17 July 2019
19 Rajab 1437

പി.എം.എസ്.എ. പൂക്കോയ തങ്ങള്‍

islamonweb‍‍

25 May, 2012

+ -

അവിസ്മരണീയമാണീ നാമം. ഒരവര്‍ണ്ണനീയ വ്യക്തിത്വം, ആത്മീയ ഗുരു, മതനേതാവ്, സമുദായ പരിഷ്‌കര്‍ത്താവ്, വിദ്യാഭ്യാസ പ്രചാരകന്‍, അനാഥ സംരക്ഷകന്‍, ആതുരശുശ്രൂഷകന്‍, നീതിന്യായപാലകന്‍ സര്‍വ്വോപരി സല്‍ഗുണസമ്പന്നനും, സുസമ്മതനുമായ രാഷ്ട്രീയ നേതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തവും, പ്രഗത്ഭവുമായിരുന്നു  ആ ബഹുമുഖ വ്യക്തിത്വം. അന്ത്യപ്രവാചകനായ റസൂല്‍ കരീം (സ)യുടെ 36-ാമത്തെ സന്താനമാണ് മര്‍ഹും തങ്ങള്‍. പാണക്കാട് സയ്യിദ് വംശപരമ്പരയിലെ മലബാറില്‍ കുടിയേറിപ്പാര്‍ത്ത ആദ്യത്തെ കണ്ണി 18-ാം നൂറ്റാണ്ടില്‍ അറേബ്യയിലെ ഹളര്‍മൗത്തില്‍ നിന്നാണ് കേരളത്തില്‍ വന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ സയ്യിദലി ശിഹാബുദ്ദീന്‍ തങ്ങള്‍ വളപട്ടണത്തു വന്നു താമസമാക്കി. അദ്ദേഹത്തിന്റെ പുത്രന്‍ സയ്യിദ് ഹുസൈന്‍ തങ്ങള്‍ കണ്ണൂര്‍ അറക്കല്‍ വീട്ടില്‍ നിന്ന് വിവാഹം ചെയ്ത് കുടുംബസമേതം കോഴിക്കോട്ട് താമസമാക്കി. പൂക്കോയ തങ്ങളുടെ പിതാമഹനായ സയ്യിദ് ഹുസൈന്‍ തങ്ങള്‍ അന്നത്തെ പണ്ഡിതന്മാരില്‍ പ്രമുഖനും മഹാനുമായിരുന്നു. സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് മുസ്‌ലിങ്ങള്‍ക്കാകമാനം ആവേശവും, പ്രചോദനവും നല്‍കി എന്ന കാരണത്താല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് അദ്ദേഹത്തെ തടങ്കലില്‍ വെക്കാനുത്തരവിട്ടു.ഹിജ്‌റ 1302-ല്‍ നിര്യാതനായ അദ്ദേഹം വെല്ലൂര്‍ ബാഖിയാത്തുസ്സാലിഹാത്തിനു സമീപം അന്ത്യവിശ്രമം കൊള്ളുന്നു. ഈ സ്വാതന്ത്ര്യസമര സേനാനിയുടെ പുത്രന്‍ സെയ്തു മുഹമ്മദ് കോയത്തിതങ്ങളുടെ പുത്രനാണ് പാണക്കാട് തങ്ങള്‍ എന്ന പേരില്‍ വിഖ്യാതനായ പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങള്‍  അഥവാ പി.എം.എസ്.എ. പൂക്കോയ തങ്ങള്‍. എല്ലാ അര്‍ത്ഥത്തിലും ഒരാത്മീയ നേതാവായിരുന്നു മര്‍ഹും തങ്ങള്‍. 80 ഓളം പള്ളികളിലെ മേല്‍ ഖാളിയായിരുന്ന അദ്ദേഹത്തിന്റെ ആശീര്‍വ്വാദങ്ങളോടെ കേരളമൊട്ടുക്കും പണിതീര്‍ത്ത പള്ളികളുടേയും, മദ്‌റസകളുടേയും എണ്ണത്തിന് കയ്യും കണക്കുമില്ല. അദ്ദേഹത്തില്‍ നിന്നും 'തബര്‍റുക്ക്' സ്വീകരിച്ചാരംഭിച്ച സ്ഥാപനങ്ങളുടെ എണ്ണവും തിട്ടമായി പറയാന്‍ ആര്‍ക്കും കഴിയില്ല. ഇതര മതസ്ഥരിലും അദ്ദേഹത്തിന്റെ ആത്മീയത ആദരിക്കുന്ന ആയിരക്കണക്കിനാളുകളുണ്ട്. അഹ്‌ലസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആദര്‍ശങ്ങളിലാണ് തങ്ങള്‍ നിലകൊണ്ടിരുന്നതെങ്കിലും മുസ്‌ലിംങ്ങളിലെ സകല വിഭാഗവും പാണക്കാട് തങ്ങളെ ആത്മീയ നേതാവായിത്തന്നെ ആദരിച്ചുപോന്നു. നാലുപതിറ്റാണ്ട് കേരളത്തിലെ മത-രാഷ്ട്രീയ-വിദ്യാഭ്യാസ-സാംസ്‌കാരിക രംഗങ്ങളില്‍ നിര്‍ണ്ണായകവും, നിസ്തൂലവുമായ സേവനമനുഷ്ഠിച്ച മഹാനായിരുന്നു പാണക്കാട് പൂക്കോയ തങ്ങള്‍.1959 ജനുവരി 29, 30 തീയ്യതികളില്‍ വടകരയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ബോര്‍ഡിന്റെ സമ്മേളനോത്ഘാടകന്‍ തങ്ങളായിരുന്നു. 24/02/1973 നു ചേര്‍ന്ന സമസ്ത മുശാവറ അദ്ദേഹത്തെ മുശാവറ അംഗമായി തിരഞ്ഞെടുത്തു. സമസ്തയുടെ കക്കാട്, തിരുനാവായ സമ്മേളനങ്ങളുടെ സ്വാഗതസംഘം അദ്ധ്യക്ഷന്‍, സമസ്തയുടെ കീഴില്‍ സ്ഥാപിതമായ പ്രഥമ സനദ്ദാന കോളേജ് ജാമിഅഃ നൂരിയ്യഃ അറബിക് കോളേജ് കമ്മിറ്റി വൈസ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, 1968 മുതല്‍ എസ്.വൈ.എസ്. സ്റ്റേറ്റ് പ്രസിഡണ്ട്, പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭയുടെ പ്രസിഡണ്ട്, മുസ്‌ലിം ലീഗ് സ്റ്റേറ്റ് പ്രസിഡണ്ട് എന്നീ നിലകളില്‍ സമസ്ത വേദികളില്‍ വെട്ടിത്തിളങ്ങിയ വ്യക്തിത്വമായിരുന്നു തങ്ങള്‍. പരശ്ശതം പള്ളി മദ്‌റസകളുടേയും, അനാഥശാല, അറബിക് കോളേജുകളുടേയും പ്രസിഡണ്ട്, സെക്രട്ടറി സ്ഥാനങ്ങള്‍ അവിടുന്ന് വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ ആസ്ഥാനമായ പാണക്കാട്ടെ കൊടപ്പനക്കല്‍ വീട് ഒരിക്കലെങ്കിലും ആളൊഴിഞ്ഞ സന്ദര്‍ഭമുണ്ടായിട്ടില്ല. ഏവരുടേയും ഒരഭയ കേന്ദ്രമായിരുന്നു ആ ഭവനം. കാലത്തു മുതല്‍ രാത്രിയുടെ അന്ത്യയാമങ്ങള്‍ വരെ അവിടെ സന്ദര്‍ശകരുടെ തിരക്കായിരിക്കും. പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം തേടുന്നതിനും, ഉപദേശങ്ങളും, നിര്‍ദ്ദേശങ്ങളും ലക്ഷിക്കുന്നതിനും നാനാഭാഗങ്ങളില്‍ നിന്നും ജനങ്ങള്‍ പാണക്കാട്ടെത്തും. പിടിവാശിക്കാരനും, കലഹപ്രിയരും മാത്രമല്ല; രോഗികളും നേതാക്കളും തങ്ങളുടം നിര്‍ദ്ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും വലിയ സ്ഥാനമാണ് നല്‍കിയിരുന്നത്.ദിനംപ്രതി എത്തുന്ന നൂറുകണക്കിന് സന്ദര്‍ശകരുടെ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സര്‍വ്വശക്തനായ അള്ളാഹു അദ്ദേഹത്തിന് പ്രത്യേക കഴിവു തന്നെ നല്‍കിയിരുന്നു. വിവാദപരമായ പല കേസുകള്‍ക്കും തങ്ങള്‍ വിധി പ്രഖ്യാപിച്ചു നടപ്പാക്കിയിട്ടുണ്ട്. കോടതികള്‍ക്ക് പരിഹാരം കാണാന്‍ കഴിയാത്ത കുടിപ്പകയും, വിവാഹപ്രശ്‌നങ്ങളും മാന്യമായ രീതിയില്‍ തങ്ങളുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍ന്ന നൂറുകണക്കിനു ഉദാഹരണങ്ങളുണ്ട്. വിവിധ കോടതികളില്‍ നടക്കുന്ന കേസുകള്‍ പാണക്കാട്ടു നിന്നും കക്ഷികള്‍ തമ്മില്‍ യോജിപ്പിലായാല്‍ വിവരം കോടതിയെ അറിയിച്ച കേസ് പിന്‍വലിച്ച സംഭവങ്ങള്‍ നിരവധിയുണ്ട്. മാനസികവും മറ്റുമായ രോഗമുള്ളവരുമായി നിത്യേന തങ്ങളുടെ ചികിത്സയ്ക്കായി പാണക്കാട്ടെത്തുന്നവരില്‍ സ്ത്രീകളും, കുട്ടികളും, വൃദ്ധന്മാരും തുടങ്ങി ജീവിതത്തിന്റെ വിവിധ തുറകളിലുള്ള നാനാജാതി മതസ്ഥരും ഉള്‍പ്പെടുന്നു. ദീനീ സ്ഥാപനങ്ങളായാലും, വ്യാപാര-വ്യവസായ സ്ഥാപനങ്ങളായാലും, വിവാഹ നിശ്ചയമായാലും, ഗൃഹപ്രവേശനമായാലും തങ്ങളോട് അന്വേഷിച്ചു ചെയ്യുക എന്നത് മുസ്‌ലിംകളുടെ മാത്രമല്ല, ഇതര സമുദായങ്ങളുടെ ശീലമായിരുന്നു. ആ തിരുസന്നിധിയില്‍ വെച്ച് കീരിയും പാമ്പും പോലെ വന്ന ശത്രുക്കള്‍ എല്ലാംമറന്ന് മിത്രങ്ങളായി മാറി.കൊടുമ്പിരികൊള്ളുന്ന മാനസിക രോഗികള്‍ ശാന്തചിത്തരായി മാറും. തര്‍ക്കങ്ങള്‍ ഒത്തുതീരുന്നു. നിഷ്‌കളങ്കമായ സ്‌നേഹം, നിസ്വാര്‍ത്ഥമായ സേവനതല്‍പ്പരത, നിര്‍മ്മലമായ സ്വഭാവ വൈശിഷ്ഠ്യം, അചഞ്ചലമായ വിശ്വാസദാര്‍ഢ്യം, അടിപതറാത്ത ആദര്‍ശ സ്ഥിരത തുടങ്ങിയ ഗുണങ്ങളുടെ വിളനിലമായിരുന്ന ആ 'ന്യായാധിപന്റെ'  നിഷ്പക്ഷമായ മദ്ധ്യസ്ഥ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാത്തവരോ, സ്വീകരിക്കാത്തവരോ ഉണ്ടായിരുന്നില്ല. 1966-ല്‍ സമസ്തക്കെതിരെ 'അഖില കേരള ജംഇയ്യത്തുല്‍ ഉലമാ' രൂപീകൃതമായപ്പോള്‍ അതിന്റെ ആവശ്യകത നിരാകരിച്ചു കൊണ്ട് തങ്ങള്‍ പറഞ്ഞു 'ഇവിടെ സമസ്ത മതി. അഖിലയും, കൊഖിലയും വേണ്ട.' 03/04/1966 ന് കോഴിക്കോട് കുറ്റിച്ചിറയില്‍ സമസ്തയുടെ വിശദീകരണയോഗത്തില്‍ അദ്ധ്യക്ഷം വഹിച്ചുകൊണ്ടാണ് തങ്ങള്‍ ഇപ്രകാരം പ്രഖ്യാപിച്ചത്. അതോടെ അഖിലയുടെ അടിത്തറ തകര്‍ന്നു. അല്‍പ്പകാലം കൊണ്ട് അത് നാമാവശേഷമായി. 1975 ഏപ്രില്‍ 27ന് തീയ്യതി ബാംഗ്ലൂര്‍ക്കു പോകുമ്പോഴാണ് തങ്ങള്‍ക്ക് ആദ്യമായി രോഗലക്ഷണം കണ്ടത്. തുടര്‍ന്ന് കോഴിക്കോട്ടും, ബോംബൈയിലും, അദ്ദേഹത്തിന് ആധുനിക രീതിയിലുള്ള ചികിത്സ നല്‍കിയെങ്കിലും അപ്പോഴേക്കും തന്റെ ജനസേവനം നിര്‍ത്തി തിരിച്ചുപോകേണ്ട സമയമായിക്കഴിഞ്ഞിരുന്നു. സമകാലീന ചരിത്രത്തില്‍ പൂക്കോയ തങ്ങളുടെ സാന്നിധ്യം മുസ്‌ലിം സമൂഹത്തിന് അല്ലാഹു നല്‍കിയ പ്രത്യേക അനുഗ്രഹമായിരുന്നു. മുഴുസമയം ദീനീ സേവകനായിരുന്ന മഹാനുഭാവന്‍ 1975 ജൂലൈ 6 ന് (ജമാദുല്‍ ഉഖ്‌റാ 26) വഫാത്തായി. പാണക്കാട് ജുമാമസ്ജിദിനു സമീപം അന്ത്യവിശ്രമം കൊള്ളുന്നു.