29 March 2020
19 Rajab 1437

ഇന്ത്യൻ സ്വാതന്ത്ര്യസമരവും മമ്പുറം തങ്ങളും

കെ.ടി അജ്മൽ പാണ്ടിക്കാട്‍‍

07 September, 2019

+ -
image

കേരളചരിത്രത്തിലെ അധികായരാണ് മമ്പുറം സയ്യിദ് അലവി തങ്ങൾ. കേരളത്തിന്റെ ആത്മീയ-രാഷ്ട്രീയ- മതസൗഹാർദ്ദ രംഗത്ത്  മഹത്തായ സംഭാവനകളർപ്പിച്ച മഹാൻ കേരളീയ മുസൽമാൻ ജീവിത ശൈലികളിൽ നവോദ്ധാനത്തിന്റെ പ്രകാശം ജ്വലിപ്പിച്ചവരാണ്. ഹളർമൗത്തിലെ തരീമിൽ നിന്നും കേരളക്കരയിൽ എത്തിയ മമ്പുറം തങ്ങളും കുടുംബവും കേരളീയ ഇസ്ലാമിന് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ് .നന്മ പറഞ്ഞ് സുകൃതങ്ങൾ കൊണ്ട് വിസ്മയം തീർത്ത് അനേകായിരങ്ങളുടെ ഹൃദയത്തിലേക്ക് ചേക്കേറിയത് കൊണ്ട് തന്നെയാണ് നൂറ്റാണ്ട് ഒന്നരപിന്നിട്ടിട്ടും മമ്പുറം മഖാം  മലയാളിയുടെ മനസ്സിലെ അജ്മീറായിത്തീർന്നത്. മലബാറിലെ തിളങ്ങുന്ന രത്നങ്ങൾക്കിടയിലെ വൈഡ്യൂര്യക്കല്ലായിരുന്നു സയ്യിദ് അലവി തങ്ങൾ. ഹൃദയം കറകളിൽ നിന്നകറ്റി ഖാദിരിയ്യത്തിന്റെയും ബാഅലവ്വിയത്തിന്റെയും ശിഖരങ്ങളിൽ നിത്യ താമസമാക്കിയപ്പോൾ  കാലം അവരെ ഖുതുബുസ്സമാൻ എന്ന് വിളിച്ചു .അതെ,മമ്പുറം തങ്ങൾ ഒരു കാലഘട്ടത്തിന്റെ ഖുതുബായിരുന്നു.  അധിനിവേശവിരുദ്ധ നായകർ ,അവകാശ സംരക്ഷണകർ, സാമൂഹിക ഉദ്ദാരകർ  എന്നതിനപ്പുറം ആത്മീയ ലോകത്തെ അത്യുന്നതിയിലായിരുന്നു മമ്പുറം തങ്ങൾ നിലകൊണ്ടിരുന്നത് .മമ്പുറം തങ്ങളുടെ ആത്മീയ ജീവിതത്തെക്കുറിച്ച് വില്യംലോഗൻ തന്റെ മലബാർ മാന്വലിൽ ഇങ്ങനെ എഴുതി: "മാപ്പിളമാർ മമ്പുറം തങ്ങൾ ദൈവികത്വം കൈവരിച്ച മഹാത്മാവാണെന്ന് വിശ്വസിക്കുന്നു. തങ്ങളുടെ പാദങ്ങളിൽ മുട്ട് കുത്തി പ്രതിജ്ഞ ചെയ്താൽ എല്ലാമായിയെന്ന് അവർ കരുതുന്നു. തങ്ങൾ നടക്കുകയും തുപ്പുകയും ചെയ്ത സ്ഥലങ്ങൾ അവർക്ക് പരിപാവന മെത്രെ!".

കേരളം കണ്ട നവോത്ഥാന നായകരായിരുന്നു മമ്പുറം തങ്ങൾ.  കേരളത്തിലെ ഇസ്ലാമിക നവോത്ഥാനങ്ങൾക്ക് ചുക്കാൻപിടിക്കുന്നതിൽ മുഖ്യപങ്കു വഹിച്ചവരുമാണവർ.തികഞ്ഞ ആത്മജ്ഞാനിയും സ്വരാജ്യ സ്നേഹിമായിരുന്ന തങ്ങൾ മതസൗഹാർദത്തിന്റെയും മാനവ ഐക്യത്തിന്റെയും സന്ദേശങ്ങളാണ് ലോകത്ത് പരത്തിയത്. ജാതിമതഭേദമന്യേ ആയിരങ്ങൾ മമ്പുറം മഖാം സന്ദർശിക്കുന്നത് ഇതിന്റെ പരസ്യമായ തെളിവാണ്. അധിനിവേശങ്ങൾക്കെതിരെ മമ്പുറം തങ്ങൾ നടത്തിയ പോരാട്ടങ്ങൾ സ്മരിക്കപ്പെടേണ്ടത് അനിവാര്യമാണ്. സമൂഹത്തിലെ അരുതായ്മകൾക്കെതിരെ സന്ധിയില്ലാ സമരം ചെയ്ത തങ്ങൾ മദ്യപാനം ചീട്ടുകളി ,കളവ്,ചൂഷണം, എന്നിവ ഇസ്ലാമിന്റെ ആത്മവീര്യം തകർക്കുമെന്ന് മനസ്സിലാക്കി അവകളെ ശക്തമായി എതിർത്തു. സാമൂഹിക നവോത്ഥാനവുമായി മുന്നോട്ടു പോയിരുന്ന മമ്പുറം തങ്ങൾ ആത്മാവ് മറന്നുള്ള മതപരിഷ്കരണങ്ങളെ പിന്താങ്ങിയിരുന്നില്ല . സാമൂഹിക ഉച്ഛനീചത്വങ്ങൾക്കെതിരെയും ജന്മി-കുടിയാൻ വ്യവസ്ഥകൾ ശക്തമായ പോരാട്ടങ്ങൾ നടത്തിയ തങ്ങൾ അധിനിവേശശക്തികളോട് യാതൊരു വിട്ടുവീഴ്ചക്കും തയ്യാറായിരുന്നില്ല. അധിനിവേശ ശക്തികൾക്കെതിരെ സൈഫുൽബത്താർ എന്ന കൃതി രചിച്ചിട്ടുണ്ട് .മമ്പുറം തങ്ങൾ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിനായി മുസ്ലിം ജനതയെ സജ്ജമാക്കിയത് തീവ്രതയുടെ തീക്കനലുകൾ ഉലയിലൂതിയായിരുന്നില്ല. മറിച്ച്, ആത്മീയതയുടെയും ആത്മത്യാഗത്തിന്റെയും നിനവുകൾ പകർന്നുകൊണ്ടായിരുന്നു. ഖുത്തുബ്സ്സമാൻ ആയിരിക്കുമ്പോഴും  ജനസേവനം മറക്കാതിരുന്ന തങ്ങളവർകൾ കേരളത്തിൽ കൊണ്ടുവന്ന വൈജ്ഞാനിക -ആത്മീയ- രാഷ്ട്രീയ വിപ്ലവങ്ങൾ നിരവധിയാണ്. സാമൂഹിക ഐക്യവും പരസ്പര സാഹോദര്യവും സ്വപ്നം കാണുകയും അതിനായി പ്രയത്നിക്കുകയും ചെയ്തമമ്പുറം തങ്ങളെ നവോത്ഥാന നായകരുടെ പട്ടികയിൽ നിന്ന് പുറത്താക്കാൻ ഒരുകൂട്ടർ ശ്രമിക്കുന്നത് തികച്ചും അനീതിയും അക്രമവുമാണ്.        

      മതസൗഹാർദ്ദത്തിന്റെ കരങ്ങൾ നീട്ടി പിടിച്ചുകൊണ്ട് മലബാറുകാരെ ഒന്നാക്കി ചേർത്തുപിടിച്ച് അധിനിവേശ ശക്തികൾക്കെതിരെ സന്ധിയില്ലാ സമരം ചെയ്ത മമ്പുറം തങ്ങൾ  സ്വാതന്ത്ര്യസമരസേനാനിയും ബ്രിട്ടീഷ് വിരുദ്ധ പോരാളിയും കൂടിയായിരുന്നു. എന്നാൽ മമ്പുറം തങ്ങൾ ഒരു ബ്രിട്ടീഷ് വിരുദ്ധ പോരാളിയായിരുന്നില്ല എന്നും ഉമർ ഖാളിയും മറ്റു മുസ്‌ലിം പണ്ഡിതന്മാരും സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയിട്ടില്ലെന്നുമുള്ള രസമുള്ള ചർച്ചകൾ ഈയിടെയായി നടന്നു കാണുന്നുണ്ട്. യഥാർത്ഥത്തിൽ മമ്പുറം തങ്ങൾ അധിനിവേശവിരുദ്ധ എതിരെ പോരാടിയിട്ടുണ്ടോ എന്ന് തെളിവുകളുടെ പശ്ചാത്തലത്തിൽ ചർച്ച ചെയ്യുകയാണ് ഈ എഴുത്തിന്റെ ഉദ്ദേശ്യം. എതിർക്കുന്നവരുടെ ന്യായങ്ങൾമമ്പുറം തങ്ങൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടില്ലെന്നും അവർ ബ്രട്ടീഷ് വിരുദ്ധരായിരുന്നില്ലായെന്നും പറയുന്നവരുടെ ന്യായങ്ങൾ താഴെ ചേർക്കുന്നു.1- മതസ്വാതന്ത്ര്യവും പൗരന്റെ മൗലികാവകാശവും വകവെച്ചു കൊടുക്കുന്ന വ്യവസ്ഥാപിതമായ ഭരണകൂടങ്ങളെ അംഗീകരിക്കണമെന്നും അവർക്കെതിരെ സായുധ വിപ്ലവത്തിന് വേണ്ടി ശ്രമിക്കേണ്ടതില്ലെന്നുമാണ് മുസ്ലിം ഉമ്മത്തിന്റെപൊതു നിലപാട് . വൈദേശിക ഭരണവും ഇടപെടലുകളും എല്ലാം തീർത്തും തെറ്റാണെന്നും തദ്ദേശീയർക്കു മാത്രമേ ഏതൊരു രാജ്യവും ഭരിക്കാവൂ എന്നുള്ള ആധുനിക സങ്കുചിത ദേശീയവാദം ഇസ്ലാമിനെ പോലുള്ള സാർവലൗകികമായ മതത്തിനു പൂർണ്ണാർത്ഥത്തിൽ അംഗീകരിക്കാനാവില്ല . സർവ്വസമ്പന്നവും സർവ്വ  സജ്ജവുമായ ഒരു ഭരണകൂടത്തിനെതിരെ രാഷ്ട്രീയ കാരണങ്ങളും കാർഷിക പ്രശ്നങ്ങളും നിരത്തി സായുധ സമരം നടത്തുന്നത് തെറ്റാണെന്ന് പണ്ഡിതന്മാർ പറയുന്നത്. അതിനാൽ മമ്പുറം തങ്ങളടക്കമുള്ള ഉലമാക്കൾ ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടമോ സായുധ സമരരം ചെയ്യാൻ കൽപിക്കുകയോ ചെയ്തിട്ടില്ല.       2 - മമ്പുറം തങ്ങളുടെ ബ്രട്ടീഷ് വിരുദ്ധ കൃതിയായി അറിയപ്പെടുന്ന  സൈഫുൽ ബത്താർ മമ്പുറം തങ്ങളുടെ കൃതിയല്ല . അത് സുൽത്താൻ അബ്ദുൽ മജീദിനെ റഷ്യൻ സേനക്കെതിരെ സഹായിക്കാനായി ആയി സയ്യിദ് അബ്ദുല്ലാഹി ബിൻ അബദിൽബാരി അൽ അഹ്ദൽ രചിച്ചതാണ് പ്രസ്തുത ഗ്രന്ഥം.ഗ്രന്ഥകർത്താവിന്റെ പേര് വ്യക്തമായി തന്നെ അതിന്റെ തുടക്കത്തിൽ പറയുന്നുണ്ട്. മലബാറിനെ കുറിച്ചോ ബ്രിട്ടീഷുകാരെ കുറിച്ചോ യാതൊന്നും ഈ കൃതിയിൽ പറയുന്നില്ല. ഈജിപ്തിൽ നിന്നും ഇസ്താംബൂളിൽ നിന്നും ആണ് ഇത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് എന്നിട്ടും പ്രസ്തുത കൃതിയെ മമ്പുറം തങ്ങളുടെ മേൽ വെച്ചുകെട്ടുകയാണ് നമ്മുടെ ചരിത്രകാരന്മാർ. 

     3- ഉദ്ദത്തുൽ ഉമറാ എന്ന സമര കൃതി മലബാറിലെ മാപ്പിളമാരെ ബ്രിട്ടീഷുകാർക്കെതിരെ തിരിച്ചുവിടാൻ സയ്യിദ് ഫ്ളൽ ക്രോഡീകരിച്ചതാണെന്നവാദം തെറ്റാണ്.കാരണം ഫളൽ തങ്ങൾ നാടുകടത്തപ്പെട്ടതിനു ശേഷമാണ് പ്രസ്തുത കൃതി രചിച്ചത്.

 മറുപടികൾ മഹാനായ മമ്പുറം തങ്ങൾ സ്വാതന്ത്ര്യസമരസേനാനിയോ ബ്രിട്ടീഷ് വിരുദ്ധ പോരാളിയോ  അല്ലായിരുന്നു എന്ന ചിലരുടെ വാദങ്ങളും അവരുടെ ന്യായങ്ങളും ആണ് നാം മുകളിൽ വായിച്ചത് . എന്നാൽ ,ഈ വാദങ്ങളെല്ലാം തീർത്തും അടിസ്ഥാനരഹിതമാണെന്ന് ചരിത്രം പരിശോധിക്കുന്ന ഏതൊരാൾക്കും കൃത്യമായി ബോധ്യപ്പെടും.         മൗലികാവകാശത്തിനും മതസ്വാതന്ത്ര്യവും വകവെച്ചു  കൊടുക്കുന്ന ഭരണകൂടത്തെ എതിർക്കാൻ പാടില്ല എന്നത് മുസ്‌ലിം സമൂഹത്തിലെ പൊതു തത്വം തന്നെയാണ്. അതിനാൽ തന്നെ, ഇസ്ലാമികമായി ചിന്തിക്കുമ്പോൾ  ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടം മൗലികാവകാശവും മതസ്വാതന്ത്ര്യവും നൽകുന്ന ഭരണകൂടത്തിനെതിരെയുള്ള പോരാട്ടം ആണെന്നും അത് ഇസ്ലാമികമായി തെറ്റാണെന്നും അതിനാൽ ഒരു മത പണ്ഡിതനും സൂഫിവര്യനുമായ മമ്പുറം തങ്ങൾ ഇസ്ലാമികമായി തെറ്റായ ഒരു പോരാട്ടത്തിന് നേതൃത്വം നൽകുകയോ അനുമതി നൽകുകയോ ചെയ്യില്ലെന്നുമാണ് മമ്പുറം തങ്ങൾ ബ്രിട്ടീഷ് വിരുദ്ധ പോരാളിയായിരുന്നില്ല  എന്ന് വാദിക്കുന്നവരുടെ ഒന്നാമത്തെ ന്യായം. 

     എന്നാൽ ,ഏതൊരു പൗരന്റെയും അവകാശങ്ങൾ ധ്വംസിക്കുന്ന വിധത്തിലായിരുന്നു ഇന്ത്യയിലെ ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഭരണമെന്ന് ചരിത്രം പഠിച്ചവർക്ക് അറിയാം. മാത്രമല്ല ,ബ്രിട്ടീഷുകാർ മുസ്ലിംകളോട് വ്യക്തമായ വൈരാഗ്യം വെച്ച് പുലർത്തിയവർ കൂടിയായിരുന്നു. ഇസ്ലാമിന്റെ അടയാളങ്ങളെയും മറ്റും ഇല്ലായ്മ ചെയ്യാൻ അവർ കഴിവതും ശ്രമിച്ചിട്ടുണ്ട്.

മമ്പുറം തങ്ങന്മാർ മുഴുസമയ ബ്രിട്ടീഷ് വിരുദ്ധരായിരുന്നില്ലെങ്കിലും (അങ്ങനെയാവാൻ ഒരു മുസ്ലിമിന് കഴിയില്ല) അന്ധമായ മുസ്ലിം വിരോധവും മൗലികാവകാശധ്വംസനവും വെച്ചു പുലർത്തിയപ്പോൾ അവർക്കെതിരിൽ ശക്തമായി പോരാടിയിട്ടുണ്ട് .

      ജനജീവിതം ദുസ്സഹമാക്കുന്ന രീതിയിലുള്ള ബ്രിട്ടീഷുകാരുടെ നികുതി സമ്പ്രദായം സ്വാഭാവികമായും പൊതുജനത്തെ തളർത്തി എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. 

        മലബാറിൽ ഉപ്പ് ,പുകയില തുടങ്ങിയ വ്യാപാരങ്ങൾ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന ലക്ഷക്കണക്കിനാളുകൾ ഉണ്ടായിരുന്നു .1973 ലും 1800 ലേയും വിവിധ പ്രഖ്യാപനങ്ങളിലൂടെ ഇവയുടെയെല്ലാം കുത്തക ഈസ്റ്റിന്ത്യാ കമ്പനി ഏറ്റെടുത്തപ്പോൾ നിരവധിപേർ തൊഴിൽരഹിതരായി.അപ്രകാരം തന്നെ  അവരുടെ ജീവിതം വഴിമുട്ടുകയും  കുത്തക ഈസ്റ്റിന്ത്യാകമ്പനിയുടെ കയ്യിലായി തീർന്നപ്പോൾ  മറ്റാർക്കും ഇവ ഉൽപ്പാദിപ്പിക്കാനോ കയറ്റുമതി ചെയ്യാനോ ഇറക്കുമതി ചെയ്യാനോ ഉള്ള അവകാശം ഇല്ലാതായി. മാത്രമല്ല,കമ്പനി തോന്നിയതുപോലെ വില അടിക്കടി വർധിപ്പിക്കുകയും അതുവഴി ഉപ്പു പോലെയുള്ള നിത്യോപയോഗ സാധനങ്ങൾ സാധാരണക്കാർക്ക് അപ്രാപ്യമായി തീരുകയും ചെയ്തുവെന്നതാണ് ചരിത്രം. ബ്രിട്ടീഷുകാരുടെ ദുർഭരണം മുഖേന ഇന്ത്യയിലെ പൗരന്മാരുടെ തൊഴിൽ നഷ്ടപ്പെട്ടു എന്നതാണ് മുകളിൽ സൂചിപ്പിച്ചത് .ഇത്തരത്തിലുള്ള വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കുക വഴി മൗലികാവകാശ ലംഘനമാണ് നടന്നത് എന്ന് വളരെ വ്യക്തമാണ്. ബ്രിട്ടീഷുകാരുടെ അരുതായ്മകൾ നിറഞ്ഞ ദുർഭരണത്തിൽ ദുരിതങ്ങളുടെ മഹാ പ്രളയത്തിൽ മുങ്ങി താഴുകയായിരുന്നു മലബാറിലെ പൊതു ജന സമൂഹം .ഭൂനികുതിയുടെ ഭാരത്താൽ സ്വന്തം വീട് നഷ്ടമായവരും നിത്യോപയോഗ വസ്തുക്കളുടെ വില ക്രമാതീതമായി വർദ്ധിച്ചതും മൗലികാവകാശ ലംഘനമല്ലാതെ മറ്റെന്താണ് ? അപ്പോൾ ബ്രിട്ടീഷ് ഭരണത്തിൽ മൗലികാവകാശ ലംഘനം നടന്നിട്ടുണ്ടെന്നത് വ്യക്തമാണ്.ഇങ്ങനെ മൗലികാവകാശങ്ങൾ നേടിയെടുക്കാൻ ശക്തമായ തടസ്സങ്ങൾ ഉണ്ടാകുമ്പോൾ പോരാട്ടം ഇസ്ലാമികമായി അനുവദനീയമാണ്. അതുകൊണ്ടുതന്നെ കൃത്യമായും വ്യക്തമായും മമ്പുറം തങ്ങന്മാർ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വംനൽകുകയും അവർക്കെതിരെ പോരാടാൻ കല്പിക്കുകയും ചെയ്തു എന്നതാണ്ശരി . പരാതികൾക്ക് ചെവികൊടുക്കാത്ത ഗവൺമെന്റും  പക്ഷപാതപരമായ കോടതിയും  നിലനിൽക്കുന്ന കാലത്തോളം മൗലികാവകാശ ലംഘനം നടക്കുമെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ബ്രിട്ടീഷുകാർക്കെതിരിൽ മാപ്പിളമാർ പോരാട്ടത്തിന് ഇറങ്ങിയത്. വൈദേശികാധിപത്യം അടിസ്ഥാനപരമായി ഇസ്ലാമിന്റെ രാഷ്ട്രീയ വീക്ഷണങ്ങൾക്കെതിരല്ലെങ്കിലും  പ്രജകളോട് അക്രമം കാണിക്കുകയും തദ്ദേശീയരെ ദുരിത കടലിൽ ആക്കിത്തീർത്ത്  ഇവിടുത്തെ വിഭവങ്ങളും ഉൽപ്പന്നങ്ങളും കൊള്ളയടിച്ച് സ്വന്തം നാട്ടിലേക്ക് കടത്തുകയും ജനങ്ങളെ അവരുടെ അടിമകളാക്കുകയും പരസ്പരം  ഭിന്നിപ്പിച്ച് സൗഹാർദ്ദപരമായ അന്തരീക്ഷം തകർക്കുകയും ചെയ്യുന്ന ഭരണകൂട വ്യവസ്ഥയെ എതിർക്കേണ്ടത് ശക്തിയും ചങ്കൂറ്റവും ഉള്ള ഏതൊരു വിശ്വാസിയുടെയും ബാധ്യതയാണെന്നും മനസ്സിലാക്കി ആക്കി മമ്പുറം തങ്ങൾ സ്വാതന്ത്ര്യ സമര പോരാട്ടത്തിന് ഇറങ്ങിയിട്ടുണ്ട് എന്നാണ് ചരിത്രം വ്യക്തമാകുന്നത്. മാത്രമല്ല , വൈദേശികാധിപത്യം പോലെ തന്നെ  ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ക്രിസ്തീയ പ്രബോധന പ്രചാരണ പ്രവർത്തനങ്ങളും നാടിൻറെ വിവിധ ഭാഗങ്ങളിൽ ക്രിസ്തീയ പുരോഹിതന്മാരുടെ നേതൃത്വത്തിൽ നടന്നിരുന്ന മതപരിവർത്തനങ്ങൾ ഭരണകൂടത്തിന് അറിവോടെയും സഹായത്തോടെ നടന്നപ്പോൾ അതിനെതിരെയും ശബ്ദിക്കേണ്ടത് ഒരു വിശ്വാസിയുടെ ബാധ്യതയായി കണ്ടുകൊണ്ടാണ് മമ്പുറം തങ്ങൾ പോരാട്ടത്തിനിറങ്ങിയ എന്ന് ചരിത്രം പറയുന്നുണ്ട് .ഭരിക്കുന്നത് ആരായാലും സമൂഹത്തിന് അർഹമായ അവകാശങ്ങൾ നിഷേധിക്കുകയോ അവരെ അനാവശ്യമായി പീഡിപ്പിക്കുകയോ ചെയ്യുമ്പോൾ ഏതൊരു നേതാവും സമര പാതയിലേക്ക് ഇറങ്ങുക സ്വാഭാവികവുമാണ് . അത് തന്നെയാണ് മമ്പുറം തങ്ങൾ ചെയ്തതും. തദ്ദേശീയരെ ആക്രമിച്ചും വിഭവങ്ങൾ കടത്തുകയും ക്രിസ്തുമതത്തിന്റെ പ്രചാരണപ്രവർത്തനങ്ങൾ ഭരണകൂടത്തിനു കീഴിൽ തന്നെ നടക്കുകയും ചെയ്യുമ്പോൾ അവർക്കെതിരിൽ പോരാടുന്നതിൽ എന്താണ് തെറ്റ് എന്ന് വിമർഷകർ വ്യക്തമാക്കേണ്ടിയിരിക്കുന്നു.

 ചുരുക്കത്തിൽ , മമ്പുറം തങ്ങൾ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൽ ഇറങ്ങിയിട്ടില്ല എന്ന വാദം തീർത്തും തെറ്റാണ്. കാരണം, ഇസ്ലാമിക കർമ്മശാസ്ത്രനിയമപ്രകാരംവ്യക്തമായ ഒരു പോരാട്ടത്തിനുള്ള സാധ്യത കൾ ബ്രിട്ടീഷുകാർക്കെതിരിലുണ്ടായിരുന്നു. ഭരണകൂടത്തിന്റെ കീഴിലുള്ള ക്രിസ്തുമത പ്രചാരണങ്ങളും നിരന്തര അക്രമ-പീഢനങ്ങളും അമിത നികുതിയുമെല്ലാം അതിന്റെ കാരണങ്ങളിൽ ചിലതാണ്.

  ഒരു മതപണ്ഡിതന് ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന് ആഹ്വാനം നൽകാൻ കഴിയില്ലെന്നും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നൽകാൻ കഴിയില്ലെന്നുമുഉള്ള വാദങ്ങൾ കേരളീയ മുസ്ലിംപണ്ഡിതന്മാരുടെ ചരിത്രം പരിശോധിച്ചാൽ തീർച്ചയായും തകർന്നുപോകും. ആലി മുസ്ലിയാരെ പോലെയും പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ പോലെയുമുള്ള പണ്ഡിതന്മാർ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ചരിത്രം ഏവർക്കും അറിയാവുന്നതാണല്ലോ. ബ്രിട്ടീഷ് അധിനിവേശർക്കെതിരിൽ പോരാടിയത് കൊണ്ടല്ലേ ആലി മുസ്ലിയാരെ 1922 ഫെബ്രുവരി 17ന് കോയമ്പത്തൂർ ജയിലിൽ വെച്ച് തൂക്കിലേറ്റിയത്. ആലിമുസ്ലിയാർ ഇസ്ലാമിക നിയമം മനസ്സിലാക്കിയ പണ്ഡിതനായിരുന്നുവല്ലോ ? വിമർശിക്കുന്നവർക്കെന്ത് പറയാനുണ്ട്. അവർ പോരാട്ടത്തിനിറങ്ങിയ ഇസ്ലാമികമായ നിയമ സാധുത ഉണ്ടായതുകൊണ്ടാണെന്ന് ചിന്തിക്കുന്നവർക്ക് മനസ്സിലാകും.

   ഈസ്റ്റിന്ത്യാ കമ്പനിയുടെ കോടതിക്കു പകരം ഖിലാഫ കോടതി സ്ഥാപിച്ച കൊന്നാര് മുഹമ്മദ് തങ്ങളും തൃക്കളയൂർ സംഘട്ടനത്തിന് ആവേശം പകർന്നു എന്ന് പറഞ്ഞു 1882 ൽ ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്ത പാണക്കാട് സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങളും ഇസ്ലാമിക നിയമങ്ങൾ അറിയാത്തവരായിരുന്നുവെന്ന് മമ്പുറം തങ്ങളുടെ അധിനിവേശ പോരാട്ടങ്ങളെ എതിർക്കുന്നവർ പറയുമോ ? ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ ഇസ്ലാമികമായി യാതൊരുവിധ തെറ്റോ കുറ്റമോ നിയമലംഘനമോ ഉണ്ടായിരുന്നില്ല എന്നും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് മമ്പുറം തങ്ങൾ നേതൃത്വം നൽകിയിരുന്നുവെന്നും കൃത്യമായ ചരിത്രം പരിശോധിക്കുന്ന ഏതൊരാൾക്കും ബോധ്യപ്പെടുന്നതാണ്. ബ്രിട്ടീഷ് വിരുദ്ധത അവരുടെ സാമ്രാജത്വ ഭരണത്തിൽ നിന്ന് ഉടലെടുത്തതല്ല.മറിച്ച്, മൗലികാവകാശധ്വംസനവും മതചിഹ്നങ്ങളെ അടിച്ചമർത്തുകയും ചെയ്തപ്പോഴുണ്ടായിരുന്ന ബ്രിട്ടീഷ് വിരുദ്ധയായിരുന്നു അവർക്കുണ്ടായിരുന്നത് എന്ന് പ്രത്യേകം മനസ്സിലാക്കുമെന്ന് പ്രത്യാശിക്കുന്നു.

 സൈഫുൽബത്താറും ഉദ്ദത്തുൽ ഉമറാഉം

മമ്പുറം തങ്ങൾ നൽകിയ ബ്രിട്ടീഷ് വിരുദ്ധ ഫത് വകൾ കൂട്ടിച്ചേർത്തുണ്ടാക്കിയ ഗ്രന്ഥമാണ് സൈഫുൽ ബത്താർ. എന്നാൽ മമ്പുറം തങ്ങൾ ബ്രിട്ടീഷ് വിരുദ്ധരായിരുന്നില്ല എന്ന് സ്ഥാപിക്കാനായി വിമർഷകർ രണ്ടാമതായി  ഉന്നയിക്കുന്നത് സൈഫുൽ ബത്താർ മമ്പുറം തങ്ങളുടെ കൃതി അല്ലെന്നാണ് .  മമ്പുറം തങ്ങളുടെ കൃതിയല്ല അതെന്ന്  വരുത്തി തീർക്കാനായി മമ്പുറം തങ്ങളുടെ സ്വാതന്ത്രസമര പോരാട്ടങ്ങളെ എതിർക്കുന്നവർ ശ്രമിക്കുന്നുണ്ട്. സുൽത്താൻ അബ്ദുൽ മജീദിനെ റഷ്യൻ സേനക്കെതിരിൽ സഹായിക്കാനായി സയ്യിദ് അബ്ദുല്ല അബ്ദുൽ ബാരി ആണ് ആ ഗ്രന്ഥം രചിച്ചത് എന്ന് അവർ വാദിക്കുന്നു. കൃതിയുടെ തുടക്കത്തിൽ അല്ലഫഹാ അസ്സയ്യിദ് അബ്ദുല്ലാഹിബിൻ അബ്ദുൽബാരി എന്ന പ്രയോഗം ഈ വാദത്തിനു ശക്തി പകരുന്നുണ്ടെങ്കിലും അല്ലഫ എന്ന അറബി പദത്തിന് രചിച്ചു എന്ന് ഭാഷാന്തരം നൽകിയതുകൊണ്ടാണ് പ്രശ്നം സംഭവിക്കുന്നതെന്ന് വിമർഷകർ മനസ്സിലാക്കുമെന്ന് പ്രത്യാശിക്കുന്നു.

 എന്നാൽ ,അല്ലഫ എന്ന പദത്തിന് സമാഹരിച്ചു ക്രോഡീകരിച്ചു കോർവയാക്കി എന്നൊക്കെയാണ് നൂറ്റാണ്ടുകളായി അറബി അറിയുന്ന പണ്ഡിതന്മാർ അർത്ഥം വെച്ചിട്ടുള്ളതെന്ന് വിമർഷകർ മനസ്സിലാക്കണം. സുപ്രസിദ്ധമായ

അറബി നിഘണ്ടു ലിസാനുൽ  അറബും ആധുനിക അറബി മലയാളനിഘണ്ടുവായ അൽ മജ്മഉൽ വാഫിയും പറയുന്ന അർഥവും ഇതുതന്നെ.  അതായത് മമ്പുറം തങ്ങൾ പറഞ്ഞു കൊടുത്ത ഫത്‌വകൾ ക്രോഡീകരിക്കുകയും സമാഹരിക്കുകയും ചെയ്യുകയാണ്  തങ്ങളുടെ സമകാലികരും അഗ്രകണ്യപണ്ഡിതശ്രേഷ്ഠരുമായ അബ്ദുല്ലാഹിൽ അബ്ദുൽ ബാരി ചെയ്തത്.1841 ലെ മുട്ടിച്ചിറ കലാപത്തെ തുടർന്നാണ് മമ്പുറം തങ്ങളുടെ സൈഫുൽ ബത്താർ ഗ്രന്ഥത്തിന്റെ ഉത്ഭവം.എട്ടു ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഈ കൃതിയിലെ ഉള്ളടക്കം.

എട്ടു ചോദ്യങ്ങളുടെയും ചോദ്യകർത്താവ് അബ്ദുല്ലാഹിൽ അബ്ദുൽ ബാരി എന്നവരാണ്.ഈ കൃതിയിൽ മുസ്ലിങ്ങൾ ഇസ്ലാം എന്നീ വാക്കുകൾക്ക് വിപരീതമായി  നസ്രാണി (ക്രിസ്ത്യാനി) എന്ന പദമാണ് ഉപയോഗിക്കുന്നത്. ഭരണകൂടത്തെ കുറിച്ച് പറയുമ്പോൾ മാത്രമാണ് ഈ പദം ഉപയോഗിക്കുന്നത്. ബ്രിട്ടീഷുകാരെയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത് എന്ന് വളരെയധികം വ്യക്തവുമാണ് .

ഇസ്താബൂളിൽ നിന്നും ഈജിപ്തിൽ നിന്നുമാണ് അച്ചടിക്കപ്പെട്ടിട്ടുള്ളത് എന്നതിനാൽ അത് മമ്പുറം തങ്ങളുടെ തല്ലായെന്നും വിമർഷകർ ഉന്നയിക്കുന്നുണ്ട്. എന്നാൽ, തങ്ങൾക്കെതിരിൽ മാപ്പിള സമൂഹത്തെ തിരിച്ചുവിടാൻ ഈ കൃതി വഴി സാധിക്കുമെന്ന് മനസ്സിലാക്കി സൈഫുൽബത്താർ വിതരണം ചെയ്യുന്നതും സൂക്ഷിക്കുന്നതും ബ്രിട്ടീഷുകാർ ആ ഗ്രന്ഥം വിരോധിക്കുകയും പല വീടുകളിലും കയറി ആ ഗ്രന്ഥം നശിക്കുകയും ചെയ്തതോടെയാണ് അത് ഈജിപ്തിൽ നിന്ന് പുന:പ്രസിദ്ധീകരിക്കപ്പെട്ടത്.അത് മലബാറിൽ രചിക്കപ്പെട്ട കൃതി തന്നെയാണ്. അതുകൊണ്ടെല്ലാം തന്നെ സൈഫുൽ ബത്താർ മമ്പുറം തങ്ങളുടെ ഗ്രന്ഥമല്ല എന്ന് പറയുന്നവരുടെ വാദം തീർത്തും തെറ്റാണ്.

     മൂന്നാമതായി വിമർഷകർ വാദിക്കുന്നത് ഉദ്ദത്തുൽ ഉമറാ എന്ന സയ്യിദ് ഫസൽ പൂക്കോയ തങ്ങളുടെ കൃതി ബ്രിട്ടീഷ് വിരുദ്ധ കൃതിയല്ല എന്നും അത് ഉസ്മാനിയ ഖിലാഫത്തിനെ സഹായിക്കാനായി നാടുവിട്ട് പോയ ശേഷം സയ്യിദ് ഫള്ൽ രചിച്ചതാണെന്നാണുമാണ്. മലബാറിനെയും ഇവിടുത്തെ ബ്രിട്ടീഷ് ഭരണത്തെയും പരാമർശിക്കുന്ന യാതൊന്നും ആഗ്രന്ഥത്തിൽ ഇല്ലെന്നും ഉസ്മാനിയ ഖലീഫ പിന്തുണക്കാൻ മുസ്‌ലിം ലോകത്തോട് ആഹ്വാനം ചെയ്യുന്നതാണ് ആ ഗ്രന്ഥത്തിന്റെ പ്രമേയമെന്നും മമ്പുറം തങ്ങന്മാരുടെ സ്വാതന്ത്രസമരത്തെ നിഷേധിക്കുന്നവർ വാദിക്കുന്നു. ഹിജ്റ 1273 (1856 )റജബ് മാസത്തിൽ ഈജിപ്തിൽ നിന്നാണ് ഈ കൃതി ആദ്യമായി പ്രസിദ്ധീകൃതമായത് എന്ന് മുൻനിർത്തി സയ്യിദ് ഫള്ൽ  നാടുകടത്തപ്പെട്ടതിനു ശേഷമാണ് ഈ ഗ്രന്ഥം രചിച്ചത് എന്നും അക്കൂട്ടർ വാദിക്കുന്നു.  

          എന്നാൽ 1851 ൽ അന്നത്തെ മലബാർ ജില്ലാ കലക്ടർ എച്ച്.വി കെണോലി ഉദ്ദത്തുൽ ഉമറാഇനെ നിരോധിച്ച് വിജ്ഞാപനമിറക്കിയിരുന്നു.(മാപ്പിള മലബാർ, ഡോ ഹുസൈൻ രണ്ടത്താണി: 68) അതിനാൽ 1849- 50 കാലഘട്ടത്തിലായിരിക്കും ഉദ്ദത്ത് രചിച്ചത്.

1851 ൽ നിരോധിച്ച ഒരു കൃതി 1856 രചിച്ചടുക്കുന്നത് എങ്ങനെയാണ്.പരസ്പര വിരുദ്ധമായ വാദങ്ങളാണിത്.

1849 - 50കളിൽ വിരചിതമായ ഗ്രന്ഥം മലബാറിൽ നിരോധിച്ചതിന് ശേഷം നാടുകടത്തപ്പെട്ട ഗ്രന്ഥകർത്താവ് 1856 ൽ ഈജിപ്തിൽ വെച്ച് പ്രസ്തുത ഗ്രന്ഥം പുനർ പ്രസിദ്ധീകരിച്ചു എന്നതാണ് വസ്തുത.  കല്ലച്ചിലുള്ള പ്രസിദ്ധീകരണമാണ് 1856 ൽ നടന്നത് .അതിനുമുമ്പ് കൈകൊണ്ട് പകർത്തിയെഴുതി കോപ്പികളുണ്ടാക്കുകയായിരുന്നു.

1852 ന്ശേഷമാണ് ഗ്രന്ഥം രചിക്കപ്പെട്ടത് എന്ന് വാദിക്കുന്നവരും കൃതിയുടെ അവസാന ഭാഗം

മലബാറിൽ രചിച്ചതാണ് എന്ന് സമ്മതിക്കുന്നുണ്ട്. 168 പേജുള്ള ഉദ്ദത്തിന്റെ 78 പേജും ഈ അധ്യായമാണ്.

ചുരുക്കത്തിൽ, ഉദ്ദത്തുൽ ഉമറാഇന്റെ രചന ബ്രിട്ടീഷുകാരോടുള്ള വിരോധത്തിന്റെ മേലിൽ തന്നെയാണെന്നാണ് വസ്തുത.

പക്ഷെ , ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കുന്നു എന്നത് കൊണ്ടല്ല മമ്പുറം തങ്ങന്മാരും മറ്റു മുസ്ലിം പണ്ഡിതമാരും അവർക്കെതിരിൽ പോരാടിയത് എന്നും മൗലികാവകാശധ്വംസനവും മതസ്വാതന്ത്രത്തെ തടഞ്ഞ് വെക്കുകയും ചെയ്തപ്പോയാണെന്ന് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് അവർ രംഗത്തിറങ്ങിയത് എന്നും ഇവിടെ പ്രത്യേകം മനസ്സിലാക്കേണ്ട  കാര്യമാണ്. 


RELATED ARTICLES