ആഗോള താപനിലാ വിവരങ്ങള്‍ ഇനി ഗൂഗിള്‍ എര്‍ത്തിലൂടെ ലഭ്യം
ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയിലെ ഗവേഷകരുടെ ശ്രമഫലമായി 1850 മുതലുള്ള ആഗോള താപനിലാ വിവരങ്ങള്‍ ഇനി ഗൂഗിള്‍ എര്‍ത്തിലൂടെ ലഭ്യമാകും. ഇന്ന് ലോകത്ത് കാലാവസ്ഥാ വിവര ശേഖരണ സംവിധാനങ്ങളില്‍ വ്യാപകമായ തോതില്‍ ഉപയോഗിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ദ് ക്ലൈമറ്റിക് റിസേര്‍ച് യൂണിറ്റ് ടെംപറേചറിന്‍റെ നാലാം പതിപ്പാ(ക്രൂട്ടെം4)ണ് ഗവേഷകര്‍ ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളിലെ കാലാവസ്ഥയെയും കാലാവസ്ഥാ മാറ്റങ്ങളെയും കുറിച്ച വിവരങ്ങള്‍ കഴിവിന്‍റെ പരമാവധി ശേഖരിച്ച് ജനങ്ങളിലെത്തിക്കുക എന്ന ശ്രമത്തിന്‍റെ ഭാഗമായി തുടക്കം കുറിച്ച പുതിയ സംവിധാനമുപയോഗിച്ച് ലോകത്തിലങ്ങോളമുള്ള 6000 കാലാവസ്ഥാ നിലയങ്ങളിലെ മാസാന്ത, കാലാവസ്ഥാധിഷ്ഠിത, വാര്‍ഷിക വിവരങ്ങള്‍ കാണാനും മനസ്സിലാക്കാനും എന്നത്തേതിനേക്കാളും എളുപ്പമായി സാധിക്കും. 1850 മുതലുള്ള കാലാവസ്ഥാ വിവരങ്ങള്‍ രേഖപ്പെടുത്തിയ 20000-ത്തോളം ഗ്രാഫുകളും ഉപയോക്താക്കള്‍ക്കായി തയ്യാര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. എര്‍ത്ത് സിസ്റ്റം സയന്‍സ് ഡാറ്റ എന്ന ജേണലില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ സംരംഭം ഭൂഗോളം എങ്ങനെയാണ് അഞ്ച് ഡിഗ്രി അക്ഷാംശവും രേഖാംശവും വരുന്ന ഗ്രിഡ് ബോക്‌സുകളായി ഭൂഗോളം വിഭജിക്കപ്പെട്ടിരിക്കുന്നതെന്ന് നമുക്ക് കാണിച്ചു തരുന്നു. ഓരോ ഗ്രിഡ് ബോക്‌സിലും ക്ലിക്ക് ചെയ്യുമ്പോള്‍ ആ പ്രദേശത്തെ വാര്‍ഷിക താപനിലയടക്കമുള്ള വിവരങ്ങളും ഡൗണ്‍ലൗഡ് ചെയ്‌തെടുക്കാവുന്ന മറ്റു വിവരങ്ങളും തെളിഞ്ഞു വരും. എന്നാല്‍ വളരെ ബൃഹത്തായ രീതിയിലുള്ള വിവര ശേഖരണമാണ് തങ്ങള്‍ നടത്തിയിരിക്കുന്നത് എന്നത് കൊണ്ടു തന്നെ തെറ്റുകള്‍ കടന്നു കൂടാനുള്ള സാദ്ധ്യത വളരെ ഉയര്‍ന്നതാണെന്നും അതിനാല്‍ ഉപയോക്താക്കള്‍ അത്തരം തെറ്റുകള്‍ ചൂണ്ടാക്കാട്ടി ഈ സംരംഭത്തെ ക്രിയാത്മകമായി പിന്തുണക്കുമെന്നുമാണ് തങ്ങളുടെ പ്രതീക്ഷയെന്നും ഗവേഷക സംഘാംഗമായ ടിം ഓസ്‌ബോണ്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter