18 September 2020
19 Rajab 1437

മദ്രസകൾ: ആദരണീയമാം ഭവനങ്ങൾ

മുഹമ്മദ് അഫ്സൽ ഹുദവി മാതാപുഴ‍‍

27 September, 2019

+ -
image


പള്ളിക്കൂടങ്ങളിൽ അറിവ് പഠിക്കുന്ന കാലത്ത് വേണ്ട രീതിയിൽ ആദർശ ധീരത ഉണ്ടായിരുന്നു എന്നും ഇപ്പോൾ അത് നഷ്ടപ്പെട്ടു എന്നും ചിലർ സങ്കടം പങ്കു വയ്ക്കാറുണ്ട്.
ഇത്തരമൊരു മൂല്യ ശോഷണത്തിന്റെ അടിസ്ഥാന കാരണത്തിലേക്ക് ഇറങ്ങി ചിന്തിച്ചു നോക്കിയാൽ മത വിദ്യാഭ്യാസ രീതിയോട് ഉള്ള നമ്മുടെ സമീപത്തിൽ വലിയ രീതിയില്‍ മാറ്റം വന്നതായി കാണാം.

യാതൊരു കാരണവശാലും മത പഠനം മാറ്റി വെക്കാന്‍ തയ്യാറാകാത്ത സമൂഹത്തില്‍ നിന്നും മദ്രസകളെ പുച്ഛത്തോടെ കാണുന്ന ഒരു പുതിയ തലമുറയിലേക്ക് ഉള്ള പരിതാപകരമായ മാറ്റം സമൂഹത്തെ സ്വല്പമൊന്നുമല്ല ആദർശപരമായി തളർത്തിയത്. എന്നും മുന്‍ഗണന നല്‍കേണ്ടത് മത വിദ്യാഭ്യാസത്തിന് ആണെന്ന ഉത്തമ ബോധത്തിലേക്ക് മുസ് ലിം തിരിച്ചു നടക്കേണ്ടതുണ്ട്.

ആകെ ഒരു മണിക്കൂർ അല്ലെങ്കിൽ ഒന്നര മണിക്കൂര്‍ മാത്രമുള്ള ക്ലാസിന് സ്ഥിരമായി നേരം വൈകി വരുന്നവരുടെ പലരുടെയും ആവശ്യം ട്യൂഷൻ ക്ലാസ് ഉള്ളത്‌ കൊണ്ട്‌ അര മണിക്കൂര്‍ നേരത്തെ വിടണമെന്നാണ്. അതുപോലെ ബന്ധു വീട്ടില്‍ ഞായറാഴ്ച ഉള്ള പരിപാടിക്ക് പോകുന്നത് പ്ലാൻ ചെയ്യുമ്പോ പല രക്ഷിതാക്കളുടെയും "മദ്രസ അല്ലെ പ്രശ്നം അത്‌ ലീവ് ആയാലും കുഴപ്പമില്ല" എന്നുള്ള സ്വല്‍പം പാപകരമായ ഒരു വാക്കുണ്ട്.


മദ്രസ അധ്യാപകരോടുള്ള മോശം രീതിയിലുള്ള പെരുമാറ്റവും അവരെ സമൂഹത്തിന്റെ ഏറ്റവും താഴ്ന്ന നിലയിലുള്ളവരായി കാണുന്ന പ്രവണതയും വളരെ നീചമായ സംസ്കാരമാണെന്ന് നാം തിരിച്ചറിയണം.
കുട്ടികളുടെ ഭാഗത്ത് നിന്ന് ഉണ്ടായ പാകപ്പിഴവുകൾക്ക് നടപടിയെടുക്കുന്ന ഗുരുനാഥൻമാരെ അതേ കുട്ടികളുടെ മുന്നിൽ നിന്ന് തന്നെ ചോദ്യം ചെയ്യുന്നതും അവർക്കെതിരെ
ശക്തമായ തുടര്‍ നടപടികളെടുക്കുന്നതും വളരെ വലിയ അപകടത്തിലേക്ക് സമൂഹത്തെ ചെന്നെത്തിക്കുമെന്നതാണ് സത്യം.

രക്ഷാകര്‍തൃ സമൂഹത്തിന്റെ മത പഠനത്തോടും ഗുരുനാഥൻമാരോടും ഇത്തരം പുച്ഛത്തോടെയുള്ള സമീപനങ്ങളിൽ നിന്നും പുതിയ തലമുറ വായിച്ചെടുക്കുന്നത് തികച്ചും ആപത്കരമായ സന്ദേശങ്ങളാണ്. പ്രത്യേകിച്ചും മാതാപിതാക്കളുടെ മുന്നിലാണ് ഭൗതിക ശരീരമെങ്കിലും ആർട്ടിഫിഷ്യൽ ഇന്റലിജന്‍സിന്റെ ലോകത്തെ പൗരന്മാരായി ജീവിക്കുന്ന ന്യൂജൻ സമൂഹം ഇത്തരം സന്ദേശങ്ങള്‍ സ്വീകരിക്കുമ്പോൾ.

അല്ലാഹുവിനെ കുറിച്ച് പഠിപ്പിച്ചു കൊടുക്കുന്ന ഗുരുകുലങ്ങളാവുന്ന മദ്രസകൾ ഭൂമിയുടെ നിലനിൽപ്പിന് അനിവാര്യമായ ജഗനിയന്ത്രാവിന്റെ ഇഷ്ട ഭവനങ്ങളിലൊന്നായി നമുക്ക് പരിഗണിക്കാം.
അല്ലാഹുവിന്റെ അടയാളങ്ങളെ ബഹുമാനിക്കുന്നത് ഹൃദയത്തിൽ സൂക്ഷ്മത പുലർത്തുന്നവരുടെ അടയാളമാണ്.

സമൂഹത്തിൽ ഏറ്റവും ഉന്നത സ്ഥാനീയരായിരിക്കേണ്ടവരാണല്ലോ അധ്യാപകർ, ദീനീ സേവനത്തിന് വേണ്ടി ഉഴിഞ്ഞു വെക്കുന്ന അവരുടെ ജീവിതം പലരും തള്ളി നീക്കുകയാണ് എന്ന് തന്നെ പറയാം. വളരെ ഉന്നതമായ ജോലി ചെയ്യുന്ന ഇവര്‍ മികച്ച വേതനം അര്‍ഹിക്കുന്നവരാണ്. അതിലുപരി നമ്മുടെ മക്കളെ അറിവ് പഠിപ്പിക്കുന്നവർ ഒരിക്കലും സമ്പത്ത് കുറവായതിന്റെ പേരിൽ കഷ്ടകാലം അനുഭവിക്കരുത്.

മുഅല്ലിം ക്ഷേമനിധി പോലുള
പാവപ്പെട്ട അധ്യാപകരുടെ സാമ്പത്തിക നില മെച്ചപ്പെടുത്താനുള്ള ശ്ലാഘനീയമായ പദ്ധതികൾ നമ്മൾ പൂര്‍ണമായും വിജയിപ്പിച്ചെടുക്കേണ്ടത് നമ്മുടെ ധർമ്മമാണ്.

അറിവ് നേടാനുള്ള സൗകര്യങ്ങളും സംവിധാനങ്ങളും ഒരുപാട് ഒരുക്കി വെക്കുന്നതോട് കൂടെ ശറഈ പഠനത്തിന് മറ്റുള്ളവയേക്കാൾ പ്രാധാന്യം നല്‍കേണ്ടതും അത് പഠിപ്പിച്ചു കൊടുക്കുന്ന ഉസ്താദ്മാരെ അങ്ങേയറ്റം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് നമ്മുടെ സമൂഹത്തിൽ ഇസ് ലാമിക ചൈതന്യം നില നിര്‍ത്താന്‍ അനിവാര്യമാണെന്ന് രത്നച്ചുരുക്കം.

RELATED ARTICLES