സി.എച്ഛ്. ഹൈദ്രോസ് മുസ്‌ലിയാര്‍: ഇഖ്‌ലാസുകൊണ്ട് ചരിത്രമെഴുതിയ പണ്ഡിതന്‍

വെല്ലൂര്‍ ഖാബിയാത്തില്‍നിന്ന് സനദ് നല്‍കുമ്പോള്‍ ശൈഖ് ആദം ഹസ്‌റത്ത് ഉസ്താദ് സി.എച്ച്. ഹൈദ്രൂസ് മുസ്‌ലിയാര്‍ക്ക്  കൊടുത്ത ഉപദേശം ''മന്‍ലില്ലാഹി കാനല്ലാഹു ലഹു'' എന്നായിരുന്നു. അത് ജീവിതത്തില്‍ പകര്‍ത്തുകയും മറ്റുള്ളവരെ ഉപദേശിക്കുകയും ചെയ്ത ഉസ്താദ് തികച്ചും മാതൃകാപരമായ ജീവിതമാണ് നയിച്ചത്. ഉസ്താദ് വഫാത്തായപ്പോള്‍ ശൈഖുനാ ശംസുല്‍ഉലമാ പറഞ്ഞതും സ്മരണികയില്‍ എഴുതിയതും ഇങ്ങനെ: ''ബഹുമാനപ്പെട്ട സി.എച്ച്. ഹൈദ്രോസ് മുസ്‌ലിയാര്‍ എന്നെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം പ്രിയങ്കരനായിരുന്നു. പണ്ഡിതനും സൂഫിവര്യനുമായിരുന്ന അദ്ദേഹം മുജാബുദ്ദുആഅ് ആയിരുന്നു. എനിക്ക് അനുഭവമുള്ളതാണ് ഈ കാര്യം. പല സമയത്തും ഞാന്‍ അദ്ദേഹത്തെ കൊണ്ട് ദുആ ചെയ്യിപ്പിച്ചിട്ടുണ്ട്. ഉത്തരം ഉടനെ ലഭിച്ചിട്ടുമുണ്ട്.''
1989-ല്‍ സമസ്ത മുശാവറ തീരുമാനപ്രകാരം സുന്നി യുവജനസംഘം പുനഃസംഘടിപ്പിക്കപ്പെട്ടു. സംഘടനയുടെ മുഖപത്രമായി വാരിക തുടങ്ങുന്നത് സംബന്ധിച്ചായിരുന്നു പ്രഥമ ചര്‍ച്ച. പാണക്കാട്ട് നൂര്‍ മഹലില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗമാണ് വേദി. പ്രസിഡണ്ട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ പറഞ്ഞു: ''വാരിക തുടങ്ങുന്നതിന് മുമ്പ് അതിനായി മാത്രം ഒരു ലക്ഷം രൂപ സ്വരൂപിച്ച് വെക്കണം. അയ്യായിരം വരിക്കാരെ കണ്ടെത്തുകയും വേണം.'' ജനറല്‍ സെക്രട്ടറിയായിരുന്ന ഉസ്താദ് സി.എച്ച്. ഹൈദ്രൂസ് മുസ്‌ലിയാര്‍ പറഞ്ഞു: ''ഒരു ലക്ഷം സ്വരൂപിച്ച് ഉടനെ തങ്ങളുടെ അടുത്ത് എത്തിക്കാം.'' ഒരാഴ്ചക്കുള്ളില്‍ തന്നെ ഉസ്താദ് സംഖ്യ തങ്ങളെ ഏല്‍പ്പിക്കുകയും ചെയ്തു. കോട്ടക്കല്‍, തിരൂര്‍, ചാവക്കാട് ഭാഗങ്ങളില്‍ രണ്ടു ദിവസം സഞ്ചരിച്ചു സംഭാവന ശേഖരിക്കുകയായിരുന്നു ഉസ്താദ്. കെ.ടി. മാനു മുസ്‌ലിയാര്‍, എം.കെ.എ. കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരായിരുന്നു സഹയാത്രികര്‍. സുന്നി അഫ്കാര്‍ വാരികയുടെ തുടക്കം അങ്ങനെയായിരുന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംമുതലെ ഏറെ ബന്ധമുള്ള ദേശമായ വാളക്കുളം പുതുപ്പറമ്പില്‍ ജനിക്കുകയും സമസ്തയുടെ സ്ഥാപകനേതാക്കളില്‍ പ്രമുഖനും പ്രസിഡണ്ടുമായിരുന്ന മര്‍ഹൂം മൗലാനാ അബ്ദുല്‍ബാരി മുസ്‌ലിയാരുടെ ശിക്ഷണത്തില്‍ വളരുകയും ചെയ്തുകൊണ്ട് ഉസ്താദിന്റെ ജീവിതംതന്നെ സമസ്തയുമായി ബന്ധപ്പെട്ടതാണ്.
ഹിജ്‌റ 1349 റജബ് 19 (10.12.1930) ബുധനാഴ്ച പ്രസിദ്ധ ഫഖീഹും സൂഫിവര്യനുമായിരുന്ന ചീരങ്ങന്‍ മുഹമ്മ് മുസ്‌ലിയാരുടെ പുത്രനായി വാളക്കുളത്ത് ജനിച്ചു. പുതുപ്പറമ്പ്, ക്ലാരി, ചേറൂര്‍ എന്നിവിടങ്ങളിലെ ദര്‍സ് വിദ്യാഭ്യാസത്തിന് ശേഷം 1953-ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ ചേര്‍ന്നു. 1955-ല്‍ ബാഖവി ബിരുദം നേടി. മര്‍ഹൂം എം.എം. ബശീര്‍ മുസ്‌ലിയാര്‍, മര്‍ഹൂം കെ.കെ. അബൂബക്കര്‍ ഹസ്രത്ത്, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് ടി.കെ.എം. ബാവ മുസ്‌ലിയാര്‍, പി.കെ. അബ്ദുല്ല മുസ്‌ലിയാര്‍, സി. കോയക്കുട്ടി മുസ്‌ലിയാര്‍, മര്‍ഹൂം കെ.കെ. അബ്ദുല്ല മുസ്‌ലിയാര്‍ തുടങ്ങിയവരെല്ലാം ബാഖിയാത്തിലെ കൂട്ടുകാരായിരുന്നു.
ദര്‍സ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ സമസ്തയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു കൊണ്ടാണ് ഉസ്താദ് വളര്‍ന്നത്. വാളക്കുളം പുതുപ്പറമ്പില്‍ ജുമുഅ പള്ളിയിലും മൗലാനാ അബ്ദുല്‍ബാരി മുസ്‌ലിയാരുടെ വസതിയിലും ചേര്‍ന്നിരുന്ന മുശാവറ യോഗങ്ങള്‍ക്കും വിദ്യാഭ്യാസ ബോര്‍ഡ് യോഗങ്ങള്‍ക്കും എത്തിയിരുന്ന നേതാക്കള്‍ക്ക് ഖിദ്മത്ത് ചെയ്യാനും യോഗങ്ങളില്‍ ചായയുമായി ചെന്ന് ചര്‍ച്ചകള്‍ കേള്‍ക്കാനും ചെറുപ്പത്തില്‍ സാധിച്ചത് അഭിമാനമായി ഓര്‍ക്കുകയും അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുമായിരുന്നു.
1955-ല്‍ ഊരകം കോണിത്തോടുള്ള പള്ളിയില്‍ മുദരിസായി- ആ കാലത്തെ ഏറ്റം ഉയര്‍ന്ന ദര്‍സുകളിലൊന്നായിരുന്നു ഊരകം ദര്‍സ്- പാണക്കാട് പൂക്കോയ തങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് 1969-ല്‍ സുന്നി യുവജനസംഘം ഫുള്‍ടൈം ഓര്‍ഗനൈസര്‍ ആകുന്നതു വരെ ഊരകത്ത് തന്നെയായിരുന്നു. പിന്നീട് എടക്കുളം മുദരിസും ഖാസിയുമായി. 1977-ല്‍ സുന്നി മഹല്ല് ഫെഡറേഷന്‍ രൂപീകൃതമായപ്പോള്‍ എടക്കുളത്ത് മുദരിസായി തന്റെ ശിഷ്യനായ പുതുപ്പറമ്പിലെ ടി. അഹമ്മദ് ഹാജിയെ നിയമിച്ചു സംഘടനാ പ്രവര്‍ത്തനത്തിനു മുഴുവന്‍ സമയം നീക്കിവെക്കുകയായിരുന്നു. ഊരകം, എടക്കുളം ദര്‍സുകള്‍ മുഖേന ബിരുദ ധാരികളും അല്ലാത്തവരുമായ അനവധി പണ്ഡിതന്‍മാരെ വാര്‍ത്തെടുക്കുകയുണ്ടായി. സമസ്ത മുശാവറ അംഗവും ശിഷ്യസമ്പത്തുകൊണ്ടനുഗൃഹീതനുമായ കെ.പി. ഫരീദു മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ കൂരിയാട് തുടങ്ങിയ പ്രശസ്തര്‍ അതിലുള്‍പ്പെടും. മദ്രസാ പഠനത്തിനു ശേഷം ജാമിഅയില്‍ ചേരുന്നത് വരെ ഉസ്താദിന്റെ ദര്‍സില്‍ മാത്രമാണ് ഈ വിനീതന്‍ പഠിച്ചത് എന്നത് ഭാഗ്യമായി കരുതുകയും ആത്മനിര്‍വൃതി നേടുകയും ചെയ്യാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഉസ്താദും മുറബ്ബിയും അവര്‍ തന്നെ.
ഈ വിനീതനെ ജാമിഅയില്‍ നിന്ന് ഫൈസി ബിരുദം നേടി നല്ല നിലയില്‍ ദര്‍സു നടത്തിക്കൊണ്ടിരിക്കുമ്പോള്‍ 1975-ലെ ശഅ്ബാന്‍ മാസത്തില്‍ ഉസ്താദ് എന്നോട് കല്‍പിച്ചത് ദര്‍സ് ഒഴിവാക്കി ചേറൂരില്‍ മദ്രസാ അധ്യാപകനാവാനായിരുന്നു. ആ നിര്‍ദേശം കൈപായിട്ടായിരുന്നു ആദ്യം തോന്നിയത്. ഉസ്താദ് വിശദീകരിച്ചു: ''ബശീര്‍ മുസ്‌ലിയാര്‍ക്ക് സഹായത്തിനു ഒരാള്‍ വേണം. ചേറൂരില്‍ മദ്രസാ എട്ടാം ക്ലാസ് ആരംഭിക്കുന്നുണ്ട്. നീ അവിടെ അധ്യാപകനായാല്‍ ബശീര്‍ മുസ്‌ലിയാര്‍ക്ക് സഹായിക്കാന്‍ ഒരാളായി. നിനക്ക് 'തറഖി' (പുരോഗതി) ഉണ്ടാവുകയും ചെയ്യും.'' ഞാന്‍ ഉസ്താദിന്റെ കല്‍പന അനുസരിച്ചു. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട  ബശീര്‍ മുസ്‌ലിയാര്‍ക്ക് ഒരു ഓഫീസ് സെക്രട്ടറിയെ കണ്ടെത്തുകയായിരുന്നു അതിലൂടെ. ഉസ്താദ് പറഞ്ഞതു പോലെ എന്റെ പുരോഗതിയുടെ കാരണം ആ നിയമനം തന്നെ. ആദ്യം സമസ്ത ജില്ലാ കമ്മിറ്റിയുടെ ഓഫീസ് സെ്രകട്ടറിയും 1980 മുതല്‍ ജോയിന്റെ സെക്രട്ടറിയുമായി ബശീര്‍ മുസ്‌ലിയാരുടെ കീഴിലുള്ള ജീവിതം തന്നെയാണ് ആത്മസംതൃപ്തി നല്‍കുന്നത്. അഞ്ചു വര്‍ഷം ചേറൂരില്‍ മദ്രസാ അധ്യാപകനും യതീംഖാന മാനേജറുമായി സേവനം ചെയ്ത ശേഷം കൊണ്ടോട്ടി ഖാസിയാരകം പള്ളിയില്‍ മുദരിസായി നിയമിച്ചുകൊണ്ട് വീണ്ടും ദര്‍സീ രംഗത്തേക്ക് ഉയര്‍ത്തിയതും ഉസ്താദും ബശീര്‍ മുസ്‌ലിയാരും കൂടിയായിരുന്നു.
1958-ല്‍ സുന്നി യുവജനസംഘം തിരൂര്‍ താലൂക്ക് വൈസ്പ്രസിഡണ്ട് ആയി നേതൃരംഗത്ത് വന്ന ഉസ്താദ് ഹൈദ്രൂസ് മുസ്‌ലിയാല്‍ 1961-ലെ കക്കാട് സമ്മേളനത്തോടെയാണ് മുശാവറ അംഗമാവുന്നത്. ഗ്രാമങ്ങളിലും നഗരങ്ങളിലും സമസ്തയുടെ സന്ദേശമെത്തിക്കാന്‍ ഉസ്താദിനെ പോലെ യത്‌നിച്ചവര്‍ ആരുമുണ്ടാവുകയില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. സ്ഥാനങ്ങളും പദവികളും ഏല്‍ക്കാന്‍ ഉസ്താദ് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. പദവികളിലേക്ക് മറ്റുള്ളവരെ ഉയര്‍ത്തുകയായിരുന്നു ഉസ്താദിന്റെ ശൈലി. ശൈഖുനാ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍ അഖിലേന്ത്യാ സുന്നി ജമാഅത്തിന്റെ ചെയര്‍മാനായപ്പോള്‍ പ്രസ്തുത ഒഴിവില്‍ ഉസ്താദിന്റെ പേര് പ്രസിഡണ്ട് സ്ഥാനത്തേക്ക് പറയപ്പെട്ടപ്പോള്‍ ഉസ്താദ് പറഞ്ഞത്, മൂന്ന് ജില്ലകളുമായി അഭേദ്യബന്ധമുള്ള ഹസന്‍ മുസ്‌ലിയാര്‍ പ്രസിഡണ്ടാവണം. (ജനനം കൊണ്ട് കോഴിക്കോട്ടുകാരനും താമസം മലപ്പുറം ജില്ലയിലും സേവനം പാലക്കാട്ടുമാണ് ഇ.കെ. ഹസന്‍ മുസ്‌ലിയാര്‍.) ഹസന്‍ മുസ്‌ലിയാര്‍ പ്രസിഡണ്ടായി. ഹസന്‍ മുസ്‌ലിയാരുടെ വഫാത്തിനു ശേഷം വീണ്ടും ഉസ്താദിന്റെ പേര് പറയപ്പെട്ടപ്പോള്‍ വടക്കെ മലബാറിനെ കണക്കിലെടുക്കണമെന്നായിരുന്നു ഉസ്താദിന്റെ അഭിപ്രായം. സമസ്തയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനായി ആത്മാര്‍ത്ഥമായി നടന്ന ചര്‍ച്ചകള്‍ക്കിടയില്‍ സുന്നി യുവജനസംഘം പ്രസിഡണ്ടായിരുന്ന എം.എ. അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പറഞ്ഞു: ''സുന്നി യുവജനസംഘത്തിനു വേണ്ടി കൂടുതല്‍ അദ്ധ്വാനിച്ച വ്യക്തി ഹൈദ്രൂസ് മുസ്‌ലിയാര്‍ ആണ്. അതുകൊണ്ട് എസ്.വൈ.എസ് പ്രസിഡണ്ട് സ്ഥാനം ഹൈദ്രൂസ് മുസ്‌ലിയാര്‍ ഏറ്റെടുക്കണം'' ദീനി സംഘടനകളില്‍ പോലും സ്ഥാനമാനങ്ങള്‍ക്കു വേണ്ടി കുഴപ്പങ്ങളുണ്ടാക്കുന്ന ഈ കാലത്ത് മേല്‍പറഞ്ഞതെല്ലാം സുന്ദരമായ ഓര്‍മ്മകളാണ്.
1987-ല്‍ ബശീര്‍ മുസ്‌ലിയാര്‍ നിര്യാതരായ ഒഴിവില്‍ സമസ്ത പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഉസ്താദിന്റെ പേര് നിര്‍ദേശിച്ചുകൊണ്ട് കോട്ടുമല ഉസ്താദ് പറഞ്ഞത്, ബശീര്‍ മുസ്‌ലിയാരും ഹൈദ്രൂസ് മുസ്‌ലിയാരും എന്ന് ചേര്‍ത്തുകൊണ്ടാണ് എല്ലാവരും പറയാറുളളത്. അതു കൊണ്ട് ബശീറിന്റെ ഒഴിവിലേക്ക് ഹൈദ്രൂസ് മുസ്‌ലിയാര്‍ തന്നെ വേണം എന്നായിരുന്നു. കോട്ടുമല ഉസ്താദിന്റെ നിര്‍ദേശം മാനിച്ചുകൊണ്ടു മാത്രമാണ് ചെയര്‍മാന്‍സ്ഥാനം ഏറ്റെടുത്തത്. 1989-ല്‍ സുന്നി യുവജന സംഘം പുനഃസംഘടിപ്പിക്കപ്പെട്ടപ്പോള്‍ ജനറല്‍ സെക്രട്ടറി പദം ഏറ്റെടുത്തത് ശൈഖുനാ ശംസുല്‍ ഉലമായുടെ നിര്‍ബന്ധപ്രകാരമായിരുന്നു. സമസ്തയുടെ വൈസ്പ്രസിഡണ്ട് പദവി ഏറ്റെടുത്തത് ശംസുല്‍ ഉലമായുടെ നിര്‍ബന്ധം കൊണ്ടുതന്നെ.
സുന്നി അഫ്കാറില്‍ സ്ഥിരമായി ഫിഖ്ഹ് പംക്തി കൈകാര്യം ചെയ്തിരുന്ന ഉസ്താദ് മരണം വരെ അത് തുടരുകയും ചെയ്തു. 1414 ദുല്‍ഖഅദ് 26-നാണ് മഹാന്‍ വഫാത്താകുന്നത്. പ്രസ്തുത ദുല്‍ഖഅദ് ആദ്യത്തിലിറങ്ങിയ സുന്നി  അഫ്കാറില്‍  വെള്ളിയാഴ്ചയിലെ സുന്നത്തുകള്‍ ഉസ്താദ് നന്നായി വിവരിച്ചു.
തുടര്‍ന്നുള്ള ലക്കത്തില്‍ 'രോഗവും ആരോഗ്യവും' എന്ന വിഷയത്തില്‍, അല്ലാഹു നല്‍കിയ മരുന്നാണ് ആരോഗ്യമെന്നും അതിന് നന്ദി കാണിക്കേണ്ടത് ബാധ്യതയാണെന്നും രോഗം വന്നാല്‍ ക്ഷമിക്കുകയും ക്ഷമയിലൂടെ ദോശങ്ങള്‍ പൊറുക്കുമെന്നും എഴുതിയ ഉസ്താദ് രോഗിയെ സന്ദര്‍ശിക്കേണ്ടതും രോഗിക്ക് വേണ്ടി ദുആ ചെയ്യേണ്ടതും കൃത്യമായെഴുതി. ഇതിന്റെ ബാക്കി 'രോഗിയില്‍ മരണ ലക്ഷണം കണ്ടാല്‍' എന്ന ഭാഗമാണ് എഴുതിയത്. ഈ ഭാഗം അഫ്കാറിലെത്തിയപ്പോഴേക്ക് ഉസ്താദ് എന്നെന്നേക്കുമായി വിടപറഞ്ഞിരുന്നു. ഒരുപാട് സുകൃതങ്ങള്‍ ചെയ്തും ചെയ്യാന്‍ പ്രേരിപ്പിച്ചും നടന്നുനീങ്ങിയ ആ മഹാനെ പിന്തുടര്‍ന്നു ജീവിക്കാന്‍ അല്ലാഹു തൗഫീഖ് ചെയ്യട്ടെ-ആമീന്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter