ഉമര്‍ ഖയ്യാം: മഹാനായ ഗണിത ശാസ്ത്ര പ്രതിഭ

പേര്‍ഷ്യന്‍ ഗണിതശാസ്ത്രജ്ഞനായിരുന്ന ഉമര്‍ ഖയ്യാമിന് തന്‍റെ 971ാമത് ജന്മദിനത്തില്‍ ഗൂഗിള്‍ പ്രത്യേക ഡൂഡില്‍ സമര്‍പ്പിക്കുക വഴി ഒരു മഹാ പ്രതിഭയെ ലോകത്തിന് മുന്നില്‍ ശ്രദ്ധേയമാക്കാന്‍ സാധിച്ചിരിക്കുകയാണ്. മരണപ്പെട്ട് നൂറ്റാണ്ടുകള്‍ക്ക ശേഷവും ഓര്‍ക്കപ്പെടുന്നത് അദ്ദേഹത്തിന്‍റെ പ്രതിഭക്ക് ലഭിച്ച അര്‍ഹിച്ച അംഗീകാരം തന്നെയാണ്. ഒരു കാലത്ത് മുസ്ലിം ശാസ്ത്രജ്ഞര്‍ സര്‍വ്വ മേഖലയിലും മികവാര്‍ന്ന സംഭാവനകള്‍ നല്‍കിയിരുന്നുവെന്ന ചരിത്ര സത്യത്തെ ഒരിക്കല്‍ കൂടി ഓര്‍പ്പെടുത്താന്‍ ഡൂഡില്‍ വഴി സാധിച്ചു.  

ഘനസമവാക്യങ്ങളുടെ വിഭജനവും പരിഹാരവും എന്ന ഗ്രന്ഥം രചിക്കുന്നതോടയൊണ് അദ്ദേഹം പ്രശസ്തിയുടെ കൊടുമുടിയിലെത്തുന്നത്.ഗണിതശാസ്ത്രത്തിന് പുറമെ വിഖ്യാതനായ ഒരു വാനശാസ്ത്രജ്ഞനും കവിയുമായിരുന്നു ഉമര്‍ ഖയ്യാം.  വടക്ക് കിഴക്കന്‍ ഇറാനിലെ നിശാപൂരില്‍ 1048 ല്‍ ജനിച്ച ഖയ്യാം തന്‍റെ ജീവിതത്തിലെ മിക്ക ഭാഗവും ചെലവിട്ടത് കാരകാനിദ് ഭകണകൂടത്തിന്‍റെ സദസ്സിലും ശേഷം സെല്‍ജൂക് ഭരണാധികാരികള്‍ക്കൊപ്പവുമായിരുന്നു. ആദ്യ കുരിശുയുദ്ധം നടന്ന സമയമായിരുന്നു ഇത്.

ഘനസമവാക്യങ്ങളുടെ ഫലനിര്‍ണ്ണയം (Solutions for cubic roots) എന്ന അദ്ദേഹത്തിന്‍റെ ഗ്രന്ഥത്തിന് അക്കാലത്ത് ശാസ്ത്ര ലോകം ഏറെ സ്വീകാര്യതയാണ് പതിച്ച് നല്‍കിയത്. കോണുകളുടെ വിഭജനത്തിലൂടെ (intersection of cones) ജ്യോമിതി ഫലനിര്‍ണ്ണയം (geometric solution)  കാണിച്ചു കൊടുക്കുന്നതില്‍ അദ്ദേഹത്തിന്‍റെ ശ്രമങ്ങള്‍ ഫലം കണ്ടു എന്നതായിരുന്നു ഇതിന് പിന്നിലെ കാരണം. ഘനസമവാക്യങ്ങളുടെ ഫല നിര്‍ണ്ണയത്തിന് പൊതുവായ ഒരു രീതി ആദ്യമായി കണ്ടെത്തുന്നത് ഉമര്‍ ഖയ്യാമായിരുന്നു. അതിന് മുമ്പ് ഇത്തരം ഒരു ശ്രമം ഗണിതശാസ്ത്രജ്ഞര്‍ നടത്തിയിരുന്നില്ല. നെഗറ്റീവ് റൂട്ടൂകള്‍ (negative roots) പരിഗണിച്ചിരുന്നില്ലെങ്കിലും അദ്ദേഹത്തിന്‍റെ രീതികള്‍ ജ്യോമിതി പ്രകാരമുള്ള നെഗറ്റീവും പോസിറ്റീവുമായ സര്‍വ്വ റൂട്ടുകളും കണ്ടൈത്താന്‍പര്യപ്തമായിരുന്നു. 

തത്വചിന്തയിലും ഉമര്‍ ഖയ്യാം വലിയ പ്രതിഭയായിരുന്നു. അദ്ദേഹത്തിന്‍റെ തത്വചിന്തകള്‍ പ്രതിപാദിക്കപ്പെടുന്ന ഗ്രന്ഥമാണ് അല്‍ രിസാലതു ഫീ ഇല്‍മില്‍ കുല്ലിയ്യാത്ത്. റുബാഇയ്യാത് എന്ന പേരില്‍ നാല് വരി കവിതകളും അദ്ദേഹം രചിച്ചിരുന്നു. ഇബനു സീനയില്‍ നിന്ന് തത്വചിന്തയില്‍ പ്രചോദനം നേടിയ ഉമര്‍ ഖയ്യാം അദ്ദേഹത്തിന്‍റെ അല്‍ഖുത്ബാതുല്‍ ഖര്‍അ പേര്‍ഷ്യന്‍ ഭാഷയിലേക്ക് തര്‍ജമ ചെയ്ത് വ്യാഖ്യാനം നിര്‍വ്വഹിച്ചിട്ടുണ്ട്. 

അബൂ നസ്ര്‍ അല്‍ നസ്തവി എന്ന ഫാര്‍സ് പ്രദേശത്തെ ഖാദിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഉമര്‍ ഖയ്യാം രചിച്ച കൃതിയാണ് അല്‍ രിസാലതു ഫില്‍ കൗനി വല്‍തക്ലീഫ്. സൃഷ്ടികള്‍ സൃഷ്ടാവിനോട് ചെയ്ത വീട്ടേണ്ട ബാധ്യതകള്‍ പ്രവാചക ദൗത്യത്തിന്‍റെ അനിവാര്യത തുടങ്ങിയ കാര്യങ്ങളില്‍ സുദീര്‍ഘമായ ചിന്തകള്‍ ഈ കൃതിയില്‍ ഉമര്‍ ഖയ്യാം വിശദീകരിക്കുന്നുണ്ട്. 

2012 ല്‍ ഖയ്യാമിന്‍റെ 964ാം ജന്മദിനത്തിലും ഗൂഗിള്‍ ഒരു പ്രത്യേക ഡൂഡില്‍ വഴി അദ്ദേഹത്തിന്‍റെ നേട്ടങ്ങള്‍ ആഘോഷിച്ചിരുന്നു. ഇന്ത്യക്ക് പുറമെ റഷ്യ, പശ്ചിമേഷ്യ. പശ്ചിമാഫ്രിക്ക, അമേരിക്ക, ചിലി എന്നിവിടങ്ങളിലും ഈ ഡൂഡില്‍ കാണാനാവുമെന്നത് അവിടങ്ങളിലൊക്കെ ഉമര്‍ ഖയ്യാമിന്‍റെ നേട്ടങ്ങള്‍ക്ക് പ്രചാരം ലഭിക്കും. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter