ബഗ്ദാദിയുടെ അടുത്ത ബന്ധുക്കളെ പിടികൂടിയതായി തുര്‍ക്കി

08 November, 2019

+ -
image

അങ്കാറ: ലോകത്തെ ഏറ്റവും വലിയ ഭീകര സംഘടനകളിലൊന്നായ ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ അടുത്ത ബന്ധുക്കളെ പിടികൂടിയതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. യുഎസ് പ്രത്യേക സൈന്യത്തിന്റെ ആക്രമണത്തിനിടെ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴാണ് ഭാര്യ അടക്കമുള്ള കുടുംബാംഗങ്ങൾ പിടിയിലായിട്ടുള്ളത്. ബഗ്ദാദി ഒരു തുരങ്കത്തിനകത്തു വച്ച് ഭീരുവിനെ പോലെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് അമേരിക്ക പറയുന്നത്. എന്നാല്‍, അവരുടേതു പോലെ വാചകക്കസര്‍ത്തു നടത്തുകയല്ല ഇക്കാര്യത്തില്‍ തുര്‍ക്കി ചെയ്യുന്നതെന്നും അങ്കാറ സര്‍വകലാശാലയില്‍ നടത്തിയ പ്രഭാഷണത്തില്‍ ഉര്‍ദുഗാന്‍ വ്യക്തമാക്കി. ബഗ്ദാദിയുടെ സഹോദരിയേയും സഹോദരി ഭര്‍ത്താവിനെയും മരുമകളേയും പിടികൂടിയെന്ന് വ്യക്തമാക്കിയ ഉർദുഗാൻ പക്ഷേ, വിശദാംശങ്ങള്‍ പുറത്തുവിടാൻ തയ്യാറായില്ല. ബഗ്ദാദിയുടെ സഹോദരി, ഇവരുടെ ഭര്‍ത്താവ്, അര്‍ധ സഹോദരി എന്നിവരെ പിടികൂടിയതായും ഐ എസിനെ സംബന്ധിച്ച വിവരങ്ങള്‍ ഇവരില്‍ നിന്ന് ലഭിക്കുമെന്നാണ് കരുതുന്നതെന്നും തുർക്കി ഉന്നത ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു.