കുരിശുയുദ്ധങ്ങളുടെ പശ്ചാത്തലം

കിഴക്കും പടിഞ്ഞാറും അല്ലെങ്കില്‍ ഇസ്‌ലാമും ക്രിസ്തുമതവും തമ്മില്‍ നടന്ന രണ്ടു നൂറ്റാണ്ടുകാലം നീണ്ടുനിന്ന പോരാട്ട പരമ്പരയാണ് ചരിത്രത്തില്‍ കുരിശ്‌യുദ്ധങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. യൂറോപ്പിലെ ക്രൈസ്തവ ഭരണകൂടങ്ങള്‍ ഒത്തുചേര്‍ന്ന് പൗരസ്ത്യ മുസ്‌ലിംലോകത്തിനു നേരെ കുരിശ് ചിഹ്നമായി സ്വീകരിച്ച് നടത്തിയ പോരാട്ടങ്ങളായിരുന്നു ഇവ. ചന്ദ്രക്കലയും കുരിശും തമ്മില്‍ നടന്ന ഈ സംഘട്ടന ശ്രേണി ലോകചരിത്രത്തിന്റെ ഗതിവിഗതികള്‍തന്നെ തിരുത്തിയെഴുതുന്നതില്‍ വലിയ പങ്ക് വഹിച്ചു.

ഹിജ്‌റ 489 മുതല്‍ 691 വരെ (ക്രി.ശേ. 1096-1292) ഇടവിട്ടു നടന്ന ഈ പോരാട്ടങ്ങള്‍ ക്രൂസൈഡ്‌സ് അഥവാ കുരിശുയുദ്ധങ്ങള്‍ എന്നും അതില്‍ പങ്കെടുത്തവര്‍ ക്രൂസൈഡേഴ്‌സ് അഥവാ കുരിശുയോദ്ധാക്കള്‍ എന്നും അറിയപ്പെടുന്നു. ചില ഓറിയന്റലിസ്റ്റുകള്‍ ക്രിസ്ത്യാനികളും മുസ്‌ലിംകളും തമ്മില്‍ നടന്ന എല്ലാ ഏറ്റുമുട്ടലുകളെയും കുരിശുയുദ്ധങ്ങള്‍ എന്ന് പരിചയപ്പെടുത്തുന്നു.

പോപ് അര്‍ബണ്‍ രണ്ടാമന്റെ നിര്‍ദ്ദേശപ്രകരാമായിരുന്നു കുരിശുയുദ്ധങ്ങളുടെ തുടക്കം. അദ്ദേഹത്തിന്റെ ആജ്ഞ ശിരസ്സാവഹിച്ച പത്രോസ് സന്യാസി നാട്ടിലുടനീളം സഞ്ചരിച്ച് ജനങ്ങളെ ഇതിന് പാകപ്പെടുത്തി.  ഉജ്ജ്വല വാഗ്മിയും സൂത്രശാലിയുമായിരുന്ന പത്രോസിന് ക്രൈസ്തവരുടെ മനസ്സില്‍ മതവികാരം ആളിക്കത്തിക്കാന്‍ വേഗം കഴിഞ്ഞു.

മതപരമായ ഒരു വിശുദ്ധ യുദ്ധമായാണ് ഇത് അറിയപ്പെടുന്നതെങ്കിലും അതിലുപരി ഭൗതിക താല്‍പര്യങ്ങളായിരുന്നു കുരിശുയോദ്ധാക്കളെ നയിച്ചിരുന്നത്. കുരിശുയോദ്ധാക്കളുടെ പ്രത്യക്ഷ കാരണം മതപരമായിരുന്നു. കൂടാതെ ഛിന്നിച്ചിതറിക്കിടക്കുകയായിരുന്ന  ക്രൈസ്തവ സഭകളും ഭരണകൂടങ്ങളും ഈ പ്രശ്‌നത്തില്‍ ഒറ്റക്കെട്ടായി. കുരിശ് ഉയര്‍ത്തിപ്പിടിച്ച് യുദ്ധത്തിന് അണി നിരന്നു. ബൈത്തുല്‍ മുഖദ്ദസും യേശുക്രിസ്തുവിന്റെ ജന്മ ഗേഹവും മുസ്‌ലിംകളുടെ കയ്യില്‍നിന്ന് മോചിപ്പിക്കലായിരുന്നു അവരുടെ ലക്ഷ്യം.

ചരിത്രം പരതുമ്പോള്‍ മതം അവരെ സംബന്ധിച്ചിടത്തോളം ഒരു പുകമറമാത്രമായിരുന്നുവെന്ന് കാണാം.  ക്രിസ്തുവിന് മുമ്പ് അഗസ്റ്റസ് സീസര്‍ സ്ഥാപിച്ച റോമാ സാമ്രാജ്യം മൂന്നു നൂറ്റാണ്ടു കാലം പ്രതാപത്തോടെ നിലനിന്നു. ക്രിസ്തുവര്‍ഷം നാലാം ശതകത്തില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി തന്റെ തലസ്ഥാനം കിഴക്കോട്ട് മാറ്റി. മരിങ്കടലിനും മെഡിറ്ററേനിയന്‍ കടലിനുമിടയില്‍ ബോസ്ഫറസിന്റെ തീരത്തു ബിന്‍സാന്റിയം എന്ന പുരാതന നഗരത്തിന്റെ അടുത്തായി അദ്ദേഹം പുതിയ നഗരത്തിന് അദ്ദേഹം അസ്ഥിവാരമിട്ടു. തന്റെ പേരിനോട് ചേര്‍ത്തു കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നാണ് അതിന് പേര് നല്‍കിയത്. ഭരണ സൗകര്യത്തിന് റോമില്‍ മറ്റൊരു ചക്രവര്‍ത്തിയെ സ്ഥാപിച്ചു. അങ്ങനെ ഇരു ഭാഗങ്ങള്‍ പാശ്ചാത്യന്‍ റോമാ സാമ്രാജ്യം, പൗരസ്ത്യന്‍ റോമാ സാമ്രാജ്യം എന്നീ പേരുകളില്‍ അറിയപ്പെട്ടുതുടങ്ങി.

കാലക്രമത്തില്‍ പാശ്ചാത്യ റോമാ സാമ്രാജ്യം തകര്‍ന്നു. പൗരസ്ത്യ റോമാസാമ്രാജ്യത്തിന്റെ സ്ഥാപകന്‍ കോണ്‍സ്റ്റന്റൈന്‍ പിന്നീട് ക്രിസ്തു മതം സ്വീകരിച്ചതിനാല്‍ ആ മതം കോണ്‍സ്റ്റന്റൈന്‍നോപ്പിളിന്റെ ഔദ്യോഗിക മതമായിമാറി. അതുവഴി വന്‍ ഭാഗ്യമാണ് ക്രിസ്തുമതത്തിനു കൈവന്നത്. അതുവരെ അന്യമെന്നു കരുതി അറപ്പോടെ വീക്ഷിച്ചിരുന്ന ഒരു മതം സ്വന്തവും സ്വീകാര്യവുമായി മാറി. വലിയൊരു ജനവിഭാഗത്തെ ആകര്‍ഷിക്കാന്‍ അതിനു കഴിഞ്ഞു.

പശ്ചിമ റോമാ സാമ്രാജ്യം രാഷ്ട്രീയമായി ക്ഷയിച്ചപ്പോള്‍ ചര്‍ച്ചിന്റെ അധികാരം വര്‍ദ്ധിച്ചു. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ചര്‍ച്ചും മാര്‍പ്പാപ്പയും ഭരിക്കാന്‍ തുടങ്ങി. സാധാരണക്കാര്‍ മാത്രമല്ല; വലിയ രാജാക്കന്മാരും ഭരണാധികാരികളുംവരെ മാര്‍പ്പാപ്പയുടെ ദര്‍ശനത്തിനു ആശീര്‍വാദത്തിനും വേണ്ടി മണിക്കൂറുകളോളം കാത്തുകിടക്കേണ്ട അനുഭവമുണ്ടായി. അതിനു മുമ്പോ ശേഷമോ ചര്‍ച്ചിനും മതമേധാവികള്‍ക്കും അത്ര വലിയ സ്ഥാനവും സ്വാധീനവും ഉണ്ടായിട്ടില്ലെന്നാണ് പറയപ്പെടുന്നത്.

റോമും കോണ്‍സ്റ്റാന്റിനോപ്പിളും തമ്മില്‍ വലിയ സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. റോമില്‍നിന്നു വളരെ അകന്നു ഏഷ്യയോടു തൊട്ടുരുമ്മി നില്‍ക്കുന്ന ഈ സാമ്രാജ്യം ശക്തവും സ്വതന്ത്രവുമായി നിലകൊള്ളാന്‍ ശ്രമിച്ചു. പശ്ചിമ സാമ്രാജ്യത്തിന്റെ മതാധികാരിയായ മാര്‍പ്പാപ്പ തന്റെ അധികാരം പൗരസ്ത്യന്‍ നാടുകളില്‍ക്കൂടി ഉറപ്പിക്കുവാന്‍ ആഗ്രഹിച്ചുനില്‍ക്കുകയായിരുന്നു. വിവിധ ക്രിസ്തീയ വിഭാഗക്കാര്‍ തമ്മിലുള്ള കലഹം ഈ അകല്‍ച്ചക്ക് ആക്കം കൂട്ടി. ക്രിസ്തീയര്‍ രണ്ടു വിഭാഗമായി നെടുകെ പിളര്‍ന്നു. റോം തലസ്ഥാനമായുള്ള പാശ്ചാത്യ സാമ്രാജ്യത്തിലെ ക്രിസ്ത്യാനികള്‍ റോമന്‍ കാത്തോലിക്ക സഭയുടെയും കോണ്‍സ്റ്റാന്റിനോപ്പിള്‍ തലസ്ഥാനമായ പൗരസ്ത്യ സാമ്രാജ്യത്തിലെ ക്രൈസ്തവര്‍ ഓര്‍ത്തഡോക്‌സ് സഭയുടെയും അനുയായികളായി അറിയപ്പെട്ടു. ലത്തീന്‍ കാത്തോലിക്കക്കാര്‍ മാര്‍പ്പാപ്പയെ തങ്ങളുടെ മേലാധികാരിയായി വാഴിച്ചു. എന്നാല്‍ പൗരസ്ത്യ സഭ മാര്‍പ്പാപ്പയെ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല.

ഏഴാം നൂറ്റാണ്ടില്‍ ഇസ്‌ലാം രംഗത്തുവന്ന് ഒരു വന്‍ ശക്തിയായി മുന്നോട്ടുകുതിച്ചു. ഒരു വശത്ത് ബൈസാന്റിയന്‍ സാമ്രാജ്യവുമായി അതിന് ഏറ്റുമുട്ടേണ്ടിവന്നപ്പോള്‍, മറുവശത്ത് അന്തലൂഷ്യയിലും ഫ്രാന്‍സിലും വിവിധ ക്രൈസ്തവ ഭരണകൂടങ്ങളെയാണ് നേരിടേണ്ടി വന്നത്. ഈ സംഘട്ടനങ്ങള്‍ക്ക് ചരിത്രത്തില്‍ വലിയ സ്ഥാനമുണ്ടെങ്കിലും സാങ്കേതികമായി കുരിശുയുദ്ധങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നില്ല. നാം കുരിശുയുദ്ധങ്ങള്‍ എന്ന പേരില്‍ സാങ്കേതികമായി വിശേഷിപ്പിക്കുന്ന ഏറ്റുമുട്ടലുകള്‍ക്ക് മറ്റു പ്രാധാന്യങ്ങള്‍ക്കു പുറമെ ഇസ്‌ലാമിനെതിരെ പാശ്ചാത്യ പൗരസ്ത്യ ക്രൈസ്തവ സഭകളെ ഒറ്റക്കെട്ടായി അണിനിരത്തിയെന്ന സവിശേഷതകൂടിയുണ്ട്. നൂറ്റാണ്ടുകളോളം ഇവര്‍ക്കിടയില്‍ ചരിത്രപരമായ ശത്രുത നിലനില്‍ക്കുകയായിരുന്നു.

ക്രി വര്‍ഷം പതിനൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയില്‍ മധ്യ പൗരസ്ത്യ ദേശത്ത് നടന്ന രണ്ട് പ്രധാന സംഭവങ്ങള്‍ കുരിശുയുദ്ധങ്ങള്‍ക്ക് പ്രാരംഭം കുറിക്കുകയോ ആക്കം കൂട്ടുകയോ ചെയ്തുവെന്നു പറയാം. ബഗ്ദാദില്‍ സല്‍ജൂഖി തുര്‍ക്കികളുടെ ആധിപത്യമാണ് ഒന്ന്. അബ്ബാസികള്‍ക്ക് തളര്‍ച്ച നേരിട്ടപ്പോള്‍ ശത്രുക്കള്‍ക്ക് സന്തോഷമായി. അതിനിടെ ഉയര്‍ന്നുവന്ന സല്‍ജൂഖികളുടെ ശക്തി അവരുടെ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പിച്ചു. സല്‍ജൂഖികളുടെ ശക്തി ക്രമേണ വര്‍ദ്ധിച്ചുവന്നു. ഹിജ്‌റ 462 (എഡി. 1070) ല്‍ ഇവര്‍ ഈജിപ്തിലെ ഫാഥിമികളില്‍ നിന്നും സിറിയ പിടിച്ചെടുത്തു. ഫാഥിമികളെ ഇത് വല്ലാതെ വേദനിപ്പിച്ചു. അവരുടെ മന്ത്രി അഫ്‌സല്‍ ബിന്‍ ബദറുല്‍ ജമാലി സല്‍ജൂഖികള്‍ക്കെതിരെ കുരിശു യോദ്ധാക്കളുമായി കൂട്ടുകൂടുകപോലുമുണ്ടായി.

അതുപോലെ ഹി. 464 (ക്രി.ശേ. 1071) ല്‍ സല്‍ജൂഖികള്‍ ബൈസാന്തിയന്‍ സാമ്രാജ്യത്തിനെതിരില്‍ ഏഷ്യാമൈനറില്‍വെച്ച് നിര്‍ണായകമായ വിജയം വരിച്ചു. ഇതോടെ ബൈസാന്റികള്‍ പതറിപ്പോയി. അവരുടെ ഏഷ്യാ മൈനറിലെ പല പ്രദേശങ്ങളും സല്‍ജൂഖികളുടെ കയ്യിലമര്‍ന്നു. ഒടുവില്‍ ഇവ സ്വതന്ത്രമാക്കാന്‍ ഇവര്‍ക്ക്, ഇവര്‍ ഇതുവരെ ഇടഞ്ഞുനില്‍ക്കുകയായിരുന്ന മാര്‍പ്പാപ്പയോട് സഹായം തേടേണ്ടിവന്നു.

കോണ്‍സ്റ്റാന്റിനോപ്പിളിനെതിരെ വെല്ലുവിളിയുയര്‍ത്തിയ സല്‍ജൂഖികള്‍ ഹി. 471 (1078) ല്‍ അതുവരെ ഫാഥിമികളുടെ കയ്യിലായിരുന്ന ബൈത്തുല്‍ മുഖദ്ദസ് പിടിച്ചടക്കി. ക്രിസ്തീയ ഭക്തര്‍ അക്കാലത്ത് സുരക്ഷിതരായി ബൈത്തുല്‍ മുഖദ്ദസിലേക്ക് തീര്‍ത്ഥയാത്ര നടത്തുകയും തിരിച്ചുപോരുകയും ചെയ്തിരുന്നു. ഖുദുസും അതിലേക്കുള്ള വഴികളും സല്‍ജൂഖികളുടെ കരങ്ങളില്‍ വന്നതോടെ ക്രമസമാധാനവും രാജ്യത്തിന്റെ ഭദ്രതയും പരിഗണിച്ച് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇത് ക്രിസ്ത്യാനികളുടെ മതവികാരം ഇളക്കിവിട്ടു.

യൂറോപ്പിലെ ക്രൈസ്തവര്‍ക്ക് അക്കാലത്ത് മതവും തീര്‍ത്ഥകേന്ദ്രങ്ങളുമായി അഭേദ്യവും വൈകാരികവുമായ ബന്ധമുണ്ടായിരുന്നു. ഖുദുസിലേക്കുള്ള തീര്‍ത്ഥയാത്ര പാപങ്ങള്‍ പൊറുത്തുകിട്ടുന്നതിനും ശാശ്വതമായ വിജയത്തിനും കാരണമാകുമെന്ന് അവര്‍ ധരിച്ചു. തങ്ങളുടെ സ്വസ്ഥവും സുരക്ഷിതവുമായ തീര്‍ത്ഥയാത്രക്ക് ഭംഗംവരുകയാണെന്ന് ധരിച്ച ഭക്തര്‍ തിരിച്ചുപോയി സല്‍ജൂഖികളെയും അതുവഴി മുസ്‌ലിംകളെയും  സംബന്ധിച്ച് ഇല്ലാത്ത കഥകള്‍ പ്രചരിപ്പിച്ചു. ഇത് യൂറോപ്പില്‍ മുസ്‌ലിംകള്‍ക്കെതിരായ രോഷം ആളിക്കത്താന്‍ കാരണമായി. എന്തു വില കൊടുത്തും ഖുദുസും അതിലേക്കുള്ള വഴികളും മുസ്‌ലിംകളില്‍നിന്ന് മോചിപ്പിക്കേണ്ടത് തങ്ങളുടെ മതപരമായ ബാധ്യതയാണെന്നവര്‍ ദൃഢപ്രതിജ്ഞ ചെയ്തു.

യേശുവിന്റെ പാദ സ്പര്‍ശന മേല്‍ക്കുകയും ലോകത്തിന്റെ മോചനത്തിന് അവിടുന്ന് കിരിശിലേറിയെന്ന് വിശ്വസിക്കപ്പെടുകയും ചെയ്യുന്ന സ്ഥലം ഏറ്റവും പവിത്രമായിരുന്നു അവര്‍ക്ക്. അവിടേക്കുള്ള യാത്രതന്നെ പുണ്യമാണെങ്കില്‍ അതിനെ മുസ്‌ലിം കരങ്ങളില്‍നിന്നും മോചിപ്പിക്കുന്നതും വേണ്ടിവന്നാല്‍ അതിനുവേണ്ടി യുദ്ധം ചെയ്യുന്നതും വലിയ വിശുദ്ധ കര്‍മമായി അവര്‍ മനസ്സിലാക്കി.

മധ്യ കാലഘട്ടത്തില്‍ യൂറോപ്പില്‍ നാടുവാഴിത്ത സമ്പദായം നിലനില്‍ക്കുകയായിരുന്നു. അനന്തരാവകാശം നിഷേധിക്കപ്പെട്ട കുറേ നാടുവാഴി പ്രഭുക്കളുടെ മക്കള്‍ അസംതൃപ്തരായി കഴിഞ്ഞിരുന്നു. പൗരസ്ത്യ ദേശങ്ങളുമായി ഏറ്റുമുട്ടി അവിടങ്ങളില്‍ പുതിയ കോളനികള്‍ ലഭിക്കുന്നത് അവര്‍ക്ക് പ്രതീക്ഷയും ആശ്വാസവും നല്‍കി. കുരിശുയുദ്ധങ്ങളില്‍ ഇവുടെ സ്വപ്നവും അതിന്റെ പങ്ക് വഹിച്ചു.

ചര്‍ച്ചിന്റെ അധികാരം കിഴക്കന്‍ ദേശങ്ങളിലേക്കു കൂടി വ്യാപിക്കണം. അങ്ങനെ പൗരസ്ത്യ ദേശം മുഴുവനും മാര്‍പ്പാപ്പയുടെ കീഴില്‍ വരണം. മാര്‍പ്പാപ്പയുടെ ഈ ആഗ്രഹവും കുരിശുയുദ്ധങ്ങള്‍ക്ക് വെള്ളവും വളവും നല്‍കി. ക്രിസ്ത്യാനികള്‍ക്കിടയില്‍ യുദ്ധക്കൊതിയന്മാരായ ബര്‍ബറികള്‍ വര്‍ധിച്ച സ്വാധീനം നേടിയതും കുരിശുയുദ്ധങ്ങളുടെ തീയില്‍ എണ്ണയായി വര്‍ത്തിച്ചു.

അനുദിനം വര്‍ധിച്ചുവന്ന നാടുവാഴിത്ത സമ്പ്രദായവും വര്‍ധിച്ചുവന്ന ചക്രവര്‍ത്തിമാരുടെ സ്വാധീനവും പശ്ചിമ യൂറോപ്പില്‍ രണ്ടു ഭീഷണികള്‍ സൃഷ്ടിച്ചു. ഒന്നാമതായി പോരാളികളായ ഈ സമൂഹത്തിന്റെ ശ്ത്രുതയും വിദ്വേഷവും ഒരു വലിയ ഏറ്റുമുട്ടലിന് വട്ടംകൂട്ടുകയായിരുന്നു. കിഴക്കും പടിഞ്ഞാറും രണ്ട് സഭകളായി പിരിഞ്ഞതും പോപ്പിന്റെ അധികാരം പടിഞ്ഞാറ് മാത്രം ചുരുങ്ങിയതും മുമ്പു പറഞ്ഞല്ലോ. ചക്രവര്‍ത്തിമാര്‍ നേടിക്കൊണ്ടിരുന്ന സ്വാധീനം മാര്‍പ്പാപ്പയുടെ ആത്മീയ അധികാരത്തിനു പോലും ഭീഷണിയായി. ഇവിടെ സ്വന്തം സമൂഹത്തെ പരസ്പരം ശത്രുതയില്‍നിന്ന് ശ്രദ്ധതിരിക്കാനും പോപ്പിന് നഷ്ടപ്പെട്ട വീര്യവും അധികാരവും വീണ്ടെടുക്കാനും ഇതര സമുദായവുമായുള്ള ഒരു യുദ്ധം അനിവാര്യമാണെന്നു കണ്ടു.

കുരിശുദ്ധങ്ങള്‍ക്ക് വാണിജ്യപരമായ ഒരു കാരണംകൂടിയുണ്ടായിരുന്നു. നെഹ്‌റു തന്റെ വിശ്വചരിത്രത്തിലത് ഇങ്ങനെ എഴുതുന്നു: കുരിശുയുദ്ധങ്ങളുടെ മറ്റൊരു കാരണം വാണിജ്യ സംബന്ധമായിരുന്നു. വളര്‍ന്നുകൊണ്ടിരുന്ന രണ്ടു തുറമുഖങ്ങളായ വെനീസിലെയും ജിനോവയിലെയും വ്യാപാരി വര്‍ങ്ങള്‍ക്ക് അവരുടെ കച്ചവടം മന്ദീഭവിച്ചതിനാല്‍ ഇതാവശ്യമായി വന്നു. കിഴക്കന്‍ ദേശങ്ങളിലേക്കുള്ള അവരുടെ വ്യാപാര മാര്‍ഗങ്ങളില്‍ പലതും സല്‍ജൂഖികള്‍ അടച്ചുകളഞ്ഞിരുന്നു. ഇറ്റലിയിലെ ടൂറിസ്റ്റ് കപ്പലുകള്‍ യോദ്ധാക്കളെ വഹിക്കുകയെന്ന വ്യാജേന കച്ചവടച്ചരക്കുകള്‍ കൊണ്ടുവരികയും തിരിച്ചുകൊണ്ടുപോവുകയും ചെയ്തിരുന്നു. മധ്യപൗരസ്ത്യ ദേശത്തെ വന്‍ ശക്തിയായ ഇസ്‌ലാം യൂറോപ്പിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ തന്നെ ക്രൈസ്തവ യൂറോപ്പിന് കണ്ണില്‍കടിയായിരുന്നു. എന്നും കൂടുതല്‍ ആളും അര്‍ത്ഥവും അധികാരവും ആഗ്രഹിച്ചിരുന്ന അവര്‍ക്ക് ഇസ്‌ലാമിന്റെ മുന്നേറ്റം തങ്ങളുടെ മുമ്പില്‍ വെല്ലുവിളിയാവുന്നത് സഹിച്ചില്ല. സല്‍ജൂഖികള്‍ യൂറോപ്പില്‍ കാല് കുത്തി വനപ്രദേശങ്ങളിലും ഏഷ്യാമൈനറിലും ഭരണം സ്ഥാപിച്ചപ്പോള്‍ അവരുടെ ഈ അസഹ്യത വെളിച്ചത്തുവന്നു. വളര്‍ന്നുവരുന്ന മുസ്‌ലിംകളുടെ ഭീഷണി ഇല്ലാത്താക്കല്‍ അവരുടെ ഒരു അനിവാര്യതയായിരുന്നു. യൂറോപ്പിലേക്കു കുതിച്ചുവന്ന മുസ്‌ലിംകളുടെ ശക്തി ക്ഷയിപ്പിക്കാനാണ് കുരുശുയുദ്ധങ്ങള്‍ ഉണ്ടായതെന്നാണ് മറ്റു എഴുത്തുകാര്‍ എഴുതി വെച്ചത്. 

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter