അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.ശയ്യാവലംബിയായി കിടക്കുമ്പോഴും അല്ലാഹു കല്‍പിച്ച നിര്‍ബന്ധമായ നിസ്കാരം കൃത്യമായി നിര്‍വ്വഹിക്കാന്‍ താങ്കള്‍ താല്‍പര്യം കാണിക്കുന്നത് വളരെ പ്രശംസനീയമാണ്. ബുദ്ധി സ്ഥിരത ഉള്ള കാലത്തോളം കഴിയുന്ന പോലെ നിസ്കാരം നിര്‍വ്വഹിക്കണം എന്നാണല്ലോ ഇസ് ലാമികാദ്ധ്യാപനം.നട്ടെല്ലിന് ക്ഷതമേറ്റു കിടക്കുന്നതിനാല്‍ കാലുകളുടെ ചലനമില്ലാത്ത നിങ്ങള്‍ക്ക് വുളൂ ചെയ്യാന്‍ തടസ്സങ്ങളൊന്നുമില്ലെങ്കില്‍ തയമ്മും ചെയ്യേണ്ട ആവശ്യമില്ല. വുളൂവിന്‍റെ അവയവങ്ങളില്‍ എവിടെയെങ്കിലും വെള്ളം ചേരാത്തതുണ്ടെങ്കിലാണല്ലോ തയമ്മും ആവശ്യമായി വരുന്നത്.മൂത്രം പോകുന്നത് അറിയാത്ത സാഹചര്യമായതിനാല്‍ വുളൂ ചെയ്യുമ്പോഴും തയമ്മും ആവശ്യമായ ഘട്ടങ്ങളില്‍ തയമ്മും ചെയ്യുമ്പോഴും നിസ്കരിക്കുമ്പോഴുമെല്ലാം നിത്യഅശുദ്ധിക്കാരന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്.നിസ്കാരത്തിന്‍റെ സമയം ആയി എന്നറിഞ്ഞ ശേഷം മാത്രം വുളൂ ചെയ്യുക, വുളു ചെയ്യുന്നതിന് മുമ്പ് ഗുഹ്യസ്ഥാനം കഴുകുക,  മൂത്രം അറിയാതെ പുറത്തുവരാതിരിക്കാന്‍ സൌകര്യമായ രീതിയില്‍ പഞ്ഞി, ശീല, പോലോത്തവ ഉപയോഗിച്ച് മൂത്രദ്വാരം കെട്ടിബന്ധാക്കിവെക്കുക, വുളൂ ചെയ്യമ്പോള്‍ ഫര്‍ള് നിസ്കാരം ഹലാലാക്കാന്‍ വേണ്ടി വുളൂ ചെയ്യുന്നു എന്ന് നിയ്യത്ത് ചെയ്യുക(അശുദ്ധിയെ ഉയര്‍ത്താന്‍ വേണ്ടി വുളൂ ചെയ്യുന്നു എന്ന നിയ്യത്ത് പറ്റില്ല), വുളൂ ചെയ്ത ഉടനെ വൈകാതെ നിസ്കാരം നിര്‍വഹിക്കുക തുടങ്ങിയ കാര്യങ്ങളാണ് നിത്യ അശുദ്ധിക്കാരന്‍ നിസ്കരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്.ഒരോ ഫര്‍ള് നിസ്കാരത്തിനും വേറേവേറെ വുളൂ എടുക്കേണ്ടതാണ്. മയ്യിത്തിനെ കുളിപ്പിക്കുംമുമ്പ് മയ്യിത്ത് നിസ്കാരത്തിന് വുളൂ ചെയ്യരുത്. ഓരോ വുളൂ എടുക്കുമ്പോഴും ഗുഹ്യസ്ഥാനം കഴുകലും മൂത്രദ്വാരത്തില്‍ വെച്ച പഞ്ഞിയും ശീലയും കെട്ടുമെല്ലാം മാറ്റലും നിര്‍ബന്ധമാണ്. അത് നീങ്ങിയിട്ടില്ലെങ്കില്‍ പോലും മാറ്റല്‍ നിര്‍ബന്ധമാണ്.വുളൂ ചെയ്ത ഉടനെ നിസ്കരിക്കണം എന്നു പറഞ്ഞുവല്ലോ. എന്നാല്‍ ജമാഅത്ത് പ്രതീക്ഷിക്കുക, ജുമുഅ പ്രതീക്ഷിക്കുക, പള്ളിയില്‍ പോകുക, തുടങ്ങിയ നിസ്കാരവുമായി ബന്ധപ്പെട്ട നന്മകള്‍ക്ക് വേണ്ടി നിസ്കാരം വൈകിപ്പിക്കുന്നതില്‍ കുഴപ്പമില്ല.നിത്യഅശുദ്ധിക്കാരന്‍ വുളൂ ചെയ്യാനാരംഭിക്കുമ്പോള്‍ ഗുഹ്യസ്ഥാനം കഴുകിവൃത്തിയാക്കി പഞ്ഞി,ശീല പോലോത്തവ ഉപയോഗിച്ച് മൂത്രം പൂറത്തുവരാത്ത രീതിയില്‍ കെട്ടിവെക്കണം എന്ന് പറഞ്ഞുവല്ലോ. എന്നാല്‍ വുളൂ എടുക്കുന്ന സമയത്ത് ശരീരത്തില്‍ എവിടെയും നജസ് ഇല്ലാതിരിക്കണം എന്ന നിബന്ധന സാധാരണക്കാരനെ പോലെ നിത്യഅശുദ്ധിക്കാരനും നിര്‍ബന്ധമില്ല. പക്ഷേ, നിസ്കാരസമയത്ത് ശരീരത്തിലോ വസ്ത്രത്തിലോ നിസ്കരിക്കുന്ന സ്ഥലത്തോ നജസ് ഇല്ലാതിരിക്കല്‍ നിസ്കാരത്തിന്‍റെ ശര്‍ത്തുകളില്‍ പെട്ടതാണ്. വുളൂ ചെയ്ത് പെട്ടന്ന് നിസ്കരിക്കേണ്ടതിനാല്‍ വുളൂ ചെയ്യുന്നതിന് മുമ്പ് തന്നെ നജസുകള്‍ നീക്കി ശുദ്ധിയാവലാകും സൌകര്യം.അല്ലാഹു നിങ്ങള്‍ക്ക്പരിപൂര്‍ണശിഫാ നല്‍കി അനുഗ്രഹിക്കട്ടെ, ആരോഗ്യം തിരിച്ചുകിട്ടി ഇബാദത്തിലും അല്ലാഹുവിന്‍റെ തൃപ്തിയിലുമായി ജീവിതം കഴിച്ചുകൂട്ടാന്‍ നാഥന്‍ തുണക്കട്ടെ, ആമീന്‍.കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.