നന്മയുടെ റാണി (ഭാഗം അഞ്ച്)

നല്ല ഇണയും നല്ല തുണയും

വളരെ മനപ്പൊരുത്തമുള്ള രണ്ടു ഇണകളായിരുന്നു ഹാറൂന്‍ റഷീദും സുബൈദയും. ഹറൂന്‍ റഷീദ് എല്ലാ കാര്യങ്ങളും ഭാര്യയുമായി ചര്‍ച്ച ചെയ്യുമായിരുന്നു. അവളുടെ അഭിപ്രായത്തിനു പ്രത്യേക പരിഗണന നല്‍കുകയും ചെയ്യുമായിരുന്നു. നല്ല രീതിയില്‍ ഒരു ക്ഷേമ രാജ്യം മുന്നോട്ടു പോകുന്ന ആ കാഴ്ച കണ്ട് പലരും അടക്കം പറഞ്ഞിരുന്നതു തന്നെ ഭരിക്കുന്നത് ഹാറുനല്ല, സുബൈദയാണ് അതുകൊണ്ടാണിത് എന്നായിരുന്നു. എല്ലാ യാത്രകളിലും ഭാര്യ ഒപ്പമുണ്ടായിരിക്കണമെന്നത് ഹാറൂന്‍ റഷീദിന്റെ നിര്‍ബന്ധമായിരുന്നു. ഹജ്ജിനും ഉംറക്കും വേണ്ടിയുള്ള തീര്‍ഥയാത്രകള്‍ മുതല്‍ യുദ്ധയാത്രകളില്‍ പോലും ഭാര്യ ഒപ്പമുണ്ടാകുമായിരുന്നു. സുബൈദയുടെ ഇടപെടല്‍ എപ്പോഴും നന്‍മ മാത്രം വരുത്തി. അവരുടെ തലയണമന്ത്രങ്ങള്‍ക്കു വരെ നന്‍മയുടെ ചൂടും ചൂരുമായിരുന്നു. ഇതൊക്കെ അവര്‍ക്കും അറിയാമായിരുന്നു. എന്നാല്‍ തന്റെ സ്വാധീനത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് ഒരു അഹങ്കാരവുമുണ്ടായിരുന്നില്ല. അവരെപ്പോഴും പ്രാണനാഥനെ ബഹുമാനത്തോടും അനുസരണയോടും കൂടി മാത്രം സമീപിച്ചു.
ഒരിക്കല്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഒരു കൊച്ചു അഭിപ്രായവ്യത്യാസമുണ്ടായി. രണ്ടു തരം പഴങ്ങളായിരുന്നു വിഷയം. ഒരാള്‍ നല്ലത് ഇതാണെന്ന് വാദിക്കുമ്പോള്‍ മറെറയാള്‍ അല്ല, ഇതാണ് നല്ലത് എന്നു വാദിക്കുകയായിരുന്നു. ഈ സൗഹൃദതര്‍ക്കം കുറച്ചുനേരം നീണ്ടുനിന്നു. അതിനിടെ ഖാളീ അബൂ യൂസുഫ് ഖലീഫയെ കാണുവാന്‍ കൊട്ടാരത്തിലേക്കുവന്നു. ആസ്ഥാന ജഡ്ജായിരുന്ന അദ്ദേഹത്തിന്റെ മേശപ്പുറത്തേക്കിട്ടു രണ്ടുപേരും തങ്ങളുടെ തര്‍ക്കം. ഖാളി പറഞ്ഞു: 'രണ്ടു പഴങ്ങളും തിന്നുനോക്കാതെ വിധി പറയുവാനാവില്ല' എന്ന്. ഉടനെ രണ്ടു പഴങ്ങളും വരുത്തി. ഖാളി രണ്ടു ഇനവും നന്നായി കഴിച്ചു. തര്‍ക്കം ഒരു സൗഹൃദ തര്‍ക്കമാണ് എന്നറിയുന്നതിനാല്‍ ഖാളി വയറു തടവി ഏമ്പക്കം വിട്ടെന്നോണം ഖലീഫയോട് പറഞ്ഞു: 'ഖലീഫാ, രണ്ടു പഴങ്ങളും തമ്മില്‍ ഒരു പ്രശ്‌നവുമില്ല, കണ്ടില്ലേ വയററില്‍ രണ്ടുപേരും രാജിയായി കിടക്കുന്നു..'. അതും പറഞ്ഞ് ഖാളി ചിരിച്ചപ്പോള്‍ ഖലീഫയും അതില്‍ പങ്കുകൊണ്ടു. ഖലീഫ ഖാളിക്ക് ആയിരം ദിര്‍ഹം സമ്മാനം കൊടുത്തു. ഖലീഫ ഖാളിക്ക് സമ്മാനം കൊടുത്തത് സുബൈദാ റാണിയറിഞ്ഞു. അവരും കൊടുത്തു സമ്മാനം. 999 ദിര്‍ഹം.ഒരു ദിര്‍ഹം കുറച്ചത് ഭര്‍ത്താവായ ഖലീഫയേക്കാള്‍ തന്‍ ഒപ്പമെത്തുകയോ മറികടക്കുകയോ അരുത് എന്നു കരുതിയാണ്.
നല്ല ഇണയും തുണയുമായി അവരിരുവരും ജീവിത നൗക തുഴഞ്ഞു. അവരുടെ സംരക്ഷണത്തില്‍ അബ്ബാസികളുടെ നാട് മാത്രമല്ല സ്വന്തം മക്കളും വളര്‍ന്നു. സ്വന്തം മകന്‍ അമീനിനോടു തന്നെയായിരുന്നു അവരുടെ മനസ്സിന്റെ ചായ്‌വ്. അതു തികച്ചും സ്വാഭാവികമാണുതാനും. എന്നാല്‍ മറാജില്‍ പ്രസവിച്ച മഅ്മൂനിനെ അവര്‍ ഒരിക്കലും അവഗണിച്ചില്ല. താനേറെ ഇഷ്ടപ്പെടുന്ന സ്വന്തം ഭര്‍ത്താവിന്റെ ചോരയായതിനാലും മഅ്മൂനിന്റെ ഉമ്മ മരിച്ചുപോയതിനാലും പ്രത്യേകിച്ചും. അവനും സ്‌നേഹം നല്‍കി.എല്ലായിടത്തും അമീനായിരിക്കണം മുമ്പില്‍ എന്ന ഒരു ചിന്തയുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ ഒരു വ്യത്യാസവും അവര്‍ കാണിക്കുമായിരുന്നില്ല. ഖുര്‍ആനിനോടും മതബോധത്തോടുമുള്ള അവരുടെ അടുപ്പത്തിന്റെയും അനുരാഗത്തിന്റെയും സ്വാധീനം മാത്രമാണ് ഈ നന്‍മകള്‍ക്കെല്ലാം കാരണമായി ചരിത്രകാരന്‍മാര്‍ കാണുന്നത്. ഖുര്‍ആനിനോടുള്ള അവരുടെ ആത്മബന്ധം കാണിക്കുന്ന മറെറാരു സംഭവം കൂടി ചില ചരിത്രങ്ങളില്‍ കാണാം.
ഒരിക്കല്‍ അവരുടെ ഒരു വില കൂടിയ മോതിരം കാണാതായി. അരിച്ചുപെറുക്കിയിട്ടും മോതിരം കിട്ടിയില്ല. മോതിരം നഷ്ടപ്പെട്ടതില്‍ അത്രക്കു കുണ്‍ഠിതപ്പെടേണ്ട കാര്യമൊന്നും ബഗ്ദാദിലെ റാണിക്കില്ലെങ്കിലും തന്റെ അന്തപ്പുരത്തില്‍ ഒരു മോഷണം നടക്കുന്നത് അവര്‍ക്ക് അചിന്തനീയമായിരുന്നു. അവസാനം അവര്‍ക്കു വാശിയായി. അവര്‍ ഒരു ജോത്‌സ്യനെ വരുത്തി. കണക്കുകള്‍ നോക്കി ജോത്‌സ്യന്‍ പറഞ്ഞു: 'മോതിരം എടുത്തത് അല്ലാഹുവാണ് എന്നാണ് തെളിയുന്നത്'. 
അതുകേട്ട റാണിക്ക് അതൊരു പരിഹാസമായിട്ടാണ് തോന്നിയത്. അവര്‍ ഭീഷണിയുടെ സ്വരത്തില്‍ ജോത്‌സ്യനെ നോക്കിയതോടെ ജോത്‌സ്യന്‍ വിറക്കുവാന്‍ തുടങ്ങി. തന്റെ അറിവും കണക്കും വെച്ചുനോക്കുമ്പോള്‍ തെളിയുന്നത് അതുമാത്രമാണ് എന്ന് ജോത്‌സ്യന്‍ തീര്‍ത്തു പറഞ്ഞു. അവസാനം അയാളെ വിട്ടു. അവര്‍ തന്റെ ആരാധനകളിലേക്കു പോയി. വുളൂഅ് ചെയ്തു മുസ്ഹഫ് തുറന്നപ്പോഴായിരുന്നു അവര്‍ കണ്ടത്, മുസ്ഹഫിന്റെ ഉള്ളിലുണ്ട് മോതിരമിരിക്കുന്നു. അടയാളം വെക്കുവാന്‍ അവര്‍തന്നെ നേരത്തെ എപ്പോഴോ തന്റെ മോതിരം ഊരിവെച്ചതായിരുന്നു.
പാവങ്ങളുടെ ഒരു സഹായക്കയ്യായിരുന്നു സുബൈദാ റാണി. അതീവ രഹസ്യമായി അവര്‍ ധാരാളം സ്വദഖകള്‍ ചെയ്യുമായിരുന്നു. വേദനയും യാതനയും പറഞ്ഞുകൊണ്ട് ദൈന്യമായി അവരുടെ കണ്ണുകളിലേക്ക് നോക്കിനിന്ന ഒരാള്‍ക്കും നിരാശപ്പെട്ടു മടങ്ങേണ്ടതായിവന്നിട്ടില്ല. വലിയ തുക സ്വദഖയായി നല്‍കുന്നത് ഭര്‍ത്താവായ ഹാറൂന്‍ റഷീദ് കാണുന്നുണ്ടായിരുന്നു എങ്കിലും അദ്ദേഹം അതിലൊട്ടും അനിഷ്ടം പ്രകടിപ്പിക്കുമായിരുന്നില്ല. അദ്ദേഹവും അക്കാര്യത്തില്‍ ഒട്ടും പുറകിലായിരുന്നില്ലല്ലോ. ഭാര്യയും ഭര്‍ത്താവും മത്‌സരിച്ചെന്നോണം ദാനധര്‍മ്മങ്ങള്‍ ചെയ്യുവാന്‍ തുടങ്ങിയതോടെ രാജ്യമൊട്ടാകെ രണ്ട് ഐശ്വര്യങ്ങള്‍ കളിയാടി. ഒന്ന് അല്ലാഹുവിന്റെ പ്രതിഫലമായുള്ള ഐശ്വര്യവും രണ്ടാമത്തേത് സുഭിക്ഷതയുടെ ഐശ്വര്യവും. എണ്ണത്തിലും വണ്ണത്തിലും തുകയിലുമെല്ലാം ഹാറൂന്‍ റഷീദിന്റെ സംഭാവനകളായിരുന്നു മുന്നില്‍. പക്ഷെ, ഫലത്തിന്റെ കാര്യത്തില്‍ സുബൈദാ റാണിയുടേതായിരുന്നു. അത് ഖലീഫ തന്നെ മനസ്സിലാക്കിയിരുന്നു.

(തുടരും)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter