ് ശാരീരികവും സാമൂഹികവുമായ തലങ്ങളിലേക്ക് കൂടി വ്യാപിച്ച് കിടക്കുന്ന പാര്‍ശ്വഫലങ്ങള്‍ നോമ്പിലുണ്ട്. ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന വ്രതാനുഷ്ഠാനത്തിലൂടെ ലഭ്യമാവുന്ന പ്രയോജനങ്ങള്‍ യൂറോപ്പിലെയും മറ്റും സോഷ്യലിസ്‌ററ് ചിന്താഗതിക്കാരെ അന്ധാളിപ്പിച്ചിട്ടുണ്ട്.

മനുഷ്യശരീരവും നാഡീഞരമ്പുകളും പുഷ്ടിപ്പെടുത്താന്‍ തങ്ങളാലാവും വിധം സകല ശ്രമങ്ങളും നടത്തിനോക്കിയിട്ടും അവയെല്ലാം ലക്ഷ്യം കാണാതെ പോവുന്നത് കൊണ്ട് തന്നെ ഇത്തരം ആളുകളുടെ മതവും തത്വസംഹിതയും പ്രായോഗികതലത്തില്‍ നിന്നും മാറി വെറും പേജുകളിലൊതുങ്ങുകയാണ്. ഇസ്‌ലാമിലെ വ്രതാനുഷ്ഠാനത്തെക്കുറിച്ച് വ്യക്തമായി പഠിക്കുന്ന പക്ഷം, ഈയൊരു മാസം സാമൂഹികതലത്തില്‍ ശക്തവും സുദൃഢവുമായ അടിത്തറയൊരുക്കുന്നുവെന്ന് ബോധ്യപ്പെടും.

മനുഷ്യര്‍ക്കിടയില്‍ സമത്വമുണ്ടാക്കാന്‍ വേണ്ടിയാണ് ഇസ്‌ലാമികനിയമസംഹിത മനുഷ്യരാശിക്ക് വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കിയത്. നോമ്പ് മനുഷ്യനില്‍ കര്‍ത്തവ്യബോധവും ക്ഷമാശീലവും വളര്‍ത്തുന്നു. ആപത്തുകളെ നേരിടുവാനുള്ള കഴിവുണ്ടാക്കുന്നു. ദൈവഹിതത്തിന് മുന്നില്‍ ദേഹേച്ഛകളെ നിയന്ത്രിക്കാനുള്ള പരിശീലനം നല്‍കുന്നു. ഒരുമാസം നീണ്ട് നില്‍ക്കുന്ന പരിശീലനമാണത്. അതിലൂടെ പരിപൂര്‍ണവും പരിപക്വവുമായ മുസ്‌ലിമായിത്തീരുവാന്‍ അവന് സാധിക്കുന്നു.

എല്ലാവരിലും സദ്‌വിചാരവും വിനയവും ഉടലെടുക്കുന്നു. കര്‍ത്തവ്യബോധത്താല്‍ മനസ്സുകള്‍ ഉണരുന്നു. ഈ അന്തരീക്ഷത്തില്‍ ദുഷ്‌കര്‍മങ്ങള്‍ സ്വയം അപ്രത്യക്ഷമാവുന്നു. സല്‍കര്‍മങ്ങള്‍ മേല്‍ക്കുമേല്‍ വളര്‍ന്നുവരുന്നു. സജ്ജനങ്ങള്‍ സല്‍കര്‍മങ്ങളില്‍ പരസ്പരം സഹായിക്കുകയും ദുര്‍ജ്ജനങ്ങള്‍ക്ക് അവരുടെ ദുഷ്‌ചെയ്തികളില്‍ സങ്കോചം തോന്നിത്തുടങ്ങുകയും ചെയ്തു. സമ്പത്തില്‍ അഗതിസംരക്ഷണത്തിന്റെ വികാരമുയരുന്നു. ധനം ദൈവമാര്‍ഗത്തില്‍ മുമ്പില്ലാത്ത വിധം ചെലവഴിക്കപ്പെടുന്നു. തന്മൂലം എല്ലാവരും ഒരു സ്ഥിതിയിലായിത്തീരുന്നു.

സാമൂഹിക ജീവിതം അര്‍ഥപൂര്‍ണമാവുന്നത് സമൂഹത്തിലെ ഓരോ അംഗത്തിനും സമത്വം പൂര്‍ണ്ണാര്‍ഥത്തില്‍ അനുഭവപ്പെടുമ്പോഴാണ്. സന്തോഷങ്ങളിലും വേദനകളിലും പരസ്പരം പങ്കുകൊള്ളുമ്പോഴാണ് അത് സമ്പുഷ്ഠമാവുന്നത്. ജനങ്ങള്‍ മനുഷ്യപരമായി വ്യതിരക്തമാവുന്നത് ബുദ്ധിയോ, തറവാടിത്തമോ, സ്ഥാനമാനങ്ങളോ ഉടമാവസ്ഥയിലുള്ള വസ്തുക്കളോ കൊണ്ടല്ല. മറിച്ച്, ഉദരമെന്ന ഏകഘടകം കൊണ്ടാണ്. മനുഷ്യത്വത്തിന് ദുരന്തമേല്‍ക്കുന്നത് അവിടെയാണ്. ആയതിനാല്‍, വയര്‍ തന്നെെയാണ് വ്രതാനുഷ്ഠാനത്തിലൂടെ പ്രധാനമായും സംസ്‌കരിക്കപ്പെടുന്നത്. അവിടെ മനുഷ്യര്‍ തതുല്യരാവുന്നു. നോമ്പിലൂടെ എല്ലാവര്‍ക്കും ഒരൊറ്റ ബോധവും അനുഭവവും പ്രകൃതവും ഉണ്ടായിത്തീരുന്നു. അന്നേരം മനുഷ്യത്വമെന്നത് അര്‍ഥപൂര്‍ണ്ണതയിലെത്തുന്നു. വ്രതത്തിലനുഭവപ്പെടുന്ന വിശപ്പിലൂടെ രൂപപ്പെടുന്നത് രണ്ട് വിഷയങ്ങളാണ്. തന്റെ സുഖപ്രകൃതിയില്‍ നിന്നും മാറി ദരിദ്രനോടൊന്നിക്കുമ്പോള്‍ ധനികനുണ്ടാവുന്ന മാനസികാവസ്ഥയും, തന്റെ ശൈലിയിലേക്ക് വരുന്ന ധനികനെക്കണ്ട് സമാധാനത്താല്‍ സായൂജ്യമടയുന്ന ദരിദ്രന്റെ മനോഭാവവുമാണവ.

വിശപ്പും വികാരവും മനുഷ്യന്റെ സഹജസ്വഭാവങ്ങളാണ്. അവയോട് നിഷേധാത്മക നയം സ്വീകരിക്കുന്നത് മനുഷ്യത്വത്തോടുള്ള നിരാസമാണ്. എന്നാല്‍, ഇവകളുടെ അമിതോപയോഗം അവനെ മൃഗതുല്യനാക്കുന്നു. മാനുഷികമായ ഇത്തരം അനിവാര്യതകള്‍ക്ക് ആത്മീയപരിവേഷം നല്‍കുന്ന ഇസ്‌ലാം പൗരോഹിത്യത്തേയും സന്യാസത്തേയും നിരുത്സാഹപ്പെടുത്തുകയും രതിയും ആഹാരവും മാത്രം ജീവിതത്തിന്റെ അടിസ്ഥാനലക്ഷ്യങ്ങളായിക്കാണുന്ന വികലവീക്ഷണങ്ങളോട് ശക്തമായി വിയോജിക്കുകയും ചെയ്യുന്നു. അത്‌കൊണ്ട് തന്നെ വ്രതാനുഷ്ഠാനത്തെ മനുഷ്യത്വത്തോടുള്ള നിരാകരണമായി വിലയിരുത്താന്‍ നിര്‍വ്വാഹമില്ല. ഭൗതികതാല്‍പര്യങ്ങളില്‍ നിമഗ്നനായി മൃഗീയതയിലേക്ക് വഴിമാറിപ്പോകുന്ന മനുഷ്യന് അസ്തിത്വബോധം വീണ്ടെടുക്കാനുള്ള ഒരു ഇടവേളയാണ് നോമ്പുകാലം. ആത്മീയ സാഫല്യാര്‍ത്ഥം ശരീരത്തെ ഇല്ലായ്മ ചെയ്യുന്ന ഒരു നിലപാടും ഇസ്‌ലാമില്‍ സ്വീകാര്യമല്ല. ശരീര ഇച്ഛകളെ കീഴ്‌പ്പെടുത്താനെന്ന പേരില്‍ അന്നപാനീയങ്ങളും ശാരീരിക സുഖങ്ങളും വെടിഞ്ഞ് ശരീരത്തെ ശോഷിപ്പിച്ച് നിര്‍ത്തുകയാണ് നോമ്പ് ചെയ്യുന്നത്.

വ്രതാനുഷ്ഠാനം മനസ്സില്‍ കാരുണ്യം വളര്‍ത്തിയെടുക്കാനുള്ള പ്രായോഗിക മാര്‍ഗമാണ്. ജീവിതത്തിലനുഭവിക്കുന്ന ദുരിതങ്ങളും അതേ പ്രവൃത്തി തന്നെ ചെയ്യുന്നു. അവരണ്ടും രണ്ട് തലങ്ങളാണ്. ഒന്ന് പ്രകടവും മറ്റേത് അന്ധവുമാണ്. ഒന്ന് വ്യവസ്ഥാപിതവും മറ്റേത് യാദൃശ്ചികവുമാണ്. ഒന്ന് പ്രത്യേകമായി നടക്കുന്നതും മറ്റേത് പൊതുതലത്തില്‍ നടക്കുന്നതുമാണ്.

വിശപ്പനുഭവിക്കുന്ന ധനികന്റെ മനസ്സില്‍, എന്നും വിശപ്പ് മാത്രം ജീവിച്ച് പരിചയമുള്ള ദരിദ്രനോട് അലിവ് തോന്നുമ്പോള്‍ അവിടം മനുഷ്യത്വപരമായ മൂല്യങ്ങള്‍ക്ക് വിലയേറുന്നു. അേന്നരം എനിക്ക് വല്ലതും തരണം എന്നുള്ള ദരിദ്രന്റെ രോദനം അവന്റെ ഹൃദയത്തില്‍ അലയടിക്കുന്നു. അത് വെറും പ്രതീക്ഷാനിര്‍ഭരമായ വിളിയാളമായിട്ടല്ല, മറിച്ച് അവഗണിക്കാനാവാത്തവിധം വരുന്ന കല്‍പ്പനയെന്നോണമാണ് അവന് ബോധിക്കുന്നത്.

മാനുഷികമൂല്യങ്ങളെ സംരക്ഷിക്കാന്‍ സാമൂഹികതലത്തില്‍ ഇസ്‌ലാം നടപ്പിലാക്കുന്ന ഇത്തരം അമാനുഷികമായ മാധ്യമങ്ങളെ വെല്ലുവാന്‍ മറ്റൊന്നിനും സാധിക്കില്ല. വ്രതം ഉള്‍ക്കൊള്ളുന്ന പ്രധാന യുക്തിയെന്നത് ധാര്‍മ്മികതയിലൂന്നിയ ചിന്തകളുടെ ബഹിര്‍സ്ഫുരണമാണ്. മൃഗീയതയുടെയും രസാനുഭൂതികളുടെയും വലയത്തില്‍ നിന്നും മുക്തമായി, മനക്കരുത്തോടെ സല്‍സ്വഭാവത്തിന്റെ സകലവിധ ഗുണങ്ങളും ഉള്‍ക്കൊണ്ട് മുന്നേറാനാണ് നോമ്പ് അവനെ പ്രാപ്തനാക്കുന്നത്. ഉയര്‍ന്ന തലത്തിലുള്ള സാമൂഹികമാനങ്ങള്‍ക്ക് അത് സാക്ഷാല്‍ക്കാരം നല്‍കുന്നു. മാനുഷികതലത്തില്‍ നിന്നും ചിന്തിക്കുമ്പോള്‍ അത് ബുദ്ധിയുടെയും വിദ്യയുടെയും മുകളിലാണ്. ഒരു സമൂഹത്തില്‍ ധാര്‍മിക ചിന്ത വളര്‍ത്താനും അവരെ ആത്മീയപാതയിലൂടെ വഴിനടത്താനുമായി ഏതെങ്കിലും മതമോ നിയമമോ ഇത്തരം ക്രിയാത്മകമായ വഴികളുപയോഗിച്ചതായി നമുക്ക് കാണാന്‍ സാധിക്കില്ല.

ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന ഈയൊരു മാസക്കാലത്തെ വ്രതാനുഷ്ഠാനം ലോകമെമ്പാടുമുള്ള മനുഷ്യസമൂഹം പ്രായോഗികതലത്തിലേക്ക് കൊണ്ട് വരുന്ന പക്ഷം, മാനുഷിക തലത്തില്‍ പരീക്ഷിക്കപ്പെടുന്ന വലിയൊരു വിപ്ലവത്തിന്റെ വിസ്‌ഫോടനമായി അത് മാറും.

അത് ലോകമിന്നനുഭവിക്കുന്ന സാമൂഹിക കെടുതികളില്‍ നിന്നും ഒരളവോളം മോചനം നല്‍കും. കാരണം, വ്രതത്തിലൂടെ ഓരോ പുരുഷനും ഓരോ സ്ത്രീയും തന്നെത്തന്നെ തിരിച്ചറിയുന്നതിലൂടെ മനസ്സില്‍ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളെ സംബന്ധിച്ചുള്ള തിരിച്ചറിവുണ്ടാകുന്നു.

നന്മയുടെയും അവകാശബോധത്തിന്റെയും ചിന്താധാരകളെ മനസ്സില്‍ കുടിയിരുത്താനുള്ള പ്രായോഗികമായ മാര്‍ഗരേഖയാണ് നോമ്പ്. ഭൗതിക മ്ലേഛതകളില്‍ നിന്ന് പൊതുസമൂഹത്തെ സംരക്ഷിക്കാനും ബാഹ്യവും മൃഗീയവുമായ പ്രകൃതത്തെ പാടേ വിപാടനം ചെയ്യാനും അത് സഹായകമാവുന്നു. റമദാന്‍ യഥാര്‍ത്ഥത്തില്‍ കേവലം ഒരു മാസം മാത്രമല്ല. മറിച്ച്, മനുഷ്യന് ലഭിക്കുന്ന ഒരാത്മീയ ഇടവേളയാണ്.

നിസ്‌കാരം മനുഷ്യന്റെ അഹന്തയെ പൊളിച്ചെറിയുമ്പോഴും ഹജ്ജിലൂടെ സാമൂഹിക ഉച്ചനീചത്വങ്ങള്‍ അലിഞ്ഞില്ലാതാവുമ്പോഴും സാധ്യമാകുന്നത് ഈയൊരു മാനുഷിക സമത്വമാണ്. 

മാനവകുലത്തിന്റെ അനുഭവങ്ങള്‍ ഏകമാനമായിത്തീര്‍ന്ന്, വിഭിന്നങ്ങളായ ദേഹേച്ഛകള്‍ സംബന്ധിച്ച തര്‍ക്കം മുറുകുന്നതിനു പകരം വേദനകള്‍ പരസ്പരം പങ്കുവെക്കുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ ജീവിതം സാക്ഷാത്കരിക്കപ്പെടൂ എന്ന് സ്പഷ്ടമായ പ്രായോഗിക രീതിയിലൂടെ മനുഷ്യനെ ഓര്‍മ്മപ്പെടുത്തലാണ് ഈ നിര്‍ബന്ധിത പട്ടിണിയുടെ ഉദ്ദേശ്യലക്ഷ്യം.

മാത്രമല്ല, ആ മാസത്തിന് ശൈത്യകാലവുമായി ഏറെ സാമ്യതയുണ്ട്. കാരണം മേഘാവൃതമായ ആകാശവും മഴയും നിറഞ്ഞ നൈര്‍മല്യമേറിയ അന്തരീക്ഷത്തിലാണ് അത് കിനിഞ്ഞിറങ്ങുന്നത്. ആ സമയം മുതല്‍ വര്‍ഷാന്ത്യം വരെ മനുഷ്യജീവിതത്തിനൊരു സഹായഹസ്തമായി മാറാനതിനാവുന്നു. കാഠിന്യത്തെയും ഉരുക്ക് സ്വഭാവത്തെയും പുല്‍കുന്ന പോലെത്തന്നെ നിര്‍മലതയെയും ലോലതയെയും സ്വീകരിക്കാനും അതിന് സാധിക്കുന്നുണ്ട്. കൂടാതെ, കടന്ന്‌വരുന്ന വസന്തകാലത്ത് പൂര്‍വ്വോപരി സൗന്ദര്യത്തോടെ വിടര്‍ന്ന് നില്‍ക്കാന്‍ അതിന് ശക്തിയേകുകയും ചെയ്യുന്നു.

ചുരുക്കത്തില്‍, വ്രതം മുസ്‌ലിംകളില്‍ സ്‌നേഹവും സഹോദര്യവും പരസ്പരാനുകമ്പയും ഐക്യവും വളര്‍ത്തുവാന്‍ സഹായകമാവുന്നത് പോലെ ശാരീരികക്ഷമതയും മനക്കരുത്തും ക്ഷമയും നിശ്ചയദാര്‍ഢ്യവും ആത്മീയബോധവും ധാര്‍മികചിന്തയും ഉറപ്പ് വരുത്താനും  സാധ്യമാക്കുന്നു. പക്ഷേ ഇതെല്ലാം ഫലപ്രദമാവുന്നത് ഈയൊരു ശക്തി വേണ്ട പോലെ ഉപയോഗിക്കാനറിയുന്നവര്‍ക്ക് മാത്രമാണ്. ദാരിദ്ര്യത്തിന്റെ ഗര്‍ത്തങ്ങളില്‍ വീണ് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുമ്പോഴും രണാങ്കണങ്ങളില്‍ ഒട്ടിയ വയറും ഉടലുമായി ഇടമുറിയാത്ത പോര്‍വിളികളും ഇടര്‍ച്ചയില്ലാത്ത ശൗര്യവുമായി സത്യവിശ്വാസമെന്ന ഒരൊറ്റ ഇന്ധനത്തിന്റെ ബലത്തില്‍ അങ്കം വെട്ടാന്‍ നമ്മുടെ പൂര്‍വ്വസൂരികളെ പ്രാപ്തരാക്കിയത് വ്രതം അവരുടെ രക്തത്തിനും ഞെരമ്പുകള്‍ക്കും നല്‍കിയ ഊര്‍ജ്ജം കൊണ്ട് മാത്രമാണെന്നത് ഏറെ പ്രസ്താവ്യമാണ്. 

വ്രതത്തിന്റെ മനഃശാസ്ത്രത്തെക്കുറിച്ച് ഞാനിവിടെ കുറിച്ചിട്ട കാര്യങ്ങള്‍ ''സത്യവിശ്വാസികളെ പൂര്‍വ്വിക സമൂഹങ്ങള്‍ക്കെന്ന പോലെ നിങ്ങള്‍ക്കും നിശ്ചിത ദിനങ്ങളില്‍ വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു.'' (ബഖറ:183) എന്ന ഖുര്‍ആനിക സൂക്തത്തില്‍ നിന്നും ഞാന്‍ ഗ്രഹിച്ചെടുത്ത കാര്യങ്ങളാണ്. പരിശുദ്ധ റമദാന്‍! നീയെത്ര പരിശുദ്ധമായ മാസമാണ്. നിന്നെയീ ലോകത്തിന് വേണ്ടവിധം ബോധിക്കുകയാണെങ്കില്‍ അത് നിന്നെക്കുറിച്ച് ഉടന്‍ വിളിച്ച് പറയും 'സ്‌കൂള്‍ ഓഫ് തേര്‍ട്ടി ഡെയ്‌സ്.'

വിവ: മിദ്‌ലാജ് കെ.സി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter