ഇറാന്‍-ബ്രിട്ടന്‍ സംഘർഷം അയയുന്നു പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പല്‍ ഇറാന്‍ വിട്ടയക്കുന്നു

തെഹ്‌റാന്‍: ജിബ്രാള്‍ട്ടറില്‍ വെച്ച് ബ്രിട്ടീഷ് സൈന്യം ഇറാന്‍ എണ്ണക്കപ്പല്‍ പിടിച്ചെടുത്തതിന് തിരിച്ചടിച്ച് ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പല്‍ സ്‌റ്റെനാ ഇംപെറോ മോചിതമാവുന്നു. നിയമനടപടികള്‍ പൂര്‍ത്തിയായാലുടന്‍ കപ്പല്‍ വിട്ടുനല്‍കുമെന്ന് ഇറാന്‍ അറിയിച്ചു.

കപ്പലില്‍ പതിനെട്ട് ഇന്ത്യക്കാരടക്കം ആകെ 23 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 5 ഇന്ത്യക്കാരുള്‍പ്പെടെ 7 പേരെ നേരത്തെ മോചിപ്പിച്ചിരുന്നു. കപ്പലില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെയുള്ള ബാക്കിയുള്ള കപ്പല്‍ ജീവനക്കാരുടെ മോചനം കാത്ത് പ്രതീക്ഷയോടെ കഴിയുകയാണ് കുടുംബങ്ങള്‍..

ജൂലൈ 19 നാണ് ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്ത് വച്ച് എണ്ണക്കപ്പലായ സ്‌റ്റെനാ ഇംപെറോ ഇറാന്‍ പിടിച്ചെടുത്തത്. കപ്പലിലുണ്ടായിരുന്ന എണ്ണ വിറ്റുതീര്‍ത്തതായി ഇറാന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. യൂറോപ്യന്‍ യൂനിയന്‍ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കയറ്റി അയക്കുന്നു എന്നാരോപിച്ച് ഒരു ഇറാനിയന്‍ കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തിരുന്നു. അതിന് മറുപടിയായിട്ടാണ് ബ്രിട്ടന്റെ കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. എന്നാല്‍ പിന്നീട് ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഇറാന്‍ കപ്പല്‍ ജിബ്രാള്‍ട്ടർ കോടതി ഇടപെടലിലൂടെ ബ്രിട്ടന്‍ മോചിപ്പിച്ചിരുന്നു. കപ്പല്‍ തങ്ങള്‍ക്ക് കൈമാറണമെന്ന അമേരിക്കയുടെ ആവശ്യം തള്ളിക്കളഞ്ഞാണ് ബ്രിട്ടന്‍ ഇത്തരമൊരു നടപടിയെടുത്തത്. അതിന് പ്രത്യുപകാരമായാണ് ബ്രിട്ടീഷ് കപ്പല്‍ മോചിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് ഇറാന്‍ എത്തിച്ചേർന്നിരിക്കുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter