18 September 2020
19 Rajab 1437

ആതുര സേവനത്തിലെ ആദ്യക്കാരി

ടി. എച്ച്.ദാരിമി‍‍

20 November, 2019

+ -
image

ആതുര ശുശ്രൂഷയുടെയും സേവനത്തിന്റെയും പേരില്‍ ലോകം അഭിമാന പൂര്‍വ്വം താലോലിക്കുന്ന നാമം ഫ്‌ളോറന്‍സ് നൈററിംഗേലിന്‍േറതായിരിക്കും. 1820ല്‍ ഇററലിയില്‍ ഒരു ധനിക കുടുംബത്തില്‍ ജനിച്ച ഫ്‌ളോറന്‍സ് പരിഗണിക്കപ്പെടുന്നത് ആധുനിക നഴ്‌സിംഗിന്റെ മാതാവായിട്ടാണ്. ഭിഷഗ്വരനായിരുന്ന സ്വന്തം പിതാവില്‍ നിന്നും പഠിച്ച വൈദ്യ ശുശ്രൂഷാ വിധികളുമായി അവര്‍ സമൂഹത്തിലേക്കിറങ്ങി എന്നതാണ് ചരിത്രം. കയ്യില്‍ മുനിഞ്ഞു കത്തുന്ന വിളക്കുമേന്തി വീടുകളില്‍ നിന്നും വീടുകളിലേക്ക് നടന്ന അവരുടെ ഏററവും വലിയ സേവനമുദ്ര പതിഞ്ഞത് 1853 ഒക്‌ടോബറില്‍ തുടങ്ങി 1856 ഫെബ്രുവരിയില്‍ അവസാനിച്ച ക്രീമിയന്‍ യുദ്ധരംഗത്തായിരുന്നു. റഷ്യയുടെയും ബ്രിട്ടന്റെയും ഇടയില്‍ നടന്ന ഈ രൂക്ഷയുദ്ധത്തില്‍ ഏറെ ആകര്‍ഷകമായ രംഗം ഫ്‌ളോറന്‍സിന്റെ ആതുരസേവനമായിരുന്നു. തന്റെ കൈവിളക്ക് കൊടുത്താതെ മാസങ്ങളോളം അവര്‍ യുദ്ധത്തില്‍ പരിക്കേററവരെ അവരുടെ പക്ഷം പോലും നോക്കാതെ പരിചരിച്ചു എന്നതാണ് ചരിത്രം. ലോക ചരിത്രം അതിന്റെ മുഖത്ത് ഈ സംഭവം കൊത്തിവെക്കുന്നതിനും മുമ്പ് ഇതേ വികാരവുമായി കുലത്തിലൂടെ അക്ഷീണം സഞ്ചരിച്ച മററുചില പേരുകള്‍കൂടിയുണ്ട്. അവ നബി യുഗത്തില്‍ നിന്നാണ്. ആതുര ശുശ്രൂഷയുടെ വലിയ വികാരങ്ങള്‍ പ്രകടിപ്പിക്കുകയും അതിനു വേണ്ടി ജീവിക്കുകയും ചെയ്ത പല സ്വഹാബീ വനിതകളും ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. അവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് റുഫൈദത്തുല്‍അസ്‌ലമിയ്യ(റ) തന്നെയായിരിക്കും.മദീനായിലെ ഖസ്‌റജ് വംശത്തിലെ ബനൂ അസ്‌ലംകുടുംബാംഗായിരുന്നുറുഫൈദ(റ). വൈദ്യശാസ്ത്രത്തോടും ആതുര ശുശ്രൂഷയോടുമെല്ലാമുള്ള താല്‍പര്യം റുഫൈദക്ക് ലഭിച്ചത് സ്വന്തം വീട്ടില്‍ നിന്നു തന്നെയായിരുന്നു. മദീനായിലെ ഏററവും പ്രശസ്തനായ ഒരു ഭിഷഗ്വരനായിരുന്നു അവരുടെ പിതാവ് സഅ്ദ് അസ്‌ലമി. നബി(സ) മദീനായിലെത്തുന്നതിനും യത്‌രിബ് മദീനയാകുന്നതിനും മുമ്പെ പ്രശസ്തനായിരുന്നു സഅ്ദ്. അന്ന് ആ പരിസരത്ത് ഒരു തരം നൈതികതയുടെയും സാന്നിധ്യമില്ലാത്തതിനാല്‍ ചില സ്ഖലിതങ്ങളൊക്കെ സഅ്ദിന്റെ ചികിത്‌സയില്‍ കടന്നുകൂടിയിരുന്നു. മാരണ വിദ്യ മുതല്‍ കാര്യങ്ങള്‍ ഗണിച്ചു പറയുന്ന വിദ്യകള്‍ വരെ അയാളുടെ വൈദ്യത്തില്‍ കൂടിക്കലര്‍ന്നിരുന്നു. സ്വന്തംവീട്ടില്‍ പിതാവിന്റെ ചികിത്‌സാമുറകള്‍ കണ്ടും കേട്ടും വളര്‍ന്ന റുഫൈദയുടെ രക്തത്തില്‍ ആ വികാരം കലര്‍ന്നു എന്നാണ്. പക്ഷെ പിതാവിനെപ്പോലെ തെററായ വഴികളിലേക്ക് വീണുപോകുന്നതില്‍ നിന്നും റുഫൈദയെ അല്ലാഹുകാത്തു. മിസ്വ്അബ്(റ)വില്‍ നിന്നും ഇസ്‌ലാമിന്റെ ശബ്ദവും മണവും കേട്ടു തുടങ്ങിയതും റുഫൈദയുടെ മനസ്സിനെ അതാകര്‍ഷിച്ചു. അവര്‍ മുസ്‌ലിമത്തായി. നേരത്തെ ഇസ്‌ലാമിലെത്തുവാന്‍ ഭാഗ്യം ലഭിച്ച മദീനക്കാരുടെ പട്ടികയില്‍ റുഫൈദത്തുല്‍ അസ്‌ലമിയ്യയുടെ പേരുമുണ്ട്.

ഇസ്‌ലാമിക ആദര്‍ശത്തിലേക്കുള്ള പ്രവേശം രണ്ടു നിലക്ക് ഈ സ്വഹാബീ വനിതയെ സ്വാധീനിച്ചു. ഒന്നാമതായി പിതാവിന്‍േറതു പോലുള്ള തെററായ വഴികളെ അവര്‍ ഇസ്‌ലാമിന്റെ പേരില്‍ ഉപേക്ഷിച്ചു. അല്ലെങ്കിലും അത്തരം കാര്യങ്ങളെ പിന്തുണക്കുന്നതായിരുന്നില്ല അവരുടെ മനസ്സ്. രണ്ടാമത്തേത് ആതുരമടക്കമുള്ള എല്ലാസേവനങ്ങള്‍ക്കും ഇസ്‌ലാം നല്‍കുന്ന പ്രോത്‌സാഹനം അവര്‍ക്ക് വലിയ പ്രചോദനമായി. മററുള്ളവരെ സഹായിക്കുക എന്നത് ഇസ്‌ലാമിന്റെ പ്രാഥമിക വികാരങ്ങളില്‍ പെട്ടതാണ്. ഒരാള്‍ മറെറാരാളെ സഹായിച്ചുകൊണ്ടിരിക്കുമ്പോഴെല്ലാം അല്ലാഹു അയാളെ സഹായിച്ചുകൊണ്ടേയിരിക്കും എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. മററുള്ളവരുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടിയുള്ള ശ്രമങ്ങള്‍ ഇസ്‌ലാമിക കാഴ്ചപ്പാടില്‍ ഏററവും മഹത്തായ കര്‍മ്മങ്ങളാണ്. ഇമാം ത്വബറാനി ഉദ്ധരിക്കുന്ന ഒരു ദീര്‍ഘമായ ഹദീസില്‍ നബി(സ) പറയുന്നത് 'മറെറാരാളുടെ ആവശ്യത്തിനു വേണ്ടി പോകുന്നത് എന്റെ ഈ പള്ളിയില്‍ ഒരുമാസക്കാലം ഇഅ്തികാഫിരിക്കുന്നതിനേക്കാള്‍ എനിക്ക ്ഇഷ്ടപ്പെട്ടതാണ്' എന്നാണ്. 'അക്രമിയാണെങ്കിലും അക്രമിക്കപ്പെടുന്നവനാണെങ്കിലും നിന്റെ സഹോദരനെ നീ സഹായിക്കുക' എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. ഈ നിലപാടുകള്‍ തന്നെ സാമൂഹ്യ സേവനത്തിനായി സ്വയം സമര്‍പ്പിക്കുവാന്‍ റുഫൈദത്തുല്‍അസ്‌ലമിയ്യ(റ)യെ പ്രേരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു. അങ്ങനെ അവര്‍ തന്റെ സേവന ലോകം സജ്ജമാക്കിവെച്ചു.

വൈദ്യശാസ്ത്രം ഒരുപാട് വികാസം പ്രാപിച്ച കാലമൊന്നുമല്ലായിരുന്നു അത്. ലോകത്തിന്റെ പല ഭാഗങ്ങളിലും കുറച്ചുകൂടി അത് വികാസം പ്രാപിച്ചിരുന്നുവെങ്കിലും അറേബ്യയില്‍ അത് വളരെ പുറകില്‍ തന്നെയായിരുന്നു. രോഗങ്ങളുടെ കാരണങ്ങളെ പററിയുണ്ടായിരുന്ന മിഥ്യാധാരണകളായിരുന്നു അതിന്റെ ഒരു പ്രധാനകാരണം. അവ അധികം പ്രകൃതിയുമായല്ല വിശ്വാസങ്ങളുമായാണ് ബന്ധപ്പെട്ടിരുന്നത്. ഏതായാലും റുഫൈദയുടെ കഴിവ് പ്രധാനമായും മുറിവുകള്‍ കൂട്ടുന്നതിലായിരുന്നു എന്നാണ് ചരിത്രവായനകളില്‍ നിന്നും മനസ്സിലാവുന്നത്. അതുതന്നെയായിരുന്നു അക്കാലത്ത് ഏററവും അധികം വേണ്ടിയിരുന്നതും. കാരണം ആഭ്യന്തര യുദ്ധങ്ങളും കലാപങ്ങളുമെല്ലാം ധാരാളമായി ഉണ്ടാവാറുള്ള കാലമായിരുന്നു അത്. ഈ കലാപങ്ങളില്‍ മരണത്തില്‍ നിന്നു രക്ഷപ്പെടുന്നവരധികവും ആഴമുള്ള മുറിവുകളുമായി മല്ലിടേണ്ടിവരുന്ന അവസ്ഥയായിരുന്നു. അതിനാല്‍ വേഗത്തില്‍ മുറിവുകളെ ചികിത്‌സിക്കുവാന്‍ കഴിയുക എന്നതു തന്നെയായിരുന്നു പ്രധാന കഴിവ്. തുടക്കത്തില്‍ സ്വന്തം വീട്ടില്‍ വെച്ചുതന്നെ ചികിത്‌സിക്കുകയായിരുന്നു ചെയ്തിരുന്നത് എങ്കിലും പിന്നീടത് വിപുലമക്കേണ്ടി വന്നു. പലപ്പോഴും യുദ്ധം നടക്കുന്ന താഴ്‌വരയില്‍ താല്‍കാലികമായ ടെന്റ് കെട്ടിയുണ്ടാക്കി അതില്‍വെച്ച് ചികിത്‌സിക്കുന്ന അവസ്ഥയിലേക്ക്‌വളര്‍ന്നു. ചികിത്‌സയുടെ പരിധിയില്‍ വരാറുണ്ടായിരുന്നത് ആഴമുള്ള മുറിവുകളായിരുന്നു. ആ മുറിവുകള്‍ കൂടുവാനാവട്ടെ ദിവസങ്ങളോളം നിരന്തരമായ നിരീക്ഷണവും ചികിത്‌സയും വേണ്ടിവരുമായിരുന്നു. ഓപ്പറേഷന്‍ ചെയ്യുവാനോ മുറിവുകള്‍തുന്നിക്കെട്ടുവാനോ കഴിയാത്തതിനാലും ശക്തമായ മരുന്നുകള്‍ ഇല്ലാത്തതിനാലും ചെറിയചെപ്പടിവിദ്യകളും നാട്ടുമരുന്നുകളും ഒക്കെ ഉപയോഗിച്ചുകൊണ്ടായിരുന്നു ചികിത്‌സ. ഇതിനാല്‍ ഈ ഖൈമകള്‍ കുറേദിവസം നീണ്ടുനില്‍ക്കുമായിരുന്നു.

ഇസ്‌ലാമില്‍ വന്നതോടെ റുഫൈദ(റ)യുടെ സേവനം വളരെ പ്രധാനപ്പെട്ടതായിമാറി. ഹിജ്‌റ രണ്ടില്‍ യുദ്ധങ്ങള്‍ ആരംഭിച്ചതോടെ റുഫൈദയുടെ സേവനം അനിവാര്യമായിവന്നു. ബദര്‍ യുദ്ധത്തില്‍ കാര്യമായ ഏററുമുട്ടലുകള്‍ ഉണ്ടായിരുന്നില്ല എങ്കിലും ചില സ്വഹാബിമാര്‍ക്കെല്ലാം മുറിവുകള്‍ പററിയിരുന്നു. പ്രധാനമായും മലക്കുകളായിരുന്നവല്ലോ അവിടെ യുദ്ധം ചെയ്തത്. മുറിവേററ ഈ സ്വഹാബിമാരെ ചികത്‌സിച്ചത് റുഫൈദ(റ) ആയിരുന്നു എന്ന് പ്രമുഖ ചരിത്രകാരന്‍മാര്‍ പറയുന്നുണ്ട്. ഇവരെ ചികിത്‌സിച്ചിരുന്നത് മദീനാ പള്ളിയില്‍ വെച്ചുതന്നെയായിരുന്നു. അതോടെ നബി(സ)യുടെ പള്ളി ഒരു ആതുരകേന്ദ്രം കൂടിയായിമാറി. ഹിജ്‌റമൂന്നാംവര്‍ഷം നടന്ന ഉഹദ് യുദ്ധം കഴിഞ്ഞപ്പോള്‍ പക്ഷെ അവസ്ഥ അതായിരുന്നില്ല. ധാരാളം പേര്‍ക്ക് ആഴത്തിലുള്ള മുറിവുകള്‍ പററുകയുണ്ടായി. യുദ്ധം കഴിഞ്ഞു എന്നു കരുതിയിരിക്കുമ്പോഴായിരുന്നു തോറേറാടിയ ശത്രുസേന ജബലുറുമാത്ത് വഴിവീണ്ടും ആക്രമണം നടത്തിയത്. അവിചാരിതമായി ഉണ്ടായ ഈ ആക്രമണത്തില്‍ മുസ്‌ലിം സേനയുടെ നിരതകര്‍ന്നുപോയി. വെപ്രാളം ഉയര്‍ന്നു. കടുത്ത വെപ്രാളത്തിലും അതിനോക്കാള്‍ കനത്ത പൊടിപടലങ്ങളിലും ആര്‍ക്കും ആരെയും കാണാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ആയുധങ്ങള്‍ അവിശ്രമം ആക്രമണങ്ങള്‍ നടത്തിയപ്പോള്‍ ഒരുപാട് പേര്‍ മരിച്ചുവീണു. ഒരുപാടുപേര്‍ സാരമായ മുറിവുകള്‍ക്കു വിധേയരായി. ഇവരെയെല്ലാം പ്രധാനമായും ചികിത്‌സിച്ചത് റുഫൈദ(റ) ആയിരുന്നു. അവരുടെ ആത്മാര്‍ഥമായ സേവനം ഒരുപാട് പേരുടെ വേദനകള്‍ക്കു പരിഹാരമായി.

ഹിജ്‌റഅഞ്ചില്‍ നടന്ന അഹ്‌സാബ് യുദ്ധമായിരുന്നു റുഫൈദ(റ) എന്ന ആതുര സേവികയുടെ സേവനങ്ങള്‍ ഏറെ ഉപകാരപ്പെട്ട മറെറാരുരംഗം. മദീനായിലെമൊത്തം ജനസംഖ്യയേക്കാള്‍ ഇരട്ടികള്‍വരുന്ന വലിയ ഒരു സഖ്യസേനയായിരുന്നു അന്ന് മുസ്‌ലിംകളെ ആക്രമിച്ചത്. നബി(സ) ഒരു വലിയ കിടങ്ങ് കൂഴിച്ച് പ്രതിരോധിച്ചതിനാല്‍ വലിയ ഒരു ആക്രമണമുണ്ടായില്ല. എങ്കിലും കിടങ്ങിനപ്പുറത്തും ഇപ്പുറത്തും നിന്നുകൊണ്ടുള്ള അമ്പുയുദ്ധങ്ങള്‍ നടക്കുകയുണ്ടായി. ഈ അമ്പുയുദ്ധങ്ങളിലാവട്ടെ പലപ്പോഴും മുറിവുകള്‍ പററുകയായിരുന്നു ചെയ്തിരുന്നത്. ഇവരെ ചികത്‌സിക്കുവാന്‍ സജീവമായി റുഫൈദത്തുല്‍അസ്‌ലമിയ്യ ഉണ്ടായിരുന്നു. മാത്രമല്ല, റുഫൈദയുടെ സേവനങ്ങളെ ഇസ്‌ലാമിക സമൂഹത്തിന്റെ ഉദ്വേഗഭരിതമായ ശ്രദ്ധയിലേക്ക് കൊണ്ടുവന്ന സംഭവവുംഉണ്ടായത് ഈ യുദ്ധത്തിലായിരുന്നു. അത് മദീനയുടെ അന്‍സ്വാരികളുടെ നേതാവായിരുന്ന സഅ്ദ് ബിന്‍ മുആദ്(റ)വിന്റെ പരിക്കും തുടര്‍ന്നുള്ള മരണവുമായിരുന്നു.

ഇസ്‌ലാമിക മുന്നണിയിലെ വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിത്വമായിരുന്നു സഅ്ദ് ബിന്‍ മുആദ്(റ). അദ്ദേഹത്തിനു നേരെ ബനൂ മഖ്‌സൂമുകാരുടെ സഖ്യകക്ഷിയില്‍പെട്ട അബൂഉസാമ അല്‍ ജശ്മി എന്നയാള്‍ അമ്പൈതു. അമ്പ് അദ്ദേഹത്തിന്റെ ശരീരത്തില്‍ആഴത്തില്‍ പതിച്ചു. അദ്ദേഹത്തിന്റെ കയ്യിലെ ഒരു പ്രധാന ശരമ്പ് മുറിയുകയും രക്തം ചീററിക്കൊണ്ടേയിരിക്കുകയും ചെയ്തു. അവശനായി വീണ അദ്ദേഹത്തെ റുഫൈദയുടെ ഖൈമയിലേക്ക് മാററുവാന്‍ നബി(സ) പറഞ്ഞു. മസ്ജിദുന്നബവിയുടെ തൊട്ടായി ഒരു പ്രത്യേക ഖൈമ സ്ഥാപിച്ച് അതില്‍വെച്ച് സഅ്ദിനെ ചികിത്‌സിക്കുവാന്‍ റുഫൈദ(റ)യോട് ആവശ്യപ്പെടുകയായിരുന്നു എന്നും ചരിത്രവായനകളിലുണ്ട്. ഏതായാലും നബി(സ)ക്ക് ഇടക്കിടെ വന്ന് കാണുവാനുള്ള സൗകര്യത്തിനു വേണ്ടിയായിരുന്നു പള്ളിയുടെ തൊട്ടുള്ള ഖൈമയില്‍ അദ്ദേഹത്തെ ശുശ്രൂഷിച്ചത്. നബി(സ) ഇടക്കിടെ അദ്ദേഹത്തെ കാണുവാന്‍ വരികയും ചെയ്യുമായിരുന്നു. മദീനായില്‍ പൊതുവെ മ്ലാനത മൂടിക്കെട്ടിനിന്ന ഒരു അവസ്ഥയായിരുന്നു. എല്ലാവരും ദുഖിതരായിരുന്നു. ഔസ് വംശത്തിന്റെ നേതാവ്കൂടിയായിരുന്നു സഅ്ദ് ബിന്‍ മുആദ്(റ). ആ ചികിത്സ വല്ലാത്തൊരു വെല്ലുവിളി തന്നെയായിരുന്നു.കയ്യില്‍തറച്ച അമ്പ് വലിച്ചൂരിയെടുക്കുവാന്‍ പററാത്ത അവസ്ഥയായിരുന്നു. അതിനുമാത്രം രക്തം വാര്‍ന്നുകൊണ്ടേയിരിക്കുകയായിരുന്നു. അമ്പ് വലിച്ചെടുത്താല്‍ പെട്ടന്ന് തന്നെ മരണം സംഭവിക്കുംഎന്ന് അവര്‍ ഭയപ്പെട്ടു. അതിനാല്‍ അമ്പ് എടുക്കാതെ തന്നെ രക്തം നിയന്ത്രിച്ചു നിറുത്തുവാനുള്ള സൂത്രമായിരുന്നു റുഫൈദ(റ) നോക്കിയത്. അതിലവര്‍ ഏതാണ്ട് വിജയിക്കുകയും ചെയ്തു.

മുറിവ് അല്‍പംഉണങ്ങി. പക്ഷെ അപകടനില തരണംചെയ്തു എന്നു പറയുവാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. അതോടൊപ്പംസഅ്ദ്(റ) ജീവിതത്തിലേക്ക് വളരെ പെട്ടന്ന് മടങ്ങിവരേണ്ട മറെറാരു അത്യാവശ്യം കൂടിയുണ്ടായിരുന്നു. ഖന്തക് യുദ്ധത്തില്‍ മുസ്‌ലിംകളെ ചതിച്ച ബനൂ ഖുറൈള എന്ന ജൂതന്‍മാരുടെ കാര്യത്തില്‍ ഒരു വിധിപറയേണ്ടിയിരുന്നത് അദ്ദേഹമായിരുന്നു. അദ്ദേഹം പറയുന്ന വിധി തങ്ങള്‍ അംഗീകരിക്കാം എന്നത് ജൂതന്‍മാരും സമ്മതിച്ചുനില്‍ക്കുകയായിരുന്നു. മുറിവ് അല്‍പം കൂടിവന്നതോടെ സഅ്ദ്(റ) ബനൂ ഖുറൈളയുടെ കാര്യത്തിലുള്ള കടുത്ത വിധി പ്രസ്താവിക്കുകയുണ്ടായി. പക്ഷെ അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാന ദൗത്യമായിരുന്നു. വിധി പറഞ്ഞ് അധികംകഴിയും മുമ്പ് ശക്തമായ രക്ത സമ്മര്‍ദ്ദത്തെ അതിജീവിക്കുവാന്‍ കഴിയാതെ ഉണങ്ങിയ മുറിവ് വീണ്ടും വിണ്ടുകീറുകയും പൊട്ടുകയും രക്തം കെട്ടിവെച്ചിരുന്ന തടയണയില്‍ നിന്നെന്നപോലെ ചീററുകയും അദ്ദേഹം മരണപ്പെടുകയും ചെയ്തു. മദീന വിരഹത്തില്‍ കണ്ണുതുടച്ച ഒരു ദിനമായിരുന്നുഅത്.

റുഫൈദത്തുല്‍ അസ്‌ലമിയ്യയുടെ സേവനങ്ങള്‍ പിന്നെ കാണുന്നത് ഹിജ്‌റഏഴാംവര്‍ഷം നടന്ന ഖൈബര്‍ യുദ്ധത്തിലായിരുന്നു. അന്നും ധാരാളം പേരെ ചികത്‌സിച്ചത് അവരായിരുന്നു. യുദ്ധങ്ങളിലേക്ക് പോകുവാന്‍ അവര്‍ നബി(സ)യോട് സമ്മതം ചോദിക്കുകയായിരുന്നു പതിവ്. യുദ്ധക്കളങ്ങളില്‍ ഇവരുടെ സേവനം അനുപേക്ഷണീയമായിരുന്നതിനാല്‍ നബി(സ) അവര്‍ക്കു സമ്മതം കൊടുക്കുമായിരുന്നു. ഇതുകൊണ്ടൂതന്നെ യുദ്ധം കഴിഞ്ഞാല്‍ ഗനീമത്തില്‍ നിന്ന് അവര്‍ക്കും ഓരോഓഹരി നല്‍കാറുണ്ടായിരുന്നു. ഖൈബര്‍ യുദ്ധത്തിനു ശേഷംഒരു പുരുഷന്‍േറതിനു സമാനമായ ഗനീമത്ത്‌റുഫൈദ(റ)ക്ക് നബി(സ) നല്‍കുകയുണ്ടായി എന്ന് ചിലചരിത്രങ്ങളില്‍ കാണാം.റുഫൈദ(റ) കുറേ മുസ്‌ലിം സ്ത്രീകളെ തന്റെ അറിവുകള്‍ പകര്‍ന്നുകൊടുത്ത് പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും കൂടിചെയ്യുമായിരുന്നു. ആയിശ(റ) അടക്കം അവരില്‍പെടും എന്നാണ് ചരിത്രങ്ങള്‍ പറയുന്നത്. ആതുരശുശ്രൂഷക്കു പുറമെ മററു പല സേവനങ്ങള്‍ക്കും സദാസന്നദ്ധയായിരുന്നു റുഫൈദ(റ) എന്നാണ്ചരിത്രം. ചികിത്‌സകള്‍ക്കും മററുമെല്ലാം വേണ്ടിവരുന്ന ചിലവുകള്‍സ്വന്തം പണത്തില്‍ നിന്നും വരുമാനത്തില്‍ നിന്നുമാണ് അവര്‍കണ്ടെത്തിയിരുന്നത് എന്നതുകൂടി പറയുമ്പോഴായിരിക്കും ആ മനസ്സിനോട് നമുക്ക്എന്തൊന്നില്ലാത്ത ഒരു ബഹുമാനം തോന്നുക.

ഈ മനസ്ഥിതി പുലര്‍ത്തുവാന്‍ കഴിയുന്ന ധാരാളം വനിതകള്‍ നബിയുഗത്തില്‍ ഉണ്ടാകുമായിരുന്നു. പക്ഷെ പലപ്പോഴുംഅവര്‍ക്കുണ്ടായിരുന്ന ഒരു പ്രയാസം തങ്ങള്‍ക്ക് ഈ മേഖലയില്‍കൂടുതല്‍ ഇടപഴകേണ്ടിവരിക പരപുരുഷന്‍മാരുമായിട്ടായിരിക്കും എന്നതാണ്. അന്യ പുരുഷന്‍മാരുമായുള്ള ബന്ധങ്ങളില്‍ ഇസ്‌ലാംകര്‍ക്കശമായ ചില നിയന്ത്രണങ്ങള്‍ വെക്കുന്നുണ്ട്. ചികിത്സ തുടങ്ങിയ കാര്യങ്ങളില്‍ ഒരളവുവരെ ഇതെല്ലാം അനുവദിക്കപ്പെടുന്നുണ്ട് എങ്കിലുംവളരെ പരിശുദ്ധകളായി ഇസ്‌ലാമിന്റെ സൗരഭ്യം കണ്ടുംകേട്ടും അനുഭവിച്ചുംജീവിച്ചുവരുന്ന ആ സ്വഹാബീവനിതകളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് മാനസികമായി അത് പ്രയാസമുണ്ടാക്കുന്ന കാര്യം തന്നെയാണ്. അതിനാല്‍ആയിരിക്കണം ഈ മേഖലയില്‍ വളരെ അധികം പേരുകള്‍ കാണുന്നില്ല. എങ്കിലും വളരെ പ്രശ്തരായ സാമൂഹ്യസേവികകള്‍ പലരും നബിയുഗത്തിലുണ്ടായിട്ടുണ്ട്. നബി(സ)യോടൊപ്പം യുദ്ധത്തിനിറങ്ങുകയും ചിലപ്പോള്‍ യുദ്ധക്കളത്തില്‍ തന്നെ ഇറങ്ങുകയും ചെയ്ത നസീബ എന്ന ഉമ്മു അമ്മാറ(റ), ആതുരസേവികകളായിരുന്ന ഉമ്മു അത്വിയ്യ, റുബയ്യിഅ് ബിന്‍തു മസ്ഊദ്, ഉമ്മു സുലൈം എന്നീ നാമങ്ങള്‍ അക്കൂട്ടത്തില്‍ പെട്ടതാണ്.


RELATED ARTICLES