നന്മയുടെ റാണി (ഭാഗം 13)

ഖലീഫയുടെ മാതാവ്

ഹിജ്‌റ 192ല്‍ ഹാറൂന്‍ റഷീദ് റാഫിഅ് ബിന്‍ ലൈത് എന്ന ശത്രുവിനെതിരെ ഒരു പടക്കിറങ്ങി. ബഗ്ദാദും ഭരണവും മകന്‍ അമീനിനെ ഏല്‍പ്പിച്ചു. ആ യാത്രക്കിടെ ഹാറൂന്‍ റഷീദ് രോഗബാധിതനായി. ആ രോഗത്തില്‍ നിന്നും എഴുനേല്‍ക്കുവാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ചികത്‌സകള്‍ മാറി മാരി നടത്തിനോക്കിയിട്ടും അദ്ദേഹത്തിനു ആശ്വാസം ലഭിച്ചില്ല. അവസാനം ഏററവും പ്രമുഖനായ ഒരു ഭിഷഗ്വരനെ കൊണ്ടുവന്നു. അദ്ദേഹം പരിശോധിച്ചുനോക്കിയിട്ട് ഇനിയൊരു പ്രതീക്ഷയില്ല എന്നറിയിച്ചു. പക്ഷെ, ഹാറൂന്‍ റഷീദ് ധീരനായിരുന്നു. രോഗത്തിന്റെ മുമ്പില്‍ നിന്ന് ശക്തമായി ഉയര്‍ന്നെഴുനേല്‍ക്കുവാന്‍ വരെ അദ്ദേഹം ശ്രമം നടത്തിനോക്കി. അദ്ദേഹം ഒരു ശക്തി സംഭരിച്ച് കഴുതപ്പുറത്തേക്കു ചാടിക്കയറി. പക്ഷെ, കാലുകള്‍ കാലണിയില്‍ വെക്കുവാന്‍ പോലും അദ്ദേഹത്തിനു കഴിഞ്ഞില്ല. അതോടെ അദ്ദേഹത്തിന് തന്റെ അന്ത്യം ഉറപ്പായി.
മരണം ഉറപ്പായതോടെ അദ്ദേഹം പാരത്രികമായ ധൈര്യങ്ങള്‍ കാണിച്ചുതുടങ്ങി. ഖബര്‍ തയ്യാറാക്കുവാന്‍ ആജ്ഞ നല്‍കി. കഫന്‍ പുടവകള്‍ തയ്യാറാക്കി. തുടര്‍ന്ന് അദ്ദേഹം ആ യാത്രയില്‍ ഉണ്ടായിരുന്ന തന്റെ ബന്ധുജനങ്ങളായ ഹാശിമികളെ വിളിച്ചുചേര്‍ത്തു. എന്നിട്ട് അവരോട് തന്റെ അന്ത്യോപദേശങ്ങള്‍ നല്‍കി. അവ പ്രധാനമായും മൂന്നെണ്ണമായിരുന്നു. അല്ലാഹുവാല്‍ ഏല്‍പ്പിക്കപ്പെട്ട അമാനത്തുകള്‍ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുക എന്നതായിരുന്നു ഒന്നാമത്തേത്. രാഷ്ട്രനായകന്‍മാര്‍ക്കുവേണ്ട ഉപദേശങ്ങള്‍ ആത്മാര്‍ഥമായി നല്‍കണമെന്നതായിരുന്നു രണ്ടാമത്തേത്. മൂന്നാമത്തേത് ഏെക്യം കാത്തുസൂക്ഷിക്കണമെന്നും. അത്തരം പ്രൗഢമായ അന്ത്യോപദേശങ്ങള്‍ നല്‍കുക വഴി അദ്ദേഹം മരണത്തിന്റെ മുമ്പിലും പ്രതാപിയായിമാറി. 
ഹിജ്‌റ 193 രണ്ടാം ജുമാദ മൂന്നിന് ഖലീഫാ ഹാറൂന്‍ റഷീദ് മരണപ്പെട്ടു. ഖുറാസാനിലെ ത്വൂസില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം. ചരിത്രത്തിലും അനുഭവത്തിലും സര്‍വ്വാംഗീകൃതനായ ഒരു ഭരണാധികാരിയായിരുന്നിട്ടും മരണസമയത്ത് ചില പുള്ളികള്‍ ആ വ്യക്ത്വത്തില്‍ വീണത് ചരിത്രത്തിലെ ഒരു സങ്കടമാണ്. ബര്‍മകുകളോട് കാണിച്ച കൊടും ക്രൂരതയാണ് അതിനു കാരണം. അതുവരെ നല്ലതു മാത്രം പറഞ്ഞിരുന്ന ജനങ്ങള്‍ ആ സംഭവത്തോടെ തിരിച്ചുപറയുവാന്‍ തുടങ്ങി. ഹാറൂന്‍ റഷീദിനെ മദ്യപനും അനാശാസ്യകനും ഒക്കെയായി ചരിത്രത്തില്‍ അവതരിപ്പിക്കപ്പെട്ടത് ഈ വിധത്തിലാണ്.
ഭര്‍ത്താവിന്റെ വിയോഗത്തില്‍ സുബൈദാ റാണി അതീവ ദുഖിതയായിരുന്നു. അവര്‍ തമ്മിലുണ്ടായിരുന്നത് അത്രയും ആഴമുള്ള ബന്ധമായിരുന്നു. അതിന്റെ സൂചനയാണ് എല്ലായ്‌പ്പോഴും റാണി ഖലീഫയുടെ ഒപ്പം തന്നെയുണ്ടായിരുന്നു എന്നത്. തീര്‍ഥാടന യാത്രകളില്‍ മാത്രമല്ല യുദ്ധ യാത്രകളില്‍ പോലും അവര്‍ പ്രിയതമന്റെ ചാരത്തുണ്ടായിരുന്നു.  അവരുടെ വിരഹവും വേദനയും കടുത്തതായിരുന്നുവെങ്കിലും അതില്‍നിന്നെല്ലാം അതിവേഗം മോചനം നേടുവാന്‍ തുണച്ചത് തന്റെ സ്വന്തം മകന്‍ ഇസ്‌ലാമിക രാജ്യത്തിന്റെ ഭരണാധികാരിയായതിലെ സന്തോഷമായിരുന്നു. ഹിജ്‌റ 193ല്‍ മുഹമ്മദ് എന്നു പേരുള്ള അവരുടെ മകന്‍ അമീന്‍ ഖലീഫയായി. അതോടെ വീണ്ടും സുബൈദാ റാണി അബ്ബാസീ രാഷ്ട്രീയത്തില്‍ സജീവമായി. അവരുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഖലീഫയായ മകന് വലിയ സഹായമായി. വളരെ ചെറുപ്പമായിരുന്നു ഖലീഫ. 23 വയസ്സായിരുന്നു ഖലീഫാ പതവിയിലെത്തുമ്പോള്‍ അമീന്റെ പ്രായം. അങ്ങനെ സുബൈദാ റാണിയുടെ ജീവിതം മറെറാരു ഘട്ടത്തിലേക്കു കടന്നു.
ഹാശിമിയ്യായ മാതാവിനും പിതാവിനും ജനിച്ച മകന്‍ എന്ന പ്രത്യേകത അമീനുണ്ടായിരുന്നുവെങ്കിലും അതിനൊത്ത ജീവിത മൂല്യങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നില്ല. സദാ വിനോദത്തിലും തമാശകളിലും മുഴുകിയ ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്‍േറത്. അതുകൊണ്ടുതന്നെ അമീന്റെ യുഗം കാര്യമായ നേട്ടങ്ങളൊന്നും അടയാളപ്പെടുത്തിയില്ല. ആകെയുണ്ടായ ഒരു നേട്ടം അലി ബിന്‍ അബ്ദുല്ലാ ബിന്‍ ഖാലിദ് എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട ഒരു വിഘടനവാദിയുടെ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായിരുന്നു. അതുകൊണ്ടുതന്നെയാണ് പ്രമുഖ ചരിത്രകാരന്‍ ഇബ്‌നുല്‍ അതീര്‍ 'അമീനില്‍ എടുത്തുപറയേണ്ട നന്‍മകളൊന്നും നാം കണ്ടെത്തിയിട്ടില്ല' എന്നു പറയുന്നതും.
ബര്‍മകുകളെ കൂട്ടക്കൊല ചെയ്തതിന്റെ ഞെട്ടല്‍ മാറിയില്ലാത്ത സമയമായിരുന്നു അത്. അതെല്ലാം മറി കടക്കുവാന്‍ അമീനും സഹോദരന്‍ മഅ്മൂനും ഉമ്മ സുബൈദാ റാണിയും പല പദ്ധതികളും നടപ്പിലാക്കി. വേദനങ്ങള്‍ വര്‍ദ്ധിപ്പിച്ചു. ഗവണ്‍മെന്റിനോട് ഒട്ടിനില്‍ക്കുന്നവരാണ് ഉദ്യോഗസ്ഥര്‍. അവരുടെ ആത്മാര്‍ഥമായ പിന്തുണ ഏതൊരു ഭരണാധികാരിക്കും അനിവാര്യമാണ്. അതുകൊണ്ട് അവര്‍ക്കു വേതനവര്‍ദ്ധനവുണ്ടായതു വഴി അവരെല്ലാം ഭരണകൂടത്തോട് കൂടുതല്‍ അടുത്തു. രാജ്യത്ത് പല ക്ഷേമപ്രവര്‍ത്തനങ്ങളും അമീന്‍ കാഴ്ചവെച്ചു. ഇതുകൊണ്ടെല്ലാം അബ്ബാസീ ബരണകൂടത്തിന് അതിന്റെ പൂര്‍വ്വ യസസ്സിലേക്ക് തിരിച്ചുവരുവാനുള്ള വഴിയൊരുക്കി.  എല്ലാവരും സന്തോഷിച്ചു. പക്ഷെ, ആ സന്തോഷം ഏറെ നാള്‍ നീണ്ടുനിന്നില്ല. ഒട്ടും പ്രതീക്ഷിക്കാത്ത മറെറാരു അഗ്‌നി പര്‍വ്വതം പ്രത്യക്ഷപ്പെട്ടു. അതാവട്ടെ, കരുതിയതിലും നേരത്തെ പുകയുവാന്‍ തുടങ്ങുകയും ചെയ്തു.
സഹോദരന്‍മാര്‍ തമ്മിലുള്ള മനപ്പൊരുത്തം തകര്‍ന്നതായിരുന്നു ആ ദുരന്തം. അവര്‍ തമ്മില്‍ മാനസികമായി ചില അകല്‍ച്ചകള്‍ പണ്ടേ ഉണ്ടായിരുന്നു. എല്ലാ തഴുകലും തലോടലും തനിക്കു സുബൈദാ റാണിയില്‍ നിന്നു ലഭിച്ചുവെങ്കിലും ചില വ്യത്യാസങ്ങള്‍ അവര്‍ കാണിക്കുന്നുണ്ട് എന്ന് മഅ്മൂനിനു തോന്നിയിരുന്നു. താന്‍ അറബിയല്ലാത്തതിന്റെയും ഒരു അടിമപ്പെണ്ണില്‍ ജനിച്ച കുട്ടിയാണ് എന്നതിന്റെയും നബി കുടുംബത്തില്‍ പെടുന്നില്ല എന്നതിന്റെയും പേരിലായിരുന്നു ആ സമീപന വൈജാത്യം എന്ന് മഅ്മൂന്‍ വളരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. 
തന്റെ മാതാവ് ഒരു അടിമസ്ത്രീയായിരുന്നു എന്നതിന്റെ പേരില്‍ തന്നോട് ഒരു വീക്ഷണവൈചാത്യം പുലര്‍ത്തുന്നത് മഅ്മൂനിന് ഉള്‍ക്കൊള്ളാവുന്നതിലും അപ്പുറമായിരുന്നു. ഇസ്‌ലാം അത്തരമൊരു വികാരം പുലര്‍ത്തുന്നില്ല എന്നതു തന്നെയാണ് അതിന്റെ പ്രധാന കാരണം. നിറത്തിന്റെയോ കുലത്തിന്റെയോ സാമൂഹ്യ സ്ഥാനങ്ങളുടെയോ പേരില്‍ വൈജാത്യം ഇസ്‌ലാം അനുവദിക്കുന്നില്ല. തഖ്‌വാ എന്ന ദൈവഭയമാണ് മനുഷ്യനെ ഉന്നതനും അധമനുമെല്ലാം ആക്കുന്നത്. നബി(സ) തിരുമേനി അത് തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ തീര്‍ത്തുപറഞ്ഞിട്ടുള്ളതാണ്. വിശ്വാസം കൊണ്ടും കര്‍മ്മം കൊണ്ടും ഔന്നത്യം നേടിയെടുത്തിരിക്കണം എന്നാണ് ഇസ്‌ലാമിന്റെ നിലപാട്. തന്റെ തീരുമാനമനുസരിച്ചല്ല ഒരാളും ജനിക്കുന്നത്. അതിനാല്‍തന്നെ അവന് അതില്‍ അധ്വാനവും പങ്കാളിത്തവുമൊന്നുമില്ല. ഇന്ന കുടുംബത്തില്‍ ജനിച്ചു എന്നത് ഒരാളുടെയും ന്യൂനതയമല്ല.മഅ്മൂനിന്റെ ചിന്തകള്‍ അങ്ങനെയായിരുന്നു.
അടിമസ്ത്രീയായി എന്നതിന്റെ പേരില്‍ തന്റെ മാതാവിനെ ഇകഴ്ത്തുന്നവര്‍ തന്റെ വല്ല്യുമ്മയെ കുറിച്ച് എന്തുകൊണ്ടാണ് ഒന്നും പറയാത്തത്?; മഅ്മൂനിന്റെ ഉള്ളം ചോദിച്ചു. തന്റെ വല്ല്യുമ്മ ഖൈസുറാന്‍ അബ്ബാസികളുടെ ചരിത്രം കണ്ട ഏററവും ശക്തയായ സ്ത്രീയാണ്. അവരെ ആദരിക്കാത്തവരില്ല. അവരെ ബഹുമാനിക്കാത്തവരില്ല. അവരാണ് ഖലീഫയെ നിശ്ചയിക്കുന്നത്. അവരാണ് കിരീടാവകാശിയെ നിശ്ചയിക്കുന്നത്. അവരുടെ അഭിപ്രായം ആരാഞ്ഞതിനു ശേഷമല്ലാതെ ഖലീഫമാര്‍ ഒന്നും തീരുമാനിക്കാറില്ല. അവര്‍ പറയുന്നതിന്റെ അപ്പുറത്തേക്ക് അവരാരും പോകാറുമില്ല. സ്വന്തം മകനെ പിന്‍ഗാമിയായി വാഴിക്കുവാന്‍ ശ്രമിച്ച പല ഖലീഫമാര്‍ക്കും അവര്‍ ഒന്നു മുഖം കറുപ്പിച്ചപ്പോള്‍ പിന്‍മാറേണ്ടിവന്നു. തന്ത്രപ്രധാനമായ സൈനിക നീക്കങ്ങള്‍ വരെ അവരറിഞ്ഞും അനുവദിച്ചും മാത്രമേ നടക്കാറുണ്ടായിരുന്നുള്ളൂ. ആ ഖൈസുറാന്‍ ബീവി ഒരു അടിമസ്ത്രീയായിരുന്നു.


Also Read: നന്മയുടെ റാണി (ഭാഗം 12)


ഖലീഫാ മഹ്ദിക്ക് മക്കയിലെ അടിമച്ചന്തയില്‍ നിന്നാണ് ഈ സുന്ദരിയായ അടിമസ്ത്രീയെ ലഭിച്ചത്. നല്ല ഏെശ്വര്യവും ആഢ്യത്വവും പ്രകടമായിരുന്ന ഈ അടിമ സ്ത്രീയെ ഏതോ ഒരാള്‍ തട്ടിക്കെണ്ടുവന്ന് വിററു കാശാക്കിയതായിരുന്നു. ബര്‍ബറി വംശജയായിരുന്ന അവര്‍ യമനിയോ മഗ്‌രിബിയോ ആണെന്നാണ് അനുമാനം. ഖലീഫാ മഹ്ദി അവളില്‍ ആകൃഷ്ടനായി. ആ ബന്ധം വളര്‍ന്നു. അതില്‍ ഹാദി. ഹാറൂന്‍ എന്നീ രണ്ടു മക്കളും ജനിച്ചു. അവര്‍ രണ്ടുപേരും ഖലീഫമാരാവുകയും ചെയ്തു. രണ്ടു മക്കളും ഖലീഫമാരായി എന്നത് ചരിത്രത്തിലെ ഒരു അപൂര്‍വ്വതയാണ്. ഇതിനു മുമ്പ് അങ്ങനെ ഒരു അനുഭവം അമവീ ഖലീഫയായിരുന്ന അബ്ദുല്‍ മലിക് ബിന്‍ മര്‍വ്വാന്റെ ഭാര്യ ഉമ്മുല്‍ ബനീനു മാത്രമേയുണ്ടായിട്ടുള്ളു. വലീദ് ബിന്‍ അബ്ദുല്‍ മലിക്, സുലൈമാന്‍ ബിന്‍ അബ്ദുല്‍ മലിക് എന്നീ രണ്ടു ഖലീഫമാരും അവരുടെ മക്കളായിരുന്നു. എന്നാല്‍ ഭര്‍ത്താവും മക്കളും പേരമക്കളും എല്ലാം ഖലീഫമാരായ അപൂര്‍വ്വത ഖൈസുറാനു സ്വന്തമാണ്. ആ ഖൈസുറാനോട് കാണിക്കാത്ത വിവേചനം തന്നോടു കാണിക്കുന്നതില്‍ മഅ്മൂന്‍ അസ്വസ്ഥനായിരുന്നു.
പക്ഷെ, മഅ്മൂന്‍ അതു കാര്യമായി എടുത്തില്ല. കാരണം എന്തൊക്കെയാണെങ്കിലും സുബൈദാ റാണി തന്നെ ഒരു മകനെ പോലെ നോക്കുന്നുണ്ട്. പിതാവില്‍ നിന്നും തനിക്കു അര്‍ഹമായ സ്‌നേഹം ലഭിക്കുന്നുണ്ട്. പിന്നെ തന്റെ കുറവുകളാവട്ടെ, ഉള്ളതു തന്നെയാണ്. അതിനെ പ്രതിരോധിക്കുവാനാണെങ്കിലോ തനിക്ക് ഉമ്മയില്ല. ബന്ധുക്കളുമില്ല. പേര്‍ഷ്യനാണ് തന്റെ ഉമ്മ എന്ന നിലക്ക് മന്ത്രിമാരും പ്രധാനികളുമായ ബര്‍മകുകള്‍ തന്നോട് കൂടുതല്‍ അടുപ്പം കാണിക്കുന്നുണ്ട് എന്നതൊഴിച്ചുനിറുത്തിയാല്‍ തനിക്ക് മററാരുടെയും പിന്തുണയില്ല. തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഗുണഫലങ്ങളില്‍ തൃപ്തനായി കഴിയുന്നതാണ് നല്ലത് എന്ന് അദ്ദേഹത്തിനു തോന്നി. അതിനാല്‍ കിരീടാവകാശി വിഷയത്തില്‍ പോലും കുതറാതെയും കുടയാതെയും അമീനിനും മാതാപിതാക്കള്‍ക്കുമൊപ്പം നില്‍ക്കുകയായിരുന്നു മഅ്മൂന്‍.

(തുടരും)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter