രാമക്ഷേത്ര നിർമ്മാണം അനുകൂലിച്ച് പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവന: മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി യോഗം നാളെ
കോഴിക്കോട്: അയോധ്യയിൽ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനെ അനുകൂലിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവന ചർച്ച ചെയ്യാൻ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി യോഗം ചേരുന്നു. നാളെ 11 മണിക്ക് പാണക്കാട് വെച്ചാണ് നിർണായക യോഗം. യോഗത്തിന് ശേഷം മുസ്‌ലിം ലീഗ് നിലപാട് വ്യക്തമാക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. നേരത്തെ അയോധ്യയിൽ നടക്കുന്ന ഭൂമി പൂജക്ക് ക്ഷണിക്കാത്തതിൽ ചില കോണ്‍ഗ്രസ് നേതാക്കൾ പരിഭവം പ്രകടിപ്പിച്ചത് വിവാദമായിരുന്നു. രാമക്ഷേത്രത്തിനായി കാത്തിരിക്കുകയാണെന്നായിരുന്നു മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞിരുന്നത്. കൂടാതെ ഭൂമി പൂജ നടക്കുന്ന സമയത്ത് താനും കുടുംബവും വീട്ടിൽ വെച്ച് ഹനുമാൻ ചാലിസ ചൊല്ലുമെന്നും കമൽനാഥ് പറഞ്ഞിരുന്നു. ദിഗ് വിജയ് സിംഗ്, മനീഷ് തിവാരി തുടങ്ങിയ നേതാക്കളും രാമക്ഷേത്രത്തെ അനുകൂലിച്ച്‌ രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നേതാക്കളുടെ ഇത്തരം പ്രസ്താവനകൾ എക്കാലത്തും കോൺഗ്രസിനെ പിന്തുണച്ച മുസ്‌ലിം സമൂഹം ആശങ്കയോടെ നോക്കി കാണുന്നതിനിടെയാണ് രാമക്ഷേത്ര നിര്‍മ്മാണത്തിന് നിറഞ്ഞ ആശംസകളുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയത്. ദേശീയ ഐക്യം ഊട്ടിയുറപ്പിക്കുന്ന ചടങ്ങായി ഭൂമിപൂജ മാറട്ടെയെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. 'ലാളിത്യം, ധൈര്യം, സംയമനം, ത്യാഗം, പ്രതിബദ്ധത എന്നിവയാണ് രാമന്‍ എന്ന പേരിന്റെ സാരം. രാം എല്ലാവര്‍ക്കൊപ്പവും ഉണ്ട്, എല്ലാവരിലുമുണ്ട്', പ്രിയങ്ക ട്വിറ്ററില്‍ കുറിക്കുന്നു. ശ്രീരാമന്റേയും സീതയുടേയും അനുഗ്രഹം കൊണ്ട് രാംലാല ക്ഷേത്രത്തിലെ ഭൂമിപൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനുമുള്ള അവസരമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter