ജോഖ അൽ ഹാരിസി:  മാൻബുക്കർ പ്രൈസ് അറബ് ലോകത്തെത്തിച്ച ധിഷണാശാലിയായ എഴുത്തുകാരി

ജീവിതം പറയുമ്പോൾ ആരെയും മുറിവേൽപ്പിക്കാതെ പറയുന്ന പല സാമൂഹിക പ്രശ്നങ്ങൾക്ക് നേരെയും കണ്ണടക്കുന്ന, സമൂഹത്തിൽ നടന്നുവരുന്ന നിരവധി കാര്യങ്ങളെ മനോഹരമായ രചന വൈഭവത്തിലൂടെ ചോദ്യംചെയ്ത ഒമാൻ എഴുത്തുകാരിയാണ് ജോഖ അൽ ഹാരിസി. എഴുത്ത് ലോകത്തെ പ്രധാന പുരസ്കാരമായ മാൻബുക്കർ ആദ്യമായി അറബ് ലോകത്തെത്തിയത് ജോഖയിലൂടെയാണ്. 

നിലാവിന്റെ പെണ്ണുങ്ങൾ എന്നർത്ഥം വരുന്ന സയ്യിദാതുൽ ഖമർ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ജോഖക്ക് ബുക്കർ പുരസ്കാരം നേടിക്കൊടുത്തത്. സെലസ്റ്റിയൽ ബോഡീസ് എന്ന പേരിൽ മർലിൻ ബൂത്ത് ആണ് ഇംഗ്ലീഷ് പരിഭാഷ ചെയ്തിരിക്കുന്നത്. 50,000 പൗണ്ട് (ഏകദേശം 44.30 ലക്ഷം രൂപ)യാണ് സമ്മാനത്തുകയായി ലഭിക്കുക. 2010 ൽ ഒമാനിലെ ഏറ്റവും മികച്ച നോവലിന് ലഭിക്കുന്ന പുരസ്കാരമായ ശൈഖ് സായിദ് പുരസ്കാരവും ലഭിച്ചത് ഇതേ കൃതിക്ക് തന്നെയായിരുന്നു.

അറബ് സാഹിത്യത്തിന് അംഗീകാരം

ഒമാനീ എഴുത്തുകാരിയായ ജോഖ അൽ ഹാരിസിയെ തേടി മാൻ ബുക്കർ പ്രൈസ് എത്തിയത് അറബ് സാഹിത്യ ലോകത്തിന് വലിയ അംഗീകാരം തന്നെയാണ്.

1988 ൽ നജീബ് മഹ്ഫൂളിന് സാഹിത്യനോബൽ ലഭിച്ചതിനുശേഷം അറബ് ലോകത്ത് നിന്ന് പുറത്തുവന്ന സൃഷ്ടികൾക്ക് ഒന്നും കാര്യമായ പുരസ്കാരങ്ങളോ ശ്രദ്ധയോ നേടാൻ സാധിച്ചിട്ടില്ല. അതിനിടെയാണ് അറബ് ലോകത്തെ അഭിമാന പുളകിതമാക്കി ജോഖ പുരസ്കാര നേട്ടത്തിന് അർഹയായിരിക്കുന്നത്. *ജീവിതം* 1978 ൽ ഒമാനിൽ ജനിച്ച ജോഖ തന്റെ ഗവേഷണം പ്രധാനമായും കേന്ദ്രീകരിച്ചത് അറബ് സാഹിത്യത്തിലും കവിതയിലുമായിരുന്നു. ബ്രിട്ടനിലെ എഡിൻബർഗ് സർവകലാശാലയിൽനിന്ന് ക്ലാസിക്കൽ അറബിക് പോയട്രിയിലാണ് ജോഖയുടെ ഡോക്ടറേറ്റ്.

ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്ന ആദ്യ ഒമാന്‍ എഴുത്തുകാരിയാണ് ജോഖ. മൂന്നു നോവലുകളും രണ്ട് ചെറുകഥാസമാഹാരങ്ങളും കുട്ടികളുടെ ഒരു നോവലും ആണ് മൊത്തം കൃതികൾ. ഇംഗ്ലീഷിനു പുറമേ ജർമൻ ഇറ്റാലിയൻ കൊറിയൻ സെർബിയൻ ഭാഷകളിലേക്കും ജോഖിയുടെ രചനകൾ പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്.

നിലവിൽ ഒമാനിലെ സുൽത്താൻ ഖാബൂസ് സർവകലാശാലയിൽ അറബിക് സാഹിത്യ വിഭാഗം അധ്യാപികയാണ് അവർ.

സയ്യിദാതുൽ ഖമർ

അധിനിവേശ കാലത്തിന് ശേഷമുള്ള ഒമാന്റെ പശ്ചാത്തലത്തില്‍ മൂന്ന് ഒമാനി സഹോദരിമാരുടെ കഥ പറയുന്ന കൃതിയാണ് സയ്യിദാതുൽ ഖമർ.

സമൂഹത്തെക്കുറിച്ച് കാവ്യാത്മകമായ ഉള്‍ക്കാഴ്ചയുള്ള എഴുത്താണ് അല്‍ഹാര്‍ത്തിയുടേതെന്നാണ് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടിരുന്നത്. സൂക്ഷ്മമായ കലാചാതുരിയേയും ചരിത്രത്തേയും നോവലിലൂടെ എടുത്തുകാണിക്കുന്നുവെന്നും സമ്പന്നമായ ഭാവനാചിത്രങ്ങള്‍ നോവലിലുണ്ടെന്നും അവര്‍ വിശദീകരിച്ചിരുന്നു.

വളരെ ശ്രദ്ധയോടെ ചേർത്തുവെക്കപ്പെട്ട ഈ നോവൽ ഒരു കുടുംബത്തിന്റെ നഷ്ടങ്ങളിലൂടെയും സ്നേഹബന്ധങ്ങളിലൂടെയും ഒമാൻ എന്ന രാജ്യത്തിന്റെ പക്വതയിലേക്കുള്ള പരിണാമം വരച്ചുകാട്ടുന്നുവെന്നും പുരസ്കാരസമിതി അഭിപ്രായപ്പെട്ടിരുന്നു. അടിമത്തം എന്ന വിഷയമാണ് നോവൽ പ്രധാനമായും സ്പർശിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter