അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.മരുന്നിന് വേണ്ടി മദ്യം നിര്‍മിക്കാമോ എന്ന് നബി(സ്വ)യോട് ഒരാള്‍ ചോദിച്ചപ്പോള്‍, മദ്യം മരുന്നല്ല മറിച്ച് രോഗമാണെന്ന് നബി(സ്വ) മറുപടി പറഞ്ഞതായി ഹദീസില്‍ കാണാം.നബി(സ്വ) പറഞ്ഞു: നിശ്ചയം അല്ലാഹു എന്‍റെ ഉമ്മത്തിന് രോഗശമനം അവരുടെ മേല്‍ ഹറാമാക്കിയ വസ്തുക്കളില്‍ ആക്കിയിട്ടില്ല.മേല്‍ ഹദീസുകളുടെ അടിസ്ഥാനത്തില്‍ തനിച്ച മദ്യം മാത്രം മരുന്നായി ഉപയോഗിക്കല്‍ ഹറാമാണെന്ന് തുഹ്ഫ(11/522) കാണാം.ഖുര്‍ആനില്‍ മദ്യത്തിന് ചില ഉപകാരങ്ങളുമുണ്ട് എന്ന് പറയപ്പെട്ടത് അത് ഹറാമാക്കപ്പെടുന്നതിന് മുമ്പുള്ള അവസ്ഥയിലാണ് എന്ന് ഇബ്നുഹജര്‍(റ) വിശദീകരിച്ചിട്ടുണ്ട്.എന്നാല്‍ വേര്‍ത്തിരിച്ചെടുക്കാനാകാത്ത വിധം മദ്യം മറ്റു മരുന്നുകളില്‍ ലയിച്ചുചേര്‍ന്നിട്ടുണ്ടെങ്കില്‍, ആ മരുന്നിന്‍റെ ഉപകാരം ലഭിക്കുന്ന മറ്റു ശുദ്ധമായ മരുന്നുകളൊന്നും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ അത് ഉപയോഗിക്കല്‍ ജാഇസാണെന്നും തുഹ്ഫ (11/522)യില്‍ പറഞ്ഞിട്ടുണ്ട്.താടിയോ മറ്റു രോമങ്ങളോ വളരുന്നതിനായി ശരീരത്തിന്‍റെ പുറത്ത് ലേപനങ്ങളായി ഉപയോഗിക്കുന്ന മരുന്നുകള്‍ മേല്‍പറഞ്ഞതനുസരിച്ച് ഒരിക്കലും കുഴപ്പമില്ലെന്ന് മനസ്സിലാക്കാം.കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.