താജ്മഹലിലെ പള്ളിയില്‍ ജുമുഅ ഒഴികെയുള്ള നമസ്‌കാരങ്ങള്‍ക്ക് വിലക്ക്

08 November, 2018

+ -
image

താജ് മഹലിനോട് ചേര്‍ന്ന പള്ളിയില്‍ വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ നമസ്‌കാരം നടത്തുന്നതിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വിലക്ക്. ജുലൈയില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവാണ് നടപടി കാരണമെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ നല്‍കുന്ന വിശദീകരണം.നമസ്‌കാരത്തിന് വുളു(ദേഹശുദ്ധി) നടത്തുന്നതിനുള്ള ഹൗള്‍ (ജലസംഭരണി) ഇന്നലെ ആര്‍ക്കിയോളജി അധികൃതര്‍ അടച്ചതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

താജ് മഹലിന്റെ സുരക്ഷ പരിഗണിച്ച്, പ്രദേശവാസികള്‍ അല്ലാത്തവര്‍ വെള്ളിയാഴ്ച പള്ളിയിലെത്തി ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നത് വിലക്കി പ്രാദേശിക ഭരണകൂടം ഉത്തരവിറക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മാത്രമാണ് 12 മുതല്‍ രണ്ടു മണി വരെ ഇവിടെ ജുമുഅ നമസ്‌കാരത്തിനായി ടിക്കറ്റ് എടുക്കാതെ പ്രവേശിക്കാന്‍ കഴിയുന്നത്. അതിനിടെയാണ് ആര്‍ക്കിയോളജി സര്‍വേയുടെ പുതിയ വിലക്ക്.

താജ് മഹല്‍ സന്ദര്‍ശിക്കാനുള്ള ടിക്കറ്റുമായി വരുന്നവര്‍ക്ക് ഇതുവരെ, ഈ ദിവസങ്ങളില്‍ പള്ളി കാണാനും നമസ്‌കാരം നടത്താനും കഴിയുമായിരുന്നു. എന്നാല്‍, ഇന്നലെ നമസ്‌കാരത്തിനു മുമ്പ് ദേഹശുദ്ധി നടത്തുന്നതിനായി പള്ളിയോട് ചേര്‍ന്നു നിര്‍മിച്ച ജലസംഭരണി അടച്ചതോടെ സന്ദര്‍ശകര്‍ നമസ്‌കരിക്കാന്‍ കഴിയാത്ത അവസ്ഥയിലായി. അതേസമയം പള്ളിക്കു പുറത്ത് പലരും നമസ്‌കാരം നിര്‍വഹിച്ചതായി റിപ്പോര്‍ട്ടുണ്ട്.