കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍

വൈജ്ഞാനിക കേരളത്തിന്റെ അവിസ്മരണീയ ഗുരുവര്യനാണ് ശൈഖുനാ കോട്ടുമല. 1918-ല്‍ മലപ്പുറത്തിനു സമീപം പെരിങ്ങോട്ടുപുലം ഗ്രാമത്തില്‍ ജനിച്ചു. പിതാവ് തറയില്‍ കുഞ്ഞാലിഹാജി. മാതാവ് പൂത്തേടത്ത് യൂസുഫ് മുസ്‌ലിയാര്‍ മകള്‍ ഫാത്ത്വിമ.

പ്രാഥമിക വിദ്യാഭ്യാസം ജന്മനാട്ടില്‍ തന്നെ. അനന്തരം പെരിന്തല്‍മണ്ണ കക്കൂത്ത് ജുമാമസ്ജിദില്‍ കാടേരി മുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ വിദ്യാര്‍ത്ഥിയായി. മൂന്നുവര്‍ഷം കഴിഞ്ഞു പരപ്പനങ്ങാടി പനയത്തില്‍ പള്ളി ദര്‍സില്‍ ചേര്‍ന്നു. മൗലാനാ അബ്ദുല്‍ അലി കോമു മുസ്‌ലിയാരായിരുന്നു അവിടെ ഗുരുനാഥന്‍. ഏഴുവര്‍ഷം അദ്ദേഹത്തിന്റെ ശിഷ്യത്വം വിവിധ വിജ്ഞാനശാഖകളില്‍ സ്മര്യപുരുഷനെ അഗ്രീമസ്ഥാനത്തെത്തിച്ചു. ഉപരിപഠനം വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തില്‍. 1943 ല്‍ അവിടെ നിന്ന് ഉന്നത ബിരുദമെടുത്തു. ഊരകം പഞ്ചായത്തിലെ കോട്ടുമല എന്ന ഗ്രാമത്തില്‍ ദര്‍സ് തുടങ്ങി. കേവലം മൂന്നു വിദ്യാര്‍ത്ഥികളെ കൊണ്ടാരംഭിച്ച പ്രസ്തുത ദര്‍സ് ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിലെ ഉന്നത ദര്‍സുകളിലൊന്നായി പരിലസിച്ചു. മര്‍ഹൂം എം.എം. ബഷീര്‍ മുസ്‌ലിയാര്‍, മര്‍ഹൂം ഇ.കെ. ഹസ്സന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ അവിടെ വിദ്യാര്‍ത്ഥികളായിരുന്നു. 'കോട്ടുമല' എന്ന സ്ഥലനാമത്തില്‍ ശൈഖുനാ അഭിവിശ്രുതനായത് അവിടെ നിന്നാണ്. 1956-ല്‍ പരപ്പനങ്ങാടി പനയത്തില്‍ പള്ളിയില്‍ മുദര്‍യിസായി. 1963-ല്‍ ജാമിഅ നൂരിയ്യ സ്ഥാപിതമായപ്പോള്‍, പ്രഥമ മുദര്‍റിസ് ശൈഖുനാ കോട്ടുമലയായിരുന്നു. 1987-ല്‍ വഫാത്താകുന്നതുവരെ ജാമിഅ തന്നെയായിരുന്നു മഹാനവര്‍കളുടെ സേവന വേദി. 1977 മുതല്‍ 87 വരെ ജാമിഅയിലെ പ്രിന്‍സിപ്പലും, ശൈഖുനാ തന്നെ.

സുന്നത്ത് ജമാഅത്തിനെതിരെ വന്ന പുത്തനാശയങ്ങളെ ഖണ്ഡിച്ചൊതുക്കുന്നതില്‍ അതി സമര്‍ത്ഥനായിരുന്നു ശൈഖുനാ. ഈ രംഗത്ത് പതി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, ശംസുല്‍ ഉലമാ ഇ.കെ. മുതലായവരുടെ നിരയില്‍ തന്നെയായിരുന്നു ശൈഖുനായുടെയും സ്ഥാനം. 1951-ല്‍ വടകരയില്‍ ചേര്‍ന്ന സമസ്തയുടെ 19-ാം സമ്മേളനത്തോടനുബന്ധിച്ച് ചേര്‍ന്ന മുശാവറയില്‍ അദ്ദേഹം മുശാവറ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ശംസുല്‍ ഉലമാ ഇ.കെ.യും മുശാവറ അംഗമായത് ഈ യോഗത്തില്‍ വെച്ചായിരുന്നു. പി.എം. ഇമ്പിച്ചി മുസ്‌ലിയാരാണ് അവരോടൊപ്പം അന്ന് മുശാവറയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റൊരാള്‍.

വടകര സമ്മേളനാനന്തരം വിദ്യാഭ്യാസബോര്‍ഡിന്റെ പ്രഥമ പ്രവര്‍ത്തകസമിതി നിലവില്‍ വന്നപ്പോള്‍, ശൈഖുനാ അതില്‍ അംഗമായിരുന്നു. 23/02/1957-ല്‍ ശൈഖുനാ വിദ്യാഭ്യാസ ബോര്‍ഡിന്റെ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു. വഫാത്താകുന്നതുവരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു. 1950 മുതല്‍ സുന്നത്ത് ജമാഅത്തിന്റെയും, സമസ്തയുടെയും വേദികളില്‍ തലയെടുപ്പോടെ ശൈഖുനായുടെ സാന്നിദ്ധ്യം ദൃശ്യമാണ്. ഫൈസിമാരും, ബാഖവികളും, ദാരിമികളുമടങ്ങുന്ന വലിയ ശിഷ്യ സമൂഹത്തിന്റെ മനസ്സില്‍ ജീവിക്കുന്ന ഗുരുവര്യനാണദ്ദേഹം. ശംസുല്‍ ഉലമാ ഇ.കെ., ശൈഖുനാ കെ.വി തുടങ്ങിയ നിരവധി പണ്ഡിത ശ്രേഷ്ഠന്മാരുടെ അഭിവന്ദ്യഗുരുവും, തന്റെ പ്രധാന ഉസ്താദുമായ കോമു മുസ്‌ലിയാരുടെ മകള്‍ ഫാത്ത്വിമയാണ് ശൈഖനായുടെ സഹധര്‍മ്മിണി. സമസ്തയുടെ നേതൃനിരയില്‍ സജീവാംഗമായ ബാപ്പു മുസ്‌ലിയാര്‍ പുത്രനാകുന്നു. രണ്ടു പെണ്‍മക്കളുമുണ്ട്. തറയില്‍ അബ്ദുള്ളക്കുഞ്ഞി ഫൈസി, പി.സി.എസ്. അബ്ദുസ്സമദ് ഫൈസി എന്നിവര്‍ ജാമാതാക്കളാണ്. 31.07.1987 (ദുല്‍ഹജ്ജ് 05)ന് ആ വിജ്ഞാന ജ്യോതിസ്സ് നമ്മില്‍ നിന്നു മറഞ്ഞു. സ്വന്തം വീടിനു സമീപമുള്ള പള്ളിമഖ്ബറയില്‍ അന്ത്യവിശ്രമം കൊള്ളുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter