ശാസ്ത്രമുന്നേറ്റങ്ങളുടെ പിന്നാമ്പുറ ചരിത്രങ്ങള്‍

ആധുനിക ശാസ്ത്രലോകത്തിന്റെ അപ്പോസ്തലന്‍മാര്‍ എന്ന് നാം വിശേഷിപ്പിക്കുന്ന പാശ്ചാത്യ ജനത വൈജ്ഞാനിക മുന്നേറ്റങ്ങള്‍ക്കൊണ്ടും, നവം നവങ്ങളായ കണ്ടുപിടുത്തങ്ങള്‍ കൊണ്ടും ശാസ്ത്രീയ കൗതുകലോകത്തിന്റ മായാജാലങ്ങള്‍ ലോകസമക്ഷം തുറന്നു കാണിക്കുമ്പോള്‍, അവര്‍ക്കു പിമ്പേ ചാലക ശക്തികളായി പ്രവര്‍ത്തിച്ച കരങ്ങളെ നാമൊരിക്കലും വിസ്മരിച്ചുകൂട. പ്രാചീന സാംസ്‌കാരങ്ങളുടെയും നാഗരികതയുടെയും ഈറ്റില്ലവും പോറ്റില്ലവുമായിരുന്ന ചൈന, ഈജിപത്, ഗ്രീസ്, ഭാരതം തുടങ്ങിയ നാടുകളില്‍ നൂറ്റാണ്ടുകളായി ഉരുത്തിരിഞ്ഞുവന്ന മാനുഷിക ബുദ്ധി വികാസത്തിന്റെയും, വൈജ്ഞാനിക വെളിച്ചത്തിന്റെയും പടിപടിയായ മുന്നേറ്റമാണ് വാസ്തവത്തില്‍ നാമിന്നെത്തി നില്‍ക്കുന്ന കാലഘട്ടവും ആധുനിക സൗകര്യങ്ങളും.

വിവധ വിജ്ഞാന ശാഖകള്‍ ഓരോ നാട്ടില്‍ നിന്നും ശേഖരിച്ചു ഒരേ ചരടില്‍, ഒരേ ഭാഷയില്‍ രേഖപ്പെടുത്താന്‍ സംരംഭം കുറിച്ച അബ്ബാസിയ്യ ഭരണകര്‍ത്താക്കളുടെ ഏഴും, എട്ടും നൂറ്റാണ്ടുകളിലെ അതിസാഹസികവും ചരിത്രത്തില്‍ അന്നുവരെ കാണാന്‍കഴിയാത്ത ജിജ്ഞാസയുമാണ് വിവിധ ശാസ്ത്ര സാങ്കേതിക, ശാസ്ത്ര വിജ്ഞാന മൂലകങ്ങള്‍ ഒന്നിക്കാന്‍ ആദ്യമായി തുടക്കം കുറിച്ചത്. വിവിധ കോണുകളിലൂടെ ഒഴുകിക്കൊണ്ടിരുന്ന ഈ വൈജ്ഞാനിക അരുവികള്‍ ബാഗ്ദാദിലൂടെ ഒന്നിച്ചൊഴുകിയപ്പോള്‍ അതിന്റെ രുചിയും ആസ്വാദ്യതയും പുതിയ ഒരു യുഗത്തിന്റെ ആവേശമായി മാറുകയായിരുന്നു. വിത്യസ്ത കാലഘട്ടങ്ങളിലായി വിവിധ സമുദായങ്ങള്‍ ഇത്തരം വിജ്ഞാന ശാഖകള്‍ക്ക് ഒട്ടേറെ സേവനങ്ങള്‍ അര്‍പ്പിച്ചു എന്നതാണ് വസ്തുത.

ഈജിപ്ത്

ഗണിതശാസ്ത്രം, വൈദ്യശാസ്ത്രം, ജീവശാസ്ത്രം തുടങ്ങീ മേഖലകളില്‍ നവീനമായ ഒട്ടേറെ കണ്ടുപിടുത്തങ്ങള്‍ക്ക് ഈജിപ്ത് ചുക്കാന്‍ പിടിച്ചിട്ടുണ്ട്. ഗണിതശാസ്ത്ര സംബന്ധമായി ഈജിപ്തുകാരുടെ കണ്ടുപിടുത്തങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന പ്രഗത്ഭ ഈജിപ്ഷ്യന്‍ ഗണിതശാസ്ത്രജ്ഞരായ അഹ്മസിന്റെയും ഗോളീശെഫിന്റെയും രണ്ട്ചരിത്ര ലിഖിതങ്ങള്‍ ഉപലബ്ധമായിട്ടുണ്ട്. എ.ഡി. 1857 ല്‍ ആങ്കലേയ പുരാവസ്തു ഗവേഷകന്‍ ഹെന്റിറായാണ് അഹ്മസിന്റെ ലിഖിതങ്ങള്‍ കെണ്ടത്തിയത്. ക്രി.മു 1650 ലാണ് ഇതിന്റെ ലിഖിതമെന്ന് കരുതപ്പെടുന്നു. ഗോളീശെഫിന്റെ ലിഖിതങ്ങള്‍ ഇതിലേറെ രണ്ട് നൂറ്റാണ്ട് പഴക്കം ചെന്നതാണെന്ന് കരുതപ്പെടുന്നു.

അക്കങ്ങള്‍ക്ക് പകരമായി ചില സൂചകങ്ങളായിരുന്നു അവര്‍ നല്‍കിയിരുന്നത്. ആയിരത്തിന് താമരയും, നൂറിന് ആമ്പല്‍ പുഷ്പത്തിന്റെ ഒരു ദളവും, പത്തിന് മറിച്ചിട്ട U (റ) ചിഹ്നവും ഒന്നിന് ഒരു നേര്‍വരയുമായിരുന്നു പ്രധാനമായും അവര്‍ ഉപയോഗിച്ച ചിഹ്നങ്ങള്‍. ഇതേ സമയം, റോമക്കാരും ഇതേ മാതൃക അവലംഭിച്ചെങ്കിലും അവര്‍ സൂചിക ചിഹ്നങ്ങള്‍ക്ക് പകരമായി ചില അക്ഷരങ്ങള്‍ നല്‍കുകയായിരുന്നു. ആയിരത്തിന് ങ, അഞ്ഞൂറിന് D, നൂറിന് C, അന്‍പതിന് L, പത്തിന് ത, അഞ്ചിന് V, ഒന്നിന് I എന്നിങ്ങനെ, ചില അക്ഷര സൂചികകളായിരുന്നു അവര്‍ നല്‍കിയിരുന്നത്.

ഈജിപതുകാരും, റോമക്കാരും അക്കങ്ങള്‍ അറിയാതെ ഗണിതശാസ്ത്രത്തില്‍ മുരടിച്ചിരുന്നപ്പോള്‍ ഇന്ത്യയില്‍ അക്കങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നു. മുസ്‌ലിംകള്‍ വഴിയാണ് ഇന്ത്യയിലെ അക്കങ്ങള്‍ക്ക് പ്രചുരപ്രചാരം നേടിയത്. എങ്കിലും, ഈജിപ്തിലും, റോമിലും ഗുണനം, ഹരണം,സങ്കലനം, വ്യവകലനം തുടങ്ങീ ഒട്ടനവധി ഗണിതശാസ്ത്ര ക്രിയകള്‍ പ്രചാരത്തിലുണ്ടായിരുന്നു. അതിനു പുറമേ, സമീഭാവ സൂത്രക്കണക്കുകളും (Equations) അവര്‍ കൈകാര്യം ചെയ്തുപോന്നു. ജോമട്രിയുടെ പ്രാഥമിക രൂപങ്ങളും അവര്‍ മനസ്സിലാക്കിയിരുന്നു. ത്രികോണങ്ങളും,റൈറ്റ് ആംഗിളുകളും അവര്‍ക്കിടയില്‍ പരിചിതമായി.

വൈദ്യശാസത്രപരമായും ഒട്ടേറെ മുന്‍പന്തിയിലെത്തിയിരുന്നു ഈജിപ്ത്. അക്കാലത്ത് അവര്‍ കൈകാര്യം ചെയ്തിരുന്ന ഏഴോളം താളിയോല ഗ്രന്ഥങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കെണ്ടടുക്കുകയുണ്ടായി. അവയില്‍ രണ്ടുഗ്രന്ഥങ്ങള്‍ അവയുടെ രചയിതാക്കളുടെ പേരുകളുമായി ചേര്‍ക്കപ്പെട്ടിരിക്കുന്നു. കാഹൂന്‍, ജോര്‍ഡ്‌നര്‍ എന്നീ പേരുകളിലാണ് അവ അറിയപ്പെടുന്നത്. ഇതുപോലെ, പ്രസിദ്ധമാണ് സ്മിത്ത്, ഐബറിസ് എന്നീ രണ്ടുതാളിയോല ഗ്രന്ഥങ്ങള്‍. ഇവ ക്രി.മു 1700 നും 1600 നും ഇടയില്‍ വിരചിതമായതാണെന്നും ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തുന്നു.

ഐബറിസിന്റെ താളിയോല ഗ്രന്ഥത്തില്‍ 877 ഓളം ചികിത്സാമുറകള്‍ നിര്‍ദേശിക്കുന്നുണ്ട്. അവയില്‍ പല ചികിത്സാമുറകള്‍ ആധുനിക വൈദ്യശാസ്ത്രജ്ഞര്‍ ഇന്നും പുലര്‍ത്തിപ്പോരുന്നു. അദ്ധേഹത്തിന്റെ താളിയോല ഗ്രന്ഥത്തില്‍ ശാസ്ത്രക്രിയ മുറകളെ കുറിച്ച് രേഖപ്പെടുത്തിയതായി കാണാം. മറ്റുപല ഗ്രന്ഥങ്ങളിലായി ഒട്ടേറെ ശസ്ത്രക്രിയ ശുശ്രൂഷകളെകുറിച്ചും മറ്റു പല പ്രഥമ ശുശ്രൂഷകളെ കുറിച്ചും പ്രതിപാതിക്കുന്നുണ്ട്.

കെമിസ്ട്രിയുടെ ലോകം അജ്ഞാതമായിരുന്ന അക്കാലത്ത് ഈജിപ്ഷ്യന്‍ അപ്പോസ്തലന്‍മാര്‍ രസതന്ത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ നിര്‍മ്മാണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയുണ്ടായി. കല്ലിലും മണ്ണിലും മാത്രം എഴുതി പരിചയിച്ച ലോകം താളിയോല സംസ്‌കാരത്തിലേക്ക് വളരാന്‍ ചാലകശക്തികളായത് ഈജിപ്തുകാരായിരുന്നു. ഡല്‍ട്ടാ താഴ്‌വരയില്‍ സുലഭമായി വളര്‍ന്നിരുന്ന ഈറ ചെടികളില്‍ നിന്നുമായിരുന്നു അവയുടെ നിര്‍മ്മാണം. ഇത്യാതി ഒട്ടനവധി കണ്ടുപിടുത്തങ്ങള്‍ക്ക് ഈജിപ്ഷ്യര്‍ വഴിയൊരുക്കുകയായിരുന്നു എന്ന് ചുരുക്കം.

ചില്ലു പാത്ര നിര്‍മ്മാണങ്ങളിലും അവര്‍ തങ്ങളുടെ വൈദഗ്ധ്യം തെളിയിക്കുകയുണ്ടായി. ക്രി.മു 1580 ല്‍ ഈ വ്യവസായത്തില്‍ അവര്‍ പുരോഗതി കൈവരിച്ചു. മണലും, സോഡിയം കാര്‍ബോണേറ്റും ചേര്‍ത്തു കൊണ്ടാണ് അവര്‍ ഇത്തരം ചില്ലുപാത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നത് എന്ന് ഈജിപ്തിലെ നെട്രൂണ്‍ താഴ്‌വരയില്‍ നിന്നും കണ്ടെത്തിയ രേഖകളില്‍ നിന്നും വ്യക്തമാകുന്നു. ഈ ഒരു നിര്‍മ്മാണ രീതിയില്‍ നിന്നും എത്രയോ വിത്യസ്തമാണ് ഇന്നത്തെ നിര്‍മ്മാണ രീതി എങ്കിലും, ചില്ലു പാത്ര നിര്‍മ്മാണങ്ങളിലേക്കുള്ള ഒരു ചുവടു വയ്പായിരുന്നു ഇത്.

ജീവശാസ്ത്ര പരമായ ഒട്ടേറെ കണ്ടുപിടുത്തങ്ങള്‍ക്കും ഈജിപ്ത് ചുക്കാന്‍ പിടിച്ചിട്ടുണ്ട്. മനുഷ്യശരീരത്തിനാവശ്യമായ ചില ചികിത്സാമുറകളും, ഒട്ടനവധി ഒറ്റമൂലികളും അവരുടെ ഗ്രന്ഥങ്ങളില്‍ നിന്നും ലഭ്യമാവുകയുണ്ടായി. മൃതശരീരങ്ങള്‍ യാതൊരു കേടും കൂടാതെ വര്‍ഷങ്ങളോളം സൂക്ഷിച്ചുവെക്കാനുള്ള ഉപാധികള്‍ അവര്‍ നേടിയെടുത്ത വന്‍ വിജയങ്ങളില്‍ ഒന്നായിരുന്നു. ശസ്ത്രക്രിയാ മേഖലകളിലും അവര്‍ നേടിയ വിജയങ്ങള്‍ ഒരിക്കലും തന്നെ വിസ്മരിച്ചുകൂട.

ബാബിലോണിയ

പശ്ചിമേഷ്യയിലെ ടൈഗ്രീസ്യൂഫ്രട്ടീസ് നദികള്‍ക്കിടയില്‍ നില നിന്നിരുന്ന പ്രാചീന രാജ്യമായിരുന്നു ബാബിലോണിയ. നിനേവ, കാലാ, അര്‍ബേലാ, തുടങ്ങിയവയായിരുന്നു പ്രധാന നഗരങ്ങള്‍. ടൈഗ്രീസ് നദിയുടെ ഇടത്തെ തീരങ്ങളിലായിരുന്നു ഇവ നിലകൊണ്ടിരുന്നത്. ശിലാലിഖിതങ്ങള്‍, മണ്‍ പാത്രങ്ങള്‍ തുടങ്ങീ ഒരു പ്രാചീന നാഗരികതയെ വിളിച്ചോതുന്ന ഒട്ടേറെ പുരാവസ്തുക്കള്‍ അവിടെ നിന്നും കെണ്ടടുക്കുകയുണ്ടായി. ക്രി.മു 5000 ത്തില്‍ അവിടുത്തെ പ്രാചീന കുന്നുകളില്‍ ഖനനം നടത്തിയപ്പോള്‍ ഒരു പുരാതന നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കെണ്ടത്തിയിരുന്നു.

പ്രാചീന ബാബിലോണിയയില്‍, ജ്യോതിശാസ്ത്രത്തിന്റെയും, വൈദ്യശാസ്ത്രത്തിന്റെയും, ഭാഷാശാസ്ത്രത്തിന്റെയും, നിയമ സംഹിതികളുടെയും പ്രാഥമികജ്ഞാനം ബാബിലോണി പണ്ഡിതന്മാര്‍ക്കുണ്ടായിരുന്നു. യൂഫ്രട്ടീസ് നദീതീരത്ത് ഇത്തരം ഒരു നാഗരികതയ്ക്ക് അസ്തിവാരമിട്ടത് സുമേരിയന്‍മാരാണ്. നിപ്പര്‍ ആയിരുന്നു സുമേരിയന്‍ തലസ്ഥാനം. വിദേശ രാജ്യങ്ങളുമായി പുലര്‍ത്തിപ്പോന്ന വാണിജ്യ ബന്ധത്തിനു ഗണിതശാസ്ത്രം അനിവാര്യമാണെന്നതിനാല്‍തന്നെ അവര്‍ക്കിടയില്‍ ഗണിതശാസ്ത്രത്തിനു പ്രാമുഖ്യം ലഭിച്ചു. ബാബിലോണികള്‍ സ്വതസിദ്ധമായ ചില സൂചകങ്ങള്‍ സംഖ്യകള്‍ക്ക് നല്‍കുകയും സമീഭാവസൂത്രക്കണക്കുകളും (Equations) മറ്റും ഉപയോഗിച്ച് ക്രിയകള്‍ ചെയ്യുകയും ചെയ്തു എന്ന് ക്രി.മു 1950 ല്‍ ലഭിച്ച രേഖകള്‍ വ്യക്തമാക്കിത്തരുന്നു.

വൃത്തത്തെ 360 ഡിഗ്രിയായും ഒരു വര്‍ഷത്തെ 360 ദിവസങ്ങളായും എണ്ണിത്തിട്ടപ്പെടുത്തിയത് അവര്‍ നേടിയ വന്‍ വിജയങ്ങളിലൊന്നായിരുന്നു.ജ്യോതിശാസ്ത്രത്തിലും അവര്‍ പ്രഗത്ഭരായി.ബാബിലോണിയരുടെ നക്ഷത്ര ശാസ്ത്രമാണ് പിന്നീട് ജ്യോതിശാസ്ത്രമായി വികസിച്ചത്. പ്രഥമ ഗോളശാസ്ത്രജ്ഞരായി ബാബിലോണികള്‍ ഗണിക്കപ്പെട്ടിരുന്നു. ബാബിലോണിയയില്‍നിന്നും ടോളമിക്കു ലഭിച്ച ചരിത്ര രേഖകളില്‍ നിന്നും ഗ്രഹ, നക്ഷത്ര, ഗ്രഹണ സം ന്ധമായവിഷയങ്ങളില്‍ അവര്‍ അവഗാഹം നേടിയതായി കാണാം. കാലഗണനയും അവര്‍ നടത്തിയിരുന്നു. ഒരു വര്‍ഷത്തെ പന്ത്രണ്ടു ചാന്ദ്ര മാസങ്ങളായി അവര്‍ വിഭജിക്കുകയുണ്ടായി. ഭൂപടങ്ങള്‍വരക്കുന്നതിലും അവര്‍ അതിയായ ശ്രദ്ധകാണിച്ചു.

ചികിത്സാ രീതികളെ കുറിച്ച് കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും, അശൂര്‍ പാനിപാല്‍ ചക്രവര്‍ത്തിയുടെ (ക്രി.മു 677626) സൂക്ഷിക്കപ്പെട്ട രേഖകളില്‍നിന്നും ഒറ്റപ്പെട്ട ചിലചികിത്സാമുറകളെ കെണ്ടത്താനാകും. വൈദ്യ ശാസ്ത്രം ഹമൂറാബിയുടെ കാലത്ത് ഒരു തൊഴിലായി വികാസം പ്രാപിച്ചു. ഹമൂറാബിയുടെ നിയമസംഹിതിയനുസരിച്ച് തെറ്റായ ചികിത്സാമുറകള്‍ നിര്‍ണ്ണയിക്കുന്ന വൈദ്യന്റെ കൈകള്‍ അറുത്തു മാറ്റാനായിരുന്നു വിധി. ഇത്രത്തോളം കണിശമായ രീതിയില്‍ അവര്‍ നില നിര്‍ത്തിപ്പോന്ന ചികിത്സാമുറകളില്‍ പലതും ഇന്ന് പ്രാബല്യത്തില്‍ വന്നു. പക്ഷെ, വിലയേറിയ ഒട്ടേറെ രേഖകള്‍ നമുക്കു ലഭ്യമായില്ല എന്നതാണ് വാസ്തവം.

ആധുനിക രസതന്ത്രപരമായി പല സംഭാവനകളും ബാബിലോണികള്‍ നല്‍കിയിട്ടുണ്ട്. എണ്ണ, ഛായം, ഔഷധങ്ങള്‍, പൗഡറുകള്‍, സുഗന്ധദ്രവ്യങ്ങള്‍, ലഹരിപദാര്‍ത്ഥങ്ങള്‍ തുടങ്ങിയവ അവയില്‍ ചിലതാണ്. ഗോളിശഫാര്‍ ചക്രവര്‍ത്തിയുടെ (ക്രി.മു 16901636) ചില പുരാതന രേഖകളില്‍ നിന്നും അക്കാലത്തുള്ള ചില രസതന്ത്ര രേഖകള്‍ ഉപലബ്ധമായിട്ടുണ്ട്. ഏകദേശം എണ്ണൂറോളം ശിലാഫലകങ്ങള്‍ ബാബിലോണിയയില്‍ നിന്നും ലഭിച്ചിരുന്നു. അവയില്‍ നിന്നും ബാബിലോണികള്‍ കാര്യമായും മുന്‍പന്തിയിലെത്തിയിരുന്ന ഗോളശാസ്ത്രം, ഗണിത ശാസ്ത്രം, രസതന്ത്രം തുടങ്ങീ ഒട്ടേറെ മേഖലകളില്‍ അവര്‍ നടത്തിയ സംഭാവനകളെ കുറുച്ചും പ്രതിബാധിക്കുന്നുണ്ട്.

ഗ്രീസ്

അനേകം ദ്വീപുകളും ദക്ഷിണ പൂര്‍വ്വ യൂറോപ്പിലെ ബാള്‍ക്കന്‍ ഉപദ്വീപിന്റെ ഒരു ഭാഗവും ചേര്‍ന്നു രൂപപ്പെട്ട ഒരു യൂറോപ്യന്‍ രാജ്യമാണ് ഗ്രീസ്. പൗരാണിക കാലത്തു തന്നെ കല, സാഹിത്യം, തത്വശാസ്ത്രം, ശാസ്ത്രം, വാസ്തുവിദ്യ, ഭരണ സംവിധാനം, തുടങ്ങീ ഒട്ടേറെ വിജ്ഞാനങ്ങളുടെ കേന്ദ്രമായിരുന്നു ഗ്രീസ്. യൂറോപ്യന്‍ സംസാകാരങ്ങള്‍ക്ക് അസ്ഥിവാരമിടാന്‍ യവനന്‍മാരുടെ ഭഗീരയത്‌നം സഹായകമായി. പ്രാചീന ഗ്രീസിന്റെ ചരിത്രത്തിന് പ്രധാമായും രണ്ടു ഘട്ടങ്ങളുണ്ട്. പുരാവസ്തു ഖനനത്തിലൂടെ ലഭ്യമായിട്ടുള്ള ക്രി.മു 1000 വരെയുള്ള ഒന്നാം ചരിത്ര ഘട്ടവും, ക്രി.മു 1000 മുതല്‍ എ.ഡി 300 വരെയുള്ള രണ്ടാംചരിത്ര ഘട്ടവും. ഈ രണ്ടു ചരിത്ര കാല ഘട്ടങ്ങളിലായി ഗ്രീസ് സാംസ്‌കാരികമായും നാഗരികമായും വളര്‍ന്നു.

ക്രി.മു ഏഴാം നൂറ്റാണ്ടു മുതല്‍ ഗ്രീക്കുകാര്‍ ബാബിലോണികളുമായും വാണിജ്യ ബന്ധം സ്ഥാപിച്ചിരുന്നു. ഈ ബന്ധം ഗ്രീക്കിന്റെ വൈജ്ഞാനിക വളര്‍ച്ചയ്ക്ക് കളമൊരുക്കി. തുടര്‍ന്ന് ഒട്ടേറെ ചിന്താ പ്രസ്ഥാനങ്ങളും അവിടെ രൂപം കെണ്ടു. പ്രഗത്ഭരായ ഏഴ് യവനദാര്‍ശനികര്‍ അവര്‍ക്കിടയിലുണ്ടായിരുന്നു. അവരില്‍ പ്രമുഖനായ ടാലീസ് സ്ഥാപിച്ച ഐവനി പാഠശാല, ദക്ഷിണ ഇറ്റലിക്കാരനായ പൈതഗോറസ് നിര്‍മ്മിച്ച പൈതഗോറിയന്‍ പാഠശാല, ഗണിത ശാസ്ത്രത്തത്തിലും ജ്യാമിതിയിലും ഒട്ടേറെ മുന്നേറ്റങ്ങള്‍ കൈവരിച്ച സോഫ്റ്റിക് പാഠശാല, സോക്രട്ടീസിന്റെ പ്രധാന ശിഷ്യനായ പ്ലാറ്റോ നിര്‍മ്മിച്ച പ്ലാറ്റോ പാഠശാല, തുടങ്ങീ ഒട്ടേറെ പാഠശാലകളും പ്രസ്ഥാനങ്ങളും ഗ്രീക്കിന്റെ മണ്ണില്‍ രൂപം പ്രാപിച്ചു. കാര്യമായും വിവിധ ഘട്ടങ്ങളിലായി വിവിധ സമുദായങ്ങള്‍ ലോക സമക്ഷം സമര്‍പ്പിച്ച ഒട്ടേറെ കണ്ടുപിടുത്തങ്ങളെ യൂറോപ്പിലാകമാനം വ്യാപിപ്പിക്കാനും യൂറോപ്പിനെ ഒന്നടങ്കം സാംസ്‌കാരികമായി വളര്‍ത്താനും യവനന്‍മാര്‍ ചാലകശക്തികളാവുകയായിരുന്നു.

വൈദ്യശാസ്ത്രത്തിലും യവനന്‍മാര്‍ മികച്ചുനിന്നിരുന്നു. യവന വൈദ്യശാസ്ത്രത്തെ പുരോഗതിയിലേക്ക് നയിച്ച ഗലീനസ് (എ.ഡി 130201), ടാലീസ് അംബിഡോഗല്‍ തുടങ്ങീ ഒട്ടേറെ പ്രതിഭകളെ ലോകസമക്ഷം പരിചയപ്പെടുത്താന്‍ യവനന്‍മാര്‍ക്ക് കഴിഞ്ഞു. ഏഴോളം വരുന്ന യവനദാര്‍ശനികര്‍ നല്‍കിയ ഒട്ടേറെ സംഭാവനകള്‍ ഗ്രീക്കിനെ ശാസ്ത്രീയ ലോകത്തിന്റെ നെറുകയിലെത്താന്‍ സഹായിച്ചു.

ചുരുക്കത്തില്‍, ഇന്നു നാം അനുഭവിക്കുന്ന സുഖസൗകര്യങ്ങള്‍ക്കും, ശാസ്ത്രീയ ലോകം എത്തിപ്പെട്ട ഔന്നിത്യങ്ങള്‍ക്കും ചാലകശക്തികളായി ഒട്ടേറെ പ്രാചീന സമുദായങ്ങള്‍ വര്‍ത്തിച്ചിട്ടുണ്ട്. നാം പലപ്പോഴും അവ വിസ്മരിച്ചു പോകുന്നു. പ്രവാചകാഗമനത്തിന് മുമ്പ് സാംസ്‌കാരികമായി വളര്‍ന്ന മൂന്നു ജന വിഭാഗങ്ങളെയാണിവിടെ പ്രതിപാതിക്കപ്പെട്ടത്. എങ്കിലും എ.ഡി മൂന്നാം നൂറ്റാണ്ടു മുതല്‍ അതെല്ലാം നിഷ്പ്രഭമായിക്കിടക്കുകയായിരുന്നു. പിന്നീട്, തങ്ങളുടെ പൂര്‍വ്വികരില്‍ നിന്നും ലഭിച്ച ഇത്തരം വിജ്ഞാനങ്ങളെ ആധുനിക തലമുറക്ക് എത്തിച്ചു കൊടുക്കാനും അവര്‍ക്കിടയില്‍ അതിനെ പ്രാവര്‍ത്തികമാക്കാനും പ്രയത്‌നിച്ചത് മുസ്‌ലിംകളായിരുന്നു. ആറാം നൂറ്റാണ്ടിലെ ഇസ്‌ലാമിന്റെ ആഗമനത്തോടെയാണ് നവയുഗപ്പിറവിയുടെ നാന്ദീകരണവും വിശ്വവിമോചനത്തിന്റെ അരുണോദയവും ലോകം ദര്‍ശിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter