21 November 2019
19 Rajab 1437

ലോകത്തിന്റെ ശ്രദ്ധ മക്കയിലേക്ക്..

ടി.എച്ച്.ദാരിമി‍‍

28 October, 2019

+ -
image

അഞ്ച്, ആറ് നൂററാണ്ടുകളുടെ പൊതു അവസ്ഥ വെച്ചുനോക്കുമ്പോള്‍ ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുവാന്‍ മാത്രം പ്രത്യേകിച്ചൊന്നും മക്കയിലുണ്ടായിരുന്നില്ല എന്നു മനസ്സിലാക്കുവാന്‍ പ്രയാസമുണ്ടാവില്ല. അക്കാലത്ത് അവിടെ കഅ്ബാലയം ഉണ്ടായിരുന്നു എന്നതു ശരിയാണ്.അവിടെ സാഹിത്യ സംഭാവനകള്‍ ഉണ്ടായിരുന്നു എന്നതും ശരിയാണ്.അവര്‍ കച്ചവട യാത്രകള്‍ നടത്തുമായിരുന്നു എന്നതും ശരിയാണ്. പക്ഷെ, ഇതെല്ലാം അറബികളെ, പ്രത്യേകിച്ചും തെക്കന്‍ അറേബ്യയിലെ ജനങ്ങളെയാണ് ആകര്‍ഷിച്ചിരുന്നത്. അവരാണ് തീര്‍ഥാടനത്തിനൊക്കെ വന്നിരുന്നത്. അതുതന്നെ ഒരു ന്യൂനപക്ഷമായിരിക്കാം. അത്ര വലിയ ജനസംഖ്യയൊന്നും ആ കാലത്ത് അവിടെയുണ്ടായിരുന്നില്ല. സാഹിത്യങ്ങളാവട്ടെ അത് ആസ്വദിച്ചിരുന്നതും അവ്വിധം സ്വാധീനിച്ചിരുന്നതും ചുററുവട്ടത്തെ അറബികളെ മാത്രമാണ്. അന്നത്തെ പലകൃതികളും ഇസ്‌ലാം വഴി അറബീ ഭാഷ ലോക ഭാഷയായി വളര്‍ന്നതിനു ശേഷം മാത്രമാണ് ലോകത്തിന്റെ ശ്രദ്ധയിലെത്തിയത്.കച്ചവടങ്ങളാണ് കുറച്ചെങ്കിലും ആ  അറബികളെ പുറം ലോകവുമായി ബന്ധിപ്പിച്ചിരുന്നത്. വര്‍ഷത്തിലൊരിക്കല്‍ അവരില്‍ അതിസമ്പന്നര്‍ മാത്രം നടത്തിയിരുന്ന ആ യാത്രകളാവട്ടെ യമനിലേക്കും ശാം നാടുകളിലേക്കും മാത്രമായിരുന്നു. അഥവാ ഏഷ്യയുടെ പുറംകടക്കുമായിരുന്നില്ല. പിന്നെ അവിടെ ആ കാലത്ത് ലോക ശ്രദ്ധ നേടിയ ഭരണാധികാരികളോ നേതാക്കളോ പ്രവാചകന്‍മാരോ ഒന്നും ഉണ്ടായിരുന്നതുമില്ല. അതിനാലെല്ലാം മക്ക അറേബ്യയുടെ ഒരു ശ്രദ്ധാ കേന്ദ്രമായിരുന്നുവെങ്കിലും ലോകത്തിന്റെ ശ്രദ്ധയില്‍ പതിയാന്‍ മാത്രം ഒരു ന്യായവുമുണ്ടായിരുന്നില്ല. അത്തരമൊരു കാലത്താണ് അല്ലാഹു തന്റെ അന്ത്യപ്രവാചകനെ അങ്ങോട്ടയക്കുവാന്‍ ഉദ്ദേശിക്കുന്നത്. ആ പ്രവാചകനാവട്ടെ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമാവേണ്ട ആളുമാണ്. ആയതിനാല്‍ അല്ലാഹു അന്ത്യപ്രവാചകനെ നിയോഗിക്കുന്നതിനു മുമ്പെ ലോകത്തിന്റെ ശ്രദ്ധ അങ്ങോട്ടു പിടിച്ചുവലിക്കുന്നത് ചരിത്രത്തിന്റെ ഒരു കൗതുകാധ്യായമാണ്. അന്നത്തെ ലോകം എന്നത് കോണ്‍സ്‌ററാന്റിനോപ്പിള്‍ കേന്ദ്രമായ റോമോ സാമ്രാജ്യവും ഇറാന്‍ കേന്ദ്രമായ പേര്‍ഷ്യന്‍ സാമ്രാജ്യവുമായിരുന്നു. ഈ രണ്ടു സാമ്രാജ്യങ്ങളിലൊന്നുമായി ബാഹ്യമോ ആന്തരികമോ ആയ ബന്ധങ്ങള്‍ സ്ഥാപിച്ച രാജ്യങ്ങളായിരുന്നു അറിയപ്പെടുന്ന മററുരാജ്യങ്ങളെല്ലാം. അത്തരം ബന്ധമില്ലാത്ത രാജ്യങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അത് വളരെ ചെറിയ നാട്ടുരാജ്യങ്ങള്‍ മാത്രമായിരുന്നു. ഈ രണ്ടു സാമ്രാജ്യങ്ങളാവട്ടെ തമ്മില്‍ വലിയ ശത്രുത പുലര്‍ത്തിയിരുന്നു. ഇത്തരം ഒരു സാഹചര്യത്തിലായിരുന്നു റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന എത്യോപ്യയിലെ എക്‌സൂം ഭരണകൂടത്തിനു കീഴിലുള്ളയമനില്‍ പ്രവിശ്യാ ഭരണാധികാരിയായിരുന്ന അബ്‌റഹത്തുല്‍ അശ്‌റും എന്ന ആള്‍ക്ക് മക്കയോട് ഒരു അസൂയ ജനിക്കുന്നത്. മക്ക അറബികളുടെ തീര്‍ഥാടനത്തിന്റെയും തദ്വാരാ കച്ചവടത്തിന്റെയും കേന്ദ്രമാകുന്നതിലുള്ള അസൂയയാരുന്നു അത്.അറബികളെ തന്റെ നാട്ടിലേക്കു ആകര്‍ഷിക്കുവാനും യമനിനെ അറേബ്യയുടെ കേന്ദ്ര ഭൂമിയാക്കി മാററുവാനും അയാള്‍ അവിടെ ഒരു ആരാധനാലയമുണ്ടാക്കി. സന്‍ആയില്‍ സിലാഹ് കൊട്ടാരത്തിന്റെ പടിഞ്ഞാറു ഭാഗത്തായി നിര്‍മ്മിച്ച ഈ ചര്‍ച്ചിന്റെ പേര് ഖുലൈസ്വ് എന്നായിരുന്നു. റോണാള്‍ഡ്‌ലിയോക്കോക് പറയുന്നതനുസരിച്ച് അത് ഭൂനിരപ്പില്‍ നിന്ന് അഞ്ചു മീറററോളം ഉയരം കൊണ്ടും അന്‍പത് മീററര്‍ നീളവും 25 മീററര്‍ വീതിയുമുള്ള വ്യാസം കൊണ്ടും ഖുബ്ബയുള്ള മേല്‍ക്കൂര കൊണ്ടും സ്വര്‍ണ്ണവും വെള്ളിയും പൂശിയ വാതിലുകള്‍, ജനലുകള്‍ എന്നിവ കൊണ്ടും വ്യത്യസ്ഥവും ആകര്‍ഷകവുമായിരുന്നു അബ്‌റഹത്തിന്റെ ആരാധനാലയം. അബ്‌റഹത്ത് ആരാധനാലയമുണ്ടാക്കി ജനങ്ങളെ ക്ഷണിച്ചുവെങ്കിലും ആരും അതു ഗൗനിച്ചില്ല. അത് അയാളെ കോപാന്ധനാക്കി. അനാവശ്യമായ വാശിക്കു വേണ്ടി അശാസ്ത്രീയമായ ചെയ്തികള്‍ കാണിക്കുന്നവര്‍ക്കുണ്ടാകുന്നതു തന്നെയാണ് ഈ മാനസികാവസ്ഥ. അതിനിടയില്‍ മക്കയില്‍ നിന്നും രണ്ടാളുകള്‍ ഖുലൈസ്വ് സന്ദര്‍ശിക്കുവാനിടയായി.അതിനു മുമ്പിലെത്തിയപ്പോള്‍ തങ്ങളുടെ കഅ്ബാലയത്തിനെതിരെയുണ്ടാക്കിയ ആരാധനാലയം എന്ന വികാരം അവരുടെ ഉള്ളില്‍ അടിച്ചുയര്‍ന്നു. അവര്‍ അതിനുള്ളില്‍ കയറി വിസര്‍ജ്ജനം നടത്തി. വിവരമറിഞ്ഞ അബ്‌റഹത്തിന്റെ മനസ്സിലെ പക ആളിക്കത്തി. ഇതിനു താന്‍ കഅ്ബാലയംതകര്‍ത്തു പ്രതികാരം ചെയ്യും എന്ന് അയാള്‍ പ്രതിജ്ഞ ചെയ്തു.

മക്കാരുടെ ആത്മീയ ശ്രദ്ധാ കേന്ദ്രമാണ് കഅ്ബാലയം എന്ന് അബ്‌റഹത്തിനറിയാം. ആരാധനകളും നേര്‍ച്ചകളും വഴിപാടുകളുമായി അവര്‍ എപ്പോഴും അതിനു ചുററുമാണ്. പിതാവിനെ വെട്ടിക്കൊന്ന ആളെ കണ്ടുമുട്ടിയാല്‍ പോലും അതു കഅ്ബയുടെ മുമ്പില്‍ വെച്ചാണെങ്കില്‍ കൊടും വാശിക്കാരായ മക്കക്കാര്‍ ഒന്നുംചെയ്യില്ല. അത്രയും അവര്‍ ആ മണ്ണിനെ പുണ്യമായി കാണുന്നു. അവിടെ ഒരു വ്യവസ്ഥാപിത ഭരണകൂടമൊന്നും ഇല്ലെങ്കിലും കഅ്ബക്കെതിരെ ഒരു നീക്കമുണ്ടായാല്‍ അവര്‍ സര്‍വ്വശക്തിയുമെടുത്തു പ്രതിരോധിക്കും. അതിനാല്‍ തന്റെ ഒരുക്കങ്ങള്‍ തന്നെ അവരെ വീഴ്തുന്ന തരത്തിലായിരിക്കണം എന്നു അബ്‌റഹത്ത് മനസ്സില്‍കണ്ടു.ഒരുക്കങ്ങള്‍ തന്നെ ഭീഷണിയുടെ സന്ദേശം നല്‍കുന്നതാകുവാന്‍ വേണ്ടി അബ്‌റഹത്ത് തന്റെ മുഴുവന്‍ സൈനികരേയും ഉള്‍പ്പെടുത്തി വലിയസേന രൂപീകരിച്ചു. അതുമാത്രമല്ല ആ സേനയുടെ മുന്‍നിരയെ നയിക്കുവാന്‍ ആനകളെ ഉപയോഗപ്പെടുത്തുകയും ചെയ്തു. ഇത് അന്നുവരെ ലോകം കണ്ടിട്ടില്ലാത്ത ഒരു കാഴ്ചയായിരുന്നു.പതിനൊന്നോളം ഗജവീരന്‍മാരെയായിരുന്നു അബ്‌റഹത്ത് മുമ്പില്‍ നിറുത്തിയത്.ഇതോടെ ലോകത്തിന്റെ ശ്രദ്ധ ഈ സേനയിലേക്കുതിരിഞ്ഞു. റോമാ സാമ്രാജ്യം തങ്ങളുടെ സേന തീര്‍ച്ചയായും വിജയിക്കും എന്നുറപ്പാക്കി മനസ്സുകൊണ്ട് സേനയെ പിന്തുടര്‍ന്നപ്പോള്‍ ഒന്നും പറയുവാന്‍ ധൈര്യമില്ലാതെ പേര്‍ഷ്യന്‍ സാമ്രാജ്യം ആ രംഗത്തിനൊപ്പം ശ്വാസം പിടിച്ചുനിന്നു. യമനില്‍ നിന്നും പുറപ്പെട്ട അബ്‌റഹത്തിന്റെ ആനപ്പട ത്വാഇഫ് വഴി മക്കയില്‍ മിനായുടെ അടുത്തെത്തി തമ്പടിച്ചു. ഭീഷണിപ്പെടുത്തുക എന്ന അബ്‌റഹത്തിന്റെ തന്ത്രം ഫലിച്ചു. മക്കക്കാര്‍ വിവരമറിഞ്ഞ് ഒരു ചെറുത്തു നില്‍പ്പിനുള്ള ധൈര്യമില്ലാതെ വിയര്‍ത്തു. അവര്‍ അവരുടെ നേതാവായിരുന്ന അബ്ദുല്‍ മുത്വലിബിനോട് എന്തു ചെയ്യണം എന്നാരാഞ്ഞു. നല്ല നിശ്ചയദാര്‍ഢ്യമുള്ള ആളായിരുന്ന അദ്ദേഹം പറഞ്ഞു: 'ചരിത്രത്തിലിന്നുവരെകേട്ടിട്ടില്ലാത്ത ഈ ആനപ്പടയെ നേരിടുവാന്‍ നമുക്കുകരുത്തില്ല. ആയതിനാല്‍ ഓരോരുത്തരും തന്റെ സുരക്ഷയില്‍ ശ്രദ്ധിക്കുക. പിന്നെ കഅ്ബയുടെ കാര്യം, അത് അതിന്റെ നാഥന്‍ നോക്കിക്കൊള്ളും'. 

ഇതു കേട്ട ജനങ്ങള്‍ മലകളിലും കുന്നുകളിലും അഭയം തേടി. 

ഏതു ഏററു മുട്ടലിനും ന്യായീകരണമായി ഒരു കാരണമുണ്ടാക്കുക എന്നത് അക്കാലത്തെ ഒരു പൊതു പതിവായിരുന്നു. അതുകൊണ്ടാണ് അവരുടെ യുദ്ധങ്ങളുടെയെല്ലാം തുടക്കം ദ്വന്ദയുദ്ധങ്ങളായത്. ഇവിടെയുംഅതുവേണമായിരുന്നു. അതിനു വേണ്ടി എന്തെങ്കിലും ഒരു പ്രകോപനം ഉണ്ടാക്കുവാന്‍ അബ്‌റഹത്ത് ഒരു വഴി തേടി. അപ്പോഴാണ് അവിടെ മേഞ്ഞു നടക്കുന്ന കാലിക്കൂട്ടം ശ്രദ്ധയില്‍പെട്ടത്. അവയെ അബ്‌റഹത്ത് പിടികൂടി. അവ അബ്ദുല്‍ മുത്തലിബിന്റെ ആടുമാടുകളായിരുന്നു. അവയെ തിരിച്ചുചോദിക്കുവാന്‍ അബ്ദുല്‍മുത്തലിബ് അബ്‌റഹത്തിന്റെ മുമ്പിലെത്തി. തന്റെ കാലികളെ തിരിച്ചു തരണം എന്ന് ആവശ്യപ്പെട്ടതും അവന്‍ പരിഹസിച്ചു: 'ഞങ്ങള്‍ നിങ്ങളുടെ കഅ്ബാലയം തകര്‍ക്കുവാന്‍ വന്നിരിക്കുകയാണ്, അതൊന്നും നിങ്ങള്‍ക്കു പ്രശ്‌നമില്ല അല്ലേ?, നിങ്ങള്‍ക്കു നിങ്ങളുടെ കാലികളാണ് വലുത് അല്ലെ?'. അബ്ദുല്‍ മുത്തലിബ് ശാന്തനായി പറഞ്ഞു: 'കാലികള്‍ എന്‍േറതാണ്, അവയുടെ കാര്യം നോക്കേണ്ടത് ഞാനാണ്. അവയെ എനിക്കു തിരിച്ചു തരണം.കഅ്ബക്ക് അതിന്റെ ഒരു ഉടമയുണ്ട്.അതിന്റെ കാര്യം അവന്‍ നോക്കിക്കൊള്ളും'. ആ വാക്കുകളില്‍ നിന്നും മക്കയുടെ പ്രതികരണം ഭയക്കേണ്ടതില്ല എന്നു അബ്‌റഹത്തിന് വ്യക്തമായും മനസ്സിലായി. അവര്‍ കാര്യങ്ങളൊക്കെ ദൈവത്തെ ഏല്‍പ്പിച്ചിരിക്കുകയാണ് എന്നാണല്ലോ ആ പറഞ്ഞതിന്റെ അര്‍ഥം. ഇതോടെ കാലികളെ വിട്ടുകൊടുത്ത് മക്കയിലേക്കുള്ള പുറപ്പാടിലേക്ക് അവര്‍ കടന്നു. വെറും രണ്ടു മൈല്‍ അകലെയുള്ള കഅ്ബാലത്തിനടുത്തേക്ക് പട ചെല്ലുന്നു. അവിടം വിജനമാണ്. ആനകളെ ഉപയോഗിച്ച് ആ ചതുരക്കെട്ട് തട്ടിത്തകര്‍ക്കുന്നു. വിജയ ശ്രീലാളിതരായിമടങ്ങുന്നു. ഇതായിരുന്നു അബ്‌റഹത്തിന്റെ കണക്കുകൂട്ടല്‍. 

ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇന്നുവരെ അത്രത്തോളം ശ്രദ്ധിച്ചിട്ടില്ലാത്ത മക്കയിലേക്കു തിരിഞ്ഞു വിജ്രംബിതമായി നില്‍ക്കുന്ന ആ നിമിഷങ്ങളില്‍ ആനപ്പടയുമായി മുന്നേറുവാന്‍ ഓര്‍ഡര്‍ നല്‍കപ്പെട്ടു. പുറപ്പെടുവാന്‍ ശ്രമിക്കുമ്പോള്‍ പക്ഷെ, ആനകള്‍ കഅ്ബയുടെ ഭാഗത്തേക്കു തിരിയുന്നില്ല. തിരിഞ്ഞാലും നടക്കുന്നില്ല.യമനിന്റെ ഭാഗത്തേക്കു തിരിഞ്ഞാല്‍ മാത്രം അവ നടക്കും. അല്ലെങ്കില്‍ അവ പിടിച്ചു നിറുത്തിയതുപോലെ നില്‍ക്കും. പാപ്പാന്‍മാര്‍ പല പ്രയോഗങ്ങളും നടത്തിനോക്കി. പാപ്പാന്‍മാര്‍ മാറി നോക്കി. ഒന്നും ഫലിക്കുന്നില്ല. അതോടെ ആശങ്ക അവിടെ പൊട്ടിവീണു. അതേസമയംസേനയുടെതലക്കുമുകളില്‍എങ്ങുനിന്നോചെറിയതരംകിളികളുടെവട്ടംരൂപപ്പെട്ടു. അധികം വൈകാതെ അവ മണിക്കല്ലുകള്‍ താഴേക്കിടുവാന്‍ തുടങ്ങി. തലയില്‍വീഴുന്ന ചുടുകല്ലുകള്‍ ഉരുകി അകത്തേക്കിറങ്ങി പിന്‍ദ്വാരത്തിലൂടെ പുറത്തേക്കു ചാടുന്നതോടെ അയാളുടെ ജീവനും ചാടിപ്പോകുവാന്‍ തുടങ്ങി. അതിവേഗം മനുഷ്യന്‍മാര്‍ കല്‍മഴയേററു മരിച്ചു വീഴുന്നതു കണ്ടതും ജനങ്ങള്‍ ചിതറിയോടി. ഓടുന്നതിനിടയിലും അവരില്‍ പലരും മരിച്ചു വീഴുന്നുണ്ടായിരുന്നു. അബാബീല്‍ പക്ഷികളെ വിട്ട് ആ വലിയ സേനയെ അല്ലാഹു നശിപ്പിക്കുകയായിരുന്നു. ഇതോടെ ജനം ഭയവിഹ്വലരായി. അബ്‌റഹത്തിന്റെ ആനപ്പടയെ ശ്വാസമടക്കി പിന്തുടര്‍ന്നിരുന്ന റോമന്‍ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങള്‍ അന്ധാളിച്ചു പോയി. അതോടെ ചരിത്രം കണ്ട വ്യത്യസ്ഥമായ ആ ആനപ്പടയില്‍ നിന്നും ലോകത്തിന്റെ ശ്രദ്ധ കഅ്ബാലയത്തിലേക്കുതിരിഞ്ഞു. അത് സര്‍വ്വശക്തനായ റബ്ബിന്റെ സാക്ഷാല്‍ ആലയമാണ് എന്നു എല്ലാ മനസ്സുകളും പറയുവാന്‍ തുടങ്ങി. ഇങ്ങനെ കഅ്ബാലയവും അതു നില്‍ക്കുന്ന മക്കയും ലോകത്തിന്റെ സജീവ ശ്രദ്ധയിലേക്കു വന്നു. അല്ല, അല്ലാഹു ഈ സംഭവത്തിലൂടെ ലോകത്തിന്റെ ശ്രദ്ധ അങ്ങോട്ടു തിരിച്ചുവിട്ടു. ഇനി അന്ത്യനാള്‍ വരെ ഇവിടമാണ് ശ്രദ്ധാ കേന്ദ്രം. പിന്നെ അധികം വൈകിയില്ല ഈ ശ്രദ്ധയില്‍ കുളിച്ചുനില്‍ക്കുന്ന ലോകത്തിനു മുമ്പില്‍ അന്ത്യദൂതനായി തന്റെ പ്രവാചകനെ അല്ലാഹു ജനിപ്പിച്ചു. ഈ സംഭവംകഴിഞ്ഞ്കൃത്യം അന്‍പതാംദിവസം.

 


RELATED ARTICLES