സാലിം അലി: പക്ഷി നിരീക്ഷണ പഠനത്തിന് അതുല്യ സംഭാവനകളർപ്പിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ

 

പക്ഷി നിരീക്ഷണത്തിനും പഠനത്തിനുമായി ജീവിതകാലം മുഴുവന്‍ സമര്‍പ്പിച്ച്  വിശ്വ പ്രസിദ്ധനായിത്തീർന്ന പക്ഷി ശാസ്ത്രജ്ഞനാണ് സാലിം അലി. പക്ഷിനിരീക്ഷണത്തിന് ശാസ്ത്രീയ മാനം നൽകിയ അദ്ദേഹം  അനന്യമായ സംഭാവനകളാണ്  ഈ മേഖലക്ക് നൽകിയത്. 1896 നവംബര്‍ 12 ന് മുംബൈയിൽ ജനിച്ച അദ്ദേഹത്തിന്റെ പൂർണ്ണനാമം സാലിം മുഹിയുദ്ദീന്‍ അബ്ദുള്‍ അലി എന്നായിരുന്നു.

പക്ഷി വേട്ടക്കാരനായുള്ള തുടക്കം

മൃഗവേട്ടയിൽ കമ്പമുള്ള അമ്മാവന്റെ മാതൃക പിൻപറ്റി നല്ലൊരു വേട്ടക്കാരനാവണമെന്നായിരുന്നു കുഞ്ഞു സാലിമിന്റെ ആഗ്രഹം. ഈ ലക്ഷ്യസാക്ഷാത്കാരത്തിനായി അമ്മാവന്റെ കയ്യിൽ നിന്നും ഒരു എയർഗൺ സംഘടിപ്പിച്ച് വീടിന്റെ പരിസരത്തെ പക്ഷികളെ ഉന്നം വച്ച് ഷാർപ്പ് ഷൂട്ടറാവാനുള്ള നിരന്തര പരിശീലനത്തിലായി. ഏറെ വൈകാതെ പക്ഷി വേട്ടയിൽ  അത്ഭുതകരമായ കൃത്യത കൈവരിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

പക്ഷിനിരീക്ഷണം ഒരു നിയോഗം പോലെ

 ഇതിനിടെയാണ് തന്റെ ജീവിതദൗത്യമെന്തെന്ന് സാലിം അലിയെ പഠിപ്പിച്ച സംഭവം അരങ്ങേറുന്നത്. താൻ വെടിവെച്ചിട്ട രണ്ട് പക്ഷികളിലൊന്നിന്റെ കഴുത്തിൽ കാണപ്പെട്ട അപൂർവമായ നിറം  ഏറെ കൗതുകമായി അലിക്ക് അനുഭവപ്പെട്ടു. ഇതേക്കുറിച്ചുള്ള ആഴത്തിലുള്ള അന്വേഷണം ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ സെക്രട്ടറി ഡബ്ലിയു എസ് മില്ലാ‍ര്‍ഡിന്റെ അടുത്താണ് അലിയെ എത്തിച്ചത്.  മ്യൂസിയത്തിലെ പക്ഷികളുടെ ചിത്രങ്ങളും രേഖകളും അദ്ദേഹം സാലിം അലിയുടെ മുന്നിൽ തുറന്നു കൊടുത്തു. അതിൽ നിന്നാണ് താൻ വെടിവെ ച്ചിട്ട പക്ഷി മഞ്ഞത്താലി ഇനത്തിൽ പെട്ടതാണെന്ന് അലി മനസിലാക്കുന്നത്.  മഞ്ഞത്താലി പക്ഷിയിൽ നിന്നാണ് ഷാർപ്പ് ഷൂട്ടറായ സാലിം അലി പക്ഷികളുടെ ലോകത്തേക്ക് ചിറ ചിറകടിച്ച് പാറി പറക്കുന്നത്

പഠനകാലം

മുംബൈയിലെ  സെന്റ്‌ സേവിയർ കോളേജിൽ ചേർന്നെങ്കിലും പഠനം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാതിരുന്നതോടെ അദ്ദേഹം തന്റെ കുടുംബാംഗങ്ങളുള്ള ബർമ്മയിലേക്ക് തിരിച്ചു. 

പഠനം തുടരുന്നു

ബർമയിൽ ഏഴുവർഷത്തോളം അദ്ദേഹം പഠനം നടത്തിയിട്ടുണ്ട്. 7 വർഷത്തിനു ശേഷം 1917-ൽ ഇന്ത്യയിലെത്തി ദാവർ കോളേജിൽ ചേർന്ന് പഠനം തുടർന്നു.   പ്രകൃതി ശാസ്ത്രത്തിലുള്ള അലിയുടെ താല്പ്പര്യം തിരിച്ചറിഞ്ഞ സെന്റ്‌ സേവ്യർ കോളേജിലെ ഫാദർ എതെൽബെറ്റ് ബ്ളാറ്റർ അദ്ദേഹത്തെ ജന്തുശാസ്ത്രം പഠിക്കാൻ പ്രേരിപ്പിക്കുകയും അങ്ങനെ സെന്റ്‌. സേവിയർ കോളേജിൽ നിന്ന് അദ്ദേഹം ജന്തുശാസ്ത്രം പഠിക്കുകയും ചെയ്തു.

ഭാരത ജന്തുശാസ്ത്ര സർവേയിൽ ([Zoological Survey of India)  പക്ഷിശാസ്ത്രജ്ഞന്റെ ഒഴിവ് കണ്ട് ജോലിക്ക് അപേക്ഷിച്ചെങ്കിലും ഒരു ഔപചാരിക യൂണിവേർസിറ്റി ബിരുദത്തിന്റെ അഭാവം മൂലം ജോലി ലഭിച്ചില്ല. എന്നാൽ 1926-ൽ അദ്ദേഹം മുംബയിലെ പ്രിൻസ് ഓഫ് വെയില്സ് മ്യൂസിയത്തിലെ പ്രകൃതിശാസ്ത്ര വിഭാഗത്തിലെ ഗൈഡ്‌ ലെക്ചററായി നിയമിതനായി. പ്രതിമാസം 350 രൂപയായിരുന്നു ശമ്പളം. പിന്നീടാണ് അദ്ദേഹം അന്തർദേശീയ തലത്തിലേക്ക് തന്റെ പഠനം പറിച്ചു നടന്നത്.

അറിയപ്പെട്ട പക്ഷി നിരീക്ഷകനായുള്ള വളർച്ച

1928 മുതല്‍ മില്ലറോടൊപ്പം ജോലി ചെയ്യാന്‍ ആരംഭിച്ച സാലിം അലി കൂടുതല്‍ പരിശീലനത്തിനായി ജര്‍മ്മനിയിലേക്ക് തിരിച്ചു. പ്രൊഫസര്‍ ഇര്‍വിന്‍ സ്‌ട്രെസ് മാനായിരുന്നു ജർമനിയിലെ ഗുരുനാഥന്‍. 

ജർമനിക്ക് പുറമേ മറ്റു പല രാജ്യങ്ങളിലും നടത്തിയ യാത്രകളും പക്ഷിനിരീക്ഷണ മേഖലയിൽ അദ്ദേഹത്തിന് കൂടുതൽ വൈഭവം നൽകി. ഇന്ത്യയെ പ്രതിനിധീകരിച്ച് പല സർവകലാശാലകളിലും മുഖ്യാതിഥിയായി

     കേരളത്തിൽ

രാജ്യത്തെ അറിയപ്പെട്ട പക്ഷിനിരീക്ഷകനായി വളർന്ന സാലിം അലി കേരളത്തിലും വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. 

 1935ൽ തിരുവിതാംകൂറിന്റെ പ്രത്യേക ക്ഷണപ്രകാരം കേരളത്തിലെത്തിയ അദ്ദേഹം ചാലക്കുടി, തട്ടേക്കാട്, കുമരകം തുടങ്ങിയ സ്ഥലങ്ങളൊക്കെ സന്ദർശിച്ച് പക്ഷി പഠനങ്ങളും നിരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. 1939ൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം റിപ്പോര്‍ട്ട്  തിരുവിതാംകൂർ ഭരണകൂടത്തിന് സമർപ്പിച്ചു. 

1985 ല്‍ അദ്ദേഹം രാജ്യസഭാംഗമായി. വംശനാശം സംഭവിച്ചു എന്ന് ലോകം വിലയിരുത്തിയ ബയാഫിന്‍ പക്ഷിയെ കുമയൂണ്‍ മലനിരകളില്‍ നിന്ന് അദ്ദേഹം കണ്ടെത്തി. ഭരണതലത്തിൽ അതിൽ അദ്ദേഹം നടത്തിയ ഇടപെടല്‍ മൂലമാണ് കേരളത്തിലെ സൈലന്‍റ് വാലി നാഷണല്‍ പാര്‍ക്കും ഭരത് പൂര്‍ പക്ഷി സങ്കേതവും നിലവില്‍ വന്നത്. 

ഗ്രന്ഥങ്ങൾ

ഹാന്‍ഡ്‌ബുക്ക് ഓഫ് ദി ബേഡ്സ് ഓഫ് ഇന്ത്യ ആന്‍റ് പാകിസ്ഥാന്‍, ദി ബുക്ക് ഓഫ് ഇന്ത്യന്‍ ബേഡ്സ് തുടങ്ങിയവയാണ് അദ്ദേഹം രചിച്ച പുസ്തകങ്ങൾ. ദി ഫാള്‍ ഓഫ് ദി സ്പാരോ എന്നാണ് ആത്മകഥയുടെ പേര്.

പുരസ്കാരങ്ങൾ

പക്ഷി നിരീക്ഷണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തും അന്തർദേശീയതലത്തിലും ധാരാളം പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1958ൽ പദ്മഭൂഷണും 1976ൽ പദ്മവിഭൂഷണും നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. അന്താരാഷ്ട്രതലത്തിലും നിരവധി  പുരസ്കാരങ്ങളാണ് അദ്ദേഹത്തെ തേടി വന്നത്. ബ്രിട്ടീഷ് ഓര്‍ണിത്തോളജിക്കല്‍ സൊസൈറ്റിയുടെ യൂണിയന്‍ ഗോള്‍ഡ് മെഡല്‍ നേടിയ ബ്രിട്ടീഷുകാരനല്ലാത്ത ആദ്യ പക്ഷി നിരീക്ഷകനെന്ന പദവിയും അദ്ദേഹത്തിന് മാത്രമുള്ളതാണ്.

1987 ജൂണ്‍ 21 നാണ് പക്ഷിനിരീക്ഷണ മേഖലയിൽ തുല്യതയില്ലാത്ത സ്ഥാനം അലങ്കരിച്ച സാലിം അലി ലോകത്തോട് വിട പറയുന്നത്. അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 12 ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിച്ചു കൊണ്ടാണ് മാതൃരാജ്യം  അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter