അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ലൈംഗികബന്ധം കൊണ്ടോ മറ്റോ വലിയഅശുദ്ധിക്കാരനായ ഒരാള്‍ ഉടനെ തന്നെ കുളിച്ച് ശുദ്ധിയാവണമെന്ന് നിര്‍ബന്ധമില്ല.
എന്നാല്‍ ആ സമയത്തുള്ള ഫര്‍ള് നിസ്കാരം നഷ്ടപ്പെടുന്ന വിധം സമയം വൈകിക്കാന്‍ പാടില്ല. ആയതിനാല്‍ ലൈംഗികബന്ധം കൊണ്ടോ ഹൈള് മുറിയല്‍ കൊണ്ടോ മറ്റൊ നിത്യഅശുദ്ധിയില് നിന്ന് കുളിച്ച് ശുദ്ധിയാവേണ്ട ആള്‍ക്ക് നിസ്കാരത്തിന് സമയം ഇടുങ്ങിയാല്‍ എത്രയും വേഗം കുളിച്ച് നിസ്കാരം നിര്‍വഹിക്കല്‍ നിര്‍ബന്ധമാണ്.
മേല്പറഞ്ഞതു പ്രകാരം ലൈംഗികബന്ധം കാരണം കുളിക്കല്‍ നിര്‍ബന്ധമായ പുരുഷനോ സ്ത്രീക്കോ കുളിക്കുന്നതിന് മുമ്പ് ഉറങ്ങുന്നതിന് കുഴപ്പമില്ല. എങ്കിലും ലൈംഗികബന്ധത്തിലേര്‍പ്പെട്ട് ജനാബത്തുകരായവര്ക്കും ഹൈള് അവസാനിച്ച് കുളി നിര്‍ബന്ധമായ സ്ത്രീക്കും ഉറങ്ങല്‍, ഭക്ഷണം കഴിക്കല്‍, വെള്ളം കുടിക്കല്‍ എന്നിവക്ക് മുമ്പ് ഗുഹ്യാവയവങ്ങള്‍ കഴുകലും വുളൂഅ് ചെയ്യലും സുന്നത്താണെന്നും വുളൂ ചെയ്യാതെ മേല്കാര്യങ്ങളിലേര്പ്പെടല് കറാഹത്താണെന്നും ഫത്ഹുല്മുഈനില് കാണാം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.