കെ കെ ഹസ്രത്ത്‌: വിനയത്തിന്റെ പര്യായം

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സമാദരണീയരായ അധ്യക്ഷനും പട്ടിക്കാട് ജാമിഅ നൂരിയ്യ പ്രിന്‍സിപ്പലുമായിരുന്ന ശൈഖുനാ കെ കെ അബൂബക്കര്‍ ഹസ്രത്ത് (ന :മ ) 1929 ഫെബ്രുവരി 20 (ഹി. 1348 )നു എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപിലെ എടവനക്കാട് എന്ന പ്രദേശത്ത് ജനിച്ചു. പിതാവ് ചെമ്മീന്‍ വ്യവസായിയായിരുന്ന കുരുടം പറമ്പില്‍ കുഞ്ഞുമുഹമ്മദ്, മാതാവ് കൊടുങ്ങല്ലുര്‍ക്കാരി ആയിഷ ഉമ്മ. ക്ലാപ്പന, കൊച്ചി, തളിപ്പറമ്പു, താനൂര്‍ തുടങ്ങിയ പ്രദേശങ്ങളി‍ല്‍ ദര്‍സ് പഠനം നടത്തി. ശേഷം ഉപരിപനാര്‍ത്ഥം വെല്ലൂ‍ര്‍‍ ബാഖിയാതുസ്സാലിഹാതി‍ല്‍ ചേര്‍ന്ന് സനദ് നേടി തുടര്‍ന്ന് ദയൂബന്ത് ദാറുല്‍ ഉലൂമില്‍ ചേര്‍ന്ന് എം എ ബിരുദവും കരസ്ഥമാകി. അധ്യാപക ജീവിതം ആരംഭിക്കുന്നത് കാന്തപുരത്ത് ദ‍ര്‍സ് നടത്തിക്കൊണ്ടാണ്. അവിടെ നിന്നാണ് ശംസു‍ല്‍ ഉലമ ഇ കെ അബൂബക്ക‍ര്‍ മുസ്ലിയാരുടെ ക്ഷണപ്രകാരം താനൂ‍ര്‍ ഇസ്‍ലാഹു‍ല്‍ ഉലൂം അറബിക് കോളേജി‍ല്‍ പ്രാധാനാധ്യാപകനായി എത്തുന്നത്. പിന്നീട് ശൈഖ് ഹസന്‍ ഹസ്രത്തിന്റെ ക്ഷണ പ്രകാരം വെല്ലൂ‍ര്‍ ബാഖിയാത് സാലിഹാതി‍ല്‍‍ മുദരിസായും സേവനമനുഷ്ടിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടി‍ല്‍ തിരിച്ചെത്തിയ അദ്ദേഹം, പൊടിയാട്, പടന്ന എന്നിവിടങ്ങളില്‍ ദ‍ര്‍സ് നടത്തി. പൊട്ടചിറ അന്‍വരിയ്യ അറബിക് കോളേജ്, കായല്‍ പട്ടണം മഹ്ളറതുല്‍ ഖാദിരിയ്യ എന്നിവിടങ്ങളില്‍ പ്രധാനധ്യാപകനായി സേവനം അനുഷ്ടിക്കുകയും ചെയ്തു. ശാരീരികാസുഖം കാരണം കായല്‍പട്ടണത്തു നിന്നും നാട്ടി‍ല്‍ തിരിച്ചെത്തിയ അദ്ദേഹം ഒന്നര വര്‍ഷത്തോളം ശയ്യാവലംബിയായിരുന്നു. ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യയി‍ല്‍ ആദ്യം അധ്യാപകനായും പിന്നീട് പ്രിന്സിപ്പളായും സേവനം ചെയ്തു.

താനൂര്‍ ടൌണില്‍ നിന്നാണ് അദ്ദേഹം വിവാഹം ചെയ്തത്. മുഹമ്മദ്‌ മൊല്ല –ഫാത്തിമ ദമ്പതികളുടെ മകള്‍ കുഞ്ഞീവി ഹജ്ജുമ്മയാണ് ഭാര്യ നല്ല വെളുപ്പ്‌ നിറം , പ്രകാശിക്കുന്ന പുഞ്ചിരി , സ്നേഹം വഴിഞ്ഞൊഴുകുന്ന സംസാരം, ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റം ഇതൊക്കെയായിരുന്നു ഉസ്താദിന്റെ പ്രത്യേകതകള്‍. സ്വന്തം ഉസ്താദ് ജനറല്‍ സെക്രട്ടറി ആയി ഇരിക്കുന്ന കേരളത്തിലെ ആധികാരിക പരമാധികാര മത പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡണ്ട് പദവിയി‍ല്‍ ഇരിക്കാ‍ന്‍ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. 1993 ല്‍ ആയിരുന്നു അത്. 3 -11 -1957 നു ചേര്‍ന്ന മുശാവറ യോഗം മര്‍ഹൂം പറവണ്ണ ഉസ്താദിന്റെ വഫാത് മൂലം വന്ന ഒഴിവിലേക്കാണ് അദ്ദേഹത്തെ മുശാവറ അംഗം ആയി തെരഞ്ഞെടുക്കുന്നത്. വര്‍ഷങ്ങളോളം രോഗ ഗ്രസ്തനായി തന്നെ ജാമിഅ യില്‍ ക്ലാസെടുത്ത ശൈഖുനയുടെ കരങ്ങളില്‍ നിന്ന് ജന ലക്ഷങ്ങളുടെ സാനിദ്ധ്യത്തില്‍ സനദ് സ്വീകരിച്ചവര്‍ ആയിരങ്ങളാണ്. സഹനവും വിനയവും ശൈഖുനയുടെ മുഖമുദ്രയായിരുന്നു. പ്രസ്ഥാനിക രംഗത്ത് ഏറെ പ്രതിസന്ധിയും പ്രയാസവും നേരിട്ടെങ്കിലും ജീവിതം മുഴുവന്‍ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ വളര്‍ച്ചക്കും ഉയര്ച്ചക്കും വേണ്ടി ഉഴിഞ്ഞുവെച്ചു. പ്രശ്നങ്ങള്‍ ലളിതമായി നേരിടുക, കര്‍ത്തവ്യ ബോധത്തോടെയും ആത്മാര്‍ഥതയോടെയും തന്റെ ചുമതലകള്‍ നിര്‍വഹിക്കുക, ദിന ചര്യകളില്‍ അതീവമായ കൃത്യ നിഷ്ഠ പാലിക്കുക എന്നിവ ഉസ്താദിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു. അവസാന ഘട്ടങ്ങളില്‍ ശൈഖുന ക്ലാസ്സിലെത്തിയിരുന്ന രംഗം ആത്മാര്‍ഥതയുടെ മകുടോദാഹരണമാണ്. ഹദീസിനോടുള്ള ആഗ്രഹവും ദര്‍സും കാണുമ്പോള്‍ മദീനാ പള്ളിയില്‍ ഒരുകാലത്ത് അധ്യാപനം നടത്തിയിരുന്ന ഇമാം മാലിക്(റ)നെ ഓര്മ വരും . ഓപറേഷന്‍ ചെയ്ത് കാലില്‍ നിന്നും ഒരെല്ല് മാറ്റിയെടുത്ത് നടക്കാ‍ന്‍ വിഷമിക്കുന്ന സന്ദര്‍ഭങ്ങളി‍ല്‍ പോലും വളരെ കൃത്യമായി ക്ലാസ്സിലെത്തിയിരുന്നു. കോളേജ് കെട്ടിടത്തിന്റെ മുകളില്‍ ആയിരുന്നു അന്ന് ഫൈനല്‍ ക്ലാസ്. ഗോവണിപ്പടികള്‍ കയറി മുകളിലെത്താ‍ന്‍ ഉസ്താദിന് വളരെ പ്രയാസമായിരുന്നു. എങ്കിലും ഇരു കൈകളിലും കുട്ടികള്‍ പിടിച്ചു കൊണ്ടും വടിയുടെ സഹായത്തോടെയും ശൈഖുന ക്ലാസിലെത്തും. പ്രസന്ന വദനനായി ക്ലാസ് എടുക്കാ‍ന്‍‍ തുടങ്ങും. ഹദീസുകളുടെ ഗഹനമായ ചര്‍ച്ചക‍ള്‍ കൊണ്ട് ക്ലാസ്സ്‌ റൂം സജീവമാകും. ഓരോ ഹദീസുകള്‍ വിവരിക്കുമ്പോഴും അതിന്റെ റിപ്പോര്‍ട്ടര്‍മാരെ കുറിച്ചും അതിന്റെ പശ്ചാത്തലങ്ങളെ കുറിച്ചും സംശയ ലേശമന്യേ വിശദീകരിക്കാ‍ന്‍‍ തുടങ്ങും.

വിധ്യാര്ത്ഥികളിലാരെങ്കിലും വല്ല സംശയങ്ങളും ചോദിക്കേണ്ട താമസമേയുള്ളൂ, പലര്‍ക്കും കേട്ടുകേള്‍വി പോലുമില്ലാത്ത ഗ്രന്ഥങ്ങളിലെ ആധികാരിക വരിക‍ള്‍‍ ഉരുവിട്ട് കൊണ്ട് സംശയങ്ങളുടെ മുനയൊടിച്ചു തുടങ്ങും. സംശയ നിവാരണത്തിനായി ചില ഗ്രന്ഥങ്ങളിലെ പേജുക‍ള്‍ കാണാതെ വായിക്കുന്നത് കേട്ട് പലപ്പോഴും ആ പണ്ഡിത പ്രതിഭാധനന്റെ വിജ്ഞാനത്തിന്റെ ആഴത്തില്‍ ശിഷ്യ ഗണങ്ങ‍ള്‍ അത്ഭുതം കൂറിയിട്ടുണ്ട്. ഒന്നോ രണ്ടോ ഹദീസുകള്‍ മാത്രമായിരിക്കും ഒരു ദിവസത്തെ ക്ലാസ്സ്‌. പ്രസ്തുത ഹദീസിനോടനുബന്ധമായ മുഴുവന്‍ കാര്യങ്ങളും പ്രതിപാദിച്ച ശേഷമേ അടുത്ത ഹദീസുകളിലേക്ക് കടക്കൂ. ഒരു ദിവസം നിര്‍ത്തി വെച്ച അതേ ഭാഗത്ത്‌ നിന്ന് തന്നെ അടുത്ത ദിവസം ക്ലാസ് തുടങ്ങും. പലരും ഉസ്താദ് വായിക്കുന്നത് കേട്ടായിരിക്കും എടുക്കാനുള്ള ഭാഗമറിയുക. എത്ര ദിവസത്തിന് ശേഷം ക്ലാസ് എടുത്താലും ശരി ഉസ്താദിന്റെ തുടക്കം കൃത്യമായിരിക്കും. നിങ്ങള്‍ ഹറാമുകളെ സൂക്ഷിക്കുക, എങ്കില്‍ നിങ്ങള്‍ ഏറ്റവും നല്ല ഭക്തന്മാര്‍ ആയിത്തീരും എന്ന ഹദീസ് വചനം ഇടയ്ക്കിടെ ഓര്‍മിപ്പിക്കുമായിരുന്നു. ബാക്കി അടുത്ത പേജില്‍ (താഴെ പേജ് 2 ക്ലിക്ക് ചെയ്യുക) \സാഹിത്യ രംഗത്ത് ശൈഖുനയുടെ സംഭാവനകള്‍ എടുത്തു പറയേണ്ടതാണ്. അറബിയില്‍ രചിച്ച ഹാഷിയത് ഫത്ഹു‍ല്‍‍ മുല്‍ഹിം അലാ ഫത് ഹു‍ല്‍‍മുഈ‍ന്‍‍, അറബി മലയാളത്തില്‍ വിരചിതമായ സൂറതുന്നൂ‍ര്‍ പരിഭാഷ എന്നിവ പ്രധാന രചനകളാണ്. വിദേശങ്ങളില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന അറബി മാസികകളി‍ല്‍ വിലപ്പെട്ട ലേഖനങ്ങ‍ള്‍ എഴുതി അറബികളുടെ ശ്രദ്ധ പിടിച്ചു പറ്റാനും സാധിച്ചു. അല്‍ മുഅല്ലിം മാസികയില്‍ സ്ഥിരമായി വരാറുണ്ടായിരുന്ന അദ്ധേഹത്തിന്റെ ലേഖനങ്ങ‍ള്‍ ഏറെ പഠനാര്‍ഹമായിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ താനൂരിലെ ബറകത്ത് മന്‍സി‍ല്‍‍ വളരെ സജീവമായിരിക്കും. സന്ദര്‍ശക‍ര്‍ ധാരാളമായി അന്ന് അദ്ധേഹത്തെ തേടിയെത്തും. നല്ല സല്കാരപ്രിയന്‍ കൂടിയായിരുന്നു ശൈഖുനാ. ആളുകളെ ദൂരെ നിന്നും കാണേണ്ട താമസം ചായക്ക്‌ അദ്ദേഹം ആജ്ഞ നല്‍കും.

അടുത്ത വ്യക്തികളുടെ കുടുംബ കാര്യങ്ങള്‍ അദ്ദേഹം ചോദിച്ചറിഞ്ഞു പരിഹാരം നല്‍കിയിരുന്നതായി ഉസ്താദിന്റെ അയല്‍വാസിക‍ള്‍ അനുസ്മരിക്കുന്നു. സംഘടനാ പ്രവര്‍ത്തന രംഗത്ത് ഏവര്‍ക്കും മാതൃകായോഗ്യനായിരുന്നു ഉസ്താദ്‌ . ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ സമ്മേളനം നടത്താ‍ന്‍ ആഹ്വാനം ചെയ്തും പ്രസ്തുത ജില്ലകളി‍ല്‍ സമസ്തയുടെ ആശയങ്ങള്‍ എത്തിക്കാ‍ന്‍ മു‍ന്‍കൈ എടുത്തു പ്രവര്‍ത്തിച്ചതും അദ്ദേഹമായിരുന്നു. കളമശേരി പള്ളിയുടെ മുന്നില്‍ സംഘടിപ്പിച്ച മഹാ സമ്മേളനത്തി‍ല്‍ സമസ്തയെ പരിചയപ്പെടുത്തി നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. മുഅല്ലിം ക്ഷേമ നിധിയെന്നു കേള്‍കുമ്പോ‍ള്‍ ശൈഖുനയെ ഓര്‍ക്കാത്തവ‍ര്‍ ആരുമുണ്ടാവില്ല. ക്ഷേമ നിധി എന്ന ആശയത്തെ ഒരു മഹാ പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ അദ്ദേഹം വഹിച്ച പങ്കും ത്യാഗവും എക്കാലവും ഓര്‍മിക്കപ്പെടുക തന്നെ ചെയ്യും. സംഘടനാ ലക്ഷ്യവുമായി ശൈഖുന ആദ്യമായി വിദേശ യാത്ര നടത്തുന്നത് മര്‍ഹൂം വാണിയമ്പലം അബ്ദുറഹ്മാ‍ന്‍ മുസ്ലിയാരോടൊപ്പം യു.എ .ഇ യിലേക്കാണ്. അത് മുതല്‍ ഏറെക്കുറെ എല്ലാ വിദേശ യാത്രക്കും ആവശ്യമായ കാര്യങ്ങ‍ള്‍ നിര്‍വഹിക്കാ‍ന്‍ ഏല്പിച്ചിരുന്നത് സമസ്താലയം സെക്രടറി എം എ ചേളാരിയെയായിരുന്നു. വിദേശ യാത്രയില്‍ നിന്നും കിട്ടിയ തുക കൊണ്ടാണ് മുഅല്ലിം ക്ഷേമ നിധിക്ക് ആനക്കയം എന്ന സ്ഥലത്ത് ഭൂസ്വത്ത് വാങ്ങിയത്. ശാരീരികമായി അസ്വസ്ഥതയുള്ളപ്പോഴും പ്രതികൂല കാലാവസ്ഥ കണക്കിലെടുക്കാതെ അദ്ദേഹം ഗള്‍ഫിലെത്തി. ക്ഷേമനിധിയെ സജീവമാക്കുകയായിരുന്നു ലക്ഷ്യം. ഈ ലക്ഷ്യത്തിനു ഊക്കും ആക്കവും കൂട്ടാന്‍ തന്റെ സഹപ്രവര്‍ത്തകനായ അബൂബക്ക‍ര്‍ നിസാമിയുമുണ്ടായിരുന്നു. അക്കാലത്ത് അല്‍ഐനിലെ പള്ളിയിലെ ഇമാമായിരുന്നു നിസാമി. വീല്‍ ചെയറിലൂടെ വിമാനത്തിലെത്തുന്ന ശൈഖുനാ ശാരിരികമായി രോഗവും പ്രയാസവും അനുഭവിക്കുകയായിരുന്നു. അപ്പോഴും ആരോഗ്യം വകവെക്കാതെ മുഅല്ലിം ലോകത്തിന്റെ ആശ്വാസത്തിന് വേണ്ടിയാണ് ഈ യാത്രാക്ലേശം തെരഞ്ഞെടുത്തത്. നമ്മുടെ മുഅല്ലിമീങ്ങള്‍ ഇതെല്ലാം ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല. ഒന്ന് കൈപിടിക്കാതെ നടക്കാനോ വീല്‍ ചെയ‍ര്‍ ഇല്ലാതെ വിമാനം കയറാ‍ന്‍ സാധിക്കാത്ത കെ കെ ഉസ്താദ്‌ ബോംബയില്‍ ചെന്ന് അവിടെ നിന്നാണ് യു.എ.ഇ യിലേക്ക് പുറപ്പെട്ടിരുന്നത്. അന്ന് കരിപ്പൂര്‍ വിമാനത്താവളം ആരംഭിച്ചിരുന്നില്ല.

കഠിന തണുപ്പോ ശക്തിയായ ചൂടോ ആ ജ്ഞാന വൃദ്ധനു മുഅല്ലിം സ്നേഹത്തിനു മുമ്പില്‍ തടസ്സമായിരുന്നില്ല. എപ്പോഴും ഒരു സഹായി കൈ പിടിക്കാനും ഇറക്കാനും ആവശ്യമായിരുന്നു. പക്ഷെ ഉസ്താദിന് വിശ്രമമുണ്ടായിരുന്നില്ല. ജാമിഅ നൂരിയ്യയില്‍ നിന്ന് കിട്ടുന്ന ലീവുകളി‍ല്‍ എല്ലാം തടി നോക്കാതെ ആരോഗ്യം ശ്രദ്ധിക്കാതെ ഭാവി തലമുറയുടെ ദീനീ ശില്പികളായ ഉസ്താദുമാര്‍ക്ക് വേണ്ടി മണല്ക്കാട്ടിലെത്തി, ക്ഷേമ നിധിയുടെ പ്രവര്‍ത്തനം സജീവമാക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ഇന്ന് ലക്ഷക്കണക്കിന്‌ ആസ്തിയുള്ള പ്രസ്ഥാനമാണ് ക്ഷേമനിധി. പെണ്‍കുട്ടികളുടെ വിവാഹം, ചികിത്സ, വീടുനിര്‍മ്മാണം തുടങ്ങിയ മുഅല്ലിംകളുടെ ആവശ്യങ്ങള്‍ക്കാണ് സന്നിഗ്ദ ഘട്ടങ്ങളി‍ല്‍ ഈ ഫണ്ട് സഹായത്തിനെത്തുന്നത്. ലക്ഷക്കണക്കിന്‌ ഉറുപ്പിക ഈ രംഗത്ത് സഹായമായി വിതരണം ചെയ്തു കഴിഞ്ഞു. ഋഷി തുല്യം ജീവിതം നയിച്ച ഉസ്താദിന്റെ മരിക്കാത്ത പ്രവര്‍ത്തനങ്ങ‍ള്‍ ആയിരുന്നു ഇതൊക്കെ. ഈ ഫണ്ടിന്റെ പ്രവര്‍ത്തനം അദ്ദേഹം കൊളുത്തിയ പ്രകാശത്തിലൂടെ ഒളിമങ്ങാതെ ഇന്നും പ്രഭ ചുരത്തുകയാണ്. ഇത്ര വലിയ പാണ്ഡിത്യത്തിന്റെ ഉടമയായിട്ടും സാധാരണക്കാരോടും പണ്ഡിതന്‍മാരോടും ശിഷ്യന്മാരോടും വളരെ വിനയത്തോടു കൂടിയേ അദ്ദേഹം പെരുമാറിയിരുന്നുള്ളൂ. അദ്ദേഹം സദാ വുളുവി‍ല്‍‍ ആയിരുന്നു എന്ന് പരിചയക്കാ‍ര്‍ അനുസ്മരിക്കുന്നു. എല്ലാ വിഷമ ഘട്ടങ്ങളിലും രോഗങ്ങളുടെ സങ്കീര്‍ണതകളിലും ശാന്ത ഹൃദയനായിരിക്കും. എതിര്‍പ്പുക‍ള്‍ തരണം ചെയ്യാ‍ന്‍ നിഷ്പ്രയാസം അദ്ദേഹത്തിന് സാധിച്ചിരുന്നു. മുഖത്ത് സദാ പുഞ്ചിരി കാണാമായിരുന്നു. ദീനീ സേവന രംഗത്തെ കഷ്ടനഷ്ടങ്ങള്‍ അദ്ധേഹത്തെ വിമുഖനാക്കിയില്ല. ബാക്കി അടുത്ത പേജില്‍ (താഴെ പേജ് 3 ക്ലിക്ക് ചെയ്യുക) വിമര്‍ശനങ്ങ‍ള്‍‍ നല്ലതാണെന്ന അഭിപ്രായക്കാരനായിരുന്നു ഉസ്താദ്. പക്ഷേ അതി‍ര്‍ കവിയരുത് എന്ന് നിര്‍ബന്ധവുമുണ്ടായിരുന്നു. ഒരിക്ക‍ല്‍ ദുബായ് ഫാറൂക്ക് മസ്ജിദി‍ല്‍ വളാഞ്ചേരി മര്‍കസിന്റെ യോഗം നടക്കുമ്പോ‍ള്‍ ആമുഖമായി ഉസ്താദ്‌ പറഞ്ഞ കാര്യം ദൃക്സാക്ഷികള്‍ ഇന്നും ഓര്‍മിക്കുന്നുണ്ട്, അതിങ്ങനെയായിരുന്നു, ഉള്ള കാര്യങ്ങള്‍ തുറന്നു പറയണം . ഞാന്‍ ഇവിടെ ഇരിക്കുന്നു എന്നത് കൊണ്ട് പറയാതിരിക്കേണ്ട. എന്നെ സംബന്ധിച്ചാണ് വല്ലതും പറയാനുള്ളത് എങ്കില്‍ അതും തുറന്നു പറയണം.അങ്ങനെ നിരവധി പരാതികള്‍ ഉയര്‍ന്നു വരികയും മഹാനുഭാവ‍ന്‍ അവക്കെല്ലാം സുസ്മേരവദനനായി പരിഹാരം കാണുകയും ചെയ്തു. അത് പോലെ താനൂരിലെ ഖാദിരിയ്യ മസ്ജിദിലെ ഇമാം സ്ഥാനം ഒഴിയുമ്പോ‍ള്‍, എന്തെങ്കിലും തെറ്റ് ചെയ്തു എങ്കില്‍ അത് തുറന്നു പറയണം എന്ന് പറഞ്ഞപ്പോ‍ള്‍ തന്റെ ശിഷ്യനെ അഭിനന്ദിക്കാനും ഉസ്താദ് മറന്നില്ല. ആഢംബരങ്ങളി‍ല്‍ ഒട്ടും താല്പര്യം കാണിക്കാത്ത ഉസ്താദിനു ഒരിക്ക‍ല്‍ റോളക്സ് വാച്ച് ഹദിയ ആയി ലഭിച്ചു. ലക്ഷങ്ങള്‍ വില പിടിപ്പുള്ള ആ വാച്ച് ഒരാ‍ള്‍ ഉസ്താദിനോട് തനിക്കു തരുമോ എന്ന് ചോദിച്ചു. കേള്‍ക്കേണ്ട താമസം ഉസ്താദ്‌ വാച്ച് ഊരി നല്‍കി എന്ന് ഉസ്താദിന്റെ വീട്ടുകാര്‍ പറയുന്നു . ഉസ്താദിനെ പരിചയമുള്ള കാലം മുത‍ല്‍ ഒരു പ്രാവശ്യം പോലും തഹജ്ജുദ് നഷ്ടപ്പെടുത്തിയതായി കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല കറാഹത്തിന്റെ ഒരു അംശം ആ ജീവിതത്തില്‍ ദര്‍ശിക്കാ‍ന്‍ സാധിച്ചിട്ടില്ലെന്ന് മരുമകനും ഇഷ്ട വിദ്യാര്‍ഥിയുമായ വളാഞ്ചേരി മര്‍കസ് വൈസ് പ്രിന്‍സിപ്പ‍ല്‍ കുഞ്ഞാമു ഫൈസി അനുസ്മരിക്കുന്നു.

റമളാനില്‍ അര്‍ദ്ധരാത്രി കഴിഞ്ഞാണ് തിരിച്ചെത്തുക എങ്കിലും തറാവീഹ് നിസ്കാരത്തിനു ശേഷം മാത്രമാണ് ഉറങ്ങിയിരുന്നത്. കൂടെ കിടക്കുന്നവരെ അലോസരപ്പെടുത്താതെ എഴുന്നേറ്റ് തഹജ്ജുദ് നിസ്കരിക്കുകയും ചെയ്യുമായിരുന്നു. ഒരിക്കല്‍ പോലും തൊപ്പി അഴിച്ചു ഉസ്താദിനെ കണ്ടിട്ടില്ല എന്ന് വീട്ടുകാ‍ര്‍ പറയുന്നു. ഉറങ്ങുന്ന സമയത്ത് തൊപ്പി തലയിണക്കടിയില്‍ വെക്കുമായിരുന്നു. വീട്ടിലുള്ള സമയത്ത് വീട്ടുകാര്‍ ഒന്നിച്ചു ജമാഅത്തായി നിസ്കരിക്കലായിരുന്നു പതിവ്. എപ്പോള്‍ കണ്ടു മുട്ടുമ്പോഴും ആളുകളോട് സലാം പറയല്‍ ഉസ്താദിന്റെ പ്രത്യേകത ആയിരുന്നു. സമ്പത്തുമായി ബന്ധപ്പെടുന്ന കാര്യങ്ങളില്‍ അദ്ദേഹം കൈകൊണ്ട സമീപനം വിസ്മയാവഹമായിരുന്നു. അറബികളെ സമീപിക്കേണ്ടി വരുമ്പോള്‍ ഒന്നോ രണ്ടോ വാചകങ്ങള്‍ മാത്രം പറഞ്ഞ് ഉസ്താദ് സംസാരം അവസാനിപ്പിക്കുമായിരുന്നു. അധികം പറഞ്ഞ് അവരില്‍നിന്ന് കഴിയുന്നത്ര പിരിച്ചെടുക്കുക എന്നത് അദ്ദേഹത്തിന്റെ രീതിയല്ലായിരുന്നു. ബാക്കിയെല്ലാം കൂടെയുള്ളവര്‍ ആയിരുന്നു പറഞ്ഞിരുന്നത്. എല്ലാ വിഷയങ്ങളും ഭംഗിയായി അവസാനിപ്പിക്കാന്‍ ഉസ്താദിന്റെ സാന്നിധ്യം തന്നെ മതിയായിരുന്നു. ആവശ്യത്തിനു മാത്രം സംസാരിക്കാറുള്ള ഉസ്താദിന്റെ ഈ പ്രകൃതം അറബികള്‍ക്കിടയി‍ല്‍ ഉസ്താദിന് വലിയൊരു ആദരവ് നേടിക്കൊടുത്തു. ആരെങ്കിലും എന്തെങ്കിലും അസുഖമോ പ്രയാസമോ ആയി ഉസ്താദിനെ സമീപിച്ചാല്‍ ആശ്വസിപ്പിക്കാനും എന്തെങ്കിലുമൊക്കെ വഴി പറഞ്ഞു കൊടുക്കാനും ഉസ്താദ്‌ തയ്യാറാകുമായിരുന്നു. ദീര്‍ഘകാലം അബുദാബി ഇന്ത്യ‍ന്‍ ഇസ്‍ലാമിക് സെന്ററിന്റെ പ്രസിഡന്റ് ആയിരുന്ന തച്ചറക്കല്‍ ഇബ്രാഹിം ഹാജിക്ക് ഹജ്ജിനു പുറപ്പെടുന്നതിന്റെ 4 ദിവസം മുമ്പ് പൈല്‍സിന്റെ അസുഖമുണ്ടായി, രക്തം വരാന്‍ തുടങ്ങി ഹജ്ജ് യാത്ര പ്രയാസമാകുമോ എന്ന പേടിയില്‍ ഉസ്താദിനെ കണ്ടു കാര്യം പറഞ്ഞു. ഉസ്താദ് പറഞ്ഞു: നിങ്ങള്‍ ഹജ്ജിനു പോകുക, അവിടെ നിന്ന് രോഗം മാറണമെന്ന നിയ്യത്തോടെ സംസം വെള്ളം കുടിക്കുക, രോഗം മാറിക്കൊള്ളും. അദ്ദേഹം ഉസ്താദ് പറഞ്ഞ പ്രകാരം ചെയ്തു. പിന്നെ അങ്ങനെ ഒരു രോഗം കണ്ടിട്ടില്ല എന്ന് പലപ്പോഴും ഇബ്റാഹീം ഹാജി അനുസ്മരിക്കാറുണ്ടായിരുന്നു. മലപ്പുറം ജില്ല ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തി‍ല്‍ 1986 ‍ല്‍ ആണ് വളാഞ്ചേരി കാര്‍ത്തലയി‍ല്‍ മര്‍കസുത്തര്‍ബിയത്തി‍ല്‍ ഇസ്‍ലാമിയ്യ രൂപം കൊണ്ടത്. അബൂദാബി സുന്നി പ്രവര്‍ത്തകരുടേയും മറ്റും നിര്‍ലോഭമായ സഹായങ്ങളായിരുന്നു അതിനു പിന്നിലെ ചാലക ശക്തി. മര്‍കസിന്റെ പ്രഥമ സെക്രട്ടറി ആയിരുന്ന ഉസ്താദ്‌ അതിന്റെ വളര്‍ച്ചയി‍ല്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചു.

വാര്‍ധക്യത്തിന്റെ അവശതയെ വക വെക്കാതെയും കോളേജ് ഫണ്ടിലേക്ക് പണം സ്വരൂപിക്കാന്‍ അദ്ദേഹം വിദേശ രാഷ്ട്രങ്ങളില്‍ പോയി. വിദേശത്ത് പോകുമ്പോള്‍ പലരും ചോദിച്ചു: താനൂരിലെ ഖാദിരിയ്യ മസ്ജിദിന്റെ കാര്യം കൂടി പരിഗണിച്ചു കൂടെ എന്ന്? ഉട‍ന്‍ വന്നു ശൈഖുനയുടെ മറുപടി: ഞാന്‍ ഇപ്പോ‍ള്‍ പോകുന്നത് മര്‍കസിന്റെ പുരോഗതിക്കു വേണ്ടിയാണ്. ഖാദിരിയ്യയുടെ കാര്യം നമുക്ക് പിന്നീട് ആലോചിക്കാം. നിരവധി അറബി പ്രധാനികളുമായി ശൈഖുനാക്ക് വലിയ ബന്ധമായിരുന്നു. അബുദാബി ഔഖാഫ് മുന്‍ മന്ത്രി ശൈഖ് ഹസ‍ന്‍ അ‍ല്‍ ഖസ്‍റജി, ഡോ അഹ്മദ് ഖലീല്‍, ശൈഖ് ഇഹ്ശാമുല്‍ ബുര്‍ഹാനി, അബ്ദുല്‍ ഹമീദ് ഖസ്‍റജി തുടങ്ങിയവ‍ര്‍ അവരി‍ല്‍ പ്രമുഖരാണ്. ശൈഖുനയുടെ ചിരകാല അഭിലാഷമായിരുന്നു സിലബസ് പരിഷ്കരണം. കേരളത്തിലെ സമന്വയ വിദ്യാഭ്യാസ രംഗത്തെ പുതിയ ചുവടു വെപ്പായ വാഫി പ്രസ്ഥാനത്തിലൂടെ അതും സഫലമായി. ഉസ്താദ് നട്ട് നനച്ചു വളര്‍ത്തിയ വളാഞ്ചേരി മര്‍കസ് ഇന്ന് അതിന്റെ കേന്ദ്രമായി പരിലസിച്ചു നില്കുന്നു. ഉഖ്‍റവിയ്യായ പണ്ഡിതനായിരുന്ന അദ്ധേഹത്തിന്റെ വാക്കിലും പ്രവൃത്തിയിലും ആ വിശിഷ്ട ഗുണം നിഴലിച്ചിരുന്നു. അഗാധ പാണ്ഡിത്യത്തോടൊപ്പം ഇബാദതും സമന്വയിപ്പിക്കാന്‍ കഴിഞ്ഞ അദ്ധേഹത്തിന്റെ ചുണ്ടുകളി‍ല്‍ സദാ തസ്ബീഹിന്റെ മന്ത്ര ധ്വനികള്‍ കളിയാടിയിരുന്നു. ഹൃദയത്തുടിപ്പുകള്‍ പോലും സ്രഷ്ടാവിന്റെ ഓര്‍മ്മകള്‍ ആക്കി മാറ്റാന്‍ സാധിച്ച ആ പണ്ഡിത വര്യന്‍, ഇസ്‍ലാമിക വിജ്ഞാനങ്ങളി‍ല്‍, വിശിഷ്യാ ഹദീസുകളുടെ പഠനത്തിന്റെ കാര്യത്തില്‍ ഒരു മഹാല്‍ഭുതം തന്നെയായിരുന്നു. ഹദീസ് പഠനത്തില്‍ ഏറെ ആഴമുണ്ടായിരുന്ന അദ്ധേഹത്തിന്റെ പ്രധാന ഗുരു വെള്ളിയാമ്പുറം സൈദാലി മുസ്‍ലിയാര്‍ (ന:മ), പലപ്പോഴും അദ്ധേഹത്തിന്റെ ഹദീസ് വിജ്ഞാനവൈഭവത്തെകുറിച്ച് പറയുമായിരുന്നു. കെ കെ ഉസ്താദ്‌ ഉഖ്‍റവിയ്യായ പണ്ഡിത‍നായിരുന്നു എന്നതിന്റെ ഏറ്റവും മികച്ച തെളിവാണ് അദ്ദേഹം മരണത്തെ മുന്‍കൂട്ടി കണ്ടു എന്നത്. വഫാത്തിന്റെ തലേ ദിവസം ഉസ്താദ്‌ ഭാര്യയെ വിളിച്ചു കൊണ്ട് 3 പ്രാവശ്യം പറഞ്ഞുവത്രേ: ഞാന്‍ നാളെ പോകും. മാത്രമല്ല വഫാത് നടന്ന ദിവസത്തേക്ക് ബുക്ക് ചെയ്ത പരിപാടി രണ്ടു ദിവസം മുമ്പ് മക്കളെ വിളിച്ചു കാന്‍സ‍ല്‍ ചെയ്യിക്കുക കൂടി ചെയ്തു അദ്ദേഹം. ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളി‍ല്‍ നിരന്തരം രോഗങ്ങളാ‍ല്‍ പരീക്ഷിക്കപ്പെട്ടെങ്കിലും അവയെല്ലാം അസാധാരണ സഹന ശക്തിയോടെ അതിജയിച്ച, ആ മഹാ പണ്ഡിത കേസരി, 1995 ഫെബ്രുവരി 6 (റമദാന്‍ 6) തിങ്കളാഴ്ച കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയി‍ല്‍ വെച്ചാണ് നമ്മെ വിട്ടു പിരിഞ്ഞത്. അറ്റമില്ലാത്ത സ്വര്‍ഗ്ഗീയാനുഗ്രഹങ്ങളുടെ ലോകത്തേക് അദ്ദേഹം യാത്രയായി. അദ്ദേഹത്തിന്റെ അന്ത്യ വിശ്രമ സ്ഥാനം താനൂ‍ര്‍ ഖാദിരിയ്യ മസ്ജിദിന്റെ ചാരത്ത് ആകണമെന്ന ആഗ്രഹവും സഫലമായി. അപ്രശസ്തിയില്‍ ആനന്ദം കണ്ടിരുന്ന ഉസ്താദ്‌ ഉന്നതങ്ങളി‍ല്‍ വിരാജിക്കുമ്പോഴും വിനയാന്വിതനായി പണ്ഡിത ലോകത്ത് വലിയ ഒരു മാതൃക സൃഷ്ടിച്ചാണ് കടന്നു പോയത്. അല്ലാഹു മഹാനോടൊപ്പം നമ്മെ സ്വര്‍ഗീയാരാമത്തി‍ല്‍ ഉള്‍പെടുത്തി അനുഗ്രഹിക്കട്ടെ- ആമീന്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter