തഹ്‌രീളു അഹ് ലിൽ ഈമാനും തുഹ്ഫതുൽ മുജാഹിദീനും: അധിനിവേശ വിരുദ്ധ പോരാട്ടത്തിലെ ധീര കൃതികൾ.

ഇന്ത്യയുടെ മണ്ണിൽ സാമ്രാജ്യത്വ സ്വപനവുമായി ആദ്യമായി കടന്ന് വന്നവരാണ് പറങ്കികൾ. അവർക്കെതിരെ മലബാർ ശക്ത മായ മുന്നേറ്റം കാഴ്ച്ച വെച്ചു. രണഭൂമിയിലെ പോരാട്ടത്തിന് പുറമെ ഗ്രന്ഥ രചനകൾ വഴി മഹാ പണ്ഡിതരും വലിയ സംഭാവനകൾ നൽകി.  അത്തരത്തിലുള്ള രണ്ട് കൃതികളാണ് തഹ്‌രീളു അഹ് ലിൽ ഈമാനും തുഹ്ഫതുൽ മുജാഹിദീനും

തഹ്‌രീളു അഹ് ലിൽ ഈമാൻ

എ.ഡി 15-16 നൂറ്റാണ്ടുകളിൽ മലബാറിൽ ജീവിച്ചിരുന്ന സൂഫി വര്യനും , ഇസ്ലാം മത പണ്ഡിതനും, സാമൂഹ്യപരിഷ്കർത്താവും, മതനേതാവും ആയിരുന്നു ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ എന്ന സൈനുദ്ദീൻ ഇബ്‌നു അലി ഇബ്‌നു അഹമ്മദ് അൽ മഅ്ബരി. മഖ്ദൂം കബീർ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്

പോർച്ചുഗീസ് അധിനിവേശത്തിനെതിരേ ശക്തമായ പോരാട്ടത്തിന് ആഹ്വാനം ചെയ്ത അദ്ദേഹം കവിതയിലൂടെ സാമ്രാജ്യത്വവിരുദ്ധ സമരങ്ങൾക്ക് പ്രചോദനമേകി. തഹ്‌രീളു അഹ് ലിൽ ഈമാൻ അലാ ജിഹാദി അബദതിസ്സുൽബാൻ എന്ന ഗ്രന്ഥം ഇതിന് വേണ്ടി അദ്ദേഹം രചിച്ചു. 

പോർച്ചുഗീസുകാർ കടന്നു വരുന്ന കാലത്ത് കോഴിക്കോട് ഭരിച്ചിരുന്നത് സമൂതിരിയായിരുന്നു. അക്കാലത്ത് അറബികൾ കച്ചവടാവശ്യത്തിനായി കോഴിക്കോടുമായി വലിയ ബന്ധം പുലർത്തിയിരുന്നു. അറബികൾ തദ്ദേശീയരായ മുസ്ലിoകളുമായും നല്ല ബന്ധങ്ങൾ പുലർത്തി. ഇന്ത്യൻ മഹാ സമു ദ്രത്തിലെ കച്ചവട മേൽക്കോയ്മ അറബികൾക്ക് ആയിരുന്നു. അത് തകർക്കുകയെന്നതായിരുന്നു പോർട്ടുഗീ സുകാരുടെ പ്രഥമ ലക്ഷ്യം. അതിനായി അവർ സാമൂതിരിയെ സമീപിച്ചെങ്കിലും സാമൂതിരി അതിന് സമ്മതിച്ചില്ല. അതോടെ കൊച്ചി രാജാവിനെ ചെന്ന് കണ്ട അവർ കാര്യസാധ്യം നേടുകയും സാമൂതിരിക്കെതിരെ പടയൊരുക്കം നടത്തുകയും ചെയ്തു. ദീർഘ കാലം മുസ്ലിംകൾ ഭരണം നടത്തിയ ആൻഡലുഷ്യയുടെ ഭാഗമായിരുന്ന പോർച്ചുഗീസുകാർക്ക് മുസ്ലിംകളോട് കടുത്ത വിദ്വേഷവും ഉണ്ടായിരുന്നതിനാൽ മലബാറിൽ നിന്നും ഹജ്ജിന് പുറപ്പെടുന്ന കപ്പലുകൾ തകർക്കുക അവരുടെ ഹോബിയായിരുന്നു. സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിൽ വലിയ യുദ്ധങ്ങൾ നടന്നു. മുസ്ലിംകളോട് അനുഭാവം കാണിക്കുന്ന സാമൂതിരിയെ സഹായിക്കുകയും ഇസ്ലാമിനെതിരെയുള്ള പറങ്കികളെ നിലക്ക് നിർത്തുകയും ചെയ്യുകയെന്നത് മുസ്ലികൾക്ക്‌ അനിവാര്യമായിരുന്നു. ആ അർത്ഥത്തിലാണ് മഖ്ദൂം ഒന്നാമൻ മുസ്‌ലിംകളോട് വിശുദ്ധ യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നത്. കുരിശ് ആരാധകർക്കെതിരെ വിശ്വാസികളെ പ്രേരിപ്പിക്കൽ എന്നർത്ഥമുള്ള ഈ ഗ്രന്ഥം രചിക്കുന്നത്. 1521 ലാണ് മഖ്ദൂം ഒന്നാമൻ മരണപ്പെടുന്നത്. അദ്ദേഹം രചിച്ച ഈ കൃതി സകല മുസ്‌ലിംകളെയും ആകർഷിച്ചു. മൂന്നു വർഷത്തിനു ശേഷം ഈ ആഹ്വാനം മൂലമാണ് സാമൂതിരിയുടെ നാവിക സേനയുടെ നേതൃത്വം    ഏറ്റെടുക്കാൻ കുഞ്ഞാലി മരക്കാന്മാർ രംഗത്ത് വന്നത് എന്ന് ചില ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. 

തുഹ്ഫതുൽ മുജാഹിദീൻ

മഖ്ദൂം ഒന്നാമന്റെ പൗത്രനായ മഖ്ദൂം രണ്ടാമനാണ് ഈ ഗ്രന്ഥം രചിക്കുന്നത്. 
പ്രശസ്തമായ ഒരു സമര ചരിത്ര കൃതിയാണ് തുഹ്ഫതുൽ മുജാഹിദീൻ ഫി ബ‌അസി അഖ്ബാരിൽ ബുർത്തുഗാലിയ്യീൻ.കേരളത്തിലെ ആദ്യ ചരിത്ര കൃതിയായി ഇതിനെ കണക്കാക്കുന്നു. കേരളത്തിലെ ഇസ്‌ലാമിൻറെ ആവിർഭാവവും ഹൈന്ദവ സമൂഹത്തിൻറെ ആചാരരീതികളും വിശ്വാസങ്ങളും ഇതിൽ വിവരിക്കുന്നുണ്ട്. നാലുഭാഗങ്ങളുള്ള ഈ പുസ്തകത്തിൽ വിശുദ്ധ യുദ്ധത്തിൻെറ മഹത്വം, രണ്ടാം ഭാഗത്ത് മലബാറിലെ ഇസ്‌ലാം മത പ്രചാരണത്തിൻെറ തുടക്കം, മൂന്നാം ഭാഗത്തിൽ കേരളത്തിലെ ഹൈന്ദവ ആചാരങ്ങളും ജീവിതരീതിയും, നാലാം ഭാഗത്തിൽ പോർചുഗീസ് അക്രമങ്ങളുടെ വിവരണം എന്നിവയാണുള്ളത്.

ബീജാപ്പൂരിലെ ഭരണാധികാരിയായിരുന്ന സുൽത്താൻ അലി അദിൽഷാ ഒന്നാമന്റെ പേരിലാണ് ഈ പുസ്തകം ഗ്രന്ഥകാരൻ സമർപ്പിച്ചിട്ടുള്ളത്. എ.ഡി.1557 മുതൽ 1580 വരെയായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. ആദിൽഷായുടെമരണശേഷമാണ് ഗ്രന്ഥം പൂർത്തിയാക്കിയത്

മുഖവുരയും നാല് ഭാഗങ്ങളുമാണ് ഈ ഗ്രന്ഥത്തിനുള്ളത്. ഇതിൽ നാലാം ഭാഗം പതിനാല് അധ്യായങ്ങളായി തിരിച്ചിരിക്കുന്നു. മുസ്‌ലിംകളെ അടിച്ചമർത്തുകയും അവരുടെ പ്രദേശങ്ങൾ ആക്രമിക്കുകയും സ്വൈരജീവിതം നശിപ്പിക്കുകയും ചെയ്ത പറങ്കികൾക്കെതിരെ പടയൊരുക്കത്തിന് മുസ്ലിംകളോട് ആഹ്വാനം ചെയ്യുവാൻ ഗ്രന്ഥകാരനെ പ്രേരിപ്പിച്ച കാര്യങ്ങൾ മുഖവുരയിൽ പ്രസ്താവിച്ചിട്ടുണ്ട്.

അവിശ്വാസികൾക്കെതിരെ വിശുദ്ധ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കിട്ടാവുന്ന പ്രതിഫലത്തെക്കുറിച്ചുള്ള പ്രവാചക സൂക്തങ്ങളും ഖുർ ആൻ വചനങ്ങളും ജിഹാദിന്റെ മാഹാത്മ്യവുമാണ് പ്രഥമഭാഗത്തിൽ വിവരിച്ചിട്ടുള്ളത്.  
 യുദ്ധസജ്ജീകരണങ്ങൾക്കും ജവാന്മാരുടെ കുടുംബാംഗങ്ങൾക്കും നല്കുന്ന സഹായം ഈശ്വരന് നല്കുന്നതായിത്തന്നെ പരിണമിക്കുമെന്നതുകൊണ്ട് ദാതാക്കളും സ്വർഗരാജ്യത്തേക്ക് നയിക്കപ്പെടുമെന്നുള്ള വിശുദ്ധവാക്യം അദ്ദേഹം ആവർത്തിക്കുന്നു.

കേരളത്തിൽ ഇസ് ലാമിന്റെ ആഗമനത്തെക്കുറിച്ചും ചേരമാൻപെരുമാളിന്റെ അറേബ്യൻ യാത്രയെ സംബന്ധിച്ചും പടിഞ്ഞാറെ തീരത്തെ പ്രധാനപ്പെട്ട തുറമുഖങ്ങളുടെ വളർച്ചയെപ്പറ്റിയും ഉള്ള വിവരണങ്ങളാണ് രണ്ടാം ഭാഗത്തിൽ.

ഹിന്ദുക്കളുടെ ആചാരമര്യാദകളെപ്പറ്റി വിവരിക്കുന്നതാണ് മൂന്നാം ഭാഗം. 
നാലാം ഭാഗം പൂർണമായും ചരിത്രപ്രധാനമാണ്. കേരളത്തിൽ പറങ്കികളുടെ പ്രഥമാഗമനമായ 1498 മുതൽ 1583 വരെയുള്ള 85 കൊല്ലക്കാലത്തെ അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള സമ്പൂർണ വിവരം ഈ ഭാഗത്തിലുണ്ട്. പോർച്ചുഗീസ് ആധിപത്യത്തിനെതിരെ സമരത്തിന് ആഹ്വാനംചെയ്യുന്ന ഈ കൃതിയുടെ അവസാന ഭാഗം പോർച്ചുഗീസുകാർ ചെയ്തുകൂട്ടിയ ക്രൂരതകളും നീചവൃത്തികളും പ്രതിപാദിക്കുന്നു. ഒരാൾപോലും  ഒഴിഞ്ഞുനിൽക്കാതെയുള്ള സർവരുടെയും ബാധ്യതയാണ് അധീശശക്തികളോടുള്ള പോരാട്ടമെന്ന് ഈ കൃതി വ്യക്തമാക്കുന്നു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter