കെ.ടി. മാനു മുസ്ലിയാര്‍: ജ്ഞാനവിപ്ലവത്തിന്റെ സാരഥി

അപ്രശസ്തിയിലാണ് രക്ഷ എന്ന വിശുദ്ധാശയം മുറുകെ പിടിച്ച ഒരു മഹാപണ്ഡിത ശ്രേഷ്ഠനായിരുന്നു ശൈഖുനാ കെ.ടി. മാനു മുസ്‌ലിയാര്‍. വ്യതിരിക്തത നിറഞ്ഞതായിരുന്നു ഉസ്താദിന്റെ ജീവിതം. ഗര്‍ഭസ്ഥ ശിശുവായിരുന്നപ്പോള്‍ തന്റെ പ്രിയപ്പെട്ട ഉമ്മ കിണറ്റില്‍ വീണു പരിക്കുകളൊന്നും കൂടാതെ അല്ലാഹു സംരക്ഷിക്കുകയും ചെയ്തതു മുതല്‍ തുടങ്ങുന്നു ആ അപൂര്‍വ്വത. തനിക്ക് ഒന്നര വയസ്സുള്ളപ്പോള്‍ പിതാവ് കാരാട്ട്‌തൊടി കുഞ്ഞാറ മൊല്ല എന്നവര്‍ മരണപ്പെട്ടതുകാരണം തീര്‍ത്തും അനാഥ ബാലനായി വളരാനാണ് അല്ലാഹുവിന്റെ നിശ്ചയമുണ്ടായത്. ഏക ആണ്‍തരിയെ ഉമ്മയും സഹോദരിമാരും വാത്സല്യപൂര്‍വ്വം വളര്‍ത്തി. 

പ്രാഥമിക മത-ഭൗതിക വിദ്യാഭ്യാസം ഉസ്താദിന്റെ സ്വദേശമായ കണ്ണത്ത് മാപ്പിള സ്‌കൂളില്‍ വെച്ചായിരുന്നു. പിന്നെ ദര്‍സ് പഠനം. അതും തന്റെ മഹല്ല് മസ്ജിദും നിരവധി പണ്ഡിതന്മാര്‍ ദര്‍സ് നടത്തുകയും ഒരുപാട് പ്രഗത്ഭ പണ്ഡിതരെ കേരളക്കരക്ക് സംഭാവന ചെയ്യുകയും ചെയ്ത കരുവാരകുണ്ട് ദര്‍സില്‍.
അരിപ്ര മൊയ്തീന്‍ ഹാജി എന്ന സുപ്രസിദ്ധ പണ്ഡിതകേസരിയായിരുന്നു പ്രധാന ഉസ്താദ്. ദര്‍സില്‍ പഠിക്കുമ്പോള്‍ തന്നെ അല്ലാഹു തന്നില്‍ നിക്ഷേപിച്ച പല കഴിവുകളെയും പുറത്തെടുക്കാനും അവ പരിപോഷിപ്പിക്കാനും ഉസ്താദ് തന്നെ സ്വയം പരിശ്രമം തുടങ്ങിയിരുന്നു. ഗാനാലാപനം, രചന, പ്രസംഗം, സംഘാടനം എന്നിവയിലുള്ള കഴിവ് അസൂയാവഹമായിരുന്നു. മലയാളം, അറബി, അറബി മലയാളം, ഉര്‍ദു മറ്റു ഭാഷസംയോജനം എന്നിവകളിലൂടെ ഉസ്താദ് രചിച്ച സൃഷ്ടികള്‍ അമൂല്യങ്ങളായി ഇന്നും ജ്വലിച്ചു നില്‍ക്കുന്നു.
ഉസ്താദ് കരുവാരകുണ്ട് ദര്‍സില്‍ പഠിക്കുന്ന കാലത്ത് സുന്നത്ത് ജമാഅത്തിന്റെ വേദികളില്‍ അക്കാലത്തെ നിറസാന്നിധ്യമായിരുന്ന മഹാപണ്ഡിതന്‍ പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരും തലതിരിഞ്ഞ പണ്ഡിതന്‍ സി.എന്‍.അഹ്മ്മദ് മൗലവിയും തമ്മില്‍ കരുവാരകുണ്ടില്‍ വാദ പ്രതിവാദം നടന്നു. രണ്ടു ദിവസം സംസാരിച്ചെങ്കിലും വെറുതെ സമയം കളയാനും വാദപ്രതിവാദം വഷളാക്കാനുമായിരുന്നു സി.എന്‍ മൗലവി ശ്രമിച്ചത്. ഈ സംഭവം സരസമായി ശൈഖുനാ ഗാനരചനയിലൂടെ ജനശ്രദ്ധയില്‍ കൊണ്ടുവന്നത് പ്രസിദ്ധമാണ്.
നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് മതന്യൂനപക്ഷ രാഷ്ട്രീയത്തിനു വലിയ പ്രസക്തിയുണ്ടെന്നും തങ്ങളുടെ സ്വത്വം കാത്തു സൂക്ഷിക്കാന്‍ അതു അനിവാര്യമാണെന്നും എല്ലാ മുസ്‌ലിം വോട്ടുകളും ഒരു പെട്ടിയില്‍ വീണാല്‍ നമ്മുടെ അധികാരാവകാശങ്ങളെ അവമതിക്കാനോ ഹനിക്കാനോ തട്ടിയെടുക്കാനോ ആരും മുന്നോട്ടു വരികയില്ലെന്നും ഉറച്ച് വിശ്വസിച്ച ശൈഖുന മുസ്‌ലിംലീഗ് പ്രസ്ഥാനത്തെ അളവറ്റ് സ്‌നേഹിക്കാനും കൗമാരവും യുവത്വവും അതിനു വേണ്ടി ഉപയോഗിക്കാനും കരുവാരകുണ്ടിലെ ഏജന്റും ലേഖകനുമായി ശൈഖുന.
കരുവാരകുണ്ട് ദര്‍സില്‍ പഠിക്കുമ്പോള്‍ തന്റെ വന്ദ്യഗുരു മൊയ്തീന്‍ ഹാജി സമസ്തഃയുടെ മുശാവറ യോഗത്തിന് പോകുമ്പോള്‍ ഉസ്താദിനെയും കൂട്ടാറുണ്ട്. സമസ്തഃയിലേക്ക് കടന്നുവരാനും അതിന്റെ സജീവ പ്രവര്‍ത്തകനാകാനും പ്രചോദനമേകിയതു അത്തരം യാത്രകളും അന്നത്തെ സമസ്തഃയുടെ പ്രഗത്ഭമതികളായ പണ്ഡിത ശ്രേഷ്ഠരുടെ ദര്‍ശനവുമായിരുന്നു.
ബാഖിയാത്തില്‍ നിന്നും എം.എഫ്.ബി. ബിരുദം നേടിയ ശേഷം ഖാസിയും മുദര്‍രിസുമായി അവരോധിക്കപ്പെട്ടത് തന്റെ തട്ടകമായ കരുവാരകുണ്ട് പഞ്ചായത്തില്‍പെട്ട ഇരിങ്ങാട്ടിരിയില്‍ തന്നെയായിരുന്നു. മറ്റൊരു പള്ളിയിലും ഉസ്താദ് ജോലി ചെയ്തിട്ടില്ല. മരിക്കും വരെ ഇരിങ്ങാട്ടിരിയില്‍ തന്നെ. ഉസ്താദിന്റെ വന്ദ്യഗുരുവിന്റെ പൊരുത്തവും ഗുരുത്വവും ആശീര്‍വാദവുമാണിവിടെ നിഴലിക്കുന്നത്.
കേരളത്തിലെ വിശിഷ്യാ മലപ്പുറം ജില്ലയിലെ ഏതാണ്ട് എല്ലാ ജുമുഅത്ത് പള്ളികളിലും ദര്‍സ് സജീവമായി നടന്നുവരുന്ന കാലത്ത് തന്നെയാണ് ഉസ്താദ് ഇരിങ്ങാട്ടിരിയിലും ദര്‍സ് തുടങ്ങുന്നത്. മറ്റു ദര്‍സുകളില്‍ അചിന്തനീയമായിരുന്ന പരീക്ഷ, സാഹിത്യസമാജം, കയ്യെഴുത്ത് മാസിക, മോഡല്‍ പാര്‍ലിമെന്റ്, ദര്‍സ് വാര്‍ഷികം തുടങ്ങിയ പാഠ്യേതര കാര്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവഗാഹമുണ്ടാക്കാന്‍ ശൈഖുന ശ്രമങ്ങള്‍ നടത്തി. അതുവഴി ധാരാളം പ്രസംഗകരെയും എഴുത്തുകാരെയും സമൂഹത്തിന് സംഭാവന ചെയ്യാന്‍ സുബുലുറശാദ് ദര്‍സിനും ഹുമാത്തുല്‍ ഇസ്‌ലാം സാഹിത്യ സമാജത്തിനും ‘അദ്ദിക്‌റ’ കൈയ്യെഴുത്ത് മാസികക്കും സാധിച്ചു.
തന്റെ സൗകര്യവും ശമ്പളവും മറ്റു പടികളുമൊന്നും കാര്യമാക്കാതെ കുട്ടികളുടെ സൗകര്യവും പരിഗണിച്ച് ഓരേ സ്ഥലത്ത് തന്നെ ദീര്‍ഘകാലം സേവനമനുഷ്ഠിക്കുക മറ്റുപലര്‍ക്കും സാധിക്കാത്ത കാര്യമാണ്.
പെറ്റുവളര്‍ന്ന പ്രദേശം തന്നെ അംഗീകാരവും സ്വീകാര്യതയും നല്‍കി ആദരിക്കുക വളരെ പ്രധാനപ്പെട്ട സംഗതിയാണ്. പലര്‍ക്കും ലഭിക്കാത്ത ഈ വലിയഗുണം ശൈഖുനായുടെ വിശേഷതയാണ്. ഈ ഗുണം പൂര്‍ണാര്‍ത്ഥത്തില്‍ ഉസ്താദിന്റെ ജീവിതത്തിലുണ്ടായിരുന്നുവെന്ന് കരുവാരകുണ്ടില്‍ വന്നാല്‍ ആര്‍ക്കും ബോധ്യമാകും.
മതപരവും സാമൂഹികവുമായ വല്ല സങ്കീര്‍ണ പ്രശ്‌നങ്ങളുമുണ്ടാകുമ്പോള്‍ തല്‍വിഷയകമായി ശൈഖുനായുടെ അഭിപ്രായത്തിനു വേണ്ടി ജനം കാതോര്‍ത്തുനിന്നു.
മതസൗഹാര്‍ദ്ദാന്തരീക്ഷത്തിനു പോറലേല്‍പ്പിക്കുന്ന ഒരു പ്രവണതയും ശൈഖുന അംഗീകരിച്ചിരുന്നില്ല. അമ്പലക്കമ്മിറ്റി സംഘടിപ്പിച്ച സൗഹാര്‍ദ്ദ സമ്മേളനത്തില്‍ പങ്കെടുത്ത് താന്‍ പ്രതിനിധാനം ചെയ്യുന്ന ആദര്‍ശത്തിന്റെ നിലപാടുകള്‍ വ്യക്തമാക്കിയ സംഭവം എല്ലാവരെയും ആകര്‍ഷിച്ചിരുന്നു.
മുസ്‌ലിം കൈരളിയുടെ ഐക്യപാശത്തെ പൊട്ടിച്ചെറിഞ്ഞ വഹാബി, മൗദൂദി, തബ്‌ലീഗാദി ബിദഈ കക്ഷികളെയും കള്ള ത്വരീഖത്തുകാരെയും വിഘടിത സുന്നികളെയും ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയും അവരുടെ തെറ്റായ ആശയങ്ങളില്‍ നിന്ന് മുഖ്യധാരാ സുന്നത്ത് ജമാഅത്തിന്റെ രാജവീഥിയിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന തന്റെ പ്രസംഗ ശൈലി പ്രതിപക്ഷ ബഹുമാനത്തോടെയായിരുന്നു. ആരെയും കടിച്ചുകീറി അടച്ചാേക്ഷപിക്കുന്ന സ്വഭാവം മഹാനുണ്ടായിരുന്നില്ല.
ഇന്ന് ദാറുന്നജാത്ത് നിലകൊള്ളുന്ന പുന്നക്കാട് പ്രദേശത്ത് നമുക്കൊരു കേന്ദ്രം ഉണ്ടാവണമെന്നു ഉസ്താദിന്റെ ആഗ്രഹം ഇരിങ്ങാട്ടിരി ദര്‍സില്‍ പഠിക്കുമ്പോള്‍ ഞങ്ങളോട് പങ്കുവെക്കാറുണ്ടായിരുന്നു. അല്ലാഹു ആഗ്രഹം നജാത്തിലൂടെ പൂര്‍ത്തീകരിച്ചുകൊടുത്തത് കേരള മുസ്‌ലിംകള്‍ക്ക് വിശിഷ്യാ സുന്നി മുസ്‌ലിംകള്‍ക്ക് അഭിമാനിക്കാന്‍ വകനല്‍കുന്നതാണ് ദാറുന്നജാത്തിനു കീഴിലെ മതഭൗതിക വിദ്യാഭ്യാസ സമുച്ചയങ്ങള്‍.
സമസ്തയെയും വിദ്യാഭ്യാസ ബോര്‍ഡിനെയും പൂര്‍വ്വോപരി ജനകീയമാക്കുന്നതിലും മദ്‌റസ ക്ലാസുകള്‍ പ്ലസ്ടു വരെ ഉയര്‍ത്തുന്നതിലും പാഠപുസ്തക പരിഷ്‌ക്കരണത്തിലും മുഅല്ലിംകളെ കഴിവുറ്റവരാക്കുന്നതിലും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിലും ശൈഖുനാ നിര്‍വഹിച്ച തന്റെ ബൗദ്ധികവും പ്രാപ്തവുമായ നേതൃത്വം അവിസ്മരണീയമാണ്.
ആനുകാലിക ലേഖനങ്ങളും അവസരോചിത എഡിറ്റോറിയലുകളും എഴുതി സുന്നീ ടൈംസ്, സുന്നി വോയ്‌സ്, ഫിര്‍ദൗസ്, സുന്നി അഫ്കാര്‍, മുഅല്ലിം എന്നീ ആദര്‍ശജിഹ്വകളെ സമ്പുഷ്ഠമാക്കുന്നതില്‍ തന്റെ രചനാകഴിവ് പ്രകടമാക്കിയിരുന്നു. സമസ്തഃ സെക്രട്ടറി മൗലാന കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട് രചിച്ച ഖുര്‍ആന്‍ പരിഭാഷയുടെയും ഇബ്രാഹീം പുത്തൂര്‍ ഫൈസി രചിച്ച ബുഖാരി പരിഭാഷയുടെയും മറ്റു പല പ്രമുഖ ഗ്രന്ഥങ്ങളുടെയും പിന്നില്‍ ഉസ്താദിന്റെ കാര്യമായ സേവനം തന്നെ ആ രംഗത്തുള്ള ശൈഖുനായുടെ കഴിവിന്റെ പ്രകടമായ തെളിവാണ്.
അളന്നു മുറിച്ച പദസമ്പത്തിന്റെ അകമ്പടിയോടെ ആശയവൈകല്യം വരാതെ വിഷയങ്ങള്‍ സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ ശൈഖുനായുടെ സവിശേഷ പ്രാപ്തി കേരള ജനത സമ്മതിച്ച യാഥാര്‍ത്ഥ്യമാണ്.
കാര്യങ്ങള്‍ മുന്‍കൂട്ടി കാണാനും ആളെ മനസ്സിലാക്കാനും അല്ലാഹു നല്‍കിയ കൂര്‍മ്മബുദ്ധിയും ക്രാന്ത ദര്‍ശിത്വവും അപാരമായിരുന്നു. 1989-ല്‍ സമസ്തഃയില്‍ നിന്നും പുറത്താക്കപ്പെട്ട ഏതാനും പേരുടെ നേതാവിന്റെ പെരുമാറ്റ രീതിയെ സംബന്ധിച്ചും മറ്റും കാലേക്കൂട്ടി തന്നെ ഉസ്താദ് മനസ്സിലാക്കിയ കാര്യങ്ങള്‍ പില്‍കാലത്ത് പുലരുകയായിരുന്നു.
സാദാത്തുക്കളെയും ഉലമാക്കളെയും ആത്മീയ നേതാക്കളെയും വിശിഷ്യാ ഉസ്താദുമാരെയും അനാഥ-അഗതികളെയും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നതില്‍ എല്ലാവരെക്കാളും മുന്നിലായിരുന്നു ഉസ്താദ്.
ദുന്‍യാവ് തന്റെ മുമ്പില്‍ മലര്‍ക്കെ തുറക്കപ്പെട്ടിട്ടും അതില്‍ ആകൃഷ്ഠനാവാതെ അതെല്ലാം അനാഥ-അഗതികള്‍ക്കും സ്വസമുദായത്തിനും ഉപകരിക്കുന്ന രീതിയില്‍ ഉപയോഗപ്പെടുത്താനാണ് ഉസ്താദ് ശ്രമിച്ചത്. വിഘടിത വിഭാഗത്തില്‍പെട്ട ഒരു പേനയൂന്തി പയ്യന്‍ ഉസ്താദിനെ തേജോവധം ചെയ്യാന്‍ നടത്തിയ ശ്രമങ്ങളുടെ കൂട്ടത്തില്‍ എഴുതി ”മാനു മുസ്‌ലിയാര്‍ റബ്ബര്‍ എസ്റ്റേറ്റ് വാങ്ങി” എന്ന് ഇതിന്ന് ഉസ്താദ് കൊടുത്ത മറുപടി ഇപ്രകാരമായിരുന്നു: ”ഞാന്‍ റബ്ബര്‍ എസ്റ്റേറ്റ് വാങ്ങി എന്നത് ശരിയാണ്. പക്ഷേ അത് എനിക്കല്ല, യതീംഖാനക്കായിരുന്നു.”  സുന്ദരമായൊരു വീടും കാര്‍പോര്‍ട്ടില്‍ വി.ഐ.പി. മോഡല്‍ കാറും അത്യാവശ്യം വരുമാനം ലഭിക്കുന്ന റബ്ബര്‍ എസ്റ്റേറ്റുമെല്ലാം ഉസ്താദ് വാങ്ങിക്കൂട്ടിയാലും ആരും ഒന്നും ഉരിയാടുക പോലുമില്ലാതിരുന്നിട്ടും അതിനൊന്നും മുതിരാതെ ലളിതമായ ജീവിതം നയിച്ചു ഉസ്താദ് നമുക്ക് മാതൃകയാവുകയായിരുന്നു.
സംഘടനക്കകത്തും പുറത്തും ധാരാളം സ്ഥാനമാനങ്ങള്‍ തന്നെ തേടിയെത്തുമ്പോഴും അതെല്ലാം മാന്യമായി നിരസിക്കുകയും ഉള്ളസ്ഥാനം കൊണ്ട് തൃപ്തിപ്പെടുകയും അവ ഉത്തരവാദിത്വബോധത്തോടെ കൈകാര്യം ചെയ്യുകയുമായിരുന്നു മഹാന്‍ ചെയ്തിരുന്നത്. സ്ഥാനമാനങ്ങള്‍ ലഭ്യമായാലേ ദീനീസേവനവും സാമൂഹ്യസേവനവും ചെയ്യൂ എന്ന് വാശിപിടിക്കുകയും അതിനു വേണ്ടി കുറുക്കുവഴികള്‍ തേടുകയും ചെയ്യുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ ഉസ്താദിന്റെ ശൈലി എത്ര പ്രസക്തം, എത്ര മനോഹരം!
ഉസ്താദിന്റെ ഓരോ ചുവടുവെപ്പും ഓരോ സന്ദേശമായിരുന്നു. ഇന്നത്തേക്കും നാളെത്തേക്കുമുള്ള മാതൃകാ സന്ദേശങ്ങള്‍. 1932 മുതല്‍ 2009 ഫെബ്രുവരി 1 വരെ (1430 സ്വഫര്‍ 5)യായിരുന്നു ആ ജീവിതം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter