ബ്രൂണെ ദാറുസ്സലമിലെ നബിദിനാഘോഷം
വസന്തങ്ങളുടെ വസന്തമായ പുണ്യ റബീഉൽ അവ്വലിന്റെ രാപ്പകലുകൾ ആശിഖുകളുടെ ഹൃദയങ്ങൾ സ്നേഹത്തിന്റെ മൗലിദ് ശീലുകളുമായി കോർത്ത് വെക്കപ്പെടുന്നുണ്ട്. ലോകത്തെങ്ങും ഈ പുണ്യമാസത്തിൽ വ്യത്യസ്തമായ ഭാഷകളിലൂടെ വ്യത്യസ്ത രീതിയിലുള്ള നബിദിന ആഘോഷങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.ജനസംഖ്യയുടെ ബഹുഭൂരിപക്ഷവും മുസ്ലിംകളായ സുന്നീ വിശ്വാസികളും ശാഫിഈ മദ്ഹബ് പ്രകാരം മതചിട്ടകൾ നിർവ്വഹിക്കുന്നവരുമായ ബ്രൂണെ ദാറുസ്സലാമിലെ നബിദിനാഘോഷം ഏറെ വ്യത്യസ്തത നിറഞ്ഞതാണ്. പ്രവാചകന്റെ ജന്മദിനമായ റബീഉൽ അവ്വൽ 12 രാജ്യത്ത് പൊതു അവധി ദിനമാണ്. ബ്രൂണെയിൽ റബീഉൽ അവ്വൽ മാസം പിറന്നത് മുതൽ 12 വരെയുള്ള ദിനങ്ങളിൽ മഗ്രിബ് നിസ്കാരത്തിന് ശേഷം എല്ലാ വീടുകളിലും മസ്ജിദുകളിലും മൗലിദ് സദസ്സുകൾ പതിവായി നടക്കുന്നുണ്ട്. ഈ മൗലിദ് സദസ്സുകൾ ദിക്റ് മജ്ലിസ്, മജ്ലിസു മൗലിദുറസൂൽ എന്നീ പേരുകളിലാണ് ഇവിടെ അറിയപ്പെടുന്നത്. മഗ്രിബ് നിസ്കാരത്തിന് ശേഷമുള്ള മൗലിദ് മജ്ലിസുകൾ നമ്മുടെ നാടുകളിലേതിന് തുല്യമാണെങ്കിലും ബ്രൂണെയിലെ മൗലിദ് മജ്ലിസുകളെ പ്രത്യേകമാക്കുന്നത് അവിടുത്തെ ഉൻഷൂദ സംഘങ്ങളാണ്(മൗലിദ് പാരായണ സംഘങ്ങൾ). വീടുകളിലും പള്ളികളിലും മൗലിദ് പാരായണം നടത്തുന്നത് ഇത്തരം ഉൻഷൂദ സംഘങ്ങളാണ്. പുരുഷന്മാർക്കായി പുരുഷന്മാരുടെ സംഘങ്ങളും സ്ത്രീകൾക്കായി അവരുടെ സംഘങ്ങളും ഇവിടെ ഉണ്ട്. മസ്ജിദ് അന്നബവിയിലെ ഇമാമായിരുന്ന ബ്രൂണയിലെ ശൈഖ് അലി ബിൻ സ്വാലിഹ് ബിൻ അലി ജാബിർ ഇന്നും റബീഉൽ അവ്വലിൽ ഉൻഷൂദ സംഘങ്ങൾക്ക് നേതൃത്വം നൽകാൻ സ്വന്തം രാജ്യമായ ബ്രൂണെ ദാറുസ്സലാമിൽ എത്തുന്നുണ്ട്. ശൈഖ് അലി ജാബിർ ഇന്തോനേഷ്യയിൽ ഇസ്ലാമിക പ്രബോധന മേഖലയിൽ ഇന്നും സജീവമായി തുടരുന്ന വ്യക്തിത്വമാണ്. ഇവിടെ തഹ്ലീലുൽ അർവാഹ്(تهليل الأرواح ) എന്ന മൗലിദ് ഗ്രന്ഥമാണ് പൊതുവായി പാരായണം ചെയ്യപ്പെടുന്നത്.ഉൻഷൂദ സദസ്സുകൾക്ക് മേന്മയേറ്റി ദഫ്മുട്ട് ഒരു പ്രധാന ഇനമായി ഇന്ന് മാറിയിട്ടുണ്ട്, തിരുനബിയെ മദീനക്കാർ ദഫ്മുട്ടിയാണ് സ്വീകരിച്ചിരുന്നത് എന്ന് ചരിത്രത്തിൽ നിന്നും വായിച്ചെടുക്കാനാകും. റബീഉൽ അവ്വൽ ഒന്ന് മുതൽ പതിനൊന്നട ക്കമുള്ള ദിവസങ്ങളിൽ മഗ്രിബ് നിസ്കാരത്തിന് ശേഷമുള്ള മൗലിദ് പാരായണവും സുഭിക്ഷമായ സദ്യകളും ഒരുങ്ങുന്ന ഇവിടെ പന്ത്രണ്ടിന് രാവിലെ ഏഴ് മണിയോടെ സുൽത്താന്റെ വീട്ടുപരിസരത്ത് നിന്നും രാജ്യ തലസ്ഥാനത്തേക്കുള്ള വലിയ നബിദിന റാലി നടക്കും. റാലിയുടെ ഏറ്റവും മുന്നിൽ സുൽത്താനും തൊട്ടു പിറകിലായി സൈനിക- പോലീസ് വിഭാഗങ്ങൾ അണിരിക്കും അവർക്ക് പിന്നിലായി ഭരണ തസ്ഥികകളിലെ ഓരോ ഗ്രൂപ്പും ഏറ്റവും അവസാനം വിദ്യാഭ്യാസ വിഭാഗവും അവരുടെ പിന്നിൽ വിദ്യാർത്ഥികളും അണിനിരക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടികൾക്ക് തുല്യമായ ആഘോഷം പോലെയാണിവിടെ നബിദിനാഘോഷം.ഓരോ ഗ്രൂപ്പുകൾക്കും അവരുടേതായ ബാനറുകളും വസ്ത്രങ്ങളും ഉണ്ടാകും. നല്ല ചൂട് കാലമോ വർഷകാലമോ ആണെങ്കിൽ വിവിധ നിറങ്ങളിലുള്ള കുടകൾ ചൂടിയാകും റാലി. ദിക്റ് സദസ്സുകളുടെ പേരിൽ പ്രശസ്തമായ ബ്രൂണെയിൽ മൗലിദ് പാരായണം തുടങ്ങുന്നത് ഫാത്തിമി അമീറായിരുന്ന ബാനി ബിൻ അൽ കൊദ്ദാഖിന്റെ കാലത്താണ് എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. സുന്നി ആശയങ്ങൾക്ക് പ്രാമുഖ്യം കൽപ്പിക്കുന്ന ഹസൻ(റ) ലേക്കെത്തിച്ചേരുന്ന അഹ്ലു ബൈത്താണ് രാജ്യം ഭരിക്കുന്നത് എന്നതിനാൽ തന്നെ അവിടുത്തെ മൗലിദ് നബിദിനചര്യകൾക്ക് ഏറെ പ്രാധാന്യമുണ്ട്. സുൽത്താൻ ഹസൻ ബോൽക്കിയയാണ് ഇപ്പോൾ ബ്രൂണെ സുത്താൻ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter