അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.ആദം നബി(അ)യുടെ ഖബര്‍ എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്ന വിഷയത്തില്‍ പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്ട്.മഹാനായ ഇബ്നുകസീര്‍(റ) അവരുടെ ഖസസുല്‍അംബിയാഅ് എന്ന ഗ്രന്ഥത്തില്‍ പറയുന്നു: പണ്ഡിതന്മാര്‍ ആദം നബി(അ)യെ മറമാടപ്പെട്ട സ്ഥലമെവിടെയെന്നതില്‍ അഭിപ്രായവ്യത്യാസത്തിലാണ്. എന്നാല്‍ പ്രബലമായ അഭിപ്രായം ആദം നബി(അ)യെ ഭൂമിയിലേക്ക് ഇറക്കപ്പെട്ട അതേ മലയുടെ അടുത്ത് തന്നെയാണെന്നാണ്. മക്കയിലെ ജബലുഅബീഖുബൈസിലാണെന്നും ഒരഭിപ്രായമുണ്ട്. നൂഹ് നബി(അ) വെള്ളപ്പൊക്കമുണ്ടായപ്പോള്‍ ആദംനബിയെയും ഹവ്വാ ബീവിയെയും മക്കയില്‍ നിന്ന് ഒരു പെട്ടിയിലാക്കി കൊണ്ടുപോയെന്നും ബൈത്തുല്‍മുഖദ്ദസില്‍ അവരെ മറമാടിയെന്നും പറയപ്പെടുന്നു (പേജ് 46)ജിബ്രീല്‍(അ) മലക്കുകളോടൊന്നിച്ച് ആദം നബിയുടെ മേല്‍ നിസ്കരിച്ചുവെന്നും (മക്കയിലെ) മസ്ജിദുല്‍ ഖൈഫില്‍ മറമാടപ്പെട്ടുവെന്നും സുനനുദ്ദാറഖുത്നി 2/430 ല്‍ കാണാം.ആദം നബിയുടെ ഖബര്‍ ബൈതുല്‍മുഖദ്ദസിന്‍റയെും ഇബ്റാഹീം മസ്ജിദിന്‍റെയും ഇടയിലാണെന്നും ആദംനബിയുടെ കാല്‍പാദങ്ങള്‍ ബൈതുല്‍മുഖദ്ദസിന്‍റെ പാറക്കടുത്തും തല ഇബ്റാഹീം മസ്ജിദിനടുത്താണെന്നും ഇമാം സുയൂത്വീ(റ) അവരുടെ അദ്ദുര്‍റുല്‍മന്‍സൂര്‍(1/329) എന്ന ഗ്രന്ഥത്തിലും  ഇബ്നുകസീര്‍(റ) അവരുടെ ഖസസുല്‍അംബിയാഅ്(പേജ് 46) എന്ന ഗ്രന്ഥത്തിലും പറഞ്ഞിട്ടുണ്ട്.കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ