ഒപ്പനയിലെ കഥയും കാര്യവും

മാപ്പിളപ്പാട്ടിലെ ഒരു ഇശല്‍ മാത്രമായിരുന്നു ഒപ്പന. കാലാന്തരേണ, കല്യാണപ്പന്തലുകളിലും ആഘോഷ നഗരിയിലും സാര്‍വത്രികമായതോടെ ദൃഷ്യാവിഷ്‌കാരം രൂപപ്പെട്ടുവരികയായിരുന്നു ഇതിന്. അങ്ങനെയാണ് ആരമ്പ, വൈനീളം, തൊങ്കല്‍ തുടങ്ങിയ ഇശലുകള്‍ക്കിടയില്‍ ഒപ്പന മികച്ചുവരുന്നത്. ഇതിന് നുറ്റാണ്ടുകളുടെയൊന്നും പഴക്കമില്ല. ആസ്വാദനത്തിന്റെ നൂതന തുറകളില്‍ വളരെ വൈകിയാണ് ഈ നാമം ഉപയോഗിച്ചുതുടങ്ങുന്നത്. ഇതോടെ, ഒപ്പന സ്വതന്ത്രമായ മാപ്പിളകലാ പൈതൃകത്തിന്റെ ഒരു അനശ്വര സന്ദേശമായി നിലകൊണ്ടു. സ്ത്രീയെന്നോ പുരുഷനെന്നോ ഉള്ള വിവേചനം അതിനുണ്ടായിരുന്നില്ല. കലയുടെ പൊതു സ്വഭാവം തന്നെയാണ് അതും നിലനിര്‍ത്തിയിരുന്നത്. എങ്കിലും പരിമിതികളുടെ പശ്ചാത്തലത്തില്‍ രണ്ടും വെവ്വേറെയായിത്തന്നെ അവതരിപ്പിക്കപ്പെട്ടു. പുരുഷന്‍ കല്യാണ സദസ്സുകളിലും സ്ത്രീ പുതുനാരിയുടെ അലങ്കൃത മുറിയിലും ഇത് നടത്തിപ്പോന്നു. മാപ്പിളപ്പാട്ടിന്റെ ഈരടികളോടെയാണ് ഒപ്പനകള്‍ നടത്തപ്പെട്ടിരുന്നത്. ഇത് അംഗീകൃത കലാരൂപങ്ങളുടെ ഗണത്തില്‍ പെടുന്നതും ഇവോയോടനുബന്ധിച്ചുചുവരുമ്പോഴാണ്. മഹത്തുക്കളുടെയും വിശുദ്ധാത്മാക്കളുടെയും വിശുദ്ധമായ സ്മൃതികളാര്‍ന്ന ശബ്ദവീചികളിലൂടെയാണ് ഇവയില്‍ ആദ്ധ്യാത്മികത കടന്നുവരുന്നത്. ഭൂഷാദികളോടെ ചമഞ്ഞൊരുങ്ങി ജനസമക്ഷം വരുന്നതോടെ ഇതിന് കളമൊരുങ്ങുന്നില്ല. മറിച്ച്, ആരാധനകളുടെയെല്ലാം പ്രാരംഭമുറകളായ ബിസ്മിയും ഹംദും സലാമും മൊഴിഞ്ഞിട്ടുവേണം തറയില്‍ പ്രവേശിക്കാന്‍. അതോടെ ഓരോ കലാകാരനും തന്റെ ഹൃദയത്തെ ഒരു ആത്മീയ ലോകവുമായി ചേര്‍ത്തുവെച്ച അനുഭൂതിയാണ് ഉണ്ടാകുന്നത്. പ്രേക്ഷകരും ആ മുഖ ഭാവത്തിന്റെ ഗാംഭീര്യതയില്‍ പുതിയൊരു വിതാനത്തിലേക്ക് പറന്നടുക്കുന്നു. എല്ലാനിലക്കും ആകാംക്ഷ മുറ്റിനില്‍ക്കുന്ന നിമിഷങ്ങളായിരിക്കുമത്. അതിനിടെ പാട്ടുസംഘത്തിലെ മൂപ്പന്റെ ഗാനാലാപനമുയരുന്നു. മുന്‍ നിരയും പിന്‍ നിരയും സ്വരരാഗ മാധുരിയോടെ അത് ഏറ്റുപാടുന്നു. ആദ്യം തികഞ്ഞ ശാന്തത, പിന്നെ മതിയായ കാര്യക്ഷമത. മാനുഷിക വികാരങ്ങളുടെ പടികളോരോന്നും പിന്നിടുമ്പോള്‍ താളമുള്ള ഇശലുകളിലേക്ക് പ്രവേശിക്കുകയായി. പാട്ടിനൊപ്പം താളക്രമത്തില്‍ കയ്യടിയും തുടങ്ങി. പിന്നെ, ഇമ്പമാര്‍ന്ന മാപ്പിളപ്പാട്ടിന്റെ ഈരടികള്‍. എല്ലാംകൂടി ഒന്നിച്ചുവരുമ്പോള്‍ ഈ മഹത്തായ കലാരൂപം പൂര്‍ണ്ണത നേടുന്നു. മാപ്പിളമാര്‍ക്കിടയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന മനോഹരമായൊരു കലാവിഷ്‌കാരമാണ് ഒപ്പന. ഇത് എങ്ങനെ രൂപപ്പെട്ടുവന്നുവെന്നതിനെക്കുറിച്ചും ഈ നാമത്തിന്റെ അടിസ്ഥാനമെന്താണെന്നതിനെക്കുറിച്ചുമെല്ലാം വ്യത്യസ്തമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എങ്കിലും, ഇത്തരം കലാരൂപങ്ങളുമായി ബന്ധപ്പെട്ട് വളരെ ചുരുങ്ങിയ രേഖകള്‍ മാത്രമേ ഇന്ന് ലഭ്യമായിട്ടുള്ളൂ. ഉള്ളത് തന്നെ വളരെ വൈകി  രേഖപ്പെടുത്തപ്പെട്ടവയോ സമാഹരിക്കപ്പെട്ടവയോ ആണ്. വളരെ മുമ്പുതന്നെയുണ്ടെങ്കിലും വ്യത്യസ്ത രൂപത്തിലും ഭാവത്തിലും പേരുകളിലുമാണ് ഈ കലാരൂപം കേരളത്തില്‍ നിലനിന്നിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാതിയില്‍ കല്യാണ പാട്ട് (Marriage song) എന്ന പേരിലായിരുന്നു ഇതിന്റെ ശ്രുതി. വിശിഷ്യാ, കല്യാണ വീടുകളിലായിരുന്നു ഇതിന്റെ അരങ്ങേറ്റം. വിവാഹ ആഘോഷ ദിവസങ്ങളില്‍ പുതുമാരന്റെയും പുതു നാരിയുടെയും വീടുകളില്‍നിന്ന് മാപ്പിളപ്പാട്ടുകളുടെ താളത്തിനൊത്ത് കൈക്കൊട്ടിക്കൊണ്ടാണ് ഇത് അരങ്ങേറുന്നത്. ചാരുതയാര്‍ന്ന അത്തരം മുഹൂര്‍ത്തങ്ങളില്‍ പൊതു ജനം കൂടി സംഗമിക്കുന്നതോടെ ആഘോഷത്തിന്റെ ആഴവും പരപ്പും കൂടുകയാണ്. അര്‍ത്ഥ നിര്‍ഭരവും സാഹചര്യ ബന്ധിതവുമായ മാപ്പിള പ്പാട്ടുകളാണ് ഇത്തരം സംഗമങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടിയിരുന്നത്. ചിലയിടങ്ങളിലിത് വട്ടപ്പാട്ട് (Round Song) എന്നും ചിലയിടങ്ങളില്‍ മികത്തല (Portico Song) പാട്ട് എന്നും അറിയപ്പെട്ടിരുന്നു. വട്ടത്തിലിരുന്ന് പാടുന്നതിനാലാണ് വട്ടപ്പാട്ട് എന്ന് അറിയപ്പെട്ടിരുന്നത്. നേരത്തെ പ്രത്യേകം തയ്യാറാക്കിയ സ്റ്റേജില്‍ കയറി അവതരിപ്പിക്കുന്നതിനാലാണ് മികത്തലപ്പാട്ട് എന്ന പേര് കൈവന്നത്. രൂപവും ഭാവവും ശൈലികളും എന്തു തന്നെയായിരുന്നാലും തീര്‍ത്തും അനുകൂലവും പ്രോത്സാഹന പരവുമായ സമീപനമായിരുന്നു ആളുകള്‍ ഈ കലാരൂപത്തിനു നേരെ സ്വീകരിച്ചിരുന്നത്. ഒപ്പന എന്ന പദത്തിന്റെ നിഷ്പത്തിയെക്കുറിച്ച് ധാരാളം അഭിപ്രായാന്തരങ്ങളുണ്ടെങ്കിലും പ്രസക്തമായിട്ടുള്ളത് ഇങ്ങനെ മനസ്സിലാക്കാവുന്നതാണ്. പഴയ മലയാളത്തില്‍ പന (pana) എന്നു പറഞ്ഞാല്‍ പാട്ട്, രാഗം, സംഗീതം എന്നൊക്കെയാണത്രെ അര്‍ത്ഥം. ഒപ്പ (Oppa) എന്നു പറഞ്ഞാല്‍ സംഘം, സമൂഹം, കൂട്ടായ്മ എന്നും. ഇതു രണ്ടും കൂടിച്ചേര്‍ന്നു കൊണ്ടാണ് കൂട്ടപ്പാട്ട് എന്ന അര്‍ത്ഥത്തില്‍ ഒപ്പന രൂപം കൊള്ളുന്നത്. പാട്ടുകള്‍ തന്നെയാണ് ഇതിലും പ്രധാനം. കൈക്കൊട്ടും താളങ്ങളും മേളങ്ങളുമെല്ലാം അതിന് അനന്തരമായി വരുന്നതാണ്. മുമ്പ് സൂചിപ്പിച്ച പോലെ ഇശലുകളുടെ നാമങ്ങളിലേക്കു നോക്കിയും നമുക്ക് ഇതിന്റെ നാമനിഷ്പത്തി അനുമാനിക്കാവുന്നതാണ്. മാപ്പിള്ള പാട്ടിന്റെ പ്രധാന ഇശലുകളില്‍ പെട്ടവയാണ് ഒപ്പനചായല്‍, ഒപ്പന മുറുക്കം തുടങ്ങിയവ. പാട്ടുകളും താളങ്ങളും സാര്‍വത്രികമായതോടെ ആ പേര് തന്നെ ചുരുങ്ങി ആ കലാ രൂപത്തിനുമേല്‍ പരിമിതപ്പെടുകയായിരുന്നു. കൈകള്‍ നിറയെ എന്ന അര്‍ത്ഥം വരുന്ന ഹഫ്‌ന് എന്ന അറബി വാക്കില്‍ നിന്നും ലോപിച്ചുണ്ടായതാണെന്നാണ് ചിലരുടെ ഭാഷ്യം. ഒപ്പനയിലെ കൈവിരുതുകളാണ് ഇവരിതിന് കാരണമായി പറയുന്നത്. എന്നാല്‍ ഒ. ആബു സാഹിബ് തന്റെ ഒപ്പന എന്ന പുസ്തകത്തില്‍ പറയുന്നത് മറ്റൊരു കാരണമാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഭംഗിയാവല്‍ എന്ന അര്‍ത്ഥം വരുന്ന തമീഴ് പദം ഓപ്പനായിയില്‍നിന്നാണത്രെ ഒപ്പനയുടെ പ്രഭവം. (പേജ് 134 കാണുക.) ഒപ്പന എങ്ങനെ ഒരു സ്ഥാപിത രൂപമായി രൂപാന്തീരണം വന്നു എന്നന്വേഷിക്കുമ്പോള്‍, ആദ്യാകാല മാപ്പിളമാരുടെ സാമൂഹിക സാംസ്‌കാരിക ജീവിതത്തിലേക്കാണ് അത് ചെന്നെത്തുക. മതവുമയി ബന്ധപ്പെട്ടതോ സമൂഹവുമായി ബന്ധപ്പെട്ടതോ കുടുംബവുമായി ബന്ധപ്പെട്ടതോ ആയ എല്ലാ ആഘോഷങ്ങളെയും  സന്തോഷ മുഹൂര്‍ത്തങ്ങളെയും മഹത്തരവും മഹോന്നതവുമായി മനസ്സിലാക്കിയവരായിരുന്നു മാപ്പിളമാര്‍.  വന്‍ ആഘോഷങ്ങളുടെ പ്രതീതിയും ഭാവവുമാണ് അവര്‍ അതിന് കല്‍പ്പിച്ചിരുന്നത്. കൊച്ചു കൊച്ചു ആചാരങ്ങളെ വരെ സാമൂഹിക സ്ഥാപനങ്ങളായി കാണുകയും നാടിന്റെയോ കുടുംബത്തിന്റേയോ ആഘോഷങ്ങളായി പൊലിപ്പിച്ചുകാണിക്കുകയും ചെയ്യുന്ന ഒരു സ്വഭാവം അവര്‍ക്കുണ്ടായിരുന്നു. വിവാഹങ്ങള്‍, കുട്ടികളുടെ കാത് കുത്തല്‍, കുഞ്ഞുങ്ങളുടെ മുടി കളയല്‍, ആണ്‍കുട്ടികളുടെ സുന്നത്ത് കല്യാണം, നാല്‍പത് കുളി,  വടക്കന്‍ മലബാര്‍ ഭാഗങ്ങളില്‍ തൊട്ടില കെട്ടല്‍ തുടങ്ങി വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം അവര്‍ ഒരുമിച്ചുകൂടുകയും അവയെല്ലാം വന്‍ ആഘോഷങ്ങളായി ആചരിക്കുകയും ചെയ്തിരുന്നു അവര്‍. ഈ അവസരങ്ങളിലെല്ലാം വന്‍ പാട്ടുകളും പരിപാടികളും പതിവായിരുന്നു. ഒപ്പനകളും നൃത്തങ്ങളും കോല്‍ക്കളികളുമെല്ലാം കെങ്കേമമായിത്തന്നെ നടത്തപ്പെട്ടിരുന്നു. ഇത്തരം ഘട്ടങ്ങളില്‍ പാട്ട് പാടുകയും കളിക്കുകയും ചെയ്യുന്ന വലിയ പാട്ടു സംഘങ്ങള്‍തന്നെ ഇവിടെ ഉണ്ടായിരുന്നു. പണത്തിനും അല്ലാതെയും പാട്ടു പാടുന്ന സംഘങ്ങള്‍. പെരുന്നാളിന്റെയും നബിദിനത്തിന്റെയും ആഘോഷ പരിപാടികളില്‍ പാട്ടുകള്‍ സാര്‍വത്രികവുമായിരുന്നു. കല്യാണ ദിവസങ്ങളില്‍ പെണ്ണിന്റെയും ആണിന്റെയും വീടുകളില്‍ പ്രത്യേകം പാട്ടു സംഘങ്ങള്‍ ക്ഷണിക്കപ്പെട്ടു. പുതുക്കം ഇറങ്ങുന്നതുവരെ അതിഥികളെയും കാണികളെയും സ്വീകരിക്കുക, സന്തോഷം കൈമാറുക തുടങ്ങിയവയായിരുന്നു അവരുടെ ധര്‍മ്മം. അതുവരെ അവര്‍ നിറുത്താതെ പാടുകയും കൈകൊട്ടിയും മറ്റും ആംഗ്യവിക്ഷേപങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുമായിരുന്നു. ആണിന്റെ വീട്ടില്‍ ആണുങ്ങളും പെണ്ണിന്റെ വീട്ടില്‍ പെണ്ണുങ്ങളുമായിരുന്നു സാധാരണയായും ഉണ്ടായിരുന്നത്. പുതുമാരന്‍ ഇറങ്ങിക്കഴിഞ്ഞാല്‍പ്പിന്നെ കുറച്ചു നേരം ഒപ്പനയാണ്. അതില്‍ പുതുമാരനും പങ്കെടുക്കുന്നു. പിന്നെ, പാട്ടും ശബ്ദങ്ങളുമായി ചെങ്ങാതിമാരോടൊത്ത് പെണ്ണിന്റെ വീട്ടിലേക്ക് നീങ്ങുന്നു. അറബി പാട്ടുകളും അറബി മലയാള പാട്ടുകളുമാണ് പൊതുവെ പാടിയിരുന്നത്. ചിലയിടങ്ങളിലെല്ലാം നാട്ടിലെ വലിയ ഗായകരായിരിക്കും ഇത്തരം സംഘങ്ങള്‍ക്ക് നായകത്വം നല്‍കിയിരുന്നത്. പുതുമാരന്റെയും പുതുനാരിയുടെയും ഗുണങ്ങളും മേന്മകളും  വര്‍ണ്ണിക്കുന്നതായിരുന്നു ചില പാട്ടുകള്‍. ചിലപ്പോള്‍ ഗൃഹനാഥന്റെയും തറവാടുകളുടെയും മഹത്വങ്ങള്‍ പുകഴ്ത്തുന്നതായിരുന്നു. പാട്ടുസംഘങ്ങള്‍ കൂടുംമ്പോള്‍ ചിലപ്പോള്‍ അവ മത്സരങ്ങളായി മാറുന്നു. പെണ്‍ട്ടില്‍നിന്നും ആണ്‍ വീട്ടില്‍ നിന്നും വരുന്ന പാട്ടുസംഘങ്ങള്‍ വഴിയില്‍ കണ്ടു മുട്ടുമ്പോള്‍ അവിടെയും മത്സരങ്ങളും വടം വലികളുമുണ്ടാകുന്നു. പാട്ടുകളുടെയും കളികളുടെയും വന്‍ ഉത്സവങ്ങള്‍ തന്നെയായിരുന്നു അന്നത്തെ വിവാങ്ങള്‍. ഇന്നും വടക്കന്‍ കേരളത്തില്‍, വിശിഷ്യാ കാസര്‍കോടിന്റെ ചിലഭാഗങ്ങളില്‍ ഇതിന്റെ ചില ആധുനിക ശേഷിപ്പുകള്‍ കാണാവുന്നതാണ്; ചെറിയ രൂപത്തിലെങ്കിലും. ആണ്‍ പാട്ടു സംഘങ്ങളുടെ  നായകന്‍ മൂപ്പന്‍ എന്നോ ഗുരുക്കള്‍ എന്നോ ആണ് അറിയപ്പെടുന്നത്. പെണ്‍ സംഘത്തിന്റെ നായിക മൂപ്പത്തിയെന്നും. ആദ്യകാലങ്ങളിലെല്ലാം ഇസ്‌ലാമിക നിയമങ്ങള്‍ക്കു പോലും മൂല്യം കല്‍പ്പിച്ചാണ് ഒപ്പനകള്‍ നടത്തിയിരുന്നത്. ആണുങ്ങളുടേത് വേറെയായും പെണ്ണുങ്ങളുടെത് വേറെയായും നടത്തുമ്പോള്‍ വരെ നിഷിദ്ധമായ നോട്ടങ്ങള്‍ക്കൊന്നും അവസരങ്ങള്‍ സൃഷ്ടിക്കാത്തവിധം സുഭദ്രമായിട്ടാണ് നടത്തപ്പെട്ടിരുന്നത്. വീട്ടിലെത്തന്നെ മൂത്തച്ചിമാരെ പോലെയുള്ളവര്‍ക്ക് ആണ്‍ ഒപ്പനകള്‍ കാണാന്‍ സാധിച്ചിരുന്നില്ല. നം മുമ്പ് സൂചിപ്പിച്ച ബിസ്മി, ഹംദ് തുടങ്ങിയവ കൊണ്ടുള്ള തുടക്കത്തിനും അവര്‍ വലിയ സ്ഥാനമാണ് കല്‍പ്പിച്ചിരുന്നത്. (ഇന്നൊക്കെ ഒപ്പന എന്ന് കേള്‍ക്കുമ്പോഴേക്കും നമ്മുടെ മനസ്സിലേക്ക് ഓടി വരുന്നത് പെണ്‍കുട്ടികളുടെ ഒപ്പനയാണ്. എന്നാല്‍, ഇത് പിന്നീട് വന്നതാണെന്നതാണ് വസ്തുത. ആണുങ്ങളുടെ ഒപ്പന മാത്രമേ പണ്ട് ഉണ്ടായിരുന്നുള്ളൂ. അത് തന്നെ ഇന്നത്തെ ഒപ്പനകളെപ്പോലെയുമായിരുന്നില്ല. കൂട്ടം കൂടിയിരുന്ന് പാട്ട് പാടി കൈകൊട്ടുന്ന ഒരു രംഗം മാത്രമേ അതിലുണ്ടായിരുന്നുള്ളൂ. അത് തന്നെ ഒപ്പന എന്ന പേരില്‍ അറിയപ്പെട്ടിരുന്നുമില്ല. ക്രമേണ, അത് അങ്ങനെയായി മാറുകയായിരുന്നു. എന്നാല്‍, പെണ്ണുങ്ങള്‍ക്ക് രസിക്കാന്‍  'കളിക്കാരത്തികളുടെ' കൈമുട്ടിക്കളിയുണ്ടായിരുന്നു. എട്ടോ പത്തോ മദ്ധ്യവയസ്‌കകളായ സ്ത്രീകള്‍ വട്ടത്തില്‍ നിന്ന് നടുക്ക് ഒരു കോളാമ്പി വെച്ച് ചാഞ്ഞും ചെരിഞ്ഞും ഈണമൊപ്പിച്ച് കൈമുട്ടി പാട്ട് പാടിയിരുന്നു. കളിക്കാരത്തികളുടെ കളി എന്നാണ് ഇത് വിളിക്കപ്പെട്ടിരുന്നത്. ഇക്കാലത്തൊന്നും ആണുങ്ങളെപ്പോലെ മണവാട്ടി കളിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. മണവാളന്‍ മാത്രമേ വന്നിരുന്നുള്ളൂ.) ഒപ്പനയെ സംബന്ധിച്ചിടത്തോളം, കാലങ്ങളോളം, മറ്റു കലാരൂപങ്ങളിലുള്ള പോലെ പ്രത്യേകം ഉപകരണങ്ങളോ സാമഗ്രികളോ ഇല്ലാതെയാണ് നടത്തപ്പെട്ടിരുന്നത്. കൈക്കൊട്ടും വായ്പ്പാട്ടും ആയിരുന്നതിനാല്‍ മറ്റു ഉപകരണങ്ങളുടെ ആവശ്യകതയും അതില്‍ വന്നിരുന്നില്ല. എന്നിരുന്നാലും, പില്‍ക്കാലങ്ങളില്‍ കിന്നാരം, കുഴിത്താലം, കോളാമ്പി തുടങ്ങിയ സാധനങ്ങള്‍ പല പല ആവശ്യങ്ങള്‍ക്കായും ഒപ്പനയുമായി ബന്ധപ്പെട്ടു ഉപയോഗിച്ചിരുന്നു. കോളാമ്പി നടുവില്‍ വെച്ച് അതിനു ചുറ്റുമാണ് ചിലപ്പോള്‍ ഒപ്പന നടത്തി ചുറ്റിത്തിരിഞ്ഞിരുന്നത്. ആണൊപ്പനയായാലും പെണ്ണൊപ്പനയായാലും പുതുമാരനെയോ മണവാട്ടിയെയോ നടുവിലിരുത്തി ഒപ്പന കളിക്കുന്ന ശൈലി ശ്രദ്ധേയമായിരുന്നു. ആ ശൈലിയാണ് ഇന്നും തുടര്‍ന്നുവരുന്നത്. അന്നത്തെ ഒപ്പനകള്‍ യാഥാര്‍ത്ഥ്യങ്ങളായിരുന്നു. അതിലെ, മണവാളന്‍ യഥാര്‍ത്ഥ മണവാളനും മണവാട്ടി യഥാര്‍ത്ഥ മണവാട്ടിയുമായിരുന്നു. എന്നാല്‍, മത്സര സ്റ്റേജുകളിലോ പ്രദര്‍ശന സ്റ്റേജുകളിലോ മാത്രം  അവതരിപ്പിക്കപ്പെടുന്ന ഇന്നത്തെ ഒപ്പനകളില്‍ മണവാളനും മണവാട്ടിയും താല്‍ക്കാലികമാണ്. കേവലം, പ്രതീകങ്ങളോ സങ്കല്‍പങ്ങളോ ആയിട്ടാണ് അവര്‍ നിലകൊള്ളുന്നത്. പൈജാമയും ജുബ്ബയുമായിരുന്നു ഒപ്പന വേളയില്‍ ആണുങ്ങള്‍ ധരിച്ചിരുന്നത്. സ്ത്രീകള്‍ പച്ചക്കരയുള്ള കാച്ചിമുണ്ടും വെള്ളക്കുപ്പായവും. സ്ത്രീകള്‍ കൈയിലും കാലിലും മൈലാഞ്ചിയിടലും പതിവായിരുന്നു. എന്തെങ്കിലും സുഗന്ധം പുകപ്പിച്ച് നറുമണം മുറ്റിനില്‍ക്കുന്ന അന്തരീക്ഷത്തിലാണ് ഒപ്പന നടക്കുന്നത്. അറബിയിലോ അറബിമലയാളത്തിലോ സങ്കര തമിഴിലോ ഉള്ള പാട്ടുകളാണ് സാധാരണ ഗതിയില്‍ ഒപ്പനകളില്‍ പാടിയിരുന്നത്. കല്യാണപ്പാട്ടുകള്‍, കെസ്സുപാട്ടുകള്‍, പോരാട്ട പാട്ടുകള്‍ തുടങ്ങിയവയെല്ലാം പാടിയിരുന്നു. എങ്കിലും, മാരന്റെയും പുതുനാരിയുടെയും വീട്ടുകാരുടെയും എല്ലാം പേരും ചരിത്രവും കോര്‍ത്തിണക്കിയ പാട്ടുകളായിരുന്നു ഒപ്പനകളുടെ കാതല്‍. മുറുക്കത്തില്‍ ചാട്ട്, മുറുക്കത്തില്‍ ചുരുട്ട് ചാട്ട്, ഇരു മുറുക്കം, തുണ്ടം, കപ്പപ്പാട്ട്, തൊങ്കല്‍, വൈനീലം, ആകാശം ഭൂമി, യമന്‍ കെട്ട്, കൊമ്പ്, ആരമ്പ, ഹക്കാന തുടങ്ങിയ ഇശലുകളാണ് കല്യാണപ്പാട്ടുകളില്‍ ഉപയോഗിക്കപ്പെട്ടിരുന്നത്. മോയിന്‍ കുട്ടി വൈദ്യര്‍,  വി.എം. കുട്ടി, ഒ.എം. കരുവാരക്കുണ്ട്, പി.കെ. ഹലീമാ ബീവി, ആമിന പുത്തൂര്‍, കുണ്ടില്‍ കുഞ്ഞാമിന തുടങ്ങിയവര്‍ കല്യാണപ്പാട്ടു മേകലയില്‍ വലിയ സംഭാവനകള്‍ അര്‍പ്പിച്ച മാപ്പിള കവികളും കവയത്രികളുമാണ്.  ഇന്ന് പുതുതായി വരുന്ന പല പാട്ടുകളിലെയും രീതിയുടെയും ശൈലിയുടെയും സ്വഭാവത്തിന്റെയും എല്ലാ ക്രഡിറ്റ് പോകുന്നതും അവരിലേക്കു തന്നെയാണ്. തിരുത്തരുള്‍ മാല, രസംക്രിത മാല, പയ്യല്‍ ഖയ്യാത്ത്, ചിന്തര സുന്ദരി മാല, പികെ. ഹലീമ ബീവിയുടെ ബദറുല്‍ മുനീര്‍ ഒപ്പനപ്പാട്ട്, പി.കെ കോയയുടെ മംഗലപ്പോംഗാര സംഗീതം, കെ.റ്റി. ആമിനയുടെ മംഗലാലങ്കാരം പുതുക്കപ്പാട്ട് , കെ. മുഹമ്മദ് കുട്ടിയുടെ സഭാലങ്കാര സംഗീതം, സി. പി ഹസ്സന്‍ കുട്ടിയുടെ പഞ്ചക നകര്‍ത്തന മാല, ഒളിയില്‍ കുഞ്ഞി മുഹമ്മദിന്റെ സൂര്യ കുമാരി മാല, എം. പരീക്കുട്ടിയുടെ ജയമാണിമാല, കണ്ണൂര്‍ വെളുത്തണ്ടി അബ്ദുല്‍ കാദിറിന്റഎ സഭ വിളങ്ങി പാട്ട്, ചേറ്റുവായ് പരീക്കുട്ടിയുടെ സൗഭാഗ്യ സുന്ദരി, കെ.റ്റി. മുഹമ്മദിന്റെ പുരുഷാര മംഗലം, നല്ലളം ബീരാന്റെ ബദര്‍ ഒപ്പനപ്പാട്ട്, മാട്ടുമ്മല്‍ കുഞ്ഞിക്കോയയുടെ തശ് രീഫ് ഒപ്പനപ്പാട്ട്, മൈലാഞ്ചിപ്പാട്ട്, മോയിന്‍ കുട്ടി വൈദ്യരുടെ കിളത്തിമാല, മൂലപ്പുരാണം തുടങ്ങിയവയാണ് സുപ്രസിദ്ധമായ കല്യാണപ്പാട്ടുകള്‍. ഇതില്‍ ആണുങ്ങള്‍ മാത്രം പാടേണ്ട പാട്ടുകളും പെണ്ണുങ്ങള്‍ മാത്രം പാടേണ്ട പാട്ടുകളുമുണ്ട്. അവസാനം പറഞ്ഞവയാണ് സ്ത്രീ ഒപ്പനപ്പാട്ടുകള്‍. പ്രവാചകരുടെ ജീവിതകഥകള്‍ വിവരിക്കുന്ന ആദി മുതല്‍ പുരാണം ആദ്യകാല കല്യാണപ്പാട്ടുകളിലൊന്നാണ്. അപ്പപ്പാട്ട്, അമ്മായിപ്പാട്ട്, വീട്ടിലപ്പാട്ട് തുടങ്ങിയവയും ആദ്യകാല കല്യാണപ്പാട്ടുകളില്‍ പെടുന്നു. പക്ഷെ, ഇവയുടെ രചയിതാക്കള്‍ ആരാണെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter