അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.ഹജ്ജിന്‍റെ വാജിബാത്തുകള്‍ ഉപേക്ഷിക്കുക പോലയുള്ള കാര്യങ്ങളുടെ പ്രായാശ്ചിത്തമായി അറവ് നടത്തുന്നത് ഹറമിലാവലും അതിന്‍റെ മംസം ഹറമിലെ പാവങ്ങള്‍ക്ക് തന്നെ വിതരണം ചെയ്യലും നിര്‍ബന്ധമാണ്. هديا بالغ الكعبة  എന്ന ആയത്തും نحرت ههنا ومنى كلها منحر  എന്ന ഹദീസുമാണ് ഇതിന്‍റെ തെളിവും കാരണവും. ഹറമിനെ ആദരിക്കലും ബഹുമാനിക്കലുമായിരിക്കാം ഇതിലെ ഹിക്മത്.ഹറമിലെ പാവങ്ങള്‍ക്ക് തന്നെ ഹറമിന്‍റെ പുറത്ത് വെച്ച് വിതരണം ചെയ്യാമോ എന്നതില്‍ പോലും പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്. ആകയാല്‍ അറവും വിതരണവുമെല്ലാം ഹറമില്‍ വെച്ചുതന്നെയാവല്‍ നിര്‍ബന്ധമാണ്.നിര്‍ബന്ധമായ അറവിന്‍റെ മാംസം വിതരണം ചെയ്യാന്‍ ഹറമില്‍ പാവപ്പെട്ടവരെ കിട്ടിയില്ലെങ്കില്‍ പോലും മറ്റു സ്ഥലങ്ങളിലേക്ക് അത് കൊണ്ടുപോകരുതെന്നും അവരെ കിട്ടുന്നത് വരെ കാത്തുനില്‍ക്കണമെന്നും ഖാളീഹുസൈന്‍(റ) എന്നവര്‍ ഫതാവയില്‍ പറഞ്ഞതായി റൌള(2/458)യില്‍ കാണാം.സാധാരണവിലക്ക് അറവുമൃഗം കിട്ടാത്തതിന്‍റെ പേരിലോ കയ്യില്‍ അതിനു പണമില്ലാത്തതിന്‍റെ പേരിലോ മറ്റോ ഹറമില്‍ വെച്ച് അറവ് നടത്താന്‍ കഴിയാതെ വന്നാല്‍ അവര്‍ അതിന് പകരം 10 ദിവസം നോമ്പ് പിടിക്കുകയാണ് വേണ്ടത് .അതില്‍ 3 ദിവസം ഹജ്ജിലായും  7 ദിവസം നാട്ടിലെത്തിയ ശേഷവുമാണ് നോമ്പെടുക്കേണ്ടത്. ഹജ്ജിനിടയില്‍ 3 ദിവസം നോമ്പ് പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നാട്ടിലെത്തിയ ശേഷം അത് ഖളാ വീട്ടേണ്ടതാണ്. അപ്പോള്‍ ഈ മൂന്ന് നോമ്പിനും നാട്ടിലെത്തിയ ശേഷം പിടിക്കേണ്ട 7 ദിവസത്തെ നോമ്പിനുമിടയില്‍ ചുരുങ്ങിയത് 4 ദിവസം ഇടവേള നല്‍കല്‍ നിര്‍ബന്ധമാണ്.കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.