ഇരുപത് ലക്ഷത്തിലധികം ഹാജിമാര്‍ അറഫയില്‍

10 August, 2019

+ -
image

ലോകത്തിന്റെ വിവിധദിക്കുകളില്‍ നിന്നെത്തിയ ഹാജിമാര്‍ ഇന്ന് അറഫയില്‍ സംഗമിക്കുന്നു . ശുദ്ധീകരിച്ച മനസുമായി അനുഗ്രഹങ്ങളുടെ കേദാരമായ വിശുദ്ധ മക്കയില്‍ പ്രാര്‍ഥനയില്‍ കഴിഞ്ഞിരുന്ന വിശ്വാസി ലക്ഷങ്ങള്‍ അറഫാ സമ്മേളനത്തിനായി മിനായിലെ ടെന്റുകളില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ തന്നെ ഒഴുക്ക് ആരംഭിച്ചു. ഇഹ്റാമിന്റെ വെളുത്ത തുണിക്കഷ്ണങ്ങളില്‍ ഹാജിമാര്‍ ലോകത്തെ മാനവിക ഐക്യത്തിന്റെ സന്ദേശം നല്‍കുന്നു. ലിംഗ- വര്‍ണ-ദേശ-ഭാഷാദി വിവേചനങ്ങളെ തീര്‍ത്തും അപ്രസക്തമാക്കുന്ന അറഫാ സംഗമമാണ് ഹജ്ജിന്റെ പ്രധാന കര്‍മം. 

ഈ സുപ്രധാന ചടങ്ങില്‍ പങ്കാളികളാകുന്നതിന് അറഫാ മൈതാനിയില്‍ എത്തിച്ചേരുന്നതിനായി ഇന്നലെ രാത്രി മുതല്‍ തമ്പുകളുടെ നഗരിയായ മിനായില്‍ നിന്ന് ഹാജിമാര്‍ പുറപ്പെട്ട് തുടങ്ങിയിരുന്നു. ഇന്ത്യന്‍ തീര്‍ഥാടകര്‍ ഇന്നലെ പുലര്‍ച്ചെയോടെ തന്നെ മിനായില്‍ എത്തിച്ചേര്‍ന്നു. ഇവിടെ പ്രാര്‍ഥനയില്‍ മുഴുകി അറഫാ സംഗമത്തിനായി ഒരുങ്ങിയ തീര്‍ഥാടകര്‍ രാത്രിയോടെ അവിടം ലക്ഷ്യമാക്കി പ്രയാണമാരംഭിച്ചിരുന്നു. 

പുണ്യനഗരികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മശാഇര്‍ ട്രെയിന്‍ സര്‍വീസ് വഴി മൂന്നരലക്ഷത്തിലധികം ഹാജിമാരും ബസ് സര്‍വീസ് ഉപയോഗപ്പെടുത്തി എട്ടു ലക്ഷത്തിലധികം ഹാജിമാരും അറഫയില്‍ എത്തിയതായി ഹജ്ജ് അധികൃതര്‍ അറിയിച്ചു. 19,000 ബസുകളും 38,000 ജോലിക്കാരും ഇതിനായിതയ്യാറാക്കിയിരുന്നത്.   

മക്കയിലും മദീനയിലും ആശുപത്രികളില്‍ കഴിയുന്ന അത്യാസന്ന നിലയിലുള്ളവരടക്കം മുഴുവന്‍ ഹാജിമാരെയും അറഫയില്‍ എത്തിക്കാനുള്ള സംവിധാനം സഊദി സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. മദീനയില്‍ നിന്ന് ആംബുലന്‍സുകളില്‍ എത്തിച്ചവരില്‍ കൂടുതല്‍ പേര്‍ ഇന്ത്യക്കാരാണ്. ഇന്ത്യന്‍ തീര്‍ഥാടകര്‍ സുബ്ഹിയോടെ തന്നെ അറഫയില്‍ എത്തും വിധമാണ് യാത്ര സജ്ജീകരിച്ചിരുന്നത്.

നേരത്തെ തന്നെ അറഫയിലെത്തിയ മലയാളികളടക്കമുള്ള ഇന്ത്യന്‍ ഹാജിമാര്‍ മസ്ജിദുന്നമിറയിലും കാരുണ്യ മലയായ ജബലുറഹ്മയിലും ഇടംപിടിച്ചു.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ  വിടവാങ്ങല്‍ പ്രസംഗം നടത്തിയ ജബലുഹ്മയില്‍ ഇരിപ്പിടം കണ്ടെണ്ടത്താനുള്ള തിരക്കിലാണ് ഹാജിമാര്‍.

ഇന്ന് ഉച്ചമുതല്‍ ആരംഭിച്ച അറഫാ സംഗമത്തില്‍ സൂര്യാസ്തമയം വരെ തീര്‍ഥാടകര്‍ പ്രാര്‍ഥനയില്‍ മുഴുകും. ചെയ്തുപോയ പാപങ്ങളില്‍ പശ്ചാത്താപവിവശരായി കണ്ണീരൊഴുക്കി നാഥനോട് കേഴും. പ്രവാചകന്റെ അറഫാ പ്രഭാഷണത്തെ അനുസ്മരിച്ച് അറഫയിലെ ചരിത്ര പ്രസിദ്ധമായ മസ്ജിദുന്നമിറയില്‍ അറഫാ പ്രഭാഷണം നിര്‍വഹിക്കപ്പെടും .

ഹാജിമാര്‍ രാത്രിയാകുന്നതോടെ ഹജ്ജിന്റെ അടുത്ത ഘട്ടമായ മുസ്ദലിഫയിലേക്ക് രാപാര്‍ക്കാനായി നീങ്ങും. ഇന്നു രാത്രി മുസ്ദലിഫയില്‍ വിശ്രമിച്ച ശേഷം നാളെ രാവിലെ ജംറയില്‍ കല്ലെറിയുന്നതിനു മിനായിലേക്കു തിരിക്കും. മിനായില്‍ തിരിച്ചെത്തുന്ന ഹാജിമാര്‍ ആദ്യ ദിവസത്തെ കല്ലേറ് കര്‍മത്തിലും പിന്നീട് നടക്കുന്ന ബലികര്‍മങ്ങളിലുംപങ്കുകൊള്ളും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കല്ലേറ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ക്ക് പരിസമാപ്തിയാകും.