2 July 2020
19 Rajab 1437

അബ്ബാസികളുടെ ബാഗ്ദാദ്: വിജ്ഞാനത്തിന്‍റെയും പുരോഗതിയുടെയും സ്വപ്ന നഗരം

റാശിദ് ഓത്തുപുരക്കൽ ഹുദവി‍‍

31 December, 2019

+ -
image

അഞ്ച് നൂറ്റാണ്ടുകാലം അബ്ബാസികള്‍ തങ്ങളുടെ തലസ്ഥാനമാക്കിയ ബാഗ്ദാദ് വിജ്ഞാനത്തിന്‍റെ ലോക തലസ്ഥാനമായിരുന്നു. ലോകത്തിന്‍റെ പല ഭാഗത്ത് നിന്നും അനേകം പേര്‍ വിദ്യതേടി ഇവിടെയെത്തിച്ചേരാറുണ്ടായിരുന്നു. സാസാനിദ് ഭരണ കൂടത്തിന്‍റെ തലസ്ഥാന നഗരിയായ സ്റ്റെസിഫോണിനും ബാബിലോണിയന്‍ ഭരണതലസ്ഥാനമായ സെലോസിയക്കും വടക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു പ്രദേശത്ത് ക്രിസ്ത്വബ്ദം 762 ജൂലൈ 30 നാണ് രണ്ടാം അബ്ബാസി ഖലീഫ അബൂ ജഅ്ഫര്‍ അല്‍ മന്‍സൂര്‍ തന്‍റെ ഭരണസിരാകേന്ദ്രമാക്കാനുള്ള നഗരനിര്‍മാണത്തിന് കരാര്‍ നല്‍കുന്നത്. കച്ചവട റൂട്ടായിരുന്ന ടൈഗ്രീസ് നദിയുടെ തീരത്ത് തന്നെ നഗരം നിര്‍മിക്കാന്‍ തീരുമാനിച്ചത് തന്ത്രപ്രധാന മേഖലയായി മാറാന്‍ ബാഗ്ദാദിന് അവസരമൊരുക്കി. കൂടാതെ ടൈഗ്രീസ് വഴിയുള്ള ജലലഭ്യതയും സൗകര്യ പൂര്‍ണ്ണമായ ഒരു നഗരമായുള്ള വളര്‍ച്ചക്കു ബാഗ്ദാദിന് സഹായകമായി.നഗര നിർമ്മാണംനഗരനിര്‍മാണത്തിനായി ലോകത്തിന്‍റെ പലഭാഗത്തുള്ള എഞ്ചിനീയര്‍മാര്‍, സര്‍വ്വേ വിദഗ്ദര്‍, ശില്‍പികള്‍ എന്നീ വിഭാഗങ്ങളെ ഖലീഫ ഇവിടേക്കു ക്ഷണിച്ചിരുന്നു. ഒരുലക്ഷം നിര്‍മ്മാണ തൊഴിലാളികള്‍ ഒരുമിച്ച് ജോലി ചെയ്താണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഗ്രീക്ക്, റോമന്‍ നഗരനിര്‍മാണ രൂപമായ ചതുരാകൃതിയില്‍ നിന്ന് വിഭിന്നമായി പേര്‍ഷ്യന്‍ രൂപമായ വൃത്താകൃതിയിലാണ് 2 കിലോമീറ്റര്‍ വിസ്തൃതിയില്‍ നഗരം നിര്‍മിക്കുന്നത്. ചുറ്റും നിര്‍മിക്കപ്പെട്ട നാലു ചുവരുകള്‍ക്കിടയില്‍ 2.4 കിലോമീറ്ററാണുള്ളത്. ഇവ കൂഫ, ബസ്വറ, ഖുറാസാന്‍, ഡമസ്കസ് എന്നീ നഗരങ്ങളുടെ ദിശകളിലായതിനാല്‍ അതേ പേരിലാണ് അറിയപ്പെടുന്നത്. ബാഗ്ദാദിന് ഒത്തനടുക്കായാണ് രാജ കൊട്ടാരം നിര്‍മിക്കപ്പെട്ടത്. ചുറ്റും മന്ത്രി, മറ്റു ഉദ്യോഗസ്ഥര്‍, സൈനികര്‍, എന്നിവര്‍ക്കെല്ലാം ഭവനങ്ങളും പണികഴിപ്പിക്കപ്പെട്ടതോടെ അക്ഷരാര്‍ത്ഥത്തില്‍ ബാഗ്ദാദ് പ്രൗഢഗംഭീരമായ ഒരു തലസ്ഥാനമായിത്തീര്‍ന്നു. 4 വര്‍ഷം കൊണ്ട് പൂര്‍ത്തീകരിച്ച നഗരനിര്‍മാണത്തിന് 18 ലക്ഷം ദീനാറാണ് ചെലവായത്. അക്കാലത്ത് ആറുമാസം പണിയെടുത്താല്‍ ലഭിക്കുന്ന കൂലി വെറും ഒരു ദീനാറാണെന്നറിയുമ്പോഴേ ഈ തുകയുടെ വലിപ്പം മനസ്സിലാകൂ. സര്‍വ്വ മേഖലകളിലും അബ്ബാസികള്‍ നടത്തിയ ഐതിഹാസികമായ നേട്ടങ്ങള്‍ക്കു പിന്നില്‍ ബാഗ്ദാദെന്ന നഗരത്തിന്‍റെ ആഴത്തിലുള്ള കയ്യൊപ്പുണ്ട്. നഗരം നിര്‍മിച്ചയുടന്‍ കാണാനെത്തിയ ഖലീഫ അല്‍ മന്‍സൂര്‍ ഇതെനിക്കും എന്‍റെ അനന്തരഗാമികള്‍ക്കും എന്തുകൊണ്ടും യോജിച്ചതാണെന്ന് പ്രഖ്യാപിക്കുന്നുണ്ട്. മന്‍സൂര്‍ മരണപ്പെടുമ്പോള്‍ മകനായ മഹ്ദിയെ വിളിച്ച് നല്‍കിയ ഉപദേശം തന്നെ ഈ വസ്തുതക്ക്ു അടിവരയിടുന്നുണ്ട്. മഹ്ദിയോട് അദ്ദേഹം പറഞ്ഞു. "10 വര്‍ഷം നികുതിയിനത്തില്‍ ഒരുമണി ധാന്യം ലഭിച്ചിട്ടില്ലെങ്കില്‍ പോലും ഞാനിവിടെ ശേഖരിച്ചു വെച്ചത് തീര്‍ച്ചയായും ആ വിടവ് നികത്തും. അതിനാല്‍ തലസ്ഥാനം മറ്റെവിടേക്കും മാറ്റരുത"്. അബ്ബാസികളും ബാഗ്ദാദുമായുള്ള ഈ വൈകാരിക ബന്ധം മനുഷ്യ സമൂഹത്തിനൊന്നടങ്കം അതിമഹത്തായ നേട്ടങ്ങള്‍ സമ്മാനിക്കുന്നതിന് വഴിയൊരുക്കുകയാണുണ്ടായത്.വിജ്ഞാനത്തിന്റെ പറുദീസനഗരം നിര്‍മിച്ച് ഒരു പതിറ്റാണ്ടിനകം ഇവിടം വിജ്ഞാനത്തിന്‍റെ അക്ഷയ ഖനിയായി ഉയര്‍ന്നു. 8ാം നൂറ്റാണ്ടില്‍ ഹാറൂണ്‍ റഷീദിന്‍റെ കാലത്ത് സ്ഥാപിക്കപ്പെട്ട ബൈത്തുല്‍ ഹിക്മ ( വിജ്ഞാനത്തിന്‍റെ ഭവനം) സര്‍വ്വ മേഖലകളിലും ഉന്നതമായ പുരോഗതികളിലേക്ക് വഴിയൊരുക്കി. ഇതര ഭാഷകളില്‍ നിന്ന് അറബിയിലേക്ക് അസംഖ്യം ഗ്രന്ഥങ്ങള്‍ തര്‍ജ്ജമ ചെയ്യപ്പെട്ടു. ലോകത്തിന്‍റെ മുക്കു മൂലകളില്‍ നിന്ന് ഗണിതം, ഗോളശാസ്ത്രം, വൈദ്യശാസ്ത്രം, രസതന്ത്രം, ഭൗതിക ശാസ്ത്രം, തത്വജ്ഞാനം എന്നിവയെല്ലാം തേടി വിദ്യാര്‍ഥികള്‍ പഠനത്തിനായി ഇവിടെയെത്തി. ഈ കേന്ദ്രത്തെ കൂടുതല്‍ വിജ്ഞാന സമ്പന്നമാക്കാന്‍ അമുസ്ലിംകളെ വരെ അബ്ബാസീ ഖലീഫമാര്‍ ശമ്പളം നല്‍കി ഗവേഷണത്തിന് നിയോഗിച്ചിരുന്നു. 10ാം നൂറ്റാണ്ടില്‍ 2 ദശലക്ഷം ജനങ്ങള്‍ താമസിച്ചിരുന്ന ബാഗ്ദാദ് ലോകത്തെ ഏറ്റവും ജനസാന്ദ്രമായ നഗരമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. വിജ്ഞാനത്തോടുള്ള അതിയായ താല്‍പര്യം അലയടിച്ച് ബാഗ്ദാദിലെ ഓരോ വീടുകളും വിജ്ഞാനത്തിന്‍റെ അക്ഷയച്ചെപ്പ് തുറന്ന് വെച്ചു. ഇസ്ലാമിക വിജ്ഞാനങ്ങളിലും വര്‍ധിത പുരോഗതിയാണുണ്ടായത്.ലൈബ്രറികൾവിജ്ഞാനത്തെയും അതിന്‍റെ പ്രചാരണത്തെയും അതിയായി ഇഷ്ടപ്പെട്ടിരുന്ന അബ്ബാസീ ഖലീഫമാര്‍ നാലിലധികം ലൈബ്രറികളാണ് ബാഗ്ദാദെന്ന ഒറ്റനഗരത്തില്‍ തന്നെ നിര്‍മിച്ചു നല്‍കിയത്. ആദ്യം ഖലീഫമാരുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കുമാത്രം ഉപയോഗിച്ചിരുന്ന ഈ ലൈബ്രറികളെല്ലാം തന്നെ പിന്നീട് പൊതുജനങ്ങള്‍ക്കായി തുറക്കപ്പെട്ടു. ക്രി. 813-832 വരെ ഭരണം നടത്തിയ മഅ്മൂന്‍റെ കാലത്താണ് ആദ്യ ലൈബ്രറി സ്ഥാപിക്കപ്പെടുന്നത്.991ല്‍ ഭരണം നടത്തിയിരുന്ന സാബൂന്‍ ബിന്‍ അര്‍ശുദ്ധീന്‍ ആണ് 2ാമത്തെ ലൈബ്രറിയുടെ ശില്‍പി.നിര്‍മിച്ചതിന്‍റെ 70 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ലൈബ്രറി സെല്‍ജൂക്ക് ഭരണാധികാരികളാല്‍ നശിപ്പിക്കപ്പെടുകയാണുണ്ടായത്. ബാക്കി 2 ലൈബ്രറികള്‍ മതപഠനം മാത്രം ലക്ഷ്യം വെച്ച് നിര്‍മിക്കപ്പെട്ടവയാണ്.അവയിലൊന്ന് സല്‍ജൂക്ക് മന്ത്രിയായിരുന്ന നിസാമുല്‍ മുല്‍ക്ക് സ്ഥാപിച്ച നിസാമിയ്യ കോളേജിന്‍റെ ലൈബ്രറിയുമാണ്.മംഗോള്‍ അധിനിവേശത്തിന് ശേഷവും ഈ ലൈബ്രറി തല്‍സ്ഥാനത്ത് തുടര്‍ന്നിരുന്നു.അവസാന അബ്ബാസീ ഭരണാധികാരികളില്‍ പെട്ട അല്‍ മുന്‍തസിറാണ് ഒടുവിലത്തെ ലൈബ്രറിയുടെ ശില്‍പി.1242 നാണ് അദ്ധേഹം ലൈബ്രറി സ്ഥാപിക്കുന്നത്.മഹാ പണ്ഡിതന്മാർഇസ്‌ലാമിക ലോകത്തെ വിദ്യാസമ്പന്നമാക്കിയ അസംഖ്യം വിജ്ഞാന വിചക്ഷണരുടെ തട്ടകമായിരുന്നു ബാഗ്ദാദ്. ഹനഫി മദ്ഹബിലെ രണ്ടാം അബൂഹനീഫ എന്നറിയപ്പെടുന്ന ഇമാം അബൂയൂസുഫ്(113-182), ശാഫിഈ മദ്ഹബിന്‍റെ സ്ഥാപകനായ ഇമാം ശാഫിഈ(150-204), ഹന്‍ബലി മദ്ഹബിന്‍റെ സംസ്ഥാപകനായ ഇമാം അഹ്മദ് ബ്ന്‍ ഹന്‍ബല്‍(164-241), പ്രമുഖ ആത്മീയാചാര്യനായ ജുനൈദുല്‍ ബഗ്ദാദി, അശ്അരി സരണിയുടെ സ്ഥാപകനായ അബുല്‍ ഹസനുല്‍ അശ്അരി(260-324), ശാഫിഈ മദ്ഹബിലെ ഏറ്റവും പ്രമുഖ പണ്ഡിതരിലൊരാളായ അബു ഹാമിദുല്‍ ഗസാലി(450-505), അബൂനുവാസ് എന്നിവര്‍ അവരില്‍ പ്രമുഖരാണ്. ഇമാം ഗസ്സാലിക്ക് ശേഷം ബാഗ്ദാദിലെത്തിയ മുഹ് യുദ്ദീന്‍ ശൈഖ് ഖാദിരിയ്യ ത്വരീഖത്തിലൂടെ ജനങ്ങള്‍ക്ക് ആത്മീയോല്‍ക്കര്‍ഷം പകര്‍ന്ന് നല്‍കി.സെൽജൂക്കുകൾസുന്നീ ആശയ ധാരയില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന തുര്‍ക്കിഷ് സല്‍ജൂക്കുകളാവട്ടെ 80 വര്‍ഷമാണ് ബാഗ്ദാദ് ഭരിച്ചത്. ക്രി. 1055 ല്‍ ഗസ്നവികളെ തുരത്തിയോടിച്ച് ഭരണം നടത്തിയത് അബ്ബാസി ഖലീഫമാരുടെ പേരിലാണ്. തങ്ങൾ അബ്ബാസി ഖിലാഫത്തിന്‍റെ സംരക്ഷകരായിരുന്നുവെന്നായിരുന്നു അവരുടെ അവകാശവാദം. ഈ ഭരണകാലത്താണ് സൂന്നീആദര്‍ശങ്ങളുടെ സംരക്ഷണത്തിനായി അശ്അരി, ശാഫിഈ ധാരകളിലധിഷ്ഠിതമായ നിസാമിയ്യ എന്ന ഒരു മതകലാലയം സല്‍ജൂഖ് മന്ത്രിയായ നിസാമുല്‍ മുല്‍ക്ക് ബാഗ്ദാദില്‍സ്ഥാപിക്കുന്നത്. ഹുജ്ജത്തുല്‍ ഇസ്ലാം അബൂ ഹാമിദുല്‍ ഗസ്സാലിയെപ്പോലെ വിജ്ഞാന സമ്പന്നരായ പണ്ഡിതരായിരുന്നു ഇവിടത്തെ അധ്യാപകര്‍. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിസാമയ്യയുടെ കീര്‍ത്തി മുസ്ലിംലോകത്തെങ്ങും പ്രചരിച്ചു. തുടര്‍ന്ന് സമാനമായ പേരില്‍തന്നെ ഖുറാസാന്‍ പോലുള്ള നഗരങ്ങളില്‍ നിസാമിയ്യ കലാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടു. അശ്അരി, ശാഫിഈ ധാരകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന പല മത കലാലയങ്ങളും നിസാമിയ്യ മദ്റസകള്‍ക്ക് സമാനമായാണ് തങ്ങളുടെ കരിക്കുലം തയ്യാറാക്കുന്നത്.ബൈതുല്‍ ഹിക്മമൂന്നാം ഖലീഫ ഹാറൂണ്‍ റഷീദ് (786-809) ആണ് ബാഗ്ദാദില്‍ ബൈത്തുല്‍ ഹിക്മ എന്ന പേരില്‍ സര്‍വ്വ വിജ്ഞാനങ്ങളുടെയും ഒരു മഹാ കേന്ദ്രം സ്ഥാപിക്കുന്നത്. അബ്ബാസി ഖിലാഫത്ത് നിലവിലുള്ള സ്ഥലങ്ങളിലെ പ്രമുഖ പണ്ഢിതന്മാരെയെല്ലാം ഹാറൂണ്‍ റഷീദ് ഇവിടേക്ക് ക്ഷണിച്ചു. പ്രധാനമായും മൂന്ന് ഡിപ്പാര്‍ട്ടമെന്‍റുകളിലായിട്ടായിരുന്നു ബൈതുല്‍ ഹിക്മയുടെ പ്രവര്‍ത്തനം. ലൈബ്രറി, തര്‍ജമ, വാന നിരീക്ഷണ മേഖല എന്നിവയായിരുന്നു അവ. ഇന്ത്യന്‍, ഗ്രീക്, പേര്‍ഷ്യന്‍ ഭാഷകളില്‍ നിന്നെല്ലാം ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. തര്‍ജമയില്‍ എടുത്ത് പറയേണ്ട സംഭാവന നല്‍കിയവരാണ് ബര്‍മകി കുടുംബം. 9ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ലൈബ്രറിയായാണ് ബൈതുല്‍ ഹിക്മ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. മഅ്മൂന്‍ അധികാരത്തിലിരുന്ന ഹി.813 മുതല്‍ 833വരെയുള്ള വര്‍ഷങ്ങള്‍ ബൈതുല്‍ ഹികമയുടെ സുവര്‍ണാധ്യായങ്ങളായിരുന്നു. ബൈതുല്‍ ഹിക്മയില്‍ ജോലി ചെയ്യുന്നവര്‍ക്കെല്ലാം സ്കോളര്‍ഷിപ്പുകള്‍ വര്‍ധിപ്പിച്ച മഅ്മൂന്‍ പതിവായി ഇവിടം സന്ദര്‍ശിക്കാനും കാര്യങ്ങള്‍ ചോദിച്ചറിയാനും അതിയായ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ബൈതുല്‍ ഹിക്മയില്‍ ജോലി ചെയ്യുന്നത് അഭിമാന ചിഹ്നമായാണ് ആളുകള്‍ കണ്ടത്. ഇക്കാലത്താണ് പല പ്രോജക്ടുകളും വിജയകരമായി പൂര്‍ത്തിയാക്കിയത്. ബൈതുല്‍ ഹിക്മയിലെ പ്രമുഖ ഭൂമി ശാസ്ത്ര വിദഗ്ദനും നുസ്ഹതുല്‍ മുഷ്താഖ് ഫീ ഇഖ്തിറാഖില്‍ ആഫാഖിന്‍റെ രചയിതാവുമായ അല്‍ ഇദ്രീസി 15 അടി വലിപ്പത്തിലുള്ള ഒരു ഡിസ്ക് ആകൃതിയില്‍ ലോക ഭൂപടം വരക്കുകയുണ്ടായി. ഇതില്‍ അക്ഷാംക്ഷ രേഖയും രേഖാംക്ഷ രേഖയും വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. സിസിലിയിലെ ക്രിസ്ത്യന്‍ രാജാവായ റോജര്‍ രണ്ടാമന്‍റെ രാജസദസ്സിലെ പ്രമുഖ പണ്ഡിതനായി 40 വര്‍ഷങ്ങളോളം ചെലവഴിച്ച അദ്ദേഹം ചൈന, മലായ് ദ്വീപുകള്‍, ഇംഗ്ലണ്ട്, ഐസ്ലാദന്‍ഡ് തുടങ്ങിയ പല പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് മാപ് തയ്യാറാക്കിയത്. ഗിസയിലെ പിരമിഡുകളില്‍ നടത്തിയ പര്യവേഷണം ഇക്കാലത്ത് നടന്ന മറ്റൊരു പ്രധാന പ്രോജക്ടാണ്. ഗവേഷണത്തിന് ഗ്രന്ഥങ്ങളാവിശ്യപ്പെട്ട് മറ്റ് സാമ്രാജ്യങ്ങളിലേക്ക് ഖലീഫ ദൂതന്മാരെ അയക്കാറുണ്ടായിരുന്നു. പ്രസിദ്ധ ഗോള ശാസ്ത്രജ്ഞനായ സഹ്ലു ബ്നു ഹാറൂണെ ബൈസാന്‍റിയന്‍ രാജാവിനടുത്തേക്ക് ദൂതനായയച്ചത് ഉദാഹരണം. 150 വര്‍ഷം വളരെ സജീവമായാണ് ബൈതുല്‍ ഹിക്മ മുന്നോട്ട് പോയത്. 116ലധികം ഗ്രന്ഥങ്ങള്‍ തര്‍ജമ ചെയ്ത അസീറിയന്‍ ക്രിസ്ത്യനായ ഹുസൈന്‍ ബിന്‍ ഇസ്ഹാഖ് ബൈതുല്‍ ഹിക്മയിലേക്ക് വിലപ്പെട്ട സംഭാവന നല്‍കിയ അതുല്യ പണ്ഢിതനാണ്. അരിസ്റ്റോട്ടിലിന്‍റെ ടോപിക്സ് എന്ന കൃതിയാണ് തര്‍ജമ ചെയ്യപ്പെട്ട പ്രമുഖ ഗ്രന്ഥങ്ങളിലൊന്ന്.അരിസ്റ്റോട്ടിലിനെ കൂടാതെ പൈതഗോറസ്, പ്ലാറ്റോ, ഹിപ്പോക്രൈറ്റ്സ്, യൂക്ലിഡ്, പ്ലോറ്റിനസ്, ഗാലെന്‍, സുഗുത, ചറക, ആര്യഭട്ട, ബ്രഹ്മ ഗുപ്ത എന്നിവരുടെ ഗ്രന്ഥങ്ങളെല്ലാം തന്നെ തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. സാബിത് ബ്നു ഖൈസ് (826 901) അപോളോനിയോസ്, ആര്‍ക്കിമിഡീസ്, യൂക്ലിസ്, ടോളമി എന്നിവരു ടെ ഗ്രന്ഥങ്ങള്‍ തര്‍ജമ ചെയ്യപ്പെട്ടിട്ടുണ്ട്. വിവര്‍ത്തനങ്ങള്‍ക്ക് പുറമെ അനവധി നിരവധി ഗവേഷണങ്ങള്‍ക്കും ബൈതുല്‍ ഹിക്മ വേദിയായിട്ടുണ്ട്. അല്‍ ഗോരിതമടക്കം പല ഗണിത ശാസ്ത്ര സംഭാവനകളും ലോകത്തിന് സമര്‍പ്പിച്ച അല്‍ ഖവാറസ്മി(795-847) യുടെ പ്രസിദ്ധ ഗ്രന്ഥമായ കിതാബുല്‍ ജബര്‍ ബൈതുല്‍ ഹിക്മയിലാണ് വെളിച്ചം കണ്ടത്. മുഹമ്മദ് മൂസ, അഹ്മദ് ഹസന്‍ തുടങ്ങിയ ബനൂ മൂസാ സഹോദഹരന്മാര്‍ ഭൗതിക ശാസ്ത്രത്തില്‍ വിലയേറിയ കണ്ടെത്തലുകള്‍ നടത്തിയ പ്രതിഭകളാണ്.തന്‍റെ ഗ്രന്ഥത്തില്‍ 100ലധികം ഉപകരണങ്ങളെക്കുറിച്ചും അവയുടെ ഉപയോഗങ്ങളെക്കുറിച്ചും മുഹമ്മദ് മൂസ വിശദീകരിക്കുന്നുണ്ട്. 350 ഇനം ജീവികളെ 7 വാള്യങ്ങളിലായി വിശദീകരിക്കുന്ന കിതാബുല്‍ ഹയവാന്‍ അടക്കം 200 ലധികം ഗ്രന്ഥങ്ങള്‍ രചിച്ച അല്‍ ജാഹിള് (776-869), വൈദ്യശാസ്ത്രത്തിലെ വിജ്ഞാന കോശമായ അല്‍ ഹാവിയുടെ രചയിതാവായ അല്‍ റാസി (365-925), ആധുനിക രസതന്ത്രത്തിന്‍റെ പിതാവായി പാശ്ചാത്യര്‍ പോലും പരിചയപ്പെടുത്തുന്ന ജാബിര്‍ ബ്ന്‍ ഹയ്യാന്‍ (721-825), രാഷ്ട്രമീമാംസയിലെ പ്രമുഖഗ്രന്ഥമായ അല്‍ അഹ്കാമുസ്സുല്‍ത്വാനിയയുടെരചയിതാവായ അല്‍ മാവര്‍ദി (975-1058) ആദ്യമായി ലോകഭൂപകടം വരച്ച പ്രമുഖ ഗോളശാസ്ത്രജ്ഞനായ നാസിറുദ്ദീന്‍ ത്വൂസി എന്നിവരെല്ലാം ബൈത്തുല്‍ ഹിക്മയില്‍ സേവനമനുഷ്ഠിച്ചവരാണ്. വാന നിരീക്ഷണത്തിനും ഗോളശാസ്ത്ര പഠനത്തിനുമായി ബൈതുല്‍ ഹിക്മയില്‍ ഒരു വാനനിരീക്ഷണ കേന്ദ്രവുമുണ്ടായിരുന്നു. യഹ്യ ബിന്‍ അബീ മന്‍സൂര്‍, അല്‍ ശമ്മാസി, എന്നിവര്‍ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചവരാണ്. സൂര്യന്‍, ചന്ദ്രന്‍, ഗ്രഹങ്ങള്‍ എന്നിവയെക്കുറിച്ചായിരുന്നു പ്രധാനമായും പഠനങ്ങളെല്ലാം നടന്നത്. മഅ്മുന്‍റെ കാലശേഷം അധികാരത്തിലേറിയ മുസ്തഅ്സിം (833-842), വാസിഖ് (842-847) എന്നിവരുടെ കാലത്തും വന്‍ പുരോഗതിയിലേക്ക് തന്നെ കുതിച്ച ബൈതുല്‍ ഹിക്മയുടെ ഗ്രാഫ് ഇവര്‍ക്ക് ശേഷം ഭരണത്തിലേറിയ മുതവക്കിലിന്‍റെ കാലത്ത് മന്ദഗതിയിലായി.മംഗോളിയൻ ആക്രമണം: കണ്ണീരിൽ മുങ്ങിയ ചരിത്രം ഘോരമായ ഒരു സുനാമി കണക്കേ പല നഗരങ്ങളെയും നക്കിത്തുടച്ച് വന്ന മംഗോളിയന്‍ കടന്ന് കയറ്റത്തിനു മുമ്പില്‍ 1258 ല്‍ ബാഗ്ദാദും തലകുനിച്ചു. ലോകമുസ്ലിംകളുടെ യശസ്സുയര്‍ത്തി 7 നൂറ്റാണ്ടിലധികം സര്‍വ്വമേഖലകളിലും വിജയധ്വജമേന്തിയ ഈ നഗരി അധിനിവേശത്തോടെ അക്ഷരാര്‍ത്ഥത്തില്‍ ആളൊഴിഞ്ഞ ശവപ്പറമ്പായി മാറി. അധിനിവേശാനന്തരം നടന്ന മൃഗീയമായ കൂട്ടക്കൊലകളുടെ ഭീതിദമായ ഓര്‍മകള്‍ ഇന്നും ബാഗ്ദാദിന്‍റെ തെരുവുകളുടെ ഉറക്കം കെടുത്തുന്നുണ്ട്. മംഗോളിയന്‍ സേന നഗരത്തിലൊന്നടങ്കം സംഹാര താണ്ഡവമാടി. വീടുകളും പള്ളികളും മതകലാലയങ്ങളും തുടങ്ങി എല്ലാം തകര്‍ത്ത് തരിപ്പണമാക്കി. ബൈതുല്‍ ഹിക്മയടക്കമുള്ള ലൈബ്രറികളില്‍ സൂക്ഷിച്ചിരുന്നു വര്‍ഷങ്ങളുടെ കഠിനാധ്വാനത്തില്‍ പിറവിയെടുത്ത അമൂല്യ ഗ്രന്ഥങ്ങള്‍ ടൈഗ്രീസിന്‍റെ വെള്ളത്തെ നീലിമയണിയിച്ചു. അങ്ങനെ നൂറ്റാണ്ടുകളോളം ഇസ്ലാമിക സംസ്കൃതിയുടെ അഭിമാന സതംഭമായി പ്രോജ്ജ്വലിച്ചു നിന്ന ഒരു നഗരി എന്നെന്നേക്കുമായി സര്‍വ്വ പ്രതാപങ്ങളും നഷ്ടപ്പെട്ട് തകര്‍ന്നടിഞ്ഞു.


RELATED ARTICLES