പശുവിന്റെ പേരിലെ യു.പി ഇന്‍സ്‌പെക്ടറുടെ കൊലപാതകം; ബജ്‌റംഗ്ദള്‍ നേതാവ് അറസ്റ്റില്‍

06 December, 2018

+ -
image

ഉത്തര്‍പ്രദേശിലെ ബുലന്ദ് ശഹറില്‍ പശുവിന്റെ പേരില്‍ നടത്തിയ കലാപത്തിനിടെ ഇന്‍സ്പെക്ടറെ വെടിവച്ചുകൊന്ന സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. ബംജ്്റംഗ്ദളിന്റെ ബുലന്ദ് ശഹര്‍ ജില്ലാ കണ്‍വീനര്‍ യോഗേഷ് രാജാണ് പൊലിസ് പിടിയിലായത്.

സയ്ന മേഖലയിലെ വനപ്രദേശത്ത് പശുക്കളുടെ തലയും മറ്റവശിഷ്ടങ്ങളും കണ്ടെത്തിയെന്നാരോപിച്ചാണ് സംഘപരിവാര പ്രവര്‍ത്തകര്‍ തിങ്കളാഴ്ച രാവിലെമുതല്‍ പ്രദേശത്ത് അക്രമം അഴിച്ചുവിട്ടത്. അത് തടയാന്‍ ശ്രമിച്ച ബുലന്ദ് ശഹര്‍ സ്റ്റേഷന്‍ ഓഫിസര്‍ സുബോധ് കുമാര്‍ സിങിനെ കല്ലെറിഞ്ഞും വെടിവച്ചും കൊലപ്പെടുത്തുകയായിരുന്നു. വെടിയേറ്റ നിലയില്‍ വാഹനത്തില്‍ നിന്ന് തൂങ്ങിക്കിടക്കുന്ന നിലയിലാണ് പോലിസ് ഉദ്യോഗസ്ഥന്റെ ശരീരം കണ്ടെത്തിയത്.

സുബോധ് കുമാര്‍ സിങിന്റെ തലയ്ക്ക് മാരകമായി മുറിവേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. കലാപത്തിന് ശേഷം 3 ദിവസമായി ഒളിവിലായിരുന്ന യോഗേഷ് രാജിനെ കലാപത്തിന് ആഹ്വാനം ചെയ്ത കേസ് ചുമത്തിയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

ഇന്‍സ്പെക്ടറുടെ കൊലപാതകത്തിലും കലാപത്തിലും തനിക്ക് പങ്കില്ലെന്ന് ഇയാള്‍ പറയുന്ന വീഡിയോ ക്ലിപ്പ് നേരത്തെ പുറത്തു വന്നിരുന്നു.

എന്നാല്‍, സുബോധ് കുമാറിനെ ലക്ഷ്യമിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന തെളിവുകള്‍ വ്യക്തമാക്കുന്നത്. ബീഫിന്റെ പേരില്‍ ദാദ്രിയില്‍ അഖ്ലാഖിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഹിന്ദുത്വ ഗൂഡാലോചനയുണ്ടെന്ന് കണ്ടെത്തിയത് സുബോധ് കുമാര്‍ സിങായിരുന്നു. സംഭവത്തില്‍ മറ്റു പോലിസുകാര്‍ അക്രമികള്‍ക്ക് കൂട്ടുനിന്നതായും ആരോപണമുയരുന്നുണ്ട്.

അതേ സമയം, യോഗേഷ് രാജ് ചെയ്തത് മഹത്തായ പ്രവര്‍ത്തിയെന്നാണ് ബിജെപി എംപിയായ ഭോലാ റാം പ്രതികരിച്ചത്. യോഗേഷ് രാജിനെ പിന്തുണച്ച് വിഎച്ച്പി നേതാക്കളും രംഗത്തെത്തിയിരുന്നു.