ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം; പ്രകടനങ്ങളില്‍ മിതത്വം പാലിക്കുക: ഹൈദരലി തങ്ങള്‍

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തെ തുടര്‍ന്നുള്ള പ്രകടനങ്ങളിലും മറ്റു വിജയാഹ്ലാദ പരിപാടികളിലും മിതത്വം പാലിക്കണമെന്നും റമസാന്റെ പവിത്രത ഉയര്‍ത്തിപിടിക്കുന്നതായിരിക്കണം പ്രവര്‍ത്തകരുടെ ഓരോ പ്രതികരണവുമെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രവര്‍ത്തകരോടും യുഡിഎഫ് അനുഭാവികളോടും ആഹ്വാനം ചെയ്തു.

തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങളെ രാഷ്ട്രീയ കാഴ്ച്ചപ്പാടോടെ സമീപിക്കാനും പ്രതിപക്ഷ ബഹുമാനം പുലര്‍ത്താനും ജാഗ്രത വേണം.
ഫലപ്രഖ്യാപനം സംബന്ധിച്ച പ്രകടനങ്ങളിലോ മുദ്രാവാക്ക്യങ്ങളിലോ സംസാരങ്ങളിലോ വ്യക്തിപരമായ അധിക്ഷേപങ്ങളോ സഭ്യേതരമായ പദപ്രയോഗങ്ങളോ ചമയങ്ങളോ നാടിന്റെ സമാധാനത്തിനും മൈത്രിക്കും ഭംഗം വരുത്തുന്ന പ്രവര്‍ത്തനങ്ങളോ ഉണ്ടാവാതിരിക്കാന്‍ സൂക്ഷ്മത പുലര്‍ത്തണം. മറുപക്ഷത്തുനിന്ന് പ്രകോപനപരമായ സമീപനങ്ങളുണ്ടായാല്‍ പോലും സഹിഷ്ണുതയോടെയും സമചിത്തതയോടെയും മാത്രമേ പ്രതികരിക്കാവൂ.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രകടനം കഴിഞ്ഞാല്‍ എതിര്‍കക്ഷിയുടെ ഓഫീസുകളും ബോര്‍ഡുകളും അലങ്കാരങ്ങളും മറ്റും നശിപ്പിക്കുന്ന പ്രവണതയും ഗതാഗതം തടസ്സപ്പെടുത്തുകയും ജന ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന രീതികളും സമീപ കാലത്ത് വര്‍ദ്ധിച്ചുവരികയാണ്. നാടിന്റെ രാഷ്ട്രീയ പ്രബുദ്ധതക്ക് നിരക്കാത്ത ഇത്തരം നടപടികളില്‍ യാതൊരു കാരണവശാലും മുസ്ലിംലീഗിന്റെയോ യുഡിഎഫിന്റെയോ പ്രവര്‍ത്തകര്‍ ഉള്‍പെടരുത്.

രാഷ്ട്രീയം നാടിന്റെ നന്മക്കും വിമോചനത്തിനുമുള്ളതാണെന്ന മഹത്തായ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നതായിരിക്കണം ഓരോ പ്രവര്‍ത്തനവും. ജനമാണ് നാടിന്റെ സമ്പത്ത്. സമൂഹത്തിന് ഏതെങ്കിലും തരത്തില്‍ അലോസരമുണ്ടാക്കുന്നതൊന്നും രാഷ്ട്രീയ പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടാവാന്‍ പാടില്ല. ഇക്കാര്യത്തില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ബദ്ധശ്രദ്ധരായിരിക്കണമെന്നും തങ്ങള്‍ ഓര്‍മ്മിപ്പിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter