തുര്‍ക്കി: ഇസ്‌ലാമിക ഖിലാഫത്തിനു കീഴിലും ഇന്നും

സുല്‍ത്വാന്‍ അഹ്മദ് തുര്‍ക്കിയിലെ പുരാതന നഗരമാണ്. ഉസ്മാനീ ഖലീഫമാരുടെ ഭരണകേന്ദ്രം, തോപ്കാപ്പെ മ്യൂസിയം, ആയാ സൂഫിയ ചര്‍ച്ച് ഈ നഗരത്തിന്റെ ചരിത്രപൈതൃകം വിളിച്ചോതുന്നു. ഏഴു ലക്ഷത്തോളം ജനങ്ങള്‍ മാസം തോറും ഈ നഗരത്തില്‍ സന്ദര്‍ശനാര്‍ത്ഥം എത്തിച്ചേരുന്നു. നിരവധി റസ്റ്റോറന്റുകളും ഹോട്ടലുകളും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു.
അയാസോഫിയ ഒരുകാലത്ത് ഇസ്താംബൂളിലെ ഏറ്റവും വലിയ ജുമുഅത്ത് പള്ളിയായിരുന്നു. പൗരസ്ത്യ ക്രൈസ്തവ സാമ്രാജ്യത്തിന്റെ ആസ്ഥാന ദേവാലയമായിരുന്ന അയാ സോഫിയ കോണ്‍സ്റ്റന്റെന്‍ ചക്രവര്‍ത്തിയുടെ അന്ത്യാഭിലാഷം മാനിച്ച് പണികഴിപ്പിച്ചതാണെന്നു പറയപ്പെടുന്നു. എന്നാല്‍, 1453 മെയ് 29ന് ഇസ്‌ലാമിക വിപ്ലവകാരാല്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയപ്പോള്‍ എല്ലാ ക്രൈസ്തവ പ്രതിമകളെയും എടുത്തുകളഞ്ഞു പള്ളിയായി പ്രഖ്യാപിച്ചു. പിന്നീട് 1934ല്‍ ഇസ്‌ലാമിക ശത്രുവായ കമാല്‍ അത്താതുര്‍ക്ക് അയാസോഫിയ പുരാവസ്തു വകുപ്പിനു കീഴിലുള്ള ഒരു മ്യൂസിയമായി പ്രഖ്യാപിച്ചു. ഇന്നും എത്രയോ സംഭവങ്ങള്‍ക്ക് മൂകസാക്ഷിയായ അയാസോഫിയ നമ്മെ അത്ഭുതപ്പെടുത്തുന്നു. രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ അയാസോഫിയ സന്ദര്‍ശകര്‍ക്കായി സൗകര്യം ചെയ്തുകൊടുക്കുന്നു.
ഇസ്‌ലാമിക പൈതൃകം വിളിച്ചോതുന്ന തോപ്പ്കാപ്പെ മ്യൂസിയം അപൂര്‍വ ചരിത്രശേഖരങ്ങള്‍ നിധിപോലെ ഇന്നും സൂക്ഷിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ നിരവധി തവണ പരാമര്‍ശിച്ച മൂസാ നബി(അ)ന്റെ വടി, യൂസുഫ്(അ)ന്റെ കോപ്പെ, നബി(സ്വ)യുടെ പല്ല്, അബൂബക്കര്‍(റ), ഉമര്‍(റ), അലി(റ), ഉസ്മാന്‍(റ) എന്നിവര്‍ ഉപയോഗിച്ച ചരിത്രപ്രാധാന്യമുള്ള വാളുകള്‍ ഈ മ്യൂസിയത്തിന്റെ പുരാതന ഗരിമ വിളിച്ചോതുന്നു. അതോടൊപ്പം, നമ്മെ ഏവരെയും കരയിപ്പിക്കുന്ന മഹാനായ ഉസ്മാന്‍(റ)വിന്റെ നിണമുറ്റിയ വിശുദ്ധ ഖുര്‍ആനും അവിടെയുണ്ട്.
പുരാതന കാലത്തെ രാജാവിന്റെ ചര്‍ച്ചും ഒരു വിസ്മയ കാഴ്ചയാണ്. ചര്‍ച്ചിന്റെ ഏറ്റവും അടിത്തട്ടില്‍ ഒളിക്കാനുള്ള കുറേ താവളങ്ങളുണ്ട്. നിരവധി വശ്യമനോഹരമായ തൂണിനാല്‍ ചുറ്റപ്പെട്ട വലിയ അഴകുള്ള കാഴ്ചയാണത്.
തുര്‍ക്കിയിലുടനീളം സഞ്ചരിക്കുമ്പോള്‍ ഒരു ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ഓര്‍മവരുന്നു. വളരെ വെടിപ്പും വൃത്തിയുമുള്ള സ്ഥലങ്ങളും ജനങ്ങളുമാണ് അവിടെയുള്ളത്. ഇത്രയേറെ തിരക്കു പിടിച്ച ടൗണായിട്ടും ഓരോരുത്തരും വൃത്തിയോടെ എല്ലാതും പ്രത്യേകം സൂക്ഷിക്കുന്നു. സംസ്‌കാരചിത്തരും ആതിഥ്യപ്രിയരുമാണവര്‍. ഒരു ഭിക്ഷാടനം നടത്തുന്നവരോ, അലഞ്ഞുതിരിഞ്ഞ് നടക്കുന്നവരോ ഇല്ല. വൈകുന്നേരമാകുമ്പോള്‍ വീട്ടുമുറ്റത്ത് മേശയിട്ട് ലെസ്സ് കളിക്കുകയും പ്രത്യേകമായ തുര്‍ക്കിചായ കുടിക്കുകയും ചെയ്യുന്നു. പ്രമുഖ സ്വഹാബിയായ അബൂഅയ്യൂബില്‍ അന്‍സാരി(റ)വിന്റെയും തുര്‍ക്കി ജയിച്ചടക്കിയ മുഹമ്മദ് ഫാതിഹ്(റ)വിന്റെയും മഖ്ബറകള്‍ ഇവിടെ സ്ഥിതിചെയ്യുന്നു. നിരവധി വിശ്വാസികള്‍ മഖ്ബറ സന്ദര്‍ശനാര്‍ത്ഥം ഇവിടെ എത്തിച്ചേരുന്നുണ്ട്. ഖുര്‍ആന്‍ ഓതാനും പ്രാര്‍ത്ഥിക്കാനും പ്രത്യേകമായ സൗകര്യം തുര്‍ക്കി ഗവണ്‍മെന്റ് ചെയ്തുകൊടുത്തിരിക്കുന്നു.
ഇസ്താംബൂള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ഓരോ പള്ളിയോടും മഖ്ബറയോടും ചേര്‍ന്നു വലിയ വിശ്രമസ്ഥലം ഒരുക്കിയിട്ടുണ്ട്. മനോഹരമായ മാര്‍ബിളുകളും വിളക്ക് സംവിധാനവും കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നു.
അവിടത്തെ വിശാലമായ മെട്രോ പാത നമ്മെ ഏവരെയും അത്ഭുതപ്പെടുത്തും. പ്രത്യേക വൈദഗ്ധ്യമുള്ളവരാണ് ഇതിന്റെ ശില്‍പികള്‍. രാജ്യത്തെ ഏതു ഭാഗത്തെയും ബന്ധിപ്പിക്കുന്ന ഈ യാത്രയ്ക്ക് കുറഞ്ഞ പണമേ മുടക്കേണ്ടതുള്ളൂ. ഇസ്താംബൂളിലെ ഗ്രാന്റ് ബസാര്‍ ലോകത്തിലെ മുന്‍നിരയിലുള്ള വ്യാപാര മാര്‍ക്കറ്റാണ്. ലോകത്തിന്റെ അഷ്ടദിക്കുകളിലേക്ക് ദിനംപ്രതി കച്ചവടം നടക്കുന്നു. ഏകദേശം 20000ത്തിലധികം കടകള്‍ വരുന്ന ഈ മാര്‍ക്കറ്റ് നടന്നു കാണണമെങ്കില്‍ ചുരുങ്ങിയത് നാലു ദിവസമെങ്കിലും വേണമത്രെ.
ഇസ്താംബൂളിലെ ജനങ്ങള്‍ അത്യധികം ലിബറല്‍ മനോഭാവത്തോടെ കഴിയുന്നവരാണ്. നിരവധി പള്ളികളും ആരാധനാലയങ്ങളുമുണ്ട് ഇവിടെ. നോമ്പ് തുറയുടെ സമയത്ത് എല്ലാവരും പള്ളിയുടെ സമീപത്തെത്തി നോമ്പു തുറക്ക് വലിയ പ്രാധാന്യം നല്‍കുന്നു.
കള്ളുകുടിയും തര്‍ക്കവിതര്‍ക്കങ്ങളും അവിടെ നിരോധിച്ചിരിക്കുന്നു. തയ്യിബ് ഉര്‍ദുഗാന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ ഭരണകൂടം വലിയ ഫൈനാണ് ഇത്തരം കാര്യങ്ങള്‍ക്ക് ഈടാക്കുന്നത്. എല്ലാ ഇസ്‌ലാമിക മൂല്യങ്ങള്‍ക്കും വലിയ ബഹുമാനമാണ് ഭരണകൂടം നല്‍കുന്നത്. ഇസ്‌ലാമിനെതിരേ വരുന്ന ഏതൊരു പ്രശ്‌നത്തെയും നിശിതമായി ഈ ഭരണകൂടം എതിര്‍ക്കുന്നു.
രാജ്യത്തുള്ള പോലീസുകാര്‍ സാധാരണക്കാരുടെ വേഷമാണ് ധരിക്കുന്നത്.  അതിനാല്‍, കുറ്റവാളികളെ വളരെ തന്ത്രപരമായി പിടിക്കാന്‍ അവര്‍ക്ക് കഴിയുന്നു.
ഇന്നും ഇസ്‌ലാമിക രാജ്യങ്ങള്‍ക്ക് തുര്‍ക്കി വലിയ മാതൃക നല്‍കുന്നു. ജനങ്ങള്‍ വളരെ നിലവാരത്തോടെ ദൈനംദിന കാര്യങ്ങളില്‍ ഏര്‍പ്പെടുന്നു. രാജ്യത്തെ സമാധാനാന്തരീക്ഷവും അവസ്ഥയും തുര്‍ക്കി വിപ്ലവകാരി മുഹമ്മദ് ഫാതിഹ്(റ)വിന്റെ കാലത്തെ ഓര്‍മിപ്പിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter