20 June 2019
19 Rajab 1437

ശൈഖ് അബ്ദുൽഖാദിർ ഈസാ (ഖ. സി).

അബ്ദുല്‍ ജലീല്‍ഹുദവി ബാലയില്‍‍‍

06 February, 2019

+ -
image

തസ്വവ്വുഫിന്‍റെ യാഥാര്ത്ഥ്യങ്ങൾ തിരിച്ചറിയുകയും അവ മാലോകർക്ക് പകർന്നു നല്കുകയും ചെയ്ത വലിയ ആത്മജ്ഞാനിയും തർബിയതിന്‍റെ ശൈഖുമായിരുന്നു ശൈഖ് അബ്ദുൽഖാദിർ ഈസാ (ഖ. സി). നഖ്‍ശബന്ദീ ത്വരീഖത്തിലൂടെ ആത്മസംസ്കരണ പാതയിലേക്ക് കടന്നുവരികയും പിന്നീട് ഖാദിരീ സരണിയിലെ സംസ്കർത്താവായി ദീനിനെ സേവിക്കുകയും അവസാനം ശാദുലീ ഥരീഖത്തിന്‍റെ പ്രചാരകനും ആ പാതയിലൂടെ ആത്മീയ ലോകത്തേക്ക് മാർഗദർശം നല്കും വിധം ഔന്നത്യത്തിലെത്തിയ മഹാ മനീഷിയാണ് ബഹുമാനപ്പെട്ട ശൈഖ് അബ്ദുല്ഖാതദിർ ഈസാ (ഖ. സി).ആദ്യം ഹലബിലും പിന്നീട് ജോർഡാനിലും ശേഷം തുർക്കിയിലുമുണ്ടായിരുന്ന തന്‍റെ ആത്മീയ വിജ്ഞാന കേന്ദ്രത്തിലിരുന്ന് ഏതാണ്ട് എല്ലാ അറബ് മുസ്ലിം ലോകത്തും അവരുടെ ആത്മജ്ഞാന തൃഷ്ണക്ക് ശമനം നല്കു‍കയും അധ്യാത്മികമായി സംസ്കരിച്ച് അല്ലാഹുവിന്‍റെ മഅ്‍രിഫത്തിലേക്ക് അവരെ ആനയിക്കുകയും ചെയ്തവരാണ് ഈ മഹാന്‍.ബഹുമാനപ്പെട്ട അത്തിപ്പറ്റ ഉസ്താദടക്കം കേരളത്തില്‍ നിന്നുള്ള പല പ്രമുഖരും അദ്ദേഹത്തിന്‍റെ ശിഷ്യത്വം നേരിട്ട് നേടിയവരാണ്. അവരിലൂടെ കേരള മുസ്ലിംകളിൽ വലിയൊരു വിഭാഗം ഈ ജ്ഞാന സാഗരത്തില്‍ ആത്മ ദാഹത്തിനു ശമനം കണ്ടെത്തിയവരാണ്.ഹി. 1338 നു (ക്രി. 1920) സിറിയയിലെ ഹലബില്‍ സാധാരണക്കാരായ എന്നാല്‍ സാത്വികരായ മാതാപിതാക്കൾക്ക് ഭൂജാതനായി. നബി(സ) യുടെ പേരക്കുട്ടി ഹുസൈന്‍ (റ) വിലേക്ക് ചെന്നത്തുന്ന വംശാവലിയാണവരുടേത്. ഗൌസുല്‍ അഅ്ദം അബ്ദുല്‍ ഖാദിർ ജീലാനി (ഖ. സി.) സ്വപ്നത്തിലൂടെ അവരുടെ മാതാവിനു നിർദ്ദേശം നല്കിയതനുസരിച്ചാണ് ഈ പേര് നല്കപ്പെട്ടത്. ശൈഖിന്‍റെ പിതാവ് അബ്ദുല്ലാഹ് എന്നവർക്ക് കസ്റ്റംസിലായിരുന്നു ജോലി. ശൈഖിന്‍റെ പിതാമഹന്‍ ഖാസിം എന്നവരുടെ പിതാവാണ് മുഹമ്മദ് ഈസാ. മുഴുവന്‍ പേര് – അബുൽ ഖൈർ അബ്ദുൽ ഖാദിർ ബ്നു അബ്ദില്ലാഹ് ബ്നി ഖാസിം ബ്നി മുഹമ്മദ് ഈസാ അൽഅസീസി അൽഹലബി.ചെറുപ്പത്തിലേ ദീനീ അന്തരീക്ഷത്തിൽ ജീവിക്കാനുള്ള സാഹചര്യം പിതാവ് ഒരുക്കിയിരുന്നു. പിതാവ് അദ്ദേഹത്തിനു പിറകിൽ സാഹതു ഹംദ് എന്ന പള്ളിയിൽ നിസ്കരിച്ചിരുന്നു. അത്രമാത്രം പുത്രനെ കുറിച്ച് പിതാവിന് മതിപ്പായിരുന്നു.സയ്യിദ് അഹ്മദ് എന്ന ഒരു സഹോദരനും ഏതാനും സഹോദരിമാരും അവർക്കുണ്ട്. ഹി. 1363 (ക്രി. 1944)ൽ ഉമ്മുൽ ഖൈറിനെ വിവാഹം ചെയ്തു. അവരിൽ രണ്ടു കുട്ടികൾ ജനിച്ചു. അവരുടെ മുതുകിൽ ഒരു ശസ്ത്രക്രിയ ചെയ്യേണ്ടി വന്നതിനാൽ പിന്നീട് പ്രസവിക്കാനായില്ല. ഇവർ മദീനയിൽ വഫാതായി. അവരുടെ ഖബ്ർ ജന്നത്തുൽ ബഖീഇലാകുന്നു. ഹി. 1374 (ക്രി. 1955)ൽ ഉമ്മു അലാഇനെ വിവാഹം ചെയ്തു. ധാരാളം പുത്രന്മാർ ശൈഖിന് ഇവരിലൂടെ ജനിക്കുകയുണ്ടായി. അവരിൽ അഞ്ചു പേർ മാത്രമാണ് ജീവിച്ചത്. ഏതാനും പെൺകുട്ടികളും ജനിച്ചിരുന്നു. അമ്മാനിൽ ഇവർ വഫാതായി. വഫാതാകുമ്പോൾ കുട്ടികൾ ചെറിയവരായിരുന്നു. അങ്ങനെ ശൈഖ് മൂന്നാമത്തെ വിവാഹത്തിനു നിർബന്ധിതനായി. ഉമ്മുൽ ഫദ്‍ലായിരുന്നു ഈ ഭാര്യയുടെ പേര്. ഇവരിൽ രണ്ടു കുട്ടികൾ ജനിച്ചു.ചെറുപ്പകാലത്ത് സ്പോർട്സിലും അത്തരം പ്രവർത്തനങ്ങളിലുമായിരുന്നു ഏറെ താൽപര്യം. ഏറ്റവും നല്ല വസ്ത്രങ്ങൾ ധരിക്കുകയും വിലപിടിപ്പുള്ള സുഗന്ധങ്ങൾ ഉപയോഗിക്കുകയും ചെയ്യുമായിരുന്നു. പിന്നീട് അല്ലാഹുവിലേക്ക് തന്റെി ജീവിതം തിരിച്ചുവെച്ചു. കളി തമാശകൾ പാടെ ഉപേക്ഷിച്ചു. സൌന്ദര്യങ്ങളും സുഗന്ധങ്ങളും മാറ്റിവെച്ചു. തല മുണ്ഡനം ചെയ്തു. തുന്നികൂട്ടിയ വസ്ത്രങ്ങൾ ധരിച്ചു. ഇബാദതത്തുകളോടും ഇൽമ് ആർജ്ജിക്കുന്നതിനോടും ആത്മീയ സംസ്കരണത്തോടും ദിവ്യചിന്തയോടും വ്രതം, നിസ്കാരം എന്നിവയോടുമെല്ലാം ഏറെ ഇണക്കവും താൽപര്യവുമുണ്ടായിരുന്നു. ഏകദേശം നാലു വർഷം ഒരു തരം ജദ്ബിന്‍റെ അവസ്ഥയായിരുന്നു. അതിനു മുമ്പ് ആശാരിപ്പണി, തയ്യൽ ജോലി, കച്ചവടം തുടങ്ങിയ പല ജോലികളും നോക്കിയിരുന്നു. ഒന്നിലും ഉറച്ചില്ല. അല്ലാഹുവിന്‍റെ ഉദ്ദേശ്യം മറ്റൊന്നായിരുന്നു.മനസ്സ് എപ്പോഴും പള്ളിയുമായി ബന്ധിതമായിരുന്നു. അർശിന്‍റെ തണൽ ലഭിക്കുന്നവരിലെ പലവിശേഷണവും ശൈഖിൽ കാണാമായിരുന്നു. ഇബാദത്തിൽ ചെലവിട്ട യവ്വനവും പള്ളിയുമായി ബന്ധിച്ച മനസ്സും ഏകാന്തമായി അല്ലാഹുവിനെ ഓർത്ത് കരയുന്ന കണ്ണുകളും അദ്ദേഹത്തിൽ കാണാം. ദിക്റിന്‍റെ കാര്യത്തിൽ വീഴ്ച വരാതിരിക്കാൻ മനസ്സിനെ പള്ളിയുടെ ഉമ്മറപ്പടിയിൽ ബന്ധിപ്പിച്ചിരുന്നു എന്നു വേണം പറയാൻ. പുറമേ, പള്ളിയും അനുബന്ധ സൌകര്യങ്ങളും രാത്രി ആരും കാണാതെ അദ്ദേഹം വൃത്തിയാക്കിയിരുന്നു.പ്രാഥമിക മതപഠന കേന്ദ്രത്തിൽ ചേർന്ന് എഴുത്തും വായനയും സ്വയത്തമാക്കി. ഉയർന്ന ദീനീ പഠനത്തിനായി ഹലബിൽ തന്നെയുള്ള മറ്റൊരു സ്ഥാപനത്തിൽ ചേർന്നു. സമീപത്തെ സാഹതുൽ ഹംദ് പള്ളിയിൽ ഇമാമും ഖതീബുമായി സേവനം ചെയ്യുകയും ചെയ്തു. സേവനകാലത്ത് ആ പള്ളി പുനരുദ്ധരിക്കുകയും വൈജ്ഞാനിക-ആത്മീയ സദസ്സുകൾ സംഘടിപ്പിക്കുകയും ചെയ്ത് ദീനീ ചൈതന്യം ഉണ്ടാക്കിയെടുക്കാൻ സാധിച്ചു. വെള്ളിയാഴ്ച ഇശാഅ് നിസ്കാരനന്തരം ഒരു വലിയ സദസ്സ് സ്ഥിരമായി സംഘടിപ്പിച്ചു പോന്നിരുന്നു.പഠനത്തോടൊപ്പം തസവ്വുഫിന്‍റെ സരണയിലൂടെ തന്നെയായിരുന്നു അവരുടെ പ്രയാണം. ആദ്യം നഖ്‍ശബന്ദീ ഥരീഖത് സ്വീകരിച്ചപ്പോഴും പിന്നീട് ഖാദിരീ ഥരീഖത്തിന്‍റെ ശൈഖ് ആയിരുന്നപ്പോഴും അവസാനം ശാദുലീ ഥരീഖത്തിന്‍റെ മുറബ്ബിയായപ്പോഴും ഈ പള്ളിയിൽ അവയുമായി ബന്ധപ്പെട്ട ഹൽഖകളും മജ്ലിസുകളും ഹദ്റികളും സംഘടിപ്പിക്കുകയും അവക്ക് നേതൃത്ത്വം നൽകുകയും ചെയ്തിരുന്നു.ഔദ്യോഗിക പഠനാനന്തരം ശൈഖ് അൽ ആദിലിയ്യ മസ്ജിദിലേക്ക് നീങ്ങി. അവഗണിക്കപ്പെട്ടു കിടന്നിരുന്ന ഈ പള്ളി അവർ ഏറ്റെടുത്തതിനു ശേഷം അതിന്‍റെ അറ്റകുറ്റ പണികൾ നടത്തുകയും അതിന്‍റെ പരിപാലനം മുറ പോലെ നിർവ്വഹിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ശിഷ്യ ഗണത്തിനും വിജ്ഞാന കുതികൾക്കും അത് ഒരു ആസ്ഥാനമായി. വെള്ളിയാഴ്ച അസറിനു ശേഷം അവിടെ പ്രധാന ഹദ്റ സംഘടിപ്പിച്ചു പോന്നിരുന്നു. ശൈഖിനെ സ്നേഹിക്കുന്നവർ അവിടെ ഭക്ഷണം വെച്ച് വിളമ്പാറുമുണ്ടായിരുന്നു. എല്ലാ ദിവസും ഖൽവതുകാർക്ക് ഹികമിന്‍റെ പ്രത്യേക ദർസ് നടത്തിയിരുന്നു. അതുപോലെ അവരുടെ മുരീദുകളിൽ കച്ചവടക്കാർക്കായി പ്രത്യേക ക്ലാസ് ആഴ്ച തോറും നടത്തി വന്നിരുന്നു. പിന്നെ പൊതു ജനങ്ങൾക്കായി ഖുർആൻ - തജ്‍വീദ് ക്ലാസ്സുകൾ സംഘടിപ്പിച്ചു. വെള്ളിയാഴ്ച വെളുപ്പിന് സകരിയ്യ പള്ളിയിൽ ഒരു സ്വലാത് മജ്ലി്സ് നിലനിർത്തിയിരുന്നു.ശൈഖ് ഹാമിദ് സമ്മാർ അൽഫർവാതിയിൽ നിന്നാണ് ശൈഖ് അബ്ദുൽ ഖാദിർ ഈസാ (റ) നഖ്ശബന്ദീ ഥരീഖത് സ്വീകരിക്കുന്നത്. പിന്നീട് ഹസൻ ഹസ്സാനിയുടെ ശിഷ്യത്വം സ്വീകരിക്കുകയും ഖാദിരിയ്യ ഥരീഖത്തിന്‍റെ ഇജാസതുകൾ കൂടി ലഭിക്കുകയും ചെയ്തു. അതോടെ ശൈഖ് അവർകൾ നഖ്‍ശബന്ദീ ഖത്മും ഖാദിരീ മജ്ലിസും ഒരു പോലെ സംഘടിപ്പിക്കുകയും രണ്ടു ത്വരീഖത്തിലൂടെയും വിർദുകൾ ചൊല്ലാൻ നൽകുകയും ചെയ്യുമായിരുന്നു. ഈ കാലയളവിൽ നല്ല ഒരു ശിഷ്യ സമ്പത്ത് തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. പിന്നാടാണ് ശൈഖ് മുഹമ്മദ് അല്ഹാശിമിയിലൂടെ (റ) ദിവ്യജ്ഞാനത്തിന്‍റെ അത്യുന്നതങ്ങൾ കീഴടക്കുന്നതും സ്ഥിരപ്രതിഷ്ഠയോടെ അല്ലാഹുവിന്‍റെ സമീപസ്ഥനാകുന്നതും. ശൈഖ് അവർകൾ ശൈഖ് മുഹമ്മദ് ഹാശിമിയുടെ ശിഷ്യത്വം സ്വീകരിക്കുന്നതിനു പിന്നിൽ ഒരു ചരിത്രമുണ്ട്. ബഹുമാനപ്പെട്ട ശൈഖിന്‍റെ ഉയർന്ന ഇച്ഛാശക്തിയും അല്ലാഹുവിലേക്കുള്ള പ്രയാണത്തിലെ ആത്മാർത്ഥതയും വ്യക്തമാക്കുന്നതായിരുന്നു ആ സംഭവം.ശൈഖുൽ അക്ബർ മുഹ്‍യിദ്ദീൻ ബ്നു അറബി(റ)യുടെ ചില ഗ്രന്ഥങ്ങളും ഇബ്നു അത്വാഇസ്സികന്ദരിയുടെ ഹികമിനു വിശദീകരണമായി ഇബ്നു അജീബ (റ) രചിച്ച ഈഖാദുൽ ഹിമമം എന്ന ഗ്രന്ഥവും പാരായണം ചെയ്യുമ്പോൾ ചില ഭാഗങ്ങൾ വേണ്ടത്ര കൃത്യമായി മനസ്സിലാക്കാനാവുന്നില്ല. പരിപൂർണ്ണനായ ഒരു മുർശിദിന്‍റെ സഹവാസത്തിലൂടെ മാത്രമേ ഇത്തരം സ്ഥാനങ്ങൾ കൃത്യമായി ഉൾകൊള്ളാനും അവ ആസ്വദിക്കാനും കഴിയൂ എന്നവർ തിരിച്ചറിഞ്ഞു. ശൈഖ് നേരെ ചെന്നത് ദമാസ്കസിലെ ശൈഖ് മുഹ്‍യിദ്ദീൻ ബിനു അറബി (റ) വിന്‍റെ മഖാമിലേക്കാണ്. അവിടെ നിന്നവർക്ക് അബ്ദുൽ ഗനിയ്യ് അന്നാബിൽസി(റ)യുടെ മഖാമിലേക്ക് പോകാനായിരുന്നു ആത്മീയ നിർദ്ദേശം ലഭിച്ചത്. എന്നാൽ നാബുൽസിയുടെ മഖാമിലെത്തിയപ്പോൾ വീണ്ടും ഇബ്നു അറബിയുടെ അടുത്തേക്ക് പോകാനുള്ള നിർദ്ദേശമാണ് ലഭിച്ചത്. തിരിച്ച് വീണ്ടും ഇബ്നു അറബി(റ)യുടെ മഖാമിനരികിലെത്തിയ ശൈഖ് അബ്ദുൽ ഖാദിർ ഈസാ (റ) വിനു ശൈഖ് മുഹമ്മദ് ഹാശിമി(റ)യെ കാണാനുള്ള കൽപനയാണുണ്ടായത്.ഹി. 1375 (ക്രി. 1955) ദുൽഖഅ്ദ മാസത്തിലാണ് ആ ചരിത്ര സംഗമം നടന്നത്. ശൈഖ് അബ്ദുൽ ഖാദിർ ഈസാ (റ) യെ കണ്ടപ്പോൾ ശൈഖ് ഹാശിമി (റ) പറഞ്ഞത് കുറേ കാലമായി താങ്കളെ ഞങ്ങൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നുവെന്നാണ്. ശൈഖ് ഹാശിമിയുടെ കരങ്ങളിലൂടെ അവർ ശാദുലീ ത്വരീഖത് സ്വീകരിക്കുകയും അങ്ങനെ ശാദുലി ശൈഖ് ആയിത്തീരുകയും ചെയ്തു. കുറഞ്ഞ കാലത്തെ സഹവാസം കൊണ്ട് തന്നെ ശൈഖ് അവർകൾക്ക് വിർദ് ആമിനുള്ള അനുവാദം ലഭിക്കുകയും അവിടത്തെ ജ്ഞാനസാഗരത്തിൽ നിന്ന് ആവോളം നുകർന്നപ്പോൾ ത്വരീഖത്തിന്‍റെ ഇജാസത്തുകൾ നൽകാനുള്ള പ്രത്യേകമായ അനുവാദം നൽകുകയും ചെയ്തു. അത് ഹി. 1377 റബീഉൽ അവ്വൽ 16 നായിരുന്നു. ശൈഖ് ഹാശിമി (റ)യുടെ വഫാത്തിന്റെറ നാലു വർഷം മുമ്പ്.അഗാധവും അനിർവചനീയവുമായ ഒരാത്മ ബന്ധവും സ്നേഹവും അവർക്കിടയിൽ നിലനിന്നിരുന്നു. അതു കൊണ്ട് തന്നെയാണ് തന്‍റെ ശിഷ്യനെ കുറിച്ച് ഗുരു ഇങ്ങനെ പറഞ്ഞത്: “താങ്കൾ എന്റെ യടുത്ത് വന്നവരിൽ അവസാനത്തെയാളാണെങ്കിലും ഉന്നതിയിൽ അവരേക്കാൾ മുന്നിലായിരിക്കും.” ശൈഖ് ഹാശിമി(റ)യുടെ അടുക്കൽ ശൈഖ് അബ്ദുൽ ഖാദിർ ഈസാ (റ) പരാമർശിക്കപ്പെടുമ്പോഴെല്ലാം “സയ്യിദീ അബ്ദുൽ ഖാദിർ എന്നാൽ ഉയർന്ന ഇച്ഛാശക്തിയുടെ ഉടമയാണ്” എന്നു പറയാറുണ്ടായിരുന്നു. സിറിയയുടെ വടക്കൻ ഭാഗങ്ങളിൽ നിന്നാരെങ്കിലും ബൈഅതിനായി ശൈഖ് ഹാശിമിയെ സമീപിച്ചാൽ ശൈഖ് അബ്ദുൽ ഖാദിർ ഈസാ (റ) യെ സമീപിക്കാൻ നിർദ്ദേശിക്കുമായിരുന്നു. എന്‍റെ വശമുള്ളതെല്ലാം അവിടെയുമുണ്ടെന്നു പറയുകയും ചെയ്യുമായിരുന്നു. ചുരുങ്ങിയ സഹവാസത്തിനുള്ളിൽ തന്നെ ശൈഖ് അബ്ദുൽ ഖാദിർ ഈസാ (റ) എന്നവർക്ക് തർബിയതിനുള്ള സമ്മതം നൽകിയതിൽ ചില അസ്വരസ്യങ്ങൾ ഉണ്ടായപ്പോൾ ശൈഖ് ഹാശിമി(റ) അതിനോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: “സമ്മതം യഥാർത്ഥത്തിൽ എന്നിൽ നിന്നല്ല. ഞാനതിനെ സാക്ഷ്യപ്പെടുത്തുക മാത്രമേ ചെയ്യുന്നുള്ളൂ.” ചിലപ്പോഴെല്ലാം അവർ രണ്ടുപേരും ഹയ്യുൽ മുഹാജിറീനിലെ വസതിയിൽ ഒരുമിച്ചു കൂടാറുണ്ട്. ശൈഖ് ഹാശിമീ വീടിന്‍റെ ഒരു ഭാഗത്തെ മജ്ലിസിലും ശൈഖ് അബ്ദുൽ ഖാദിർ ഈസാ (റ) മറ്റൊരു ഭാഗത്തും ഇരിപ്പുറപ്പിക്കും. അവർക്കിടയിൽ ആത്മജ്ഞാന പ്രസരണത്തിന്‍റെ പ്രകാശ സഞ്ചലനം നടക്കാറുണ്ടായിരുന്നു. അതിനാലായിരിക്കണം മറ്റുള്ളവർക്ക് വർഷങ്ങൾ കൊണ്ട് നേടാനായത് ശൈഖ് അവർകൾക്ക് ഏതാനും സംഗമങ്ങളിലൂടെ കരഗതമാക്കാനായത്.ഇലാഹീ സമ്മത പ്രകാരം നല്ല ഉൾക്കാഴ്ചയോടെ ശരിയായ മുഹമ്മദീ രീതിയിൽ ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിച്ചു കൊണ്ടിരുന്നു. അങ്ങനെ യഥാർത്ഥ തസ്വവ്വുഫിന്‍റെ പ്രൌഢിയും പ്രഭയും തിരിച്ചുകൊണ്ടു വന്നു. അല്ലാഹുവിന്‍റെ സമീപത്തേക്കുള്ള സഞ്ചാര പാതയെ പുനരുദ്ധരിക്കുകയായിരുന്നു ശൈഖ് അബ്ദുൽ ഖാദിർ ഈസാ (റ). ഖുർആനും സുന്നതും മുറുകെ പിടിച്ച് ശരീഅത് പൂർണ്ണാർത്ഥത്തിൽ ഉൾകൊണ്ട് അതിൽ നിന്ന് അണു അളവ് വ്യതിചലിക്കാതെ, മുൻഗാമികൾ തെളിച്ചു തന്ന പാതയിലൂടെയായിരുന്നു മഹാനവർകളുടെ ആത്മസംസകരണവും തർബിയതും. തസ്വവ്വുഫ് ആർജിച്ചെടുക്കുന്ന കേവലമറിവോ വേഷം കെട്ടലുകളോ അല്ല. അത് സുന്ദരമായ ഇലാഹീ സ്വഭാവങ്ങളെ സ്വയത്തമാക്കലാണെന്ന് ഉദ്ഘോഷിക്കുകയും പ്രവൃത്തിയിലൂടെ കാണിച്ചു കൊടുക്കുകയും ചെയ്തു ആ മഹാൻ. സിറിയയുടെ ഏതൊരു നാട്ടിൽ ചെന്നാലും ശൈഖിന്‍റെ ഒരു മുരീദിനെയെങ്കിലും കാണാതിരിക്കില്ല. അടുത്ത രാജ്യങ്ങളായ ജോർഡാൻ, തുർക്കി, ഇറാഖ്, ലബനാൻ എന്നിവിടങ്ങളിലേക്കും ശൈഖിന്‍റെ തർബിയത് വ്യാപിചിട്ടുണ്ട്. പാകിസ്ഥാനിലും കേരളത്തിലും ശൈഖിന്‍റെ ശ്രേണിയിലായി ശാദുലീ ത്വരീഖത് പ്രചരിച്ചത് കാണാം.ഇന്നിന്‍റെ അധികാര ഭ്രമം പിടിച്ച രാഷ്ട്രീയത്തെ കരുതിയിരിക്കാൻ സഥാ ഉപദേശിക്കാറുണ്ടായിരുന്നു. തസ്വവ്വുഫും രാഷ്ട്രീയവും ഒരേ ഹൃദയത്തിൽ സമ്മേളിക്കില്ലെന്നത് അദ്ദേഹത്തിന്‍റെ ഉപദേശങ്ങളിൽ പെട്ടതാണ്. രാഷ്ട്രീയത്തിൽ സജീവമാകാൻ സമ്മതം ചോദിച്ച ഒരു ശിഷ്യനോട് അദ്ദേഹം പറഞ്ഞു: “നിന്‍റെ ഹൃദയത്തിൽ നിർബന്ധമായും തച്ചുടക്കേണ്ട ഒരു വിഗ്രഹമുണ്ട്.” സിയാസത്തിലെ (രാഷ്ട്രിയ മെന്നതിന്‍റെ അറബി പദം) ആദ്യ അക്ഷരമായ സീനും ശഖാഇലെ (പരാചയമെന്നതിന്‍റെ അറബി പദം) ആദ്യാക്ഷരമായ ശീനും പരസ്പര കൂട്ടുകാരാണെന്ന് ശൈഖ് മുന്നറിയിപ്പ് നൽകി. തന്‍റെ ശിക്ഷണത്തിലായി ആത്മസംസ്കരണത്തിന്‍റെ വഴി സ്വീകരിക്കാനായി വരുന്ന ശിഷ്യരോട് ശൈഖ് പറയാറുണ്ടായിരുന്നു. തെറ്റുകളിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും പ്രായിശ്ചിത്യമെന്നോണം അംഗസ്നാനം വരുത്തി രണ്ടു റക്അത് നിസ്കരിക്കുക.ബഹുമാനപ്പെട്ടവർക്ക് ധാരാളം കറാമത്തുകളുണ്ടായിരുന്നു. അവ മുഴുവൻ രേഖപ്പെടുത്തണമെങ്കിൽ വാള്യങ്ങൾ തന്നെ വേണ്ടിവരുമെന്ന് അവരുടെ ശിഷ്യപരമ്പരയിലെ നൂറുദ്ദീൻ മുറാദ് സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ, ഏറ്റവും വലിയ കറാമത് സത്യപാതയിൽ ചാഞ്ചല്യമേതുമില്ലാതെ നിലകൊള്ളലാണ്, അഥവാ ഇസ്തിഖാമതാണ്.ഒരു സംഭവം മാത്രം പറയാം സിറിയയും ഈജിപ്തും തമ്മിലുള്ള രാഷ്ട്രീയ ഏകീകരണത്തിൽ വിള്ളൽ വീണകാലം. (1958 ൽ ഈജിപ്തും സിറിയയും രാഷ്ട്രീയമായി ഏകീകരിച്ച് യുനൈറ്റഡ് അറബ് റിപബ്ലിക് എന്ന ഏക രാഷ്ട്രമായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് 1961 ൽ സിറിയ ഇതിൽ നിന്ന് പിന്മാറുകയും സിറിയൻ അറബ് റിപബ്ലികായി പ്രഖ്യാപിക്കുകയും ചെയ്തു.) ഹജ്ജ് ഖദ്‍രി എന്നറിയപ്പെടുന്ന ഒരു സ്വാലിഹായ മനുഷ്യൻ ഇടക്കിടെ ശൈഖിനെ കാണാൻ വരാറുണ്ടായിരുന്നു. അല്ലാഹുമായുള്ള ചിന്തകളിൽ അഭിരമിച്ചിരിക്കുന്നതിനാൽ ചിലപ്പോൾ അദ്ദേഹത്തിനു ബുദ്ധിയുടെ സ്ഥിരത നഷ്ടപ്പെട്ടതു പോലെ തോന്നും. അന്നും അദ്ദേഹം ശൈഖിനെ കാണാനെത്തി. അവർ രണ്ടുപേരും ശൈഖിന്‍റെ മുറിയിൽ കയറി ഏകദേശം അര മണിക്കൂർ സംസാരിച്ചു. ശൈഖിന്‍റെ ശിഷ്യരും ശൈഖിനെ സ്നേഹിക്കുന്ന മറ്റുള്ളവരും പള്ളിയിൽ അന്നു നടക്കാനുണ്ടായിരുന്ന ഹദ്റക്കും ദിക്റ് മജ്ലിസിനുമായി കാത്തിരിക്കുകയാണ്. ആദ്യം പുറത്തു വന്നത് ഹജ്ജ് ഖദ്‍രി എന്നവരായിരുന്നു. അദ്ദേഹത്തിന്‍റെ മുഖം ചുവന്ന് തുടുത്തിട്ടുണ്ട്. അദ്ദേഹം പള്ളിയുടെ തറയിൽ ഒരു നീണ്ട വര വരച്ചു. അതിന്‍റെ മധ്യത്തിൽ കൈകൊണ്ടടിച്ച് അദ്ദേഹം വിളിച്ചു പറഞ്ഞു. നാമതിനെ വേർപ്പെടുത്തിയിരിക്കുന്നു. അവിടെ കൂടിയിരുന്നവർക്കൊന്നും മനസ്സിലായില്ല. അദ്ദേഹം അവിടെ നിന്നകന്നു. അൽപം കഴിഞ്ഞ് ശൈഖ് അവർകളും മുറിയിൽ നിന്നു പുറത്തുവന്നു. എല്ലാവരോടും അവരവരുടെ വീടുകളിലേക്ക് പോകാൻ പറഞ്ഞ് ആ സദസ്സ് പിരിച്ചു വിട്ടു. കുറച്ച് ദിവസം നിങ്ങളാരും പുറത്തിങ്ങരുതെന്നും ഉപദേശിച്ചു. ഈജിപ്തിൽ നിന്ന് വേർതിരിഞ്ഞ് സിറിയ സ്വയം സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ച വിവരം ജനം അറിയുന്നത് അടുത്ത ദിവസമാണ്.1979 ൽ (ഹി. 1399) സിറിയയിലെ രാഷ്ട്രീയ അന്തരീക്ഷം സുഗമമായ പ്രബോധന പ്രവർത്തനങ്ങൾക്ക് വിഘാതമായി. സർകാർ ധാരാളം പണ്ഡിതന്മാരെ അന്യായമായി ഉപദ്രവിച്ചു. കുറേ പേരെ ജയിലലടച്ചു. കുറേ പേർ ആത്മ രക്ഷാർത്ഥം രാജ്യം വിട്ടു. ഈ സന്ദർഭത്തിൽ ശൈഖ് അവർകൾ മദീനയിലേക്ക് താമസം മാറ്റി. പക്ഷേ, അല്ലാഹുവിന്‍റെ ഔലിയാക്കളുടെ ശത്രുക്കൾ ശൈഖിന്‍റെ പിന്നാലെ കൂടുകയും മദീനാ വാസത്തിനു പ്രതിബന്ധങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. അങ്ങനെ അവിടെ നിന്ന് നിർബന്ധിതനായി ജോർഡാനിലേക്ക് തിരിച്ചു. അവിടെ അമ്മാനിൽ പ്രബോധ പ്രവർത്തിനങ്ങളുമായി എട്ടു കൊല്ലം ചെലവഴിച്ചു. ജോർഡാനിൽ നിന്ന് തുർക്കിയിലേക്ക് പോയി. അതിനിടയിൽ കുറച്ചു കാലം സൈപ്രസിലായിരുന്നു. തുർക്കിയിലാണ് പിന്നെ വഫാത് വരെ ജീവിച്ചത്. 1983 ലും 1986 ലും ശൈഖ് പാകിസ്ഥാനിലേക്ക് പ്രബോധന പ്രവർത്തനങ്ങൾക്കായി യാത്ര പോയിരുന്നു. ചികിത്സാർത്ഥം രണ്ടു പ്രാവശ്യം ലണ്ടനിലേക്ക് യാത്ര പോയിട്ടുണ്ടായിരുന്നു. 1988 ലും 1989 ലു. അവിടെ ശസ്ത്രക്രിയക്ക് വിധേയനായെങ്കിലും പൂർണ്ണമായും വിജയിച്ചില്ല.ശൈഖ് അവർകൾ തന്‍റെ പിന്ഗാമികളായി ബൈഅത് സ്വീകരിച്ചത് മൂന്നുപേരിൽ നിന്നാണ്. 1) ജോർഡാനിലെ ശൈഖ് ഹാസിം അബു ഗസാല, 2) ശൈഖ് സഅ്ദുദ്ദീൻ മുറാദ് (സിറിയ), 3) ശൈഖ് ഫത്ഹുല്ലാഹ് അൽജാമി (തുർക്കി).അദ്ദേഹത്തിന്റെജ പ്രസിദ്ധമായ ഗ്രന്ഥമാണ് ഹഖാഇഖ് അനിത്തസ്വവ്വുഫ്. ഇത് ഇംഗ്ലീഷ്, തുർക്കി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഉസ്താദ് ഡോ. ബഹാഉദ്ദീൻ നദ്‍വി “തസ്വവ്വുഫ് ഒരു സമഗ്ര പഠനം” എന്ന പേരിൽ ഇതിന്‍റെ മലയാള പരിഭാഷയും നിർവ്വഹിച്ചിട്ടുണ്ട്. ശൈഖിന്‍റെ ഏക രചനയാണ് ഈ ഗ്രന്ഥം. ആധുനിക യുഗത്തിൽ തസ്വവ്വുഫിനെ മനസ്സിലാക്കി കൊടുക്കാൻ പാകത്തിലാണ് അതിന്‍റെ ഉള്ളടക്കം. ശൈഖിന്‍റെ അറിവിന്‍റെ ആഴവും വ്യാപ്തിയും ഈ ഗ്രന്ഥത്തിലൂടെ തന്നെ മനസ്സിലാക്കാവുന്നതാണ്. തസ്വവ്വുഫിന്‍റെ എതിരാളികൾക്കുള്ള മറുപടികൾ വസ്തു നിഷ്ഠമായി ഇതിൽ അവതരിപ്പിച്ചിട്ടുണ്ട്.1991ൽ ചില സുഹൃത്തുക്കളെ കാണാൻ തുർക്കിയിലെത്തിയതായിരുന്നു. നേരത്തെ പറയപ്പെട്ട രോഗം ഗുരുതരമാകുകയും മറാസിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശമനമില്ലാത്തതിനെ തുടർന്ന് ഇസ്തംബൂളിലെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുകയും ചെയ്തു.അവസാന നിമിഷം വരെ ശൈഖ് പൂർണ്ണ ബോധത്തോടെയായിരുന്നു. ഒരു സമാധാനത്തിനു വേണ്ടി ശൈഖിന്‍റെ മക്കളിലൊരാൾ ഇങ്ങനെ പാടിയതിനു ശേഷംيا سائلي عن رسول الله كيف سهاوالسهو .....ഇതിന്‍റെ ബാക്കി പറഞ്ഞു തരുമോ എന്നു ചോദിച്ചു. അപ്പോൾ ശൈഖവർകൾ ആ കവിത മുഴുമിച്ചു ചൊല്ലി..والسهو عن كل قلب غافل لاهيسها عن كل شيء سره فسهاعما سوى الله فالتعظيم للهഇതിലെ والسهو عن كل قلب غافل لاهي എന്ന വരി ആവർത്തിച്ച് ഉരുവിട്ടുകൊണ്ടിരുന്നു. പിന്നെ അവരുടെ കണ്ണുകൾ സജലങ്ങളായി. അവർ കരഞ്ഞു. അതിനു ശേഷം ആരോടും മിണ്ടിയില്ല.അവസാനം, അല്ലാഹുവിന്‍റെ അലംഘനീയമായ വിധിമൂലം ഹി. 1412 റബീഉൽ ആഖർ 18 ന് (ക്രി. 1991 ഒക്ടോബർ 16ന്) ശനിയാഴ്ച, വൈകുന്നേരം 6 മണിക്ക് ശൈഖ് ഈ ലോകത്തോട് വിട പറഞ്ഞു. അബൂ അയ്യൂബിൽ അൻസാരി (റ) അന്ത്യവിശ്രമം കൊള്ളുന്ന മഖ്ബറയിലാണ് ശൈഖിന്‍റെ ഖബ്റിടവും.അല്ലാഹു അവരെയും നമ്മെയും സ്വർഗ ലോകത്ത് ഒരുമിപ്പിക്കട്ടെ. ആമീൻ.