പാറന്നൂര്‍ ഉസ്താദ്: പാണ്ഡിത്യത്തിന്റെ സ്വൂഫീ മുഖം

കേരളത്തില്‍ കഴിഞ്ഞുപോയ പണ്ഡിതന്മാരില്‍ അഗ്രഗണ്യനും നിസ്തുലനുമായിരുന്നു പാറന്നൂര്‍ ഉസ്താദ് എന്ന പേരില്‍ വിശ്രുതനായ പാറന്നൂര്‍ പി.പി. ഇബ്‌റാഹീം മുസ്‌ലിയാര്‍ (1938-2013). ഒരു കാലഘട്ടത്തിന്റെ ഇതിഹാസപുരുഷനായി പുല്‍പറമ്പില്‍ പണ്ഡിത തറവാട്ടിലായിരുന്നു ജനനം. പുന്നശേരി ഉമ്മത്ത, പുല്‍പറമ്പില്‍ അബൂബക്കര്‍ മുസ്‌ലിയര്‍ എന്നിവര്‍ മാതാപിതാക്കള്‍. 

പിതാവില്‍നിന്നുതന്നെയായിരുന്നു പ്രാഥമിക പഠനം. പരപ്പില്‍പടി, പുല്ലാളൂര്‍ ഓത്തുപള്ളികളില്‍നിന്നും പഠനം നടത്തി. ശേഷം, കോളിക്കല്‍, കാന്തപുരം, തലപ്പെരുമണ്ണ, പുല്ലൂക്കര തുടങ്ങിയ ദര്‍സുകളില്‍ പഠിച്ചു. ശേഷം, ബാഖിയാത്തില്‍ പോയി, തഹ്‌സ്വീല്‍ നേടി. അബൂബക്ര്‍ മുസ്‌ലിയാര്‍ (പിതാവ്), അഹ്മദ് കോയ മുസ്‌ലിയാര്‍ (ജ്യേഷ്ഠന്‍), കുറ്റിക്കാട്ടൂര്‍ ഇമ്പിച്ച്യാലി മുസ്‌ലിയാര്‍, കെ.കെ. അബൂബക്ര്‍ ഹസ്‌റത്ത്, മലയമ്മ അബൂബക്ര്‍ മുസ്‌ലിയാര്‍, ശൈഖ് അബൂബക്ര്‍ ഹസ്‌റത്ത് (തമിഴ്‌നാട്), ശൈഖ് ഹസന്‍ ഹസ്‌റത്ത്, മുസ്ഥഫാ ആലിം സാഹിബ്, അബ്ദുല്‍ അസീസ് ഹസ്‌റത്ത് തുടങ്ങിയവരാണ് പ്രധാനാധ്യാപകര്‍.

അധ്യാപനമേഖലയിലേക്ക് പ്രവേശിച്ച ഉസ്താദ് ശേഷം പാറന്നൂര്‍ ദര്‍സ്, താമരശ്ശേരി കടവൂര്‍ ദര്‍സ്, ഈര്‍പ്പോണ ദര്‍സ്, കത്തറമ്മല്‍ ദര്‍സ്, കാസര്‍കോട് സഅദിയ്യ കോളേജ്, ചെറുകുന്ന് ദര്‍സ്, കാവനൂര്‍ ദര്‍സ്, ചാലിയം ദര്‍സ്, തിരുവള്ളൂര്‍ ദര്‍സ്, കുറ്റിക്കാട്ടൂര്‍ യമാനിയ്യ കോളേജ്, കൊടുവള്ളി രിയാളുസ്സ്വാലിഹീന്‍, മടവൂര്‍ ദര്‍സ & കോളേജ് തുടങ്ങിയ സ്ഥലങ്ങളില്‍ അധ്യാപനം നടത്തി.

അറിവിന്റെയും ആത്മികതയുടെയും ഓരം ചേര്‍ന്ന് ജീവിതത്തെ വിളക്കിയെടുത്ത ഉസ്താദ്  കേരളമുസ്‌ലിം നവോത്ഥാനത്തിന്റെ രാജശില്‍പികളില്‍ ഒരാളായി വളര്‍ന്നു. വിനയം മുഖമുദ്രയാക്കി, ജ്ഞാനംകൊണ്ട് കുടപിടിച്ചു നടന്ന ആ മഹാനുഭാവന്‍ മാലോകര്‍ക്കു മുമ്പില്‍ തുറന്നുവെച്ചത് പണ്ഡിതാനുഭവങ്ങളുടെ പുതിയൊരു കവാടമാണ്. ഒരേ സമയം ജീവിത വിശുദ്ധി നിലനിര്‍ത്തിയ സൂഫീ ജ്ഞാനിയും ജ്ഞാന ലോകത്തെ അതുല്യ സൂര്യനായി പ്രോജ്ജ്വലിച്ചുനിന്ന പണ്ഡിതകേസരിയുമായി മുന്നോട്ടുപോകാന്‍ സാധിച്ചുവെന്നതാണ് ഉസ്താദിന്റെ ഏറ്റവും വലിയ പ്രത്യേകത. 

കേരളമുസ്‌ലിം ചരിത്രത്തില്‍ മുന്നേറ്റത്തിന്റെ നിര്‍ണായക പടവുകള്‍ തീര്‍ത്ത പണ്ഡിത പ്രമുഖരുടെ നിഴലിലായിരുന്നു ഉസ്താദിന്റെ ജീവിതം. ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ, കെ.കെ. ഹസ്‌റത്ത്, മലയമ്മ അബൂബക്ര്‍ മുസ്‌ലിയാര്‍, കുറ്റിക്കാട്ടൂര്‍ ഇമ്പിച്ച്യാലി മുസ്‌ലിയാര്‍ തുടങ്ങി യുഗപ്രഭാവരായ ജ്ഞാനികളുടെ നിഴലും വെളിച്ചവും ആ മുന്നേറ്റത്തിനു വളമായി. ഉസ്താദ് തന്റെ നാനോന്മുഖ ഉണര്‍വിന് പാഥേയം സ്വീകരിച്ചത് ഈ മഹാ ഗുരുജനങ്ങളില്‍നിന്നായിരുന്നു. അവരോടുള്ള സാമീപ്യംപോലും ഉസ്താദിന്റെ ജീവിതത്തില്‍ അനുഗ്രഹത്തിന്റെ സാഫല്യം തീര്‍ത്തു. പണ്ഡിത ലോകത്തെ ഒന്നാം തലമുറയുമായി കാലം പങ്കിട്ടതും അവരുമായി വൈജ്ഞാനിക ചര്‍ച്ചകളില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതും  ഉസ്താദ് മനസ്സില്‍ താലോലിക്കുന്ന നേട്ടങ്ങളില്‍ ചിലതാണ്. കോഴിക്കോട് ജില്ലയെ സംബന്ധിച്ചിടത്തോളം ശംസുല്‍ ഉലമയുടെ പിന്‍ഗാമിയായിരുന്നു ഉസ്താദ്. ആ ഒരു പാരമ്പര്യവും വെളിച്ചവുമാണ് ഉസ്താദിന്റെ അംഗീകാരത്തിനും സ്വീകാര്യതക്കും മാറ്റ് കൂട്ടിയിരുന്നത്. 

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയില്‍ കേരളമുസ്‌ലിംകളുടെ മതപവും വൈജ്ഞാനികവുമായ മുന്നേറ്റത്തിന് ആക്കം കൂട്ടാനായി അവതരിച്ച ഒരു മഹാ നിയോഗമായിരുന്നു പാറന്നൂര്‍ ഉസ്താദ്. 1963 മുതല്‍ 2013 വരെയായിരുന്നു ഉസ്താദിന്റെ പ്രവര്‍ത്തന കാലഘട്ടം. ഈയൊരു ഇടവേളയില്‍ കേരളമുസ്‌ലിം വികാസത്തിന് നിര്‍ണായകമായ പല സംഭാവനകളും നല്‍കാന്‍ ഉസ്താദിനു സാധിച്ചു. പുതിയ തലമുറക്ക് കരുതലും വൈജ്ഞാനികാടിത്തറയും നല്‍കുന്നതായിരുന്നു ഉസ്താദിന്റെ പ്രവര്‍ത്തനങ്ങള്‍.

അമ്പത് വര്‍ഷത്തോളം നീണ്ടുനിന്ന സമഗ്രവും സമ്പന്നവുമായ ദര്‍സുകളാണ് ഉസ്താദിന്റെ ജീവിതം മുന്നോട്ടുവെക്കുന്ന ഏറ്റവും വലിയ വിഭവങ്ങള്‍. ഒരു പുരുഷായുസ്സ് മുഴുക്കെയും തദ്‌രീസിന്റെ അല്‍ഭുത ആഴങ്ങള്‍ തേടി വിഹരിക്കുകയായിരുന്നു. പാറന്നൂര്‍, കത്തറമ്മല്‍, ചാലിയം, ഈര്‍പ്പോണ, ചെറുകുന്ന്, കാസര്‍കോട്, കാവനൂര്‍, കൊടുവള്ളി, തിരുവള്ളൂര്‍, കുറ്റിക്കാട്ടൂര്‍, മടവൂര്‍ തുടങ്ങിയവയായിരുന്നു ഉസ്താദിന്റെ പ്രവര്‍ത്തന കേന്ദ്രങ്ങള്‍. ഭൗതിക മുന്നേറ്റത്തിന്റെ ഈ ഊഷര ഭൂമികളില്‍ ആദ്ധ്യാത്മിക ജ്ഞാനത്താല്‍ ഉര്‍വരത തീര്‍ത്തു ഉസ്താദ്. അറിവിന്റെ പിന്‍ബലത്തില്‍ ആത്മികതയുടെ തെളിച്ചം പകരുകയായിരുന്നു ഉസ്താദിന്റെ അദ്ധ്യാപന ലക്ഷ്യം. തന്റെ നിതാന്തമായ പരിശ്രമങ്ങളിലൂടെ ഉസ്താദ് അത് നേടിയെടുക്കുകയും ചെയ്തു. ദീര്‍ഘകാലത്തെ ഈയൊരു വൈജ്ഞാനിക ഉല്‍പാദന പ്രക്രിയയുടെ ഭാഗമായി സര്‍ഗധനരായ ഒരു പിടി ജ്ഞാനികളെ കേരളക്കരക്ക് സംഭാവന നല്‍കുകയും ചെയ്തു. ഇവരായിരുന്നു ഉസ്താദിന്റെ എന്നത്തെയും കരുത്തും ഊര്‍ജ്ജവും.

ദര്‍സായിരുന്നു ഉസ്താദിന്റെ ജീവിതത്തിന്റെ കാതല്‍. അമ്പത് വര്‍ഷത്തോളം കേരളത്തിലെ വിവിധ പള്ളികളില്‍ പ്രമുഖമാംവിധം ദര്‍സ് നടത്തി. നൂറുക്കണക്കിന് പ്രഗല്‍ഭരായ പണ്ഡിതന്മാരെ വാര്‍ത്തെടുത്തു. സദാ അല്ലാഹുവിന്റെ ദീനിനെ പഠിച്ചും പഠിപ്പിച്ചും ജീവിതത്തില്‍ പകര്‍ത്തിയും മുന്നോട്ടു പോയി. കിത്താബുകളില്‍നിന്നും കിത്താബുകളിലേക്കും ആരാധനകളില്‍നിന്നും ആരാധനകളിലേക്കും നീളുന്നതായിരുന്നു ഉസ്താദിന്റെ ഓരോ സമയങ്ങളും. 

അതുകൊണ്ടുതന്നെ, അല്‍പംപോലും അവ ദുരുപയോഗം ചെയ്യപ്പെട്ടില്ല. ആയുസും ആരോഗ്യവും സമ്പത്തും എല്ലാം  അല്ലാഹുവിന്റെ മാര്‍ഗത്തിലാണ് ചെലവഴിച്ചിരുന്നത്. തദ്‌രീസിലായിരുന്നു തന്റെ ആയുസെങ്കില്‍ ഇബാദത്തിലും സാമൂഹിക സേവനത്തിലുമായിരുന്നു തന്റെ ആരോഗ്യ വിനിയോഗം. സമ്പത്ത് മുഴുവനും പള്ളിനിര്‍മാണത്തിനും മദ്‌റസ നിര്‍മാണത്തിനുമായി മാറ്റിവെച്ചു. മക്കളെ മുഴുവനും തികഞ്ഞ അച്ചടക്കത്തിലും മതബോധത്തിലും വളര്‍ത്തി പണ്ഡിതരാക്കി. എല്ലാ മേഖലയിലും ജനങ്ങള്‍ക്ക് മാതൃകയാകുംവിധം തന്റെതായൊരു സൂഫീ ജീവിതരീതി തരപ്പെടുത്തിയെടുത്തു. ആരുമായും വഴക്കിനും വക്കാണത്തിനും നില്‍ക്കാതെ അല്ലാഹുവിന്റെ ദീനിനെ സേവിച്ചുകൊണ്ട് അല്‍ഭുതകരമാംവിധം ഈ ഭൂമിയില്‍ ജീവിച്ചുപോയി. 

ഇങ്ങനെ നോക്കുമ്പോള്‍, കേരളമുസ്‌ലിം നവോത്ഥാന ശില്‍പികളില്‍ മുന്‍നിരയിലെണ്ണാവുന്ന ഒരാളായിരുന്നു ഉസ്താദെന്ന് കണ്ടെത്താനാവുന്നു. കേരളമുസ്‌ലിം നവോത്ഥാനത്തിന്റെ ഊര്‍ജ്ജ കേന്ദ്രങ്ങളായിരുന്ന പള്ളി ദര്‍സുകള്‍ വളര്‍ത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഉസ്താദ് വഹിച്ച പങ്ക് നിസ്തുലമാണ്. ദര്‍സുകളെയും അദ്ധ്യാപനത്തെയും ജീവനു തുല്യം സ്‌നേഹിച്ച ഉസ്താദ് ഒരു ഹരമായിട്ടാണ് അവയെ എന്നും അഭിമുഖീകരിച്ചിരുന്നത്. അദ്ധ്യാപനം ഒരു ആരാധനയായി ഉള്‍ക്കൊണ്ട ഉസ്താദിനെ സംബന്ധിച്ചിടത്തോളം തന്റെ ജീവിതം ഒരേ സമയം ആരാധനയും സാമൂഹിക സേവനവുമായിരുന്നു.

സി.എമ്മിന്റെ അനുഗ്രഹവും പിന്തുണയുമായിരുന്നു ഉസ്താദിന്റെ എന്നത്തെയും കരുത്ത്. ആ ഒരു സാമീപ്യവും അടുപ്പവും ഉസ്താദിന്റെ വളര്‍ച്ചയില്‍ വഹിച്ച പങ്ക് ചെറുതല്ല. അത് ഉസ്താദിനും നല്ലപോലെ അറിയാമായിരുന്നു. തന്റെ ജീവിതത്തിന്റെ സായംസന്ധ്യയില്‍ മടവൂര്‍ മഖാമിന്റെ സേവകനായി നിയോഗിക്കപ്പെടുന്നതുതന്നെ ഈയൊരു അടുപ്പത്തിന്റെയും അംഗീകാരത്തിന്റെയും സാക്ഷാല്‍കാരമായിരുന്നു.

വര്‍ഷങ്ങളോളം സമസ്ത കേന്ദ്ര ട്രഷറര്‍ സ്ഥാനവും കോഴിക്കോട് ജില്ല പ്രസിഡണ്ട് സ്ഥാനവും വഹിച്ച ഉസ്താദ് ശംസുല്‍ ഉലമയുടെ അടുത്ത കൂട്ടാളികൂടിയായിരുന്നു. ധാരാളം സ്ഥലങ്ങളില്‍ ഖാസിയായി പ്രവര്‍ത്തിച്ചു. പാറന്നൂര്‍, മച്ചക്കുളം, പുല്ലാളൂര്‍, മുട്ടാഞ്ചേരി, കൈതപ്പൊയില്‍, കള്ളന്‍തോട്, കാഞ്ഞിരമുക്ക്, പാലങ്ങാട്, പന്നിക്കോട്ടൂര്‍, കുട്ടമ്പൂര്, ഇയ്യാട്, പൂനത്ത്, എരവന്നൂര്‍, അരീക്കല്‍പോയില്‍, ചെറുവലത്ത് താഴം, വീര്യമ്പ്രം, കക്കോടി തുടങ്ങിയവ അതില്‍ ചിലതാണ്. 2013 മുഹര്‍റം 13 ന് അന്തരിച്ചു. പാറന്നൂര്‍ ജുമുഅത്തു പള്ളിക്കു മുമ്പില്‍ അന്ത്യവിശ്രമം കൊള്ളുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter